മലിനജലം കൊണ്ട് പൊറുതിമുട്ടി ചാല കൊത്തുവാള്‍ തെരുവ്
1460790
Saturday, October 12, 2024 6:09 AM IST
പേരൂര്‍ക്കട: സ്മാര്‍ട്ട് സിറ്റി പദ്ധതി പണി തുടങ്ങിയതോടെ തിരുവനന്തപുരം നഗരവുമായി ഒറ്റപ്പെട്ട അവസ്ഥയില്‍ ചാല കൊത്തുവാള്‍ തെരുവിലെ 150-ഓളം കുടുംബങ്ങളും 50-ഓളം വ്യാപാരികളും.
ആറുമാസത്തിനു മുമ്പാണ് അട്ടക്കുളങ്ങര ബൈപാസ് മുതല്‍ കിള്ളിപ്പാലം വരെ നീളുന്ന റോഡിന്റെയും ഓടയുടെയും പണി ആരംഭിച്ചത്. ദീര്‍ഘവീക്ഷണമില്ലാതെ ആരംഭിച്ച പണി പാതിവഴിയിലായതോടെ ജനങ്ങള്‍ക്ക് കുടിവെള്ളമില്ല, നടക്കാന്‍ റോഡില്ല, വ്യാപാരികള്‍ക്കു കച്ചവടമില്ല എന്നായി സ്ഥിതി. പോരാത്തതിന് വീടുകളില്‍നിന്നു പുറത്തിറങ്ങാനാകാത്ത വിധത്തില്‍ വെള്ളക്കെട്ടും !
ചാലയിലേത് വലിയ പദ്ധതിയാണെന്നും ഇത് ഏറ്റെടുത്തു നടത്താന്‍ പ്രാപ്തിയുള്ള കാരാറുകാര്‍ ഇല്ലെന്നും അതുകൊണ്ടുതന്നെ അവര്‍ മാറിമാറിപ്പോകുന്നത് പണി ഇടയ്ക്കുവച്ചു നില്ക്കാന് കാരണമാകുന്നുവെന്നുമാണ് കൗണ്‍സിലര്‍ സിമി ജ്യോതിഷ് പറയുന്നത്. കഴിഞ്ഞ ഞായറാഴ്ചയാണ് പണി താത്കാലികമായി നിര്‍ത്തിവച്ചത്.
ഇനി 15-നുശേഷമേ അറ്റകുറ്റപ്പണി പുനരാരംഭിക്കൂ എന്നാണു സൂചന. റോഡ് കുത്തിപ്പൊളിച്ച് ടാര്‍ സമീപത്തെ വെള്ളം നിറഞ്ഞ ഓടയിലേക്കു തള്ളി. റോഡ് കുഴിച്ചതോടെ പൈപ്പുകള്‍ തുരുതുരാ പൊട്ടി വെള്ളക്കെട്ടായി മാറിയിരിക്കുകയാണ്.
ആംബുലന്‍സുകള്‍ കടന്നുവരാന്‍ വഴിയില്ല, ടാങ്കര്‍ലോറികളില്‍ ജലമെത്തിക്കാനും റോഡില്ല- ജനങ്ങള്‍ പരിതപിക്കുന്നു. ഇതോടെ ബന്ധുവീടുകളെ അഭയം പ്രാപിച്ചവരും ചില്ലറയല്ല. വെള്ളക്കെട്ടായതോടെ ജനങ്ങള്‍ വരാതായി. ഇതോടെ ചാലയിലെ വ്യാപാരികളുടെ കച്ചവടവും മുടങ്ങിയിരിക്കുകയാണ്.