ന്യൂഡൽഹി: പാക്കിസ്ഥാന് എയർ ടു എയർ മിസൈലുകൾ നൽകാനൊരുങ്ങി അമേരിക്ക. യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ്-പാക്കിസ്ഥാൻ സൈനിക മേധാവി അസിം മുനീർ കൂടിക്കാഴ്ചയ്ക്കു പിന്നാലെയാണു തീരുമാനം.
ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ സഹകരണത്തിൽ പുതിയൊരു ഘട്ടം കുറിക്കുന്നതിന് പിന്നാലെ പാകിസ്ഥാന് അമേരിക്കയിൽനിന്ന് എഐഎം-120 അഡ്വാൻസ്ഡ് മീഡിയം-റേഞ്ച് എയർ ടു എയർ മിസൈലുകൾ ലഭിക്കുമെന്ന് യുഎസ് യുദ്ധ വകുപ്പ് ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു. അതേസമയം, പാകിസ്ഥാനു നൽകുന്ന മിസൈലുകളുടെ കൃത്യമായ എണ്ണം പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടില്ല.
യുഎസ് യുദ്ധവകുപ്പ് പുറപ്പെടുവിച്ച പുതിയ ആയുധക്കരാറിൽ, റേതിയോൺ നിർമിച്ച മിസൈൽ വാങ്ങുന്നവരുടെ പട്ടികയിൽ പാക്കിസ്ഥാനെയും ഉൾപ്പെടുത്തുകയായിരുന്നു. യുകെ, ജർമിനി, ഓസ്ട്രേലിയ, ജപ്പാൻ, സൗദി അറേബ്യ എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങൾക്കും അമേരിക്ക മിസൈൽ നൽകും. 2030 മേയിൽ മിസൈൽ കൈമാറുമെന്നാണ് റിപ്പോർട്ട്.
യുഎസ്-പാക്കിസ്ഥാൻ ബന്ധത്തിൽ ഉണ്ടായ ശ്രദ്ധേയമായ പുരോഗതിയെത്തുടർന്നാണ് മിസൈൽ നൽകാൻ ധാരണ. കഴിഞ്ഞ മാസം വാഷിംഗ്ടൺ ഡിസിയിൽ, പാക് പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫുമായും അസിം മുനീറുമായും യുഎസ് പ്രസിഡന്റ് കൂടിക്കാഴ്ച നടത്തിയിരുന്നു.
Tags : US Pakistan Air To Air Missiles Donald Trump