കേരള സര്‍വകലാശാലയിലെ ഏറ്റുമുട്ടല്‍: കെഎസ്യു പ്രവര്‍ത്തകര്‍ക്ക് എതിരെ കേസെടുത്തു
1453015
Friday, September 13, 2024 5:58 AM IST
തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഏറ്റുമുട്ടലില്‍ കെഎസ്യു പ്രവര്‍ത്തകര്‍ക്കെതിരേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സര്‍വകലാശാല ജീവനക്കാരെ അക്രമിച്ചുവെന്നു കാട്ടി ജീവനക്കാര്‍ നല്കിയ പരാതിയിലാണു നടപടി.
10 പേര്‍ക്കെതിരേയാണ് കന്റോണ്‍മെന്റ് പോലീസ് കേസ് എടുത്തിരിക്കുന്നത്. കേരള യൂണിവേഴ്സിറ്റി യൂണിയന് തെരഞ്ഞെടുപ്പ് റദ്ദാക്കണം എന്ന ആവശ്യം അംഗീകരിക്കാത്തതിന്റെ വിരോധത്തില്‍ യൂണിവേഴ്സിറ്റി രജിസ്ട്രാറുടെ പിഎയെയും മറ്റ് ഉദ്യോഗസ്ഥരെയും തടഞ്ഞുവെച്ച് മര്‍ദിച്ചെന്നും അസഭ്യം പറഞ്ഞെന്നുമാണ് പരാതി.
കെഎസ്യു പ്രവര്‍ത്തകര്‍ ഉദ്യോഗസ്ഥരുടെ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്നും മര്‍ദിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാര്‍ ആരോപിക്കുന്നു. കെഎസ്യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ അടക്കമുള്ളവര്‍ക്കെതിരേയാണ് പോലീസ് കേസെടുത്തത്.
സംഘര്‍ഷത്തിനു പിന്നാലെ പോലീസ് കസ്റ്റഡിയിലെടുത്തവരെ രക്ഷപ്പെടുത്തിയതിനും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിനു പുറമേ കേരള യൂണിവേഴ്സിറ്റി രജിസ്ട്രാര്‍ നല്കിയ പരാതിയില്‍ കണ്ടാലറിയാവുന്ന കെഎസ്യു-എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരേയും കെസെടുത്തു.
കണ്ടാലറിയാവുന്ന മുന്നൂറിലധികം പേര്‍ക്കെതിരേയാണ് ഈ പരാതിയില്‍ കന്റോൺമെന്റ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. തെരഞ്ഞെടുപ്പിനിടെ ബാലറ്റ് മോഷ്ടിച്ചെന്ന ആരോപണത്തിന്മേല് കഴിഞ്ഞ ദി വസം രാത്രിയാണ് കേരള യൂണിവേഴ്സിറ്റി ആസ്ഥാനത്ത് കെഎസ്യു-എസ്എഫ്ഐ സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തെ തുടര്‍ന്ന് വോട്ടെണ്ണല്‍ നിര്‍ത്തി വച്ചിരുന്നു. സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു.