തിരുവനന്തപുരം: ജി.സുധാകരനുമായി തനിക്ക് യാതൊരു പ്രശ്നവുമില്ലെന്ന് മന്ത്രി സജി ചെറിയാൻ. സുധാകരനെ നേരിൽ കാണുമെന്നും ചേര്‍ത്തുനിര്‍ത്തുമെന്നും മന്ത്രി പറഞ്ഞു. സുധാകരന് തന്നെയടക്കം വിമര്‍ശിക്കാനുള്ള അധികാരമുണ്ട്.
ഞങ്ങൾ നന്ദികെട്ടവരല്ല. അദ്ദേഹത്തെ തകർത്തിട്ട് ഒന്നും സാധിക്കാനില്ല. ഒറ്റകെട്ടായി തെരഞ്ഞെടുപ്പിനെ നേരിടാൻ ഒരുങ്ങുന്ന സമയമാണിത്. സുധാകരന് എന്തെങ്കിലും പ്രയാസങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ അതെല്ലാം ചോദിക്കും. ചില കാര്യങ്ങളെല്ലാം ഞങ്ങളുടെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്.
പാർട്ടിയുടെ നേതൃനിരയിൽ നിന്നുകൊണ്ടുതന്നെ അദ്ദേഹം പ്രവർത്തിക്കും. ജി.സുധാകരൻ പാർട്ടിയിൽ നിന്ന് അകന്നുവെന്നത് മാധ്യമ സൃഷ്ടിയാണ്. പ്രതിപക്ഷ പാർട്ടികളുടെ പരിപാടിയിൽ പങ്കെടുത്തതിൽ തെറ്റില്ല. കോൺഗ്രസിന്റെ സാഹിത്യ സമ്മേളനത്തിലാണ് അദ്ദേഹം പങ്കെടുത്തത്.
സാംസ്കാരിക മേഖലയിൽ നല്ല അറിവുള്ള വ്യക്തിയാണ് അദ്ദേഹം. അതിൽ ഒരുതെറ്റും കാണുന്നില്ലെന്നും മന്ത്രി പറഞ്ഞു. സിപിഎമ്മുമായി ഇടഞ്ഞുനിൽക്കുന്ന ജി. സുധാകരൻ കഴിഞ്ഞ ദിവസം കുട്ടനാട്ടിൽ നടത്തിയ പാർട്ടി പരിപാടിയിൽ നിന്ന് വിട്ടുനിന്നിരുന്നു.
Tags : saji cherian says there is no difference of opinion with gsudhakaran