കാണാതായ യുവാവിന്റെ മൃതദേഹം നെയ്യാറില്‍
1461331
Tuesday, October 15, 2024 10:20 PM IST
നെയ്യാറ്റിന്‍കര : ഈരാറ്റിന്‍പുറത്ത് നെയ്യാറില്‍ കാണാതായ മൈലച്ചല് കോവില്‍വിള സ്വദേശി വിഷ്ണു (24) വിന്റെ മൃതദേഹം ഇന്നലെ രാവിലെ തെരച്ചിലില്‍ കണ്ടെത്തി.
ഫയര്‍ ആന്‍ഡ് റസ്ക്യൂ ടീമിന്റെയും സ്കൂബാ ടീമിന്റെയും സംയുക്ത തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മുഖം പാറക്കെട്ടുകളിലിടിച്ച് ചതഞ്ഞതിന്റെ പാടുകളുണ്ടായിരുന്നതായി ഫയര്‍ ആന്‍ഡ് റസ്ക്യൂ ടീം അറിയിച്ചു. നദിയിലെ ഒഴുക്കില്‍പ്പെട്ട് പാറക്കെട്ടിലിടിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം.
മൈലച്ചല് സ്വദേശി രവീന്ദ്രന്‍നായരുടെയും ഗീതയുടെയും മകനാണ് വിഷ്ണു. ഞായറാഴ്ച വൈകുന്നേരം മൂന്നു സുഹൃത്തുക്കളുമായാണ് വിഷ്ണു നെയ്യാറ്റിന്‍കര താലൂക്കിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഈരാറ്റിന്പുറത്തെത്തിയത്.
നെയ്യാറിലെ ഒഴുക്കില്‍പ്പെട്ട വിഷ്ണുവിനെ രക്ഷിക്കാന്‍ കൂട്ടുകാര്‍ക്ക് കഴിഞ്ഞിരുന്നില്ല. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്കി.