മേപ്പയ്യൂർ ജിവിഎച്ച്എസ്എസിൽ നടക്കുന്ന മിനി ദിശ ഹയർ എഡ്യുക്കേഷണൽ എക്സ്പോ ഷാഫി പറമ്പിൽ എംപി ഉദ്ഘാടനം ചെയ്യുന്നു.
മേപ്പയ്യൂർ: ജീവിതത്തിൽ ആവേശത്തിനപ്പുറം ലക്ഷ്യം കൈവരിക്കാനുള്ള അഭിനിവേശം കൂടി ഉണ്ടാകണമെന്ന്ഷാഫി പറമ്പിൽ എംപി. കേരള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കരിയർ ഗൈഡൻസ് ആൻഡ് കൗൺസിൽ രണ്ടു ദിവസങ്ങളിലായി വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാർഥികൾക്കായി മേപ്പയൂർ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് സംഘടിപ്പിക്കുന്ന മിനി ദിശ കരിയർ എക്സ്പോ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഉന്നത വിദ്യാഭ്യാസ രംഗത്തുള്ള വിവിധ സാധ്യതകളെ വിദ്യാർഥികൾക്ക് പരിചയപ്പെടുത്തുന്ന 40ലധികം സ്ഥാപനങ്ങളുടെ സ്റ്റാളുകളുടെ പ്രദർശനം, കരിയർ കൗൺസിലിംഗ്, കെ ഡാറ്റ് അഭിരുചി പരിശോധന, ഫിലിം ഫെസ്റ്റിവൽ, വിവിധ കോഴ്സുകളെ കുറിച്ചുള്ള സെമിനാറുകൾ, പുസ്തക പ്രദർശനം തുടങ്ങിയവ മിനി ദിശയുടെ ഭാഗമായി വിദ്യാർഥികൾക്കായി ഒരുക്കിയിട്ടുണ്ട്. സ്വാഗതസംഘം ചെയർമാൻ വി.പി. ബിജു അധ്യക്ഷത വഹിച്ചു. കോവിഡ് മഹാ മാരിക്കാലത്ത് സ്കൂൾ വിദ്യാരംഗവും കോലായ കലാസാഹിത്യ വേദിയും ചേർന്ന് പ്രസിദ്ധീകരിച്ച ഗാന്ധി എന്ന പാഠശാല എന്ന പുസ്തകം ഷാഫി പറമ്പിൽ എംപിക്ക് കൈമാറി.
കോഴിക്കോട് റീജണൽ ഡയറക്ടർ ആർ. രാജേഷ് കുമാർ പുസ്തകോത്സവം ഉദ്ഘാടനം നിർവഹിച്ചു. ജനറൽ കൺവീനർ എം. സക്കീർ, മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ചങ്ങാടത്ത്, സിജി ആൻഡ് എസി സ്റ്റേറ്റ് കോഡിനേറ്റർ ഡോ. സി.എം. അസിം, ജില്ലാ പഞ്ചായത്ത് മെമ്പർ സി.എം. ബാബു, വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഭാസ്കരൻ കൊഴുക്കല്ലൂർ തുടങ്ങിയവർ പ്രസംഗിച്ചു.
Tags : Shafi Parambil Kozhikode