ഊഞ്ഞാലാട്ടം മറന്ന ഓണാഘോഷം
1453321
Saturday, September 14, 2024 6:38 AM IST
പാപ്പനംകോട് രാജൻ
നേമം: ഓണം ഓർമകളിലെന്നും ഊഞ്ഞാലുകൾക്ക് പ്രഥമ സ്ഥാനമാണ്. വർഷങ്ങൾക്ക് മുമ്പ് ചിങ്ങം പിറന്നാലുടൻ തന്നെ ഓണത്തിന്റെ വരവ് വറിയിച്ച് തൊടിയിലോ വീട്ടുമുറ്റത്തോ വൃക്ഷങ്ങളിൽ ഊഞ്ഞാലു കെട്ടുന്ന പതിവ് ഉണ്ടായിരുന്നു.
എന്നാലിന്ന് മലയാളിയുടെ ഓണ സങ്കൽപ്പങ്ങളിൽ ഒഴിച്ചു നിർത്താനാവാത്ത ഊഞ്ഞാൽ അപൂർവമായി മാറിക്കഴിഞ്ഞു. ഇപ്പോൾ ചില വീടുകളിലും പൊതുസ്ഥലങ്ങളിലുമായി ഒതുങ്ങി. ഊഞ്ഞാലുമായി ബന്ധപ്പെട്ട് പണ്ട് കാലത്ത് ധാരളം പാട്ടുകളും മത്സരങ്ങളും ഉണ്ടായിരുന്നു.
ഊഞ്ഞാലിലിരുന്ന് ഏറ്റവും കൂടുതൽ സമയം ആടി പറക്കുക, ഏറ്റവും ഉയരത്തിലെത്തി ഇലത്തൊട്ടു വരിക തുടങ്ങിയവ. ഓണപ്പാട്ടുകൾ പാടിയുള്ള ഊഞ്ഞാലാട്ടം മലയാളിക്ക് ഗൃഹാതുരമായ ഓരോർമയാണ്.
നാട്ടിൽ നിന്നും മരങ്ങൾ വെട്ടി മാറ്റി കോൺക്രീറ്റ് സൗധങ്ങളുയർന്നപ്പോൾ വീട്ടുമുറ്റത്ത് നിന്നും ഊഞ്ഞാലുകൾ അപ്രത്യക്ഷമായി. ഇത്തരം ആഘോഷങ്ങൾ മറഞ്ഞതോടെ ഇന്നത്തെ തലമുറക്ക് പഴയ കാല ഓണത്തിന്റെ പ്രൗഡി ആസ്വാദിക്കാൻ കഴിയാതെയായി മാതാപിതാക്കൾ പറഞ്ഞ് കൊടുക്കുന്ന അല്ലെങ്കിൽ മാധ്യമങ്ങളിൽ കാണുന്ന പഴയ ഓണക്കാല സ്മൃതികളിൽ മാത്രമായി കുട്ടികൾക്ക് ഊഞ്ഞാൽ.
തുമ്പയും മുക്കുറ്റിയും അത്തവും പൊലെ വയലേലകളും തൊടിയും ഓണത്തുമ്പികളും ഓണ കളിയും പൊലെ മലയാളിയുടെ ഓർമച്ചെപ്പിൽ സൂക്ഷിച്ച് വയ്ക്കാം ഊഞ്ഞാലിനെയും.