മാന്നാർ: പരുമല ഉപദേശിക്കടവ് പാലത്തിന്റെ തകർന്നുകിടന്ന അപ്രോച്ച് റോഡ് താത്കാലിക കുഴികളടച്ച് സഞ്ചാരയോഗ്യമാക്കി. വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് പരുമല ഉപദേശിക്കടവ് പാലം യാഥാർഥ്യമായത്. പാലത്തിന്റെ നിർമാണം പൂർത്തിയായെങ്കിലും അപ്രോച്ച് റോഡിന്റെ ഒന്നരകിലോമീറ്റർ തകർന്നടിഞ്ഞ് കിടക്കുകയായിരുന്നു. എന്നാൽ, മറുകരയിൽ വളഞ്ഞവട്ടം ഭാഗത്തെ റോഡ് നിർമാണം പൂർത്തിയായിരുന്നു.
പരുമല ഭാഗത്ത് പാലം മുതൽ സിൻഡസ് മോസ് സ്കൂൾ വരെയുള്ള ഭാഗവും നിർമാണം പൂർത്തിയായിക്കഴിഞ്ഞു. ഈ ഭാഗത്ത് എട്ടുമീറ്റർ വീതിയിലാണ് റോഡ് നിർമാണം നടത്തിയിരിക്കുന്നത്. എന്നാൽ, സിൻഡസ് മോസ് സ്കൂൾ മുതൽ തിക്കപ്പുഴ വരെയുള്ള ഒന്നര കിലോമീറ്ററോളം വരുന്ന റോഡിന്റെ നിർമാണമാണ് അനിശ്ചിതത്വത്തിലായിരുന്നത്. ഈ ഒന്നര കിലോമീറ്റർ ദൂരവും കുണ്ടും കുഴിയുമായി കിടക്കുകയായിരുന്നു. കാൽനടയാത്രക്കാർക്കു പോലും പോകാൻ കഴിയാത്തവിധത്തിലാണ് റോഡ് തകർന്നു കിടന്നിരുന്നത്. ഈ ഭാഗത്തെ റോഡ് കൂടി നിർമിച്ചെങ്കിൽ മാത്രമേ കോടികൾ മുടക്കി നിർമിച്ച പാലത്തിന്റെ ഗുണം നാട്ടുകാർക്ക് ലഭിക്കുകയുള്ളൂ.
നിലവിൽ ഈഭാഗം പഞ്ചായത്തിന്റെ അധീനതയിലാണ്. ഈ റോഡ് പിഡബ്ല്യുഡി ഏറ്റെടുത്ത് എട്ടു മീറ്റർ വീതിയിൽ തന്നെ നിർമിക്കുന്നതിന് എസ്റ്റിമേറ്റ് എടുത്തിട്ടുണ്ട്. റോഡിന്റെ ഇരുവശങ്ങളിലുമുള്ള മതിൽ പൊളിച്ചുമാറ്റി പുതിയ മതിൽ കെട്ടി ക്കൊടുക്കുന്നതുൾപ്പെടെയാണ് എസ്റ്റിമേറ്റ് തയാറാക്കിയിരിക്കുന്നത്.
നിർമാണത്തിനുള്ള ഭരണാനുമതി ലഭിച്ചെങ്കിലും പണി ആരംഭിക്കാൻ കാലതാമസമെടുക്കും. പരുമല പെരുന്നാളിന് പാലത്തിലൂടെ തീർഥാടകരെ കടത്തിവിടാനുള്ള ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ടെന്ന് പെരുന്നാൾ അവലോകന യോഗത്തിൽ മാത്യു ടി. തോമസ് എംഎൽഎ പറഞ്ഞിരുന്നു. തകർന്നു കിടക്കുന്ന ഭാഗം താത്കാലികമായി പഞ്ചായത്ത് കുഴി അടയ്ക്കൽ എങ്കിലും നടത്തണമെന്ന് യോഗത്തിൽ പറയുകയും കുഴി അടയ്ക്കാമെന്ന് പഞ്ചായത്ത് അധികൃതർ യോഗത്തെ അറിയിക്കുകയും ചെയ്തു.
എന്നാൽ, കുഴിയടച്ച് റോഡ് സഞ്ചാരയോഗ്യമാക്കാൻ 10 ലക്ഷമെങ്കിലും വേണമെന്നും ഇത് പഞ്ചായത്തിൽനിന്ന് ചെയ്യാൻ കഴിയില്ലെന്നും പറഞ്ഞ് കൈയൊഴിഞ്ഞു. പരുമല തീർഥാടനം ആരംഭിക്കാനിരിക്കെ പദയാത്രകൾ കടന്ന് വരുന്ന വഴി കുണ്ടും കുഴിയുമായി കിടക്കുന്നതിനെതിരേ വ്യാപാക പ്രതിഷേധമുയർന്നു.
തുടർന്ന് മാത്യു ടി. തോമസ് എംഎൽഎ ഇടപെട്ട് തകർന്നു കിടന്ന ഭാഗങ്ങൾ ഒറ്റരാത്രികൊണ്ട് താത്കാലികമായി ശരിയാക്കി. ഇതോടെ തിരുവല്ല ഭാഗത്തു നിന്നുവരുന്ന തീർഥാടകരും വാഹനങ്ങളും ഉപദേശിക്കടവ് പാലം വഴി എളുപ്പത്തിൽ പരുമലയിൽ എത്താൻ കഴിയും. പെരുന്നാൾ ദിനങ്ങളിൽ മാന്നാർ ടൗണിൽ ഉണ്ടാകുന്ന ഗതാഗതത്തിരക്ക് ഒരു പരിധിവരെ പരിഹരിക്കുവാനും കഴിയും. റോഡ് തകർന്നുകിടക്കുന്നത് സംബന്ധിച്ച് ദീപിക കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.
Tags :