തിരുവനന്തപുരം: സംസ്ഥാനത്ത് ജിഎസ്ടിയുമായി ബന്ധപ്പെട്ട് 1100 കോടി രൂപയുടെ തട്ടിപ്പ് നടന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ ഒരു തട്ടിപ്പ് സംഘം മാത്രം വ്യാജ പേരുകളില്‍ 1100 കോടി രൂപയുടെ ഇടപാട് നടത്തിയതായും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു.
സാധാരണക്കാരുടെ പേരിൽ അവരറിയാതെ ജിഎസ്ടി രജിസ്ട്രേഷൻ നടന്നു. ചില പോര്‍ട്ടലുകളില്‍നിന്ന് വിവരങ്ങള്‍ ദുരുപയോഗം ചെയ്താണ് ഇത് ചെയ്യുന്നത്. വ്യാജ കച്ചവടത്തിന്റെ മുഴുവന്‍ ഇടപാടുകളും തട്ടിപ്പുകാരന്റെ ബാങ്ക് അക്കൗണ്ടിലാണ് നടന്നതെങ്കിലും ജിഎസ്ടി ബാധ്യതയും ആദായനികുതി ബാധ്യതയും വരുന്നത് ഇരകളായ സാധാരണക്കാര്ക്കായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
പൂന ഇന്റലിജൻസ് ആണ് തട്ടിപ്പ് കണ്ടെത്തിയിരിക്കുന്നത്. 2025 ഫെബ്രുവരിയില്‍ സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചെങ്കിലും സര്‍ക്കാര്‍ ആകെ ചെയ്തത് ഈ രജിസ്ട്രേഷനുകള്‍ റദ്ദു ചെയ്യുക മാത്രമാണ്. ഖജനാവിന് നഷ്ടം 200 കോടിയാണെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.
പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ്. ജിഎസ്ടി അഡ്മിനിസ്ട്രേഷൻ പരിതാപകരമായ നിലയിലാണ്. ടാക്സ് തട്ടിപ്പ് മാത്രമല്ല ഡാറ്റാ മോഷണം കൂടിയാണ് നടക്കുന്നത്. ജിഎസ്ടി ഉദ്യോഗസ്ഥരിൽ ഒരു വിഭാഗത്തിന് തട്ടിപ്പുകാരുമായി ബന്ധമുണ്ട്. സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്നും സതീശൻ കൂട്ടിച്ചേർത്തു.
Tags : VD Satheesan GST Fraud