തൃശൂർ: വ്യാജരേഖ ചമച്ച് തൃശൂരിൽ വോട്ടു ചേർത്തെന്ന പരാതിയിൽ തൽക്കാലം കേന്ദ്രമന്ത്രി സുരേഷ്ഗോപിക്കെതിരെ കേസെടുക്കാനാകില്ല. മുൻ എംപി ടി.എൻ. പ്രതാപനാണ് വോട്ടർപട്ടിക ക്രമക്കേട് സംബന്ധിച്ച് പോലീസിൽ പരാതി നൽകിയത്.
സുരേഷ് ഗോപിയും സഹോദരനും വ്യാജരേഖ ചമച്ച് തൃശൂരിൽ വോട്ടു ചേർത്തു എന്നായിരുന്നു പ്രതാപന്റെ പരാതി. എന്നാൽ ഈ ആരോപണം തെളിയിക്കുന്നതിനായി വേണ്ട രേഖകൾ ഹാജരാക്കാൻ പ്രതാപന് കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുരേഷ്ഗോപിക്കെതിരെ കേസെടുക്കാൻ സാധിക്കില്ലെന്ന് പോലീസ് പരാതിക്കാരനെ അറിയിച്ചിരിക്കുന്നത്.
ഇതോടെ സുരേഷ്ഗോപിയുമായി ബന്ധപ്പെട്ട വ്യാജവോട്ട് വിവാദത്തിൽ പോലീസ് അന്വേഷണം മുന്നോട്ടുപോകാനാതെ വഴിമുട്ടിയിരിക്കുകയാണ്. അന്വേഷണവുമായി ബന്ധപ്പെട്ട രേഖകൾ ജില്ല ഭരണകൂടത്തിൽ നിന്നോ തെരഞ്ഞെടുപ്പു കമ്മീഷനിൽ നിന്നോ ലഭിക്കേണ്ടതുണ്ട്.
എന്നാൽ അപേക്ഷ നൽകിയിട്ടും ഈ രേഖകൾ കിട്ടിയില്ലെന്ന് ചൂണ്ടിക്കാട്ടി എസിപി തൃശൂർ സിറ്റി പോലീസ് കമ്മീഷണർക്ക് റിപ്പോർട്ടു നൽകി. കമ്മീഷണർ ഇക്കാര്യം പരാതിക്കാരനായ മുൻ എംപി ടി.എൻ.പ്രതാപനെ അറിയിച്ചു.
രേഖകൾ ലഭിക്കുന്നതിനും തുടർനടപടികൾക്കുമായി പരാതിക്കാരന് കോടതിയെ സമീപിക്കാം. അല്ലെങ്കിൽ രേഖകൾ ലഭിക്കുന്ന മുറയ്ക്ക് കേസന്വേഷണം പുനരാരംഭിക്കാൻ സാധിക്കും.
Tags : Suresh Gopi TN Pratapan