കണ്ണൂർ: പോലീസ് ജില്ലാ ഹെഡ്ക്വാട്ടേഴ്സ് പരിസരത്ത് അതിക്രമിച്ചു കയറി പിറന്നാൾ ആഘോഷം നടത്തിയ അഞ്ച് പേർക്കെതിരെ കേസ്. ഈ മാസം 16-ാം തീയതി നടന്ന സംഭവത്തിലാണ് നടപടി.
പ്രതികൾ പോലീസ് ഉദ്യോഗസ്ഥരെന്ന വ്യാജേന ഹെഡ്ക്വാട്ടേഴ്സ് പരിസരത്ത് അതിക്രമിച്ചു കയറുകയും യുവതിയെക്കൊണ്ടു പിറന്നാൾ കേക്ക് മുറിച്ച് ആഘോഷിക്കുകയും ചെയ്തു. കൂടാതെ, സംഭവത്തിന്റെ ദൃശ്യങ്ങൾ പകർത്തി സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു.
ടൗൺ പോലീസ് സ്റ്റേഷനിൽ നിന്നാണെന്നു പറഞ്ഞാണു ധന്യ എന്ന് പേരുള്ള യുവതിയെ വിളിക്കുന്നത്. യുവതിയുടെ വാഹനം ഇടിച്ച് ഒരാൾ മരിച്ചുവെന്നും ഇതുമായി ബന്ധപ്പെട്ട് സ്റ്റേഷനിൽ എത്തണമെന്നുമാണ് വിഡിയോയിലെ സംഭാഷണങ്ങളിലുള്ളത്. ശേഷം സ്ഥലത്തെത്തിയ യുവതിക്ക് സർപ്രൈസായി പിറന്നാൾ ആഘോഷം നടത്തുകയായിരുന്നു.
ദൃശ്യം പ്രചരിച്ചതിനു പിന്നാലെ പോലീസ് സംഭവത്തെക്കുറിച്ച് അന്വേഷിച്ചു. തുടർന്ന് പ്രതികൾ പോലീസുദ്യോഗസ്ഥരാണെന്ന വ്യാജേനയാണ് ക്യംപിനകത്ത് കയറിയതെന്നു വ്യക്തമായി. കണ്ടാലറിയാവുന്ന അഞ്ച് പേർക്കെതിരെയാണ് ടൗൺ പോലീസ് സ്വമേധയാ കേസെടുത്തത്. സംഭവത്തിൽ സുരക്ഷാ വീഴ്ചയുണ്ടായോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിക്കുന്നുണ്ട്.