തിരുവനന്തപുരം: മോഹൻലാൽ, മമ്മൂട്ടി, കമല്ഹാസൻ എന്നിവര്‍ക്ക് തുറന്ന കത്തുമായി സെക്രട്ടേറിയറ്റ് നടയിൽ സമരം ചെയ്യുന്ന ആശാ പ്രവര്‍ത്തകര്‍. നവംബർ ഒന്നിന് നടക്കാനിരിക്കുന്ന അതിദാരിദ്ര്യ വിമുക്ത കേരള പ്രഖ്യാപനത്തിൽ പങ്കെടുക്കാൻ മൂന്നു താരങ്ങളെയും സർക്കാർ ക്ഷണിച്ചതിനു പിന്നാലെയാണ് ആശമാരുടെ കത്ത്.
സെക്രട്ടേറിയറ്റിനു മുന്നിൽ സമരം ചെയ്യുന്ന ആശാപ്രവർത്തകരെ വന്നു കാണണമെന്നാണ് ആവശ്യം. മൂന്നു നേരം ഭക്ഷണം കഴിക്കാനില്ലാത്ത, മക്കളെ പഠിപ്പിക്കാൻ കഴിയാത്ത, മാരകരോഗം വന്നാൽ അതിജീവിക്കാൻ കെൽപ്പില്ലാത്ത, കടക്കെണിയിൽ കുടുങ്ങിയ അതിദരിദ്രരാണ് തങ്ങളെന്നും കത്തിൽ പറയുന്നു.
കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വി.കെ. സദാനന്ദൻ, കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എം.എ. ബിന്ദു എന്നിവരുടെ പേരിലാണ് കത്ത്.
ഇമെയിൽ മുഖേനയാണ് താരങ്ങൾക്കു കത്തയച്ചത്. അതിദാരിദ്ര്യ വിമുക്ത കേരളത്തിന്റെ പ്രഖ്യാപന ചടങ്ങിൽ പങ്കെടുക്കുക വഴി നിങ്ങൾ ആ വലിയ നുണയുടെ പ്രചാരകരായി മാറും എന്നതിൽ തർക്കമില്ല. അതുകൊണ്ട് ചടങ്ങിൽ നിന്ന് മോഹൻലാലും മമ്മൂട്ടിയും കമൽഹാസനും വിട്ടുനില്‍ക്കണമെന്നാണ് ആശമാരുടെ ആവശ്യം.
Tags : Mohanlal Mammootty Kamal Haasan