കൊല്ലം: അമിതമായി അയൺ ഗുളികകൾ കഴിച്ച ആറ് വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്ലം മൈനാഗപ്പള്ളി മിലാദേ ഷെരീഫ് ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥികളാണ് ചികിത്സയിലുള്ളത്. ആരുടെയും നില ഗുരുതരമല്ല.
ആരോഗ്യവകുപ്പ് സ്കൂൾ വഴി വിതരണം ചെയ്ത ഗുളികകളാണ് കുട്ടികൾ അമിതമായി കഴിച്ചത്. വീട്ടിൽകൊണ്ടുപോകാൻ കുട്ടികളുടെ കൈവശം സ്കൂൾ അധികൃതർ ഗുളികകൾ നൽകിയിരുന്നു. എന്നാൽ സ്കൂളിൽ വച്ച് തന്നെ ആറ് കുട്ടികൾ ഗുളികകൾ കഴിക്കുകയായിരുന്നുവെന്ന് രക്ഷിതാക്കൾ പറയുന്നു.
ഗുളിക ആദ്യം കഴിച്ചപ്പോൾ മധുരം തോന്നിയതിനാൽ വീണ്ടും കഴിച്ചുവെന്നും സഹപാഠികളുടെ ഗുളിക കൂടി ചിലർ വാങ്ങി കഴിച്ചുവെന്നുമാണ് വിവരം. 20 ഗുളിക വരെ ചികിത്സയിലുള്ള ചില കുട്ടികൾ കഴിച്ചുവെന്നും ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതോടെ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നുവെന്നും സ്കൂൾ അധികൃതർ അറിയിച്ചു.
നാല് കുട്ടികൾ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും രണ്ട് പേർ കൊല്ലം ജില്ലാ ആശുപത്രിയിലുമാണ് ചികിത്സ തേടിയിരിക്കുന്നത്. ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച രണ്ട് കുട്ടികളുടെ വയർ കഴുകിയെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
Tags : school students iron tablets kollam