തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസില്‍ മുൻ അഡിമിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബു അറസ്റ്റില്‍. കേസിൽ രണ്ടാം പ്രതിയായ മുരാരി ബാബു നിലവിൽ സസ്പെൻഷനിലാണ്.
ബുധനാഴ്ച രാത്രി പെരുന്നയിലെ വീട്ടിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പിന്നാലെ ഈഞ്ചയ്ക്കലിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ എത്തിച്ച് ഇയാളെ ചോദ്യം ചെയ്തിരുന്നു. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന് പിന്നാലെയായിരുന്നു എസ്ഐടിയുടെ നിർണായക നീക്കം. വൈദ്യപരിശോധനയ്ക്കയി മുരാരി ബാബുവിനെ കൊണ്ടുപോകും. ശേഷം റാന്നി കോടതിയിലെത്തിക്കുമെന്നാണ് ലഭിക്കുന്ന വിവരം.
കേസിൽ മുരാരി ബാബുവിനെതിരേ ഉണ്ണികൃഷ്ണൻ പോറ്റി മൊഴി നൽകിയിരുന്നു. ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യുമെന്നാണ് വിവരം. മുരാരി ബാബുവാണ് ശ്രീകോവിലിന് ഇരുവശത്തുമുള്ള സ്വർണം പൂശിയ ദ്വാരപാലക ശിൽപ്പങ്ങൾ ചെമ്പ് തകിട് എന്ന് തെറ്റായി രേഖപ്പെടുത്തിയത്.
2024ൽ ശബരിമല ദ്വാരപാലക ശില്പത്തിലെ സ്വർണപ്പാളികൾ നവീകരണത്തിനായി ഉണ്ണികൃഷ്ണൻ പോറ്റിയുടെ കയ്യിൽ കൊടുത്തുവിടുന്നതിന് മുരാരി ബാബു ഇടപെട്ടതായി ദേവസ്വം വിജിലൻസ് കണ്ടെത്തിയിരുന്നു.
Tags : Sabarimala Gold Murari Babu