തിരുവനന്തപുരം: ശബരിമലയിലെ സ്വർണക്കൊള്ളയിൽ 2019ലെ ദേവസ്വം ബോർഡ് അംഗങ്ങളും പ്രതി ചേർത്തതിൽ പ്രതികരണവുമായി ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാർ. വ്യവസ്ഥാപിതമല്ലാത്ത ഒരു കാര്യവും ബോർഡ് ചെയ്തിട്ടില്ലെന്നും നിയമപരമായി അന്വേഷണത്തെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
തെറ്റുപറ്റിയിട്ടുണ്ടെങ്കിൽ ഏത് ശിക്ഷയും നേരിടാൻ തയാറാണ്. വീഴ്ചയുണ്ടായോ എന്ന് കോടതി പരിശോധിക്കട്ടെ. നിയമപരമായോ ആചാരപരമായോ വീഴ്ച തന്റെ ബോർഡിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. ഒറ്റപ്പെടുത്തി ആക്രമിക്കാനാണ് തീരുമാനമെങ്കിൽ നടക്കില്ല. എഫ്ഐആറിനെക്കുറിച്ച് അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. മാധ്യമങ്ങൾ പത്മകുമാറിലേക്ക് അന്വേഷണമെത്തിക്കാൻ നടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദേവസ്വം ബോർഡിന്റെ പരാതിയിലാണ് 2019 ലെ ഭരണസമിതി അംഗങ്ങളെ പ്രതിചേർത്തത്. എ. പത്മകുമാർ പ്രസിഡന്റായ ഭരണസമിതിയാണ് 2019ൽ ചുമതലയിലുണ്ടായിരുന്നത്. ഇതുവരെ രണ്ട് എഫ്ഐആറാണ് പ്രത്യേക അന്വേഷണ സംഘം രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ദ്വാരപാലകശില്പത്തിലെ പാളികള്‍ മോഷ്ടിച്ചതുമായി ബന്ധപ്പെട്ടുള്ളതാണ് ആദ്യ എഫ്ഐആര്‍.
കട്ടിളയിലെ സ്വർണാപഹരണം സംബന്ധിച്ച രണ്ടാം കേസിലെ എഫ്ഐആആറിലാണ് ദേവസ്വം ബോര്‍ഡ് അംഗങ്ങളെയും പ്രതികളാക്കിയിരിക്കുന്നത്. എട്ടാംപ്രതിയായി ചേർത്തിരിക്കുന്നത് 2019 ലെ ദേവസ്വം ബോർഡ് അംഗങ്ങളെയാണ്. അതേസമയം, ആരുടെയും പേര് എഫ്ഐആറിൽ ഇല്ല.
പാളികൾ ഇളക്കിക്കൊണ്ടുപോയ സമയത്ത് ദേവസ്വം സെക്രട്ടറി, തിരുവാഭരണം കമ്മിഷണർ, എക്സിക്യുട്ടീവ് ഓഫീസർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പദവി വഹിച്ചവരാണ് പ്രതിചേർക്കപ്പെട്ടവർ. ഉത്തരവുകളിലും മഹസറുകളിലും ഒപ്പിട്ടത് ഇവരാണ്.
2019ല്‍ ദേവസ്വം അംഗങ്ങളുടെ അറിവോടുകൂടിയാണ് സ്വര്‍ണപ്പാളികള്‍ ഇളക്കിയെടുത്തതെന്നും ബോർഡിന് നഷ്ടമുണ്ടാക്കാനായി ഗൂഡാലോചന നടത്തിയെന്നും എഫ്ഐആറില്‍ പറയുന്നു. അഴിമതിനിരോധനം, കവർച്ച, ഗൂഢാലോചന, വിശ്വാസവഞ്ചന എന്നീ വകുപ്പുകളാണ് ചേർത്തത്.
Tags : Sabarimala Gold Devaswom Board A Padmakumar