പത്തനംതിട്ട: ശബരിമലയിലെ സ്വർണമല്ല രാജ്യത്തെ ഏറ്റവും വലിയ പ്രശ്നമെന്നും സാധാരണക്കാരുടെ നീറുന്ന പ്രശ്നങ്ങൾ വേറെയുണ്ടെന്നും എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ.
ഈ പ്രശ്നങ്ങളൊന്നും രാഷ്ട്രീയക്കാർ കാണുന്നില്ല. തിരഞ്ഞെടുപ്പിൽ വോട്ട് ആക്കാനുള്ള രാഷ്ട്രീയ അടവ് നയമാണ് പാർട്ടികൾക്ക്.
ശബരിമല സ്വർണക്കൊള്ളയിൽ ഉപ്പ് തിന്നവൻ വെള്ളം കുടിക്കട്ടെ. സകല ദേവസ്വം ബോർഡുകളും പിരിച്ചുവിടണം. ഇക്കാര്യം സർക്കാരിനെതിരെ തിരിച്ചു വിടുന്നത് എന്തിനാണ്?. ദേവസ്വം മന്ത്രി രാജി വയ്ക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തികച്ചും രാഷ്ട്രീയമാണ്.
മന്ത്രിയും സർക്കാരും എന്തിന് രാജി വയ്ക്കണം. ഉപ്പ് തിന്നവൻ വെള്ളം കുടിക്കട്ടെ. കാട്ടിലെ തടി, തേവരുടെ ആന എന്ന സ്ഥിതിയാണിപ്പോൾ.
കടപ്പുറത്ത് പോയി കാള കുത്തിയതിന് വീട്ടിൽ വന്നു അമ്മയെ തല്ലരുത്. കോടതി എല്ലാം കണ്ടു പിടിക്കും. പുണ്യാളൻമാരൊക്കെ പാപികളാണെന്ന് തെളിയട്ടെയെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.