പാരീസ്: പാരീസ് ലൂവ്റ് മ്യൂസിയത്തിൽനിന്ന് അമൂല്യ ആഭരണങ്ങൾ കവർന്ന സംഭവത്തിൽ വീഴ്ച സമ്മതിച്ച് മ്യൂസിയം ഡയറക്ടർ ലുവാൻസ് ഡെസ് കാർസ്. കവർച്ചയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് താൻ രാജിസന്നദ്ധത അറിയിച്ചതായും അവർ പറഞ്ഞു.
താൻ രാജി സമർപ്പിച്ചതായും സാംസ്കാരിക മന്ത്രി അത് സ്വീകരിക്കാൻ വിസമ്മതിച്ചതായും സെനറ്റ് കമ്മിറ്റിക്ക് മുമ്പാകെ ലുവാൻസ് പറഞ്ഞു. ലൂവ്റിൽ വലിയ സുരക്ഷാവീഴ്ചയാണുണ്ടായത്. അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു- അവർ പറഞ്ഞു. കവർച്ചയെത്തുടർന്ന് മ്യൂസിയത്തിന്റെ സുരക്ഷാവീഴ്ചകൾ വെളിവായി.
മ്യൂസിയത്തിൽ സുരക്ഷാ കാമറകളുടെ കുറവുണ്ടെന്നും ലുവാൻസ് അറിയിച്ചു. മ്യൂസിയത്തിലെ അലാറങ്ങൾ ശരിയായി പ്രവർത്തിച്ചിരുന്നു. എന്നാൽ നിലവിൽ മ്യൂസിയത്തിനു പുറത്ത് പൂർണ വീഡിയോ നിരീക്ഷണം ഇല്ലെന്നും അവർ പറഞ്ഞു. മ്യൂസിയത്തിന്റെ കെട്ടിടങ്ങൾക്കു സമീപം വാഹനങ്ങൾ നേരിട്ട് പാർക്ക് ചെയ്യുന്നത് തടയണമെന്നും അവർ നിർദേശിച്ചു.