വത്തിക്കാനിലെ സിസ്റ്റൈൻ ചാപ്പലിൽ നടന്ന എക്യുമെനിക്കൽ പ്രാർഥനാശുശ്രൂഷയിൽ ലെയോ പതിനാലാമൻ മാർപാപ്പയോടൊപ്പം ചാൾസ് രാജാവും പത്നി കാമിലയും സംബന്ധിച്ചപ്പോൾ.
വത്തിക്കാൻ സിറ്റി: കത്തോലിക്ക-ആംഗ്ലിക്കൻ സഭാ ബന്ധങ്ങളിൽ പുതുചരിത്രം രചിച്ച് വത്തിക്കാനിൽ മാർപാപ്പയ്ക്കൊപ്പം പ്രാർഥനയിൽ പങ്കുചേർന്ന് ആംഗ്ലിക്കന് സഭയുടെ സുപ്രീം ഗവര്ണര് കൂടിയായ ബ്രിട്ടനിലെ രാജാവ് ചാൾസ് മൂന്നാമൻ രാജാവും ഭാര്യ കാമിലയും.
ഇന്നലെ പ്രാദേശിക സമയം ഉച്ചയ്ക്ക് 12ന് സിസ്റ്റൈൻ ചാപ്പലിലായിരുന്നു സൃഷ്ടിയുടെ പരിപാലനത്തിനായുള്ള എക്യുമെനിക്കൽ പ്രാർഥന നടന്നത്. പതിനാറാം നൂറ്റാണ്ടിലെ പ്രൊട്ടസ്റ്റന്റ് വിപ്ലവത്തിനുശേഷം ഇതാദ്യമായാണ് ബ്രിട്ടീഷ് രാജാവും പത്നിയും വത്തിക്കാനിൽ മാർപാപ്പയ്ക്കൊപ്പം പ്രാർഥനയിൽ പങ്കെടുക്കുന്നത്. ചാൾസ് രാജാവ് ഭാര്യ കാമിലയ്ക്കൊപ്പം വത്തിക്കാനിലേക്ക് നടത്തുന്ന ആദ്യ ഔദ്യോഗിക സന്ദർശനംകൂടിയാണിത്.
ഇന്നലെ രാവിലെയാണ് ചാൾസും കാമിലയും വത്തിക്കാനിലെത്തിയത്. സ്വിസ് ഗാർഡുകൾ യുകെ ദേശീയഗാനം ആലപിച്ചാണു വരവേറ്റത്. തുടർന്ന് ഇരുവരും അപ്പസ്തോലിക് കൊട്ടാരത്തിൽ ലെയോ പതിനാലാമൻ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി. കൂടിക്കാഴ്ചയ്ക്കിടെ സമ്മാനങ്ങൾ കൈമാറി.
ഇംഗ്ലണ്ടിന്റെ ആംഗ്ലോ-സാക്സൺ രാജാവും പ്രാർഥനയുടെ വ്യക്തിയുമായിരുന്ന വിശുദ്ധ എഡ്വേർഡ് ദ കൺഫസറിന്റെ ഫോട്ടോ ചാൾസ് രാജാവ് മാർപാപ്പയ്ക്കു സമ്മാനിച്ചപ്പോൾ ഇറ്റലിയിലെ സിസിലിക്കടുത്ത സെഫാലുവിലുള്ള നോർമൻ കത്തീഡ്രലിലെ പ്രസിദ്ധമായ സർവശക്തനായ ഈശോമിശിഹായുടെ മൊസൈക് ചിത്രമാണ് മാർപാപ്പ ചാൾസ് രാജാവിനു കൈമാറിയത്.
കൂടിക്കാഴ്ചയ്ക്കു പിന്നാലെയായിരുന്നു സിസ്റ്റൈൻ ചാപ്പലിൽ പ്രാർഥന. പ്രാർഥനയ്ക്കുശേഷം നടന്ന സുസ്ഥിരതാസമ്മേളനത്തിൽ പരിസ്ഥിതിസൗഹൃദ സൂചകമായി ലെയോ മാർപാപ്പയും ചാൾസ് രാജാവും വൃക്ഷത്തൈകൾ കൈമാറി.
വത്തിക്കാനിലെ സന്ദർശനത്തിനുശേഷം റോമിലെ സെന്റ് പോൾസ് ബസിലിക്കയിൽ എത്തിയ ചാൾസ് രാജാവിന് കർദിനാൾ ജെയിംസ് മൈക്കൽ ഹാർവി റോയൽ കോൺഫ്രേറ്റർ എന്ന ബഹുമതി സമ്മാനിച്ചു. തുടർന്ന് ഇവിടെ നടന്ന പ്രാർഥനയിലും രാജാവ് പങ്കെടുത്തു.
1530 ൽ ഹെന്റി എട്ടാമൻ രാജാവ് കത്തോലിക്കാസഭയുമായി പിരിഞ്ഞ് ചർച്ച് ഓഫ് ഇംഗ്ലണ്ടിനു രൂപംനൽകിയതിനുശേഷം ഇതാദ്യമായാണ് വത്തിക്കാനിൽ ബ്രിട്ടീഷ് രാജാവും മാർപാപ്പയും ഒരുമിച്ച് പ്രാർഥന നടത്തുന്നത്. കഴിഞ്ഞ ഏപ്രിലിൽ നിശ്ചയിച്ചിരുന്ന ചാൾസ് രാജാവിന്റെ സന്ദർശനപരിപാടി ഫ്രാൻസിസ് മാർപാപ്പയുടെ രോഗത്തെയും മരണത്തെയും തുടർന്ന് മാറ്റിവയ്ക്കുകയായിരുന്നു.
ഗാനശുശ്രൂഷയിൽ പങ്കുചേർന്ന് ബ്രിട്ടനിലെ റോയൽ ക്വയറും
സിസ്റ്റൈൻ ചാപ്പലിൽ വിശ്വപ്രസിദ്ധ കലാകാരൻ മൈക്കിൽ ആഞ്ചലോയുടെ വിഖ്യാത പെയിന്റിംഗിന്റെ പശ്ചാത്തലത്തിൽ നടന്ന പ്രാർഥനാചടങ്ങിൽ സിസ്റ്റൈൻ ചാപ്പൽ ക്വയറിനൊപ്പം ഇംഗ്ലണ്ടിലെ സെന്റ് ജോർജ്സ് ചാപ്പൽ ക്വയറും രാജകീയ ചാപ്പൽ റോയൽ ക്വയറും പങ്കെടുത്തു. ‘സ്വർഗസ്ഥനായ പിതാവെ..’ എന്ന പ്രാർഥനയോടെയായിരുന്നു തുടക്കം.
യുകെ വിദേശകാര്യസെക്രട്ടറി യുവെറ്റ് കൂപ്പർ വേദപുസ്തക വായന നടത്തി. ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ രണ്ടാമത്തെ മുതിർന്ന ബിഷപ്പും യോർക്ക് ആർച്ച്ബിഷപ്പുമായ റവ. സ്റ്റീഫൻ കൊട്രെൽ സങ്കീർത്തനം വായിച്ചു. ‘ഞങ്ങളുടെ പിതാവായ ദൈവമേ, സ്വർഗവും ഭൂമിയും അങ്ങാണല്ലോ സൃഷ്ടിച്ചത്...’ എന്നു തുടങ്ങുന്ന മാർപാപ്പയുടെ പ്രാർഥനയോടെയും വിശുദ്ധ ജോൺ ഹെൻറി ന്യൂമാൻ രചിച്ച ഗാനത്തിന്റെ ആലാപനത്തോടെയുമാണ് പ്രാർഥനാചടങ്ങ് സമാപിച്ചത്.
ലത്തീൻ, ഇംഗ്ലീഷ് ഭാഷകളിലായിരുന്നു പ്രാർഥന. ചാൾസ് രാജാവിന്റെ ഭാര്യ കാമില, വെസ്റ്റ്മിൻസ്റ്റർ ആർച്ച്ബിഷപ്പും ഇംഗ്ലണ്ടിലെ കാത്തലിക് ബിഷപ്സ് കോൺഫറൻസ് അധ്യക്ഷനുമായ കർദിനാൾ വിൻസെന്റ് നിക്കോളാസ്, സ്കോട്ടിഷ് സഭയെ പ്രതിനിധീകരിച്ച് സെന്റ് ആൻഡ്രൂസ് ആൻഡ് എഡിൻബർഗ് ആർച്ച്ബിഷപ് ലിയോ കുഷ്ലെ എന്നിവരും പ്രാർഥനയിൽ പങ്കെടുത്തു.
വിഘടനവാദം ശക്തമാകുന്ന ലോകത്ത് മറ്റു മതങ്ങളോട് സഹിഷ്ണുതാമനോഭാവം പുലര്ത്തേണ്ടുന്നതിന്റെ പ്രാധാന്യവും പരിസ്ഥിതിയോടുള്ള പ്രതിബദ്ധതയും വിളിച്ചോതുന്നതായിരുന്നു പ്രാർഥനാച്ചടങ്ങ്.
‘പ്രത്യാശയുടെ തീർഥാടകർ’ എന്നനിലയിൽ ഒരുമിച്ച് നടക്കുക എന്ന ജൂബിലിവർഷ പ്രമേയത്തെ പ്രതിഫലിപ്പിക്കുന്ന വിധത്തിലാണ് കത്തോലിക്കാസഭയുടെയും ആംഗ്ലിക്കൻ സഭയുടെയും എക്യുമെനിക്കൽ പ്രാർഥനാപരിപാടി സംഘടിപ്പിച്ചത്.
Tags : Charles Pope kamila join prayer