District News
അഞ്ചല്‍ : ഏരൂര്‍ പഞ്ചായത്തിലെ തൃക്കോയിക്കല്‍ വാര്‍ഡില്‍ സ്മാര്‍ട്ട് അങ്കണവാടി എന്ന പ്രഖ്യാപനം സാക്ഷാത്കരിച്ചിരിക്കുകയാണ് പഞ്ചായത്ത് ഭരണസമിതി. പഞ്ചായത്ത് വാങ്ങി നല്കിയ പത്ത് സെന്റ് ഭൂമിയില്‍ പുനലൂര്‍ എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 25 ലക്ഷം രൂപ ചെലവഴിച്ചാണ് ആധുനിക രീതിയില്‍ സ്മാര്‍ട്ട് അങ്കണവാടി നിര്‍മിച്ചത്. വാര്‍ഡ് അംഗം കൂടിയായ പഞ്ചായത്ത് പ്രസിഡന്റ് ജി. അജിത്തിന്റെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ പി.എസ്. സുപാല്‍ എംഎല്‍എ അങ്കണവാടി നാടിന് സമര്‍പ്പിച്ചു.
ഏരൂര്‍ പഞ്ചായത്തില്‍ മാത്രം 350 കോടിയിലധികം രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കിയതെന്നും ഏരൂര്‍ ഹയര്‍ സെക്കൻഡറി സ്കൂളിലെ കളിസ്ഥലം നവീകരിക്കുന്നതിനായി അഞ്ചുകോടി രൂപയുടെ പദ്ധതി ഉടന്‍ നടപ്പിലാക്കുമെന്നും എംഎല്‍എ പറഞ്ഞു. എസി അടക്കമുള്ള സൗകര്യങ്ങളോടെയാണ് അങ്കണവാടികള്‍ സ്മാര്‍ട്ട് ആകുന്നത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമനാമുരളി, ഗ്രാമപഞ്ചായത്ത് വൈസ് പ്രാസിഡന്റ് വി. രാജി, ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്. ശോഭ, സ്ഥിരം സമിതി അധ്യക്ഷന്‍ ഡോണ്‍ വി രാജ്, മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി. അജയന്, ആതിര നാരായണന്, ഗൗരിപ്രിയ തുടങ്ങി ജനപ്രതിനിധികള്‍ പൊതുപ്രവര്‍ത്തകര്‍, വകുപ്പ്തല ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെയുള്ളവര്‍ പ്രസംഗിച്ചു.
District News
കൊട്ടിയം:ഇത്തിക്കരയിലെ സഞ്ചാര സ്വാതന്ത്ര്യസമരം 22 ദിവസം പിന്നിട്ടു. ജനകീയ പ്രതിഷേധ റിലേ സത്യഗ്രഹം കെഎസ്എസ്പിയു ജോയിന്റ് സെക്രട്ടറി ഹരികുമാർ സത്യഗ്രഹം അനുഷ്ടിച്ചു. സമര സമിതി കൺവീനർ ജി. രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെ എസ് എസ് പി യു ജില്ലാ സെക്രട്ടറി കെ. രാജേന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു.
കെഎസ്എസ്പിയു ബ്ലോക്ക് സെക്രട്ടറി സുധീന്ദ്രൻ പിള്ള,എസ് പി. രാജേന്ദ്രൻ,പ്രശസ്ത സിനിമാ താരം സുഷമ പദ്മകുമാർ,ടി. പാപ്പച്ചൻ, മൈലക്കാട് സുനിൽ,അശോക് കുമാർ മൂഴിയിൽ,അബ്ദുൾ കരീം, ചാത്തന്നൂർ മുൻ പഞ്ചായത്ത് പ്രസിഡന്റ് എ.സുരേഷ്, ശശിധരൻ പിള്ള എന്നിവർ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു പ്രസംഗിച്ചു.
വൈകുന്നേരം നടന്ന സമാപന യോഗത്തിൽ കെഎസ്എസ് പി യു സംസ്ഥാന കമ്മിറ്റി അംഗം ജി. സദാനന്ദൻ നാരങ്ങാ നീര് നൽകി സത്യഗ്രഹം അവസാനിപ്പിച്ചു.
District News
കുളത്തൂപ്പുഴ : റോഡ് കുണ്ടുംകുഴിയും വെള്ളക്കെട്ടുകളായി മാറിയിട്ടും ശോചനീയാവസ്ഥ പരിഹരിക്കാൻ അധികൃതർ തയാറാകുന്നില്ലെന്നാരോപിച്ച് പാതയിലെ കുഴികളിൽ വാഴനട്ട് പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്.
കുളത്തൂപ്പുഴ ടൗൺ വാർഡിന്റെ ഭാഗമായ പതിനാറേക്കർ പാതയിലാണ് പ്രതിഷേധം അരങ്ങേറിയത്. കൃഷിഭവൻ, മൃഗാശുപത്രി, കർഷകവിപണി, പഞ്ചായത്ത് സ്റ്റേഡിയം എന്നിവയടക്കമുള്ള സ്ഥാപനങ്ങളിലേക്ക് പോകുന്ന റോഡാണ് പൊട്ടിപൊളിഞ്ഞ് കാൽനടയാത്ര പോലും ദുഷ്കരമായിരിക്കുന്നത്.
പാതയുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന ആവശ്യം ഏറെക്കാലമായി നാട്ടുകാർ ഉയർത്തുന്നുണ്ട്. മഴയത്ത് ചെളിവെള്ളം ഒഴുകി പോകുന്നതിന് സൗകര്യമില്ലാത്തതിനാൽ വെള്ളക്കെട്ട് മറികടന്നുവേണം വിദ്യാർഥികളും നാട്ടുകാരുംകുളത്തൂപ്പുഴ ടൗണിലേക്ക് എത്തേണ്ടത്.
കഴിഞ്ഞ ദിവസത്തെ മഴയിൽ വെള്ളക്കെട്ട് രുക്ഷമായതോടെയാണ് പ്രദേശവാസികൾ പ്രതിഷേധം നടത്തിയത്.
അതേ സമയം, പതിനാറേക്കർ പാതയുടെ നിർമാണ പ്രവൃത്തികൾക്കായി പഞ്ചായത്ത് ടെൻഡർ നടപടികൾ പൂർത്തിയാക്കിയെന്നും തുടർച്ചയായി മഴപെയ്യുന്നതിനാലാണ് നിർമാണം ആരംഭിക്കാത്തതെന്നും ഉടനടി റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തി ആരംഭിക്കുമെന്നും വാർഡംഗം കുടിയായ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്് പി. ലൈലാബീവി അറിയിച്ചു.
District News
പുനലൂർ: പുനലൂർ താലൂക്ക് ആശുപത്രിയിൽ ചികിത്സക്ക് എത്തിച്ച യുവതി മരിച്ചത് ചികിത്സ പിഴവും ആശുപത്രി അധികൃതരുടെ അനാസ്ഥയുമാണെന്ന് യുവതിയുടെ ഭർത്താവ് ശ്രീഹരി ഉൾപ്പടെയുള്ളവർ പത്രസമ്മേളനത്തിൽ ആരോപിച്ചു.കോട്ടവട്ടം നിരപ്പിൽ വീട്ടിൽ അശ്വതി (34) യുടെ മരണത്തിലാണ് ഗുരുതര ആരോപണവുമായി ഭർത്താവും ബന്ധുക്കളും പൊതു പ്രവർത്തകരും രംഗത്ത് വന്നത്.
ഛർദിയും അസ്വസ്ഥതയും അനുഭവപ്പെട്ട് യുവതിയെ കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയോടെയാണ് താലൂക്ക് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ ഭർത്താവ് എത്തിച്ചത്. മതിയായ ചികിത്സ നൽകാതെ മൂന്നു മണിക്കൂറോളം അത്യാഹിത വിഭാഗത്തിൽ കിടത്തി. ഇതിനിടെ നൽകിയ കുത്തിവെപ്പും മറ്റ് മരുന്നുകളും യുവതിയെ അവശയാക്കിയെന്നും ഈ വിവരം ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ ഉൾപ്പെടെയുള്ളവരെ അറിയിച്ചിട്ടും കാര്യമായ പരിഗണന ഉണ്ടായില്ലെന്നും ഇവർ പത്രസമ്മേളനത്തിൽ ആരോപിച്ചു.
മരണാസന്ന വേളയിലാണ് അത്യാഹിത വിഭാഗത്തിൽ നിന്നും ഐസിയുവിലേക്ക് യുവതിയെ മാറ്റിയത്. മരണവിവരം അടുത്തുണ്ടായിരുന്ന ബന്ധുക്കളെ അറിയിച്ചതുമില്ല. അശ്വതിയുടെ കാര്യത്തിൽ ആശുപത്രി അധികൃതർ പറയുന്ന ഗുരുതരാവസ്ഥ ഉണ്ടായിരുന്നെങ്കിൽ എന്തുകൊണ്ട് ബന്ധുക്കളെ അറിയിക്കുകയോ റഫർ ചെയ്യുകയോ ചെയ്തില്ല. ഇതിലുപരി പോസ്റ്റുമോർട്ടത്തിന്റെ അടിസ്ഥാനത്തിൽ ആശുപത്രി സൂപ്രണ്ട് ഉന്നയിക്കുന്ന കാര്യങ്ങളും ഇവർ നിഷേധിച്ചു.
യുവതിയുടെ വയറ്റിൽ പഴക്കമുള്ള മുഴയും പഴുപ്പും ഉണ്ടായിരുന്നുവെന്ന് പറയുന്നത് ചികി്ത്സാപിഴവിന് ഉത്തരവദികളായവരെ രക്ഷിക്കാനാണ്.
പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ ബന്ധുക്കൾ ഒപ്പമുണ്ടായിട്ടും പോസ്റ്റുമോർട്ടം ചെയ്തവർ ഇത് സംബന്ധിച്ച് ഒരു സൂചനയും നൽകിയില്ല. ഇതിലുപരി പോസ്റ്റുമോർട്ടം റിപ്പോർട്ട് വരാൻ ദിവസങ്ങൾ വേണമെന്നിരിക്കെ അന്നുതന്നെ പോസ്റ്റുമോർട്ടത്തിന്റെ വിശാദാംശങ്ങൾ താലൂക്ക് ആശുപത്രി സൂപണ്ടിന് ലഭിച്ചതിലും ഇതിന്റെ അടിസ്ഥാനത്തിൽ ഡോക്ടറുടെ പത്രകുറിപ്പുകളിലും സംശയുണ്ടെന്നും പത്രസമ്മേളനത്തിൽ ആരോപിച്ചു.
സൂപ്രണ്ട് പറയുന്നതുപോലെയുള്ള ഗുരുതരമായ രോഗങ്ങൾ യുവതിക്ക് ഉണ്ടാകുകയോ ഇതിനായി എവിടെയെങ്കിലും ചികിത്സിക്കുകയോ ചെയ്തിട്ടില്ല. ആരോഗ്യവതിയായി ആശുപത്രിയിൽ വന്ന യുവതിയെ ചികത്സ പിഴവിലൂടെ ജീവൻ നഷ്ടപ്പെടുത്തുകയായിരുന്നുവെന്നും ഇവർ ചൂണ്ടിക്കാട്ടി. ഉത്തരവാദികൾക്കെതിരെ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും അവർ പത്രസമ്മേളനത്തിൽ അറിയിച്ചു. ഭർത്താവ് ശ്രീഹരി, ഇവരുടെ ബന്ധുക്കൾ, ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. എസ്.ഇ. സഞ്ജയ്ഖാൻ എന്നിവർ പങ്കെടുത്തു.
Kerala
കൊല്ലം: അമിതമായി അയൺ ഗുളികകൾ കഴിച്ച ആറ് വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊല്ലം മൈനാഗപ്പള്ളി മിലാദേ ഷെരീഫ് ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥികളാണ് ചികിത്സയിലുള്ളത്. ആരുടെയും നില ഗുരുതരമല്ല.
ആരോഗ്യവകുപ്പ് സ്കൂൾ വഴി വിതരണം ചെയ്ത ഗുളികകളാണ് കുട്ടികൾ അമിതമായി കഴിച്ചത്. വീട്ടിൽകൊണ്ടുപോകാൻ കുട്ടികളുടെ കൈവശം സ്കൂൾ അധികൃതർ ഗുളികകൾ നൽകിയിരുന്നു. എന്നാൽ സ്കൂളിൽ വച്ച് തന്നെ ആറ് കുട്ടികൾ ഗുളികകൾ കഴിക്കുകയായിരുന്നുവെന്ന് രക്ഷിതാക്കൾ പറയുന്നു.
ഗുളിക ആദ്യം കഴിച്ചപ്പോൾ മധുരം തോന്നിയതിനാൽ വീണ്ടും കഴിച്ചുവെന്നും സഹപാഠികളുടെ ഗുളിക കൂടി ചിലർ വാങ്ങി കഴിച്ചുവെന്നുമാണ് വിവരം. 20 ഗുളിക വരെ ചികിത്സയിലുള്ള ചില കുട്ടികൾ കഴിച്ചുവെന്നും ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതോടെ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നുവെന്നും സ്കൂൾ അധികൃതർ അറിയിച്ചു.
നാല് കുട്ടികൾ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും രണ്ട് പേർ കൊല്ലം ജില്ലാ ആശുപത്രിയിലുമാണ് ചികിത്സ തേടിയിരിക്കുന്നത്. ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ച രണ്ട് കുട്ടികളുടെ വയർ കഴുകിയെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
NRI
ബംഗളൂരു: ദീപാവലി ആഘോഷങ്ങളുടെ തിരക്ക് പ്രമാണിച്ച് ബംഗളൂരുവിൽ നിന്ന് കൊല്ലത്തേക്കു രണ്ട് എക്സ്പ്രസ് സ്പെഷൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ. 06561 എസ്എംവിടി ബംഗളുരു -കൊല്ലം സ്പെഷൽ 16ന് ഉച്ചകഴിഞ്ഞ് മൂന്നിന് ബംഗളൂരുവിൽ നിന്ന് പുറപ്പെട്ട് 17ന് രാവിലെ 6.20 ന് കൊല്ലത്ത് എത്തും.
തിരികെയുള്ള 06562 ട്രെയിൻ കൊല്ലത്ത് നിന്ന് 17ന് രാവിലെ 10.45ന് പുറപ്പെട്ട് 18ന് രാവിലെ 3.30ന് ബംഗളുരുവിൽ എത്തും. ഏസി ടൂടയർ - രണ്ട്, എസി ത്രീ ടയർ -രണ്ട്, സ്വീപ്പർ ക്ലാസ് - 12, ജനറൽ സെക്കന്റ് ക്ലാസ് - നാല്, അംഗപരിമിതർ - രണ്ട് എന്നിങ്ങനെയാണ് കോച്ച് പൊസിഷൻ.
രണ്ടാമത്തെ സ്പെഷൽ ട്രെയിൻ (06527) 21 ന് രാത്രി 11 ന് എസ്എംവിടി ബംഗളൂരുവിൽ നിന്ന് പുറപ്പെട്ട് 22ന് ഉച്ചയ്ക്ക് 12.55ന് കൊല്ലത്ത് എത്തും. തിരികെയുള്ള സ്പെഷൽ ട്രെയിൻ (06568) 22ന് വൈകുന്നേരം അഞ്ചിന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് 23 ന് രാവിലെ 9.45 ന് ബംഗളുരുവിൽ എത്തും.
എസി ടൂടയർ - രണ്ട്, എസി ത്രീ ടയർ - മൂന്ന്, സ്ലീപ്പർ ക്ലാസ് - 11, ജനറൽ സെക്കന്റ് ക്ലാസ് - രണ്ട്, അംഗപരിമിതർ - രണ്ട് എന്നിങ്ങനെയാണ് കോച്ച് പൊസിഷൻ.
ഇരു ട്രെയിനുകൾക്കും പാലക്കാട്, ഷൊർണൂർ, തൃശൂർ, ആലുവ, എറണാകുളം, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകൾ. മുൻകൂർ റിസർവേഷൻ ആരംഭിച്ചു.
District News
കൊല്ലം: പൊരീക്കലിൽ യുവാക്കൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ അവശനിലയിലായ യുവാവ് മരിച്ചു. ഇടവട്ടം സ്വദേശി ഗോകുൽനാഥ്(35) ആണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി പതിനൊന്നോടെ ഇടവട്ടം ജയന്തി നഗറിലായിരുന്നു സംഘർഷം ഉണ്ടായത്. ജയന്തി നഗർ സ്വദേശിയായ അരുണും സഹോദരനും ചേർന്ന് ഗോകുൽനാഥിനെ മർദിച്ചെന്നാണ് പോലീസിന്റെ നിഗമനം.
അവശനിലയിലായ ഗോകുൽനാഥിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മരണ കാരണം സ്ഥിരീകരിക്കാനാകൂ എന്ന് പോലീസ് വ്യക്തമാക്കി.
അരുണും സഹോദരനും ഒളിവിലാണ്. സംഘർഷത്തിൽ ഉൾപ്പെട്ടവരെല്ലാം ലഹരി ഇടപാടുകളിൽ പങ്കുള്ളവരാണെന്നും പോലീസ് വ്യക്തമാക്കി.
NRI
ബംഗളുരൂ: ശബരിമല തീർഥാടകരുടെ സൗകര്യാർഥം ബംഗളുരൂ - കൊല്ലം റൂട്ടിൽ പ്രതിവാര സ്പെഷൽ ട്രെയിൻ അനുവദിച്ച് റെയിൽവേ. നവരാത്രി, ദീപാവലി, ക്രിസ്മസ് തുടങ്ങിയ ആലോഷ വേളകളിലും നാട്ടിലേക്ക് പോകുന്നവർക്കും ഈ ട്രെയിൻ പ്രയോജനപ്പെടും.
ഈ മാസം 28 മുതൽ ഡിസംബർ 29 വരെ ഞായറാഴ്ചകളിൽ ബംഗളുരുവിലെ ഹുബ്ബള്ളിയിൽ നിന്നും തിരികെ തിങ്കളാഴ്ചകളിൽ കൊല്ലത്ത് നിന്നും ഹുബ്ബള്ളിയിലേക്കുമാണ് ട്രെയിൻ സർവീസ് നടത്തുക.
ഏസി ടൂടയർ - ഒന്ന്, ഏസി ത്രീ ടയർ രണ്ട്, സ്ലീപ്പർ - 12, ജനറൽ സെക്കൻഡ് ക്ലാസ് - അഞ്ച് എന്നിങ്ങനെയാണ് കോച്ച് പൊസിഷൻ. റിസർവേഷൻ ഇന്ന് രാവിലെ എട്ടു മുതൽ ആരംഭിച്ചു.
ട്രെയിൻ നമ്പർ 07313 ഹുബ്ബള്ളി - കൊല്ലം സ്പെഷൽ ഹുബ്ബള്ളിയിൽ നിന്ന് ഞായർ ഉച്ചകഴിഞ്ഞ് 3.15 ന് പുറപ്പെട്ട് തിങ്കൾ ഉച്ചയ്ക്ക് 12.55 ന് കൊല്ലത്ത് എത്തും.
തിരികെയുള്ള കൊല്ലം - ഹുബ്ബള്ളി ട്രെയിൻ (07314) തിങ്കൾ വൈകുന്നേരം അഞ്ചിന് കൊല്ലത്ത് നിന്ന് പുറപ്പെട്ട് ചൊവ്വ വൈകുന്നേരം 6.30 ന് ഹുബ്ബള്ളിയിൽ എത്തും.
പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കരുനാഗപ്പള്ളി, ശാസ്താംകോട്ട എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകൾ.
NRI
കൊല്ലം: പ്രതിദിനം നൂറുകണക്കിന് യാത്രക്കാരുടെ ആശ്രയമായിരുന്ന ബംഗളൂരു - എറണാകുളം - ബംഗളുരു ഇന്റസിറ്റി സൂപ്പർഫാസ്റ്റ് ട്രെയിനിനെ (12677/78) എക്സ്പ്രസ് ട്രെയിനായി തരം താഴ്ത്താൻ റെയിൽവേ തീരുമാനം.
ഡിസംബർ മൂന്ന് മുതൽ ഇത് പ്രാബല്യത്തിൽ വരുമെന്ന അറിയിപ്പ് കഴിഞ്ഞ ദിവസം പുറത്തിറങ്ങി. അന്നു മുതൽ ട്രെയിനിന്റെ നമ്പരിലും മാറ്റമുണ്ടാകുമെന്ന് അറിയിപ്പിൽ വ്യക്തമാക്കി. 16377/78 എന്ന നമ്പരിലായിരിക്കും എക്സ്പ്രസ് ട്രെയിൻ സർവീസ് നടത്തുക.
നിലവിൽ കെഎസ്ആർ ബംഗളൂരുവിൽ നിന്ന് രാവിലെ 6.10ന് പുറപ്പെടുന്ന സൂപ്പർ ഫാസ്റ്റ് ട്രെയിൻ (12677)വൈകുന്നേരം 4.55നാണ് എറണാകുളത്ത് എത്തുന്നത്. തിരികെയുള്ള സർവീസ് (12678) രാവിലെ 9.10 ന് എറണാകുളത്ത് നിന്ന് പുറപ്പെട്ട് രാത്രി ഒമ്പതിനാണ് ബംഗളൂരുവിൽ എത്തുന്നത്.
സൂപ്പർ ഫാസ്റ്റ് ട്രെയിനായതിനാൽ കേരളത്തിൽ പാലക്കാട്, തൃശൂർ, ആലുവ എന്നിവിടങ്ങളിൽ മാത്രമാണ് സ്റ്റോപ്പ് ഉള്ളത്. എക്സ്പ്രസ് ട്രെയിനാക്കി മാറ്റുമ്പോൾ വണ്ടിയുടെ സ്പീഡ് കുറയ്ക്കും എന്നത് ഉറപ്പാണ്.
എന്നാൽ കൂടുതൽ സ്റ്റോപ്പുകൾ അനുവദിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. മാത്രമല്ല ട്രെയിനിനെ എക്സ്പ്രസ് കാറ്റഗറിയിലേക്ക് മാറ്റുന്നതിന്റെ കാരണങ്ങൾ ഒന്നും അറിയിപ്പിൽ സൂചിപ്പിച്ചിട്ടുമില്ല.
ഏതായാലും ഈ ട്രെയിനിന്റെ നിർദിഷ്ട കാറ്റഗറി മാറ്റം കേരളത്തിൽ നിന്നും ബംഗളൂരുവിലേക്ക് പോകുന്ന യാത്രക്കാരെ പ്രതികൂലമായി ബാധിക്കുമെന്ന കാര്യം ഉറപ്പാണ്.
District News
കൊല്ലം ജില്ലയിൽ ഇന്നും ശക്തമായ മഴ തുടരുന്നു. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പ്രകാരം മണിക്കൂറിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റടിക്കാൻ സാധ്യതയുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ജൂലൈ 26 വരെ സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. വരും ദിവസങ്ങളിൽ അറബിക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ മഴ തുടരാൻ സാധ്യതയുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
ദുരന്തനിവാരണ അതോറിറ്റി അതീവ ജാഗ്രത പുലർത്തണമെന്ന് ആവശ്യപ്പെട്ടു. നദികളിലും താഴ്ന്ന പ്രദേശങ്ങളിലും വെള്ളപ്പൊക്ക സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം. ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കാൻ ജില്ലാ ഭരണകൂടം നിർദേശം നൽകിയിട്ടുണ്ട്.
Kerala
കൊല്ലം: ബാങ്ക് സെക്രട്ടറിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കേരളപുരം പുനയ്ക്കന്നൂര്‍ ആയിരത്തില്‍ വീട്ടില്‍ രജിതമോള്‍(48) ആണ് മരിച്ചത്.
പുനയ്ക്കന്നൂര്‍ സര്‍വീസ് സഹകരണ ബാങ്ക് സെക്രട്ടറിയാണ് രജിതമോള്‍. വെള്ളിയാഴ്ച രാത്രിയാണ് രജിതയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കുണ്ടറ പോലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ ആരംഭിച്ചു. മരണകാരണം എന്താണെന്ന് വ്യക്തമല്ല.
രജിതയുടെ ഭർത്താവ് വിദേശത്താണ്. മകൻ കോഴിക്കോട്ട് പഠിക്കുകയാണ്. രജിത ഒറ്റയ്ക്കാണ് വീട്ടിൽ താമസിച്ചിരുന്നത്.
Kerala
കൊല്ലം: കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍നിന്ന് ഇരുമ്പുകമ്പി ഇളകിവീണ് പരിക്കേറ്റ യാത്രക്കാരെ തിരിച്ചറിഞ്ഞു. നീരാവിൽ സ്വദേശി മേലെ പുത്തൻവീട്ടിൽ സുധീഷ്, വട്ടിയൂർകാവ് മൈനാഗപ്പള്ളി സ്വദേശി അധ്യാപികയായ ആശാലത എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്ന് രാവിലെ പത്തോടെയാണ് സംഭവം. മെയിലിൽ എത്തിയ യാത്രക്കാർ റെയിൽവേ സ്റ്റേഷനു പുറത്തേക്ക് പോകുകയായിരുന്നു. ഇതിനിടെ നാലുനില കെട്ടിടത്തിന്റെ മുകളിൽനിന്ന് നീളമുള്ള കമ്പി വീഴുകയായിരുന്നു.
ഇവരെ കൊല്ലം ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
Kerala
കൊല്ലം: കൊല്ലം റെയില്‍വേ സ്റ്റേഷനില്‍ നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍നിന്ന് ഇരുമ്പുകമ്പി ഇളകിവീണ് രണ്ട് പേര്‍ക്ക് പരിക്ക്. ഒരു സ്ത്രീയ്ക്കും പുരുഷനുമാണ് പരിക്കേറ്റത്.
ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റി. സ്ത്രീയുടെ തലയ്ക്ക് പൊട്ടലുണ്ട്. ഫുട്പാത്തിലൂടെ നടന്നുപോയ യാത്രക്കാരാണ് അപകടത്തില്‍പ്പെട്ടത്.
നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍നിന്ന് കമ്പി ഇളകിവീണത് എങ്ങനെയാണെന്ന് വ്യക്തമല്ല.
Kerala
കൊല്ലം: കുളത്തൂപ്പുഴയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി. കുളത്തുപ്പുഴ സ്വദേശിനി രേണുക(36) ആണ് മരിച്ചത്. സംഭവത്തിൽ ഇവരുടെ ഭർത്താവ് സാനുകുട്ടൻ ഒളിവിലാണ്.
ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടോടെയാണ് സംഭവം. ഇരുവരും തമ്മിലുള്ള വഴക്കിനിടെ കൈയിൽ കിട്ടിയ കത്രിക ഉപയോഗിച്ച് രേണുകയുടെ കഴുത്തിനും പുറത്തും കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഇവരെ ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സാനുവിന് രേണുകയെ സംശയമായിരുന്നുവെന്നും നിരന്തരം ഇതുസംബന്ധിച്ച് ഇവര്‍ക്കിടയില്‍ പ്രശ്നങ്ങളുണ്ടായിരുന്നെന്നും ബന്ധുക്കൾ പറഞ്ഞു. സംഭവത്തില്‍ കുളത്തൂപ്പുഴ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
District News
സ്വച്ഛ് ഭാരത് മിഷൻ പദ്ധതിയുടെ ഭാഗമായി കൊല്ലം ജില്ലയിൽ പുതിയ ശുചിത്വ പദ്ധതികൾക്ക് തുടക്കമായി. ഗ്രാമങ്ങളിലും നഗരങ്ങളിലും മാലിന്യ സംസ്കരണം കൂടുതൽ കാര്യക്ഷമമാക്കുക, പൊതുസ്ഥലങ്ങൾ ശുചിയാക്കുക, പ്ലാസ്റ്റിക് മാലിന്യം കുറയ്ക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഈ പദ്ധതികൾ ആവിഷ്കരിച്ചിരിക്കുന്നത്. പ്രാദേശിക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെയാണ് പദ്ധതികൾ നടപ്പിലാക്കുന്നത്. സമ്പൂർണ്ണ മാലിന്യമുക്ത ജില്ല എന്ന ലക്ഷ്യം കൈവരിക്കുന്നതിന് ഈ പദ്ധതികൾ സഹായകമാകുമെന്ന് ജില്ലാ ശുചിത്വ മിഷൻ കോർഡിനേറ്റർ അറിയിച്ചു.
District News
വരാനിരിക്കുന്ന ഓണം സീസണിൽ അവശ്യസാധനങ്ങളുടെ വിലക്കയറ്റം തടയുന്നതിനും ലഭ്യത ഉറപ്പാക്കുന്നതിനും സപ്ലൈകോ കൊല്ലം ജില്ലയിൽ ശക്തമായ വിപണി ഇടപെടൽ നടത്തുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. സബ്സിഡി നിരക്കിൽ കൂടുതൽ സാധനങ്ങൾ സപ്ലൈകോ ഔട്ട്ലെറ്റുകൾ വഴി വിതരണം ചെയ്യും. കൂടാതെ, സഞ്ചരിക്കുന്ന വിൽപ്പന കേന്ദ്രങ്ങൾ ആരംഭിക്കുമെന്നും, കരിഞ്ചന്തയും പൂഴ്ത്തിവെപ്പും തടയുന്നതിനായി കർശന പരിശോധനകൾ നടത്തുമെന്നും അധികൃതർ വ്യക്തമാക്കി. ഓണത്തിന് പച്ചക്കറികളുടെയും പലചരക്ക് സാധനങ്ങളുടെയും വില നിയന്ത്രിക്കുക എന്നതാണ് പ്രധാന ലക്ഷ്യം.
District News
കൊല്ലം ജില്ലയുടെ വികസനത്തിൽ നിർണായകമായ തീരദേശ ഹൈവേ നിർമ്മാണ പ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നതായി ജില്ലാ ഭരണകൂടം അറിയിച്ചു. പദ്ധതിയുടെ നിലവിലെ സ്ഥിതി ജില്ലാ കളക്ടർ എസ്. കാർത്തികേയൻ ഐ.എ.എസ്. നേരിട്ട് വിലയിരുത്തി. കൊല്ലം ജില്ലാ കളക്ടർ ഇന്ന് രാവിലെ തീരദേശ ഹൈവേയുടെ വിവിധ നിർമ്മാണ സൈറ്റുകൾ സന്ദർശിച്ചു. ഉന്നത ഉദ്യോഗസ്ഥരുമായി നടത്തിയ കൂടിക്കാഴ്ചയിൽ, നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതി അദ്ദേഹം വിശദമായി വിലയിരുത്തി. ഭൂമി ഏറ്റെടുക്കൽ നടപടികളിൽ നേരിടുന്ന കാലതാമസം ഒഴിവാക്കാനും, നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കാനും ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ കളക്ടർ ബന്ധപ്പെട്ട വകുപ്പുകൾക്ക് കർശന നിർദ്ദേശം നൽകി. പദ്ധതിയുടെ ഓരോ ഘട്ടവും സൂക്ഷ്മമായി നിരീക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
District News
ഓച്ചിറ തീരത്ത് ചരക്കുകപ്പൽ മുങ്ങിയതിനെ തുടർന്നുള്ള പ്രതിസന്ധി മത്സ്യത്തൊഴിലാളികളെ സാരമായി ബാധിച്ചു. കടലിൽ ഒഴുകി നടക്കുന്ന കണ്ടെയ്നറുകളിൽ തട്ടി അഴീക്കൽ തുറമുഖത്തുനിന്ന് മത്സ്യബന്ധനത്തിന് പോയ 16 ബോട്ടുകളുടെ 38 ലക്ഷം രൂപയുടെ വലകൾ നശിച്ചതായി റിപ്പോർട്ട്. ഒരു വലയ്ക്ക് ഏകദേശം ഒന്നര ലക്ഷം രൂപയോളം വിലവരുമെന്ന് തൊഴിലാളികൾ പറയുന്നു. ചില ബോട്ടുകളിലെ 5 വലകൾ വരെ പൂർണ്ണമായി നശിച്ചു. ഇത് മത്സ്യബന്ധനത്തെയും അവരുടെ വരുമാനത്തെയും സാരമായി ബാധിച്ചിട്ടുണ്ട്. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തി നഷ്ടപരിഹാരം ഉറപ്പാക്കണമെന്ന് ധീവര ട്രസ്റ്റ് ഉൾപ്പെടെയുള്ള മത്സ്യത്തൊഴിലാളി സംഘടനകൾ ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടു.