ജമ്മു: അന്താരാഷ്ട്ര അതിർത്തിക്കു സമീപം പാക് ഡ്രോൺ നിക്ഷേപിച്ച മയക്കുമരുന്ന് ബിഎസ്എഫ് കണ്ടെത്തി.
അന്താരാഷ്ട്ര വിപണിയിൽ 25 കോടി രൂപ വിലമതിക്കുന്ന അഞ്ചു കിലോഗ്രാം ഹെറോയിൻ അടങ്ങിയ രണ്ട് ബാഗുകളാണ് ആർഎസ് പുരയിലെ ബോർഡർ ഔട്ട്പോസ്റ്റിന്റെ സമീപത്തുനിന്നു കണ്ടെടുത്തത്.
പത്ത് പാക്കറ്റുകൾ ഇവയിൽ അടങ്ങിയിരുന്നുവെന്നാണ് വിവരം. ഇന്നലെ പുലർച്ചെ ആറോടെയാണ് ബിഎസ്എഫും പോലീസും ചേർന്ന് മേഖലയിൽ തെരച്ചിൽ ആരംഭിച്ചത്.
ഇന്ത്യയിലേക്ക് മയക്കുമരുന്ന് കടത്തിവിടാനുള്ള പാക്കിസ്ഥാന്റെ ശ്രമമാണു വ്യക്തമായ ഇന്റലിജൻസ് വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിലൂടെ സേന പരാജയപ്പെടുത്തിയതെന്ന് ഒരു ബിഎസ്എഫ് ഉദ്യോഗസ്ഥൻ പറഞ്ഞു.
സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്നു പോലീസ് അറിയിച്ചിട്ടുണ്ട്.