പിടിയിലായത് ഒഡീഷയിൽ നിന്നും അന്തര്‍സംസ്ഥാന ലഹരിക്കടത്ത് സംഘത്തലവൻ പിടിയിൽ
1451634
Sunday, September 8, 2024 6:16 AM IST
വെള്ളറട: അന്തര്‍ സംസ്ഥാന ലഹരിക്കടത്തു സംഘത്തലവന് കല്ലറ തണ്ണിയം കുഴിവിള വീട്ടില്‍ അനീസ് എന്നു വിളിക്കുന്ന ജാഫറിനെ ഒഡീഷയിൽ നിന്നും വെള്ളറട പോലീസ് പിടികൂടി. ഏറെക്കാലമായി ഒറീസയിലെ കൊറപുട് ജില്ലയില്‍ പാടുവ പോലീസ് സ്റ്റേഷന് പരിധിയിലെ ബാല്‍ഡ ഗ്രാമത്തിലായിരുന്നു ഇയാൾ.
മാവോയിസ്റ്റു സ്വാധീനമുള്ള വന മേഖലയില്‍ കഞ്ചാവ് കൃഷി ചെയ്തു കേരളത്തിന്റെ വിവിധ ഭാഗങ്ങൾ എത്തിക്കുന്ന പ്രധാനിയാണ് പിടിയിലായ ജാഫർ. ബാല്‍ഡ ഗ്രാമവാസികളുടെ ബാങ്ക് അക്കൗണ്ടുകളിലൂടെയായിരുന്നു പണമിടപാടുകളെല്ലാം പ്രതി നടത്തിയിരുന്നത്.
പ്രതിയുടെ പേരിൽ നിലവിൽ സിംകാർഡുകളോ , സോഷ്യൽമീഡിയ അക്കൗണ്ടുകളോ ഇല്ലെന്ന് പോലീസ് പറയുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ വെള്ളറട ആറാട്ട്കുഴിയില്‍ വാഹന പരിശോധനയ്ക്കിടെ 47 കിലോ കഞ്ചാവുമായി അഞ്ചുപേരെ പോലീസ് പിടികൂടിയിരുന്നു.
ഇവരെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ജാഫറിലേക്കെത്തപ്പെട്ടത്. കഞ്ചാവിന്റെ ഉറവിടം സംബന്ധിച്ചു ചോദ്യം ചെയ്തതോടെയാണ് ഇവര്‍ ജാഫറിന്റെ പേര് പറഞ്ഞത് .
പിടിയിലായ അഞ്ചുപേരും ഇപ്പോഴും ജയിലിലാണ്. പോക്സോ ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രതിയാണ് ജാഫറെന്ന് പോലീസ് പറയുന്നു. പാറശാല, നെയ്യാറ്റിന്‍കര, കാട്ടാക്കട, നെടുമങ്ങാട് ഉള്‍പ്പെടെ നിരവധി സ്റ്റേഷനുകളില്‍ വിവിധ കേസുകള്‍ പ്രതിയാണ് ജാഫർ. കഴിഞ്ഞ അഞ്ചു മാസമായി അന്വേഷണസംഘം ഇയാളുടെ പിന്നാലെയായിരുന്നതായി വെള്ളറട പോലീസ് പറഞ്ഞു.
പ്രാദേശികമായി ഒഡീഷയിൽ ജാഫറിനുള്ള ബന്ധം പോലീസിന്റെ അന്വേഷണത്തെ ഏറെ വലച്ചിരുന്നതായും അന്വേഷ സംഘത്തിലെ ഉദ്വോഗസ്ഥർ പറയുന്നു.
പോലീസ് തന്നെ അന്വേഷിച്ച് ഒഡീഷയിലെത്തിയെന്ന് മനസിലാക്കിയ പ്രതി മാവോയിസ്റ്റു സ്വാധീനമുള്ള വന മേഖലയിലേക്ക് രക്ഷപ്പെടുകയായിരുന്നു.
ഇത് മനസിലാക്കിയ സംഘം റെയില്‍വേ ഉദ്യോഗസ്ഥരെന്ന രീതിയില്‍ ഒഡിഷയിലെ ബാല്‍ഡ ഗ്രാമത്തില്‍ ബാല്‍ഡ ഗുഹയ്ക്കു സമീപം വനത്തില്‍ ദിവസങ്ങളോളം തങ്ങുകയായിരുന്നു. ഒഡിഷ പോലീസിനെപ്പോലും വിവരം അറിയിക്കാതെയായിരുന്നു കേരളാ പോലീസിന്റെ നീക്കം.
ഒടുവിൽ സാഹസികമായി പ്രതിയെ കീഴ്പ്പെടുത്തുകയായിരുന്നു. നെയ്യാറ്റിന്‍കര ഡിവൈഎസ്പി ഷാജിയുടെ നേതൃത്വത്തില്‍ വെള്ളറട സബ് ഇന്‍സ്പെക്ടര്‍ റസല്‍ രാജ്, സിപിഒ ഷൈനു, ഡിഎഎന്എസ്എഫ് സബ് ഇന്‍സ്പെക്ടര്‍ ബിജുകുമാര്‍, അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ സതികുമാര്‍, എസ്സിപിഒ അനീഷ് എന്നിവരടുങ്ങ സംഘമാണ് പ്രതിയെ സാഹസികമായി പിടികൂടിയത്.