ജമന്തിപൂക്കളുടെ വിരുന്നൊരുക്കി കല്ലിയൂർ പഞ്ചായത്ത്
1451108
Friday, September 6, 2024 6:42 AM IST
നേമം: ഓണത്തിന് വിവിധവർണങ്ങളിൽ ജമന്തി പൂക്കളുടെ വിരുന്നൊരുക്കി സന്ദർശകരെ വരവേല്ക്കുകയാണ് കാർഷിക ഗ്രാമമായ കല്ലിയൂർ. പഞ്ചായത്തിലെ വിവിധ വാർഡുകളിലായി 20 ഏക്കർ സ്ഥലത്താണ് പൂക്കളും പച്ചക്കറികളും കൃഷിചെയ്തത്.
കല്ലിയൂർ കൃഷിഭവന്റെ ഫാം ടൂറിസം സംരംഭ മേഖലയിലേക്കുള്ള ചുവടുവയ്പ്പു കൂടിയാണ് ജമന്തി പാടങ്ങൾ. ഇവിടെ എത്തുന്ന സന്ദർശകർക്ക് ഊഞ്ഞാലാടാം, വർണശലഭങ്ങളെ അടുത്ത് കാണാം കൂടാതെ സെൽഫി പോയിന്റുകൾ, താമരപൊയ്ക, കൃഷിക്കൂട്ടങ്ങളുടെ ജൈവ പഴം - പച്ചക്കറികൾ, വിവിധതരം മൂല്യവർധിത ഉത്പന്നങ്ങൾ, പച്ചക്കറി തൈകൾ, വിവിധതരം പൂച്ചെടികൾ എന്നിവ കാണുന്നതിനും വാങ്ങുന്നതിനുള്ള അവസരമൊരുക്കിയിട്ടുണ്ട്. കുടുംബശ്രീയുടെ ലഘു ഭക്ഷണശാലയും ഒരുക്കി.
ചെറുകിട പൂകർഷകരിൽ നിന്നുൾപ്പെടെ പൂക്കൾ ശേഖരിച്ചാണ് അത്തപൂക്കളത്തിനായുള്ള കിറ്റ് വിതരണം ചെയ്യുന്നത്. കുറഞ്ഞ വിലയ്ക്ക് നൽകുന്ന കിറ്റിൽ ജമന്തിപൂക്കൾ ഉൾപ്പെടെ അഞ്ച് ഇനംപൂക്കൾ ഉണ്ടാകും. പെരിങ്ങമ്മലയിലെ പ്രദർശനം ഉത്രാടം നാൾവരെ നീളും.
ത്രിതല പഞ്ചായത്ത്, കൃഷിവകുപ്പ് തുടങ്ങിയവയുടെ സഹായത്തോടെയാണ് പൂവനി പദ്ധതി ഇവിടെ നടപ്പിലാക്കുന്നത്. പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം മന്ത്രി ജി .ആർ.അനിൽ നിർവഹിച്ചു. എം .വിൻസന്റ് എംഎൽഎ അധ്യക്ഷനായി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി .സുരേഷ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ .പ്രീജ, കല്ലിയൂർ പഞ്ചായത്ത് പ്രസിഡന്റ് എം .സോമശേഖരൻ നായർ, വൈസ് പ്രസിഡന്റ് എൽ.ശാന്തിമതി, പ്രിൻസിപ്പൽ കൃഷി ഓഫീസർ എസ്.അനിൽ കുമാർ, ജില്ല പഞ്ചായത്ത് അംഗം ഭഗത്റൂഫസ്, കൃഷി ഓഫീസർ സ്വപ്ന തുടങ്ങി ത്രിതല പഞ്ചായത്ത് പ്രതിനിധികൾ പ്രസംഗിച്ചു.