അക്രമാസക്തനായ യുവാവ് പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി
1461449
Wednesday, October 16, 2024 5:45 AM IST
70 ശതമാനം പൊള്ളലേറ്റ യുവാവ് ബേണ്‍ ഐസിയുവില്‍
പേരൂര്‍ക്കട: പൂജപ്പുര മഹിളാ മന്ദിരത്തിനു മുന്നില്‍വച്ച് ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തിയ യുവാവ് ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ ചികിത്സയില്‍. കരകുളം സ്വദേശി ബൈജു (48) വാണ് ആശുപത്രിയിലെ ബേണ്‍ ഐസിയുവില്‍ ചികിത്സയിലുള്ളത്.
ചൊവ്വാഴ്ച രാത്രി ഏഴോടെ യാണ് സംഭവം. തന്റെ 14ഉം 11ഉം വയസുള്ള മക്കളുമായി ഭാര്യയെ കാണുന്നതിനുവേണ്ടിയാണ് ബൈജു പൂജപ്പുരയിലെ മഹിളാ മന്ദിരത്തിനു മുന്നിലെത്തിയത്. എന്നാല്‍ ആ സമയത്ത് ഭാര്യ സ്ഥലത്തുണ്ടായിരുന്നില്ല. ഇതറിഞ്ഞ ബൈജു മന്ദിരത്തിനു മുന്നില്‍ അക്രമാസക്തനാകുകയും കന്നാസില്‍ കരുതിയിരുന്ന പെട്രോള്‍ ശരീരത്തില്‍ ഒഴിച്ചശേഷം ലൈറ്റര്‍ ഉപയോഗിച്ച് തീ കൊളുത്തുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്തു. ഭയപ്പെട്ട കുട്ടികള്‍ സ്ഥലത്തുനിന്നും ഓടിമാറിയതിനാല്‍ അവര്‍ക്കു പരിക്കില്ല.
പോലീസ് ഇയാളെ അനുനയിപ്പിക്കുന്നതിനിടെ ബൈജു ലൈറ്റര്‍ ഉപയോഗിച്ച് ശരീരത്തില്‍ കത്തിക്കുകയായിരുന്നു. പെട്രോളും ലൈറ്ററും ഇയാള്‍ ഒപ്പം കൊണ്ടുവന്നതാണെന്നു പോലീസ് പറഞ്ഞു. ബൈജുവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ പൂജപ്പുര സ്റ്റേഷനിലെ പോലീസുകാരായ അഭിലാഷ്, സുധീര്‍ എന്നിവര്‍ക്കും പരിക്കേറ്റു.
തിരുവനന്തപുരം ഫയര്‍ സ്റ്റേഷനില്‍നിന്നു ജീവനക്കാരെത്തിയാണ് തീ പൂര്‍ണമായും കെടുത്തിയത്. തുടര്‍ന്നു ബൈജുവിനെ പോലീസ് ഇടപെട്ട് ആംബുലന്‍സില്‍ തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. 70 ശതമാനത്തിലേറെ പൊള്ളലേറ്റ ഇയാള്‍ ബേണ്‍ ഐസിയുവില്‍ ചികിത്സയില്‍ കഴിയുകയാണ്.
തന്നെ നിരന്തരം ഉപദ്രവിക്കുന്നുവെന്ന ബൈജുവിന്റെ ഭാര്യയുടെ പരാതിയെത്തുടര്‍ന്ന് അരുവിക്കര പോലീസിന്റെ നിര്‍ദേശപ്രകാരമാണ് ഇവര്‍ മഹിളാ മന്ദിരത്തില്‍ എത്തിയത്. ഇടയ്ക്കിടെ ബൈജു മക്കള്‍ക്കൊപ്പം ഇവിടെയെത്തി ഭാര്യയെ കാണുമായിരുന്നു. പതിവു സന്ദര്‍ശനത്തിനിടെയാണ് ഇന്നലെ ബൈജു രോഷാകുലനായി സ്വയം തീ കത്തിച്ചത്. ഇയാള്‍ക്കു മാനസികവിഭ്രാന്തിയുണ്ടെന്നു പൂജപ്പുര പോലീസ് അറിയിച്ചു.
മെഡിക്കല്‍കോളജ് ജീവനക്കാരുടെ അനാസ്ഥ; പൊള്ളലേറ്റ രോഗി അത്യാഹിതവിഭാഗത്തിനു മുന്നില്‍ കിടന്നത് ഏറേനേരം
മെഡിക്കല്‍കോളജ്: ഗുരുതരമായി പൊള്ളലേറ്റ നിലയിൽ തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയിലെത്തിച്ച രോഗി ഏറേനേരം അതേ അവസ്ഥയില്‍ അത്യാഹിതവിഭാഗത്തിനു മുന്നില്‍ പ്രാണവേദനയോടെ പിടഞ്ഞെന്ന് ആക്ഷേപം.
ഇതുമായി ബന്ധപ്പെട്ട വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ അധികൃതര്‍ക്കെതിരേ രൂക്ഷമായ വിമര്‍ശനങ്ങളും ഉയര്‍ന്നു കഴിഞ്ഞു. ഇന്നലെ രാത്രി എട്ടു മണിയോടുകൂടിയാണ് ബൈജുവിനെ മെഡിക്കല്‍കോളജ് ആശുപത്രിയില്‍ എത്തിച്ചത്.
ആംബുലന്‍സില്‍നിന്ന് ഇറക്കിയെങ്കിലും ജീവനക്കാർ ട്രോളി കൃത്യസമയത്ത് എത്തിക്കാ ത്തതിനാല്‍ അത്യാഹിത വിഭാഗത്തിനു സമീപത്തെ ഗേറ്റിനു മുന്നില്‍ ഇയാള്‍ ഇരിക്കുകയായിരുന്നു. പൊള്ളലേറ്റ വേദനയില്‍ ബൈജു അങ്ങോട്ടുമിങ്ങോട്ടും ഓടുകയും നിലവിളിക്കുകയും ചെയ്തു.
ഒടുവില്‍ ഗതികെട്ടു നിലത്തു കിടന്ന സമയത്താണ് രണ്ടു ജീവനക്കാര്‍ ട്രോളിയുമായെത്തി ബൈജുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 25-ഓളം ജീവനക്കാരും 15-ഓളം ട്രോളികളുമാണ് മെഡിക്കല്‍കോളജ് അത്യാഹിത വിഭാഗത്തിലുള്ളത്. എന്നാല്‍ ഗുരുതരാവസ്ഥയില്‍ രോഗി കളെത്തുമ്പോള്‍ ജീവനക്കാർ എവിടെപ്പോകുന്നുവെന്നതു വ്യക്തമല്ല.
പൊള്ളലേറ്റ രോഗി പിടഞ്ഞുകൊണ്ടിരിക്കുമ്പോഴും അയാളെ കൊണ്ടുപോകുന്നതിന് ജീവനക്കാര്‍ കാട്ടിയ നിസംഗത അന്വേഷിക്കണ മെ ന്നും ആവശ്യമുയർന്നു.