തൃശൂർ: ലൈംഗികാരോപണത്തിൽ നടപടി നേരിട്ട ഡിവൈഎഫ്ഐ മുൻ ജില്ലാ സെക്രട്ടറി എൻ.വി. വൈശാഖനെ സിപിഎം കൊടകര ഏരിയാ കമ്മിറ്റിയിലേക്ക് തിരിച്ചെടുത്തു. യുവതിയുടെ പരാതിയെ തുടർന്ന് ഒരു വർഷത്തോളം വൈശാഖനെ സിപിഎം അംഗത്വത്തിൽനിന്ന് സസ്പെൻഡ് ചെയ്തിരുന്നു.
ഗുരുതരമായ ആരോപണങ്ങളാണ് വനിതാ നേതാവ് ചൂണ്ടിക്കാട്ടിയത്. ഇതിന്റെ പശ്ചാത്തലത്തില്‍ ഡിവൈഎഫ്ഐയുടെ മുഴുവന്‍ ചുമതലകളില്‍ നിന്നും വൈശാഖനെ നീക്കിയിരുന്നു. പിന്നാലെ സിപിഎം ജില്ലാ കമ്മിറ്റിയില്‍ നിന്നും ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരം താഴ്ത്തി.
പാര്‍ട്ടിയുടെ ചാനല്‍ ചര്‍ച്ചകളില്‍ അടക്കം പങ്കെടുത്തിരുന്ന വൈശാഖനെ ഇതുമായി ബന്ധപ്പെട്ട പാനല്‍ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തിരുന്നു. ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ചാനല്‍ ചര്‍ച്ചയ്ക്കുള്ള പാനല്‍ ലിസ്റ്റിലേക്ക് ഇദ്ദേഹത്തെ മടക്കി കൊണ്ടുവന്നിരുന്നു.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ സാന്നിധ്യത്തിൽ ചേർന്ന ജില്ലാ കമ്മിറ്റി യോഗമാണ് വൈശാഖനെ തിരികെ പാർട്ടിയിലേക്ക് കൊണ്ടുവരാനായുള്ള തീരുമാനം എടുത്തത്. ഈ തീരുമാനം സംസ്ഥാന കമ്മിറ്റിക്ക് റിപ്പോർട്ട് ചെയ്തു.
തുടർന്ന് സംസ്ഥാന കമ്മിറ്റിയുടെ അംഗീകാരം ലഭിക്കുകയും ചെയ്തതോടെയാണ് ഏരിയാ കമ്മിറ്റിയിലേക്ക് തിരിച്ചെടുക്കാൻ തീരുമാനിച്ചത്. പാർട്ടി തലത്തിൽ നടത്തിയ അന്വേഷണത്തിൽ വൈശാഖൻ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയിരുന്നു.
Tags : nv vysakhan reinstated cpm