തിരുവനന്തപുരം: ഇതെന്റെ മകന്... ഇതെന്റെ പൊന്ന്.. ഗണേഷിനെയും ആകാശിനെയും ചേര്‍ത്തു പിടിച്ച് മധു സാര്‍ അഭിമാനത്തോടെ പറഞ്ഞു. ഒപ്പം ഇത്തവണ നാലു സ്വര്‍ണവും രണ്ടു വെള്ളിയുമായിട്ടാണ് മധു സാറിന്റെ മടക്കം.
പോള്‍വോള്‍ട്ട് പിറ്റില്‍ മെഡലുകള്‍ വാരിക്കൂട്ടിയ കോതമംഗലം മാര്‍ ബോസില്‍ സ്കൂളിന്റെ കോച്ചാണ് സിആര്‍പിഎഫിലെ മുന്‍ ഉദ്യോഗസ്ഥനും പോള്‍വോള്‍ട്ടിലെ മുന്‍ ദേശീയ ചാമ്പ്യനുമായ സി.ആര്. മധു. ഇത്തവണ ആദ്യമായി മധുസാറിന്റെ മകന് ഗണേഷും പോള്‍വോള്‍ട്ടില്‍ മത്സരിക്കാനെത്തിയിരുന്നു.
സീനിയിര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ വെള്ളിയുമായാണ് ഗണേഷിന്റെ മടക്കം. ഗണേഷിന്റെ വെള്ളിനേട്ടം കാണാന്‍ അമ്മ സോലിമയും എത്തിയിരുന്നു.
സീനിയര്‍ ആണ്‍കുട്ടികളില്‍ സ്വര്‍ണം നേടിയത് മാര്‍ ബേസിലിലെ തന്നെ കെ.ആര്. ആകാശാണ്. 4.10മീറ്ററാണ് ആകാശ് ചാടിയത്. സ്പൈക്ക് കൊണ്ടു കാലിലെ നഖത്തിനേറ്റ മുറിവുമായിട്ടാണ് ആകാശ് മത്സരത്തിനെത്തിയത്. വേദന കടിച്ചമര്‍ത്തി മധു സാറിന്റെ നിര്‍ദേശങ്ങള്‍ കേട്ട് പോളില്‍ കുത്തി ഉയരങ്ങളിലേക്കു പറന്നു.
ചോറ്റാനിക്കര സ്വദേശി രാജേഷ് കെ. ജോസഫിന്റെയും 1991ലെ നാഷണല്‍ മീറ്റില്‍ 100 മീറ്റര്‍ താരമായ ശ്രീജയുടെയും മകനാണ് ആകാശ്.
സീനിയര്‍ പെണ്‍കുട്ടികളില്‍ എമി തോമസ് ജിജിയും (2.60) ജൂണിയര്‍ പെണ്‍കുട്ടികളില്‍ സെഫാനിയ നിറ്റുവും (2.80) മാര്‍ ബേസിലിനായി സ്വര്‍ണം നേടി. ജൂണിയര്‍ ആണ്‍കുട്ടികളില്‍ 3.70 ചാടി ജോയല്‍ ജോസഫ് സ്വര്‍ണവും 3.50 ചാടി ജോംസണ്‍ ചെറിയാന് വെള്ളിയും മാര്‍ ബേസിലിനു സമ്മാനിച്ചു.
Tags : pole vault State school meet