ഡോ. ബി. പുഷ്പകൃഷ്ണന്റെ ചെന്പൈ ഭാഗവതർ അനുസ്മരണം : മഹാനായ ഗുരു...
1461452
Wednesday, October 16, 2024 5:45 AM IST
എസ്. മഞ്ജുളാദേവി
തിരുവനന്തപുരം: മഹാഗുരുവായിരുന്നു സുവർണ നാദവും സ്വർണ സമാനമായ ഹൃദയവുമുള്ള ചെന്പൈ സ്വാമി. സംഗീതത്തിൽ താല്പര്യമുള്ള ഏതൊരാൾ എത്തിയാലും അവരുടെ മനസറിഞ്ഞ് സംഗീതം പകർന്നു കൊടുക്കും.
ഗുരുകുല സന്പ്രദായത്തിൽ ചെന്പൈയുടെ കീഴിൽ കർണാടക സംഗീതം അഭ്യസിച്ച ജയവിജയന്മാർ ഉൾപ്പെടെയുള്ള പ്രമുഖ ശിഷ്യരെ കൂടാതെ ചെന്പൈയിൽ നിന്നും സംഗീതം അഭ്യസിച്ച നിരവധി പ്രശസ്ത ശിഷ്യരുണ്ട്. കേരള സർവകലാശാലയിലെ സംഗീത വിഭാഗം മുൻ മേധാവിയും കർണാടക സംഗീതജ്ഞയുമായ ഡോ. ബി. പുഷ്പകൃഷ്ണൻ ഇത്തരത്തിലെ ഒരു ശിഷ്യയാണ്. പുഷ്പകൃഷ്ണനും,
മൂത്ത സഹോദരി മീനാക്ഷി സുബ്രഹ്മണ്യവും (പാലക്കാട് ചെന്പൈ സംഗീത കോളജ് മുൻ പ്രിൻസിപ്പൽ) ചേർന്നു അരങ്ങുകളിൽ കർണാടക സംഗീത കച്ചേരികൾ നടത്തി വരുന്ന കാലം. (ട്രിവാൻഡ്രം സിസ്റ്റേഴ്സ് എന്ന് അറിയപ്പെട്ടിരുന്നു.)
ചെന്പൈ തിരുവനന്തരുത്തെത്തുന്പോൾ സഹോദരിമാർ ചെന്പൈ സ്വാമിയെ നമസ്കരിച്ച് അനുഗ്രഹം വാങ്ങുവാൻ പോവുന്ന പതിവുണ്ടായിരുന്നു. സംഗീതത്തിലെ ഇവരുടെ താല്പര്യം മനസിലാക്കിയ ചെന്പൈ സ്വാമി സഹോദരിമാരെ അനുഗ്രഹിച്ച ഉടനെ ചോദിക്കും. ഇപ്പോ എന്തെങ്കിലും വേണമോ.? പിന്നീട് പ്രധാനപ്പെട്ട പല കീർത്തനങ്ങളും പാടിപഠിപ്പിക്കും. തൈക്കാട് ഗസ്റ്റ് ഹൗസിൽ ഇരുന്നു ഇങ്ങനെ സ്വാമി തങ്ങളെ കീർത്തനങ്ങൾ പഠിപ്പിച്ച നിമിഷങ്ങൾ ഇന്നും പുഷ്പകൃഷ്ണൻ നന്ദി യോടെ ഓർമിക്കുന്നു.
1973-ൽ ഒരിക്കൽ ചെന്പൈ സ്വാമിയെ കണ്ടപ്പോൾ ചേച്ചി മീനാക്ഷിക്കു ഉടനെ ജോലി കിട്ടുമെന്നു സ്വാമി അനുഗ്രഹിച്ചു. ഉടനെ വന്നു അടുത്ത ചോദ്യവും. നിനക്ക് ജോലി കിട്ടിയാൽ എന്റെ ഗുരുവായൂരപ്പനു എന്ത് തരും..? സ്വാമി തന്നെ മറുപടിയും പറഞ്ഞു. ഒരുകാര്യം ചെയ്യ് നിന്റെ ആദ്യത്തെ ശന്പളം ഗുരുവായൂരപ്പനു നല്കുക. ചേച്ചി സമ്മതിച്ചു.
ആ വർഷം തന്നെ ചേച്ചിക്കു ശ്രീസ്വാതി തിരുനാൾ സംഗീത കോളജിൽ അധ്യാപികയായി ജോലി ലഭിച്ചു. ആദ്യ ശന്പളവുമായി ചെന്പൈ സ്വാമിക്കൊപ്പം ചേച്ചിയും ഞാനും ഗുരുവായൂരെത്തി. ഏകാദശി ഉത്സവകാലമായിരുന്നു അത്. ശ്രീകൃഷ്ണനു മുന്നിലെ കാണിക്കപ്പെട്ടിയിൽ ആദ്യം കിട്ടിയ ശന്പളം ചേച്ചി സമർപ്പിച്ചു. ഒരു രൂപ നീ കൈയിൽ വച്ചോ എന്നു സ്വാമി പുഞ്ചിരിയോടെ പറഞ്ഞു. 74-ൽ ഒരിക്കൽ സ്വാമിക്കു മുന്നിൽ പാടുന്പോൾ സ്വാമി പറഞ്ഞു.
നിങ്ങൾ നന്നായി പാടുന്നുണ്ടല്ലോ. കൊല്ലത്തെ ഉണ്ണിച്ചെക്കന്റെ (ഉണ്ണിക്കൃഷ്ണനെ സ്നേഹം കൂടുന്പോൾ സ്വാമി അങ്ങനെയാണ് പറയുക) നടയിൽ ഞാൻ പാടുന്ന അതേ വേദിയിൽ തന്നെ രണ്ടുപേരും പാടുവാൻ ഇടവരും. അതേവർഷം തന്നെ ചെന്പൈ സ്വാമിയുടെ കച്ചേരി നടന്ന ഉത്സവത്തിൽ കൊല്ലത്തെ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ ഒരു ദിവസം ഞങ്ങൾക്കു കച്ചേരി നടത്തുവാൻ സാധിച്ചു.
നവരാത്രി കാലത്ത് നെയ്യാറ്റിൻകരയിലെ എന്റെ കുടുംബ വീട്ടിൽ കെടാവിളക്ക് കത്തിച്ചു വച്ചിട്ടുണ്ടാവും. വലിയ നിലവിളക്കിൽ നിറയെ എണ്ണ ഒഴിച്ചു കൊളുത്തി വയ്ക്കുന്ന ആ വിളക്ക് ഒരിക്കലും അണയുകയില്ല. എന്നാൽ 1974 ഒക്ടോബർ 16നു രാവിലെ കെടാവിളക്കു പെട്ടെന്നു അണഞ്ഞു. ഞങ്ങൾക്കു ഏതോ അപശകുനം പോലെ തോന്നി. കുറേ കഴിഞ്ഞപ്പോഴാണ് ചെന്പൈ സ്വാമിയുടെ വിയോഗവാർത്ത അറിയുന്നത്. അത്രയ്ക്കു ഹൃദയബന്ധമോ, ആത്മബന്ധമോ ഒക്കെ സ്വാമിയുമായി ഉണ്ടായിരുന്നു.