വിഴിഞ്ഞത്ത് ആദ്യകപ്പൽ അടുത്തിട്ട് ഒരുവർഷം..
1461451
Wednesday, October 16, 2024 5:45 AM IST
വിഴിഞ്ഞം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്ത് ആദ്യ കപ്പൽ അടുത്ത് ചരിത്രം കുറിച്ചിട്ട് ഒരു വർഷം പൂർത്തിയായി. കഴിഞ്ഞ വർഷം ഒക്ടോബർ 15 നു ചൈനയിൽനിന്നു കൂറ്റൻ ക്രെയിനുകളുമായി എത്തിയ ഷെൻഹുവാ - 15 ആണ് ആ ചരിത്രമുഹൂർത്തത്തിനു സാക്ഷ്യം വഹിച്ചത്. ഒക്ടോബർ 13ന് രാത്രിയിൽ പുറംകടലിൽ നങ്കൂരമിട്ട ഷെൻഹുവ, 14നു ദി പെർഫക്ട് ലോജിസ്റ്റിക് എം.ഡി. മലയാളിയായ രാധാകൃഷ്ണന്റെ മേൽനോട്ടത്തിൽ കസ്റ്റംസിന്റെയും ഇമിഗ്രേഷന്റെ യും നടപടികൾ പൂർത്തിയാക്കി.
15ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിമാരുടേയും ഉന്നത ഉദ്യോഗസ്ഥരുടേയും സാന്നി ധ്യത്തിൽ ആദ്യമെത്തിയ കപ്പലിനു വാട്ടർ സല്യൂട്ട് നൽകി സ്വീകരണവും ഒരുക്കി. തുടർന്ന് ചെറുതും വലുതുമായ 31 ക്രെയിനുകളുമായി ഷെൻഹുവാ സീരീസിൽപ്പെട്ട ഏഴു കപ്പലുകൾ വിഴിഞ്ഞം തീരമണഞ്ഞു.
ഇന്ത്യൻ തുറമുഖങ്ങളിൽ ഏറ്റവും അത്യാധുനിക ക്രെയിനുകളെ വാർഫിൽ ഉറപ്പിച്ചു നടത്തിയ തയാറെടുപ്പുകൾക്കുശേഷം ട്രയൽ റൺ കുറിച്ച് ഇക്കഴിഞ്ഞ ജൂലൈ 12ന് ആദ്യ കണ്ടെയ് നർ കപ്പൽ സാൻഫെർണാണ്ടോ വിഴിഞ്ഞത്ത് അടുത്തു. കൊളംബോയിൽനിന്ന് ചൈനയിലേക്കുള്ള യാത്രക്കിടയിൽ രണ്ടായിരത്തോളം കണ്ടെയ്നർ ഇറക്കിയ സാൻഫെർണാണ്ടോ വിഴിഞ്ഞം തുറമുഖം കപ്പലടുപ്പിക്കാൻ തയാറെന്ന് ലോകത്തെ അറിയിച്ചു.
അതിനുശേഷം ഇന്നലെ വരെ കൂറ്റൻ മദർഷിപ്പുകളും കണ്ടെയ്നറുകൾ മറ്റു രാജ്യങ്ങളിലേക്കു കൊണ്ടുപോകാനുള്ള ഫീഡർഷിപ്പുകളുമായി 29 എണ്ണം വന്നു മടങ്ങി. വന്നതിൽ ബഹുഭൂരിപക്ഷവും ഏറ്റവും കൂടുതൽ സർവീസ് നടത്തുന്ന എംഎസ്സിയുടെ കപ്പലുകൾ എന്നതും പ്രത്യേകതയാണ്. ട്രയൽ റണ്ണിൻ ഇത്രയുമധികം കപ്പൽ അടുപ്പിച്ച മറ്റൊരു തുറമുഖവും ഇന്ത്യയിൽ ഇല്ലെന്ന് അധികൃതർ പറയുന്നു.
ഇനി ഏതു സമയത്തും കമ്മീഷൻ ചെയ്യാനും വിഴിഞ്ഞം തുറമുഖം തയാറെടുത്ത് കഴിഞ്ഞു. അതിനുള്ള അവസാനഘട്ട നിർമാ ണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ തുടങ്ങിയതായും ബന്ധപ്പെട്ടവർ പറയുന്നു. അതോടെ തിരക്കിലമരുന്ന വിഴിഞ്ഞം തീരത്തു കൂടുതൽ ഏജൻസികളുടെ കപ്പലുകൾ നങ്കൂരമിടുമെന്നും ഉറപ്പായി.