ന്യൂഡൽഹി: പാക്കിസ്ഥാനുമായി നാലുദിവസം നീണ്ടുനിന്ന സൈനികസംഘർഷം അതിർത്തിയിൽ എപ്പോൾ വേണമെങ്കിലും എന്തും സംഭവിക്കുമെന്ന് തെളിയിച്ചതിനാൽ ഒരു യുദ്ധസമാന സാഹചര്യത്തിന് രാജ്യം എപ്പോഴും തയാറായിരിക്കണമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്.
യുദ്ധം പടിവാതിൽക്കലെത്തി നിൽക്കുന്ന ഒരു സ്ഥിതിയിലേക്ക് ഓപ്പറേഷൻ സിന്ദൂർ നയിച്ചു. ദൃഢനിശ്ചയത്തോടെ നമ്മൾ ശക്തമായി പ്രതികരിച്ചെങ്കിലും തുടർച്ചയായി ആത്മപരിശോധന ചെയ്യണമെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
ന്യൂഡൽഹിയിൽ സൊസൈറ്റി ഓഫ് ഇന്ത്യൻ ഡിഫൻസ് മാനുഫാക്ചേഴ്സിന്റെ വാർഷിക സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ഥാപിതമായ ലോകക്രമം ദുർബലമാകുന്നതിനാൽ ഇന്ത്യയുടെ സുരക്ഷയും തന്ത്രവും പുനർനിർവചിക്കണമെന്നും പ്രതിരോധമന്ത്രി പറഞ്ഞു.
"ഓപ്പറേഷൻ സിന്ദൂറി’ൽ ഇന്ത്യ തദ്ദേശീയമായി നിർമിച്ച സൈനിക ഉപകരണങ്ങളുടെ ഫലപ്രദമായ ഉപയോഗം സൂചിപ്പിച്ച രാജ്നാഥ് സിംഗ് ഈ ഉപകരണങ്ങൾ ഇന്ത്യയുടെ പ്രശസ്തി അന്തർദേശീയതലത്തിൽ വർധിപ്പിച്ചെന്നും ചൂണ്ടിക്കാട്ടി.
ആകാശ് മിസൈൽ സംവിധാനത്തിന്റെയും ബ്രഹ്മോസ് മിസൈലിന്റെയും ആകാശ്ടീർ വ്യോമപ്രതിരോധ നിയന്ത്രണ സംവിധാനത്തിന്റെയും മറ്റു തദ്ദേശീയ ഉപകരണങ്ങളുടെയും പ്ലാറ്റ്ഫോമുകളുടെയും ശക്തിക്ക് "ഓപ്പറേഷൻ സിന്ദൂറി’നിടയിൽ ലോകം സാക്ഷ്യം വഹിച്ചു.
2014ൽ 42,000 കോടി രൂപ മാത്രമുണ്ടായിരുന്ന പ്രതിരോധ നിർമാണം ഇന്ന് 1.51 ലക്ഷം കോടി എന്ന റെക്കോർഡിലേക്ക് എത്തി. ഇതിൽ 33,000 കോടി രൂപ സ്വകാര്യമേഖലയുടെ സംഭാവനയാണെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
Tags : Defence Minister Rajnad sing