തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളില് സ്വര്‍ണം പൂശിയതുമായി ബന്ധപ്പെട്ട വാർത്തകൾ തള്ളി ഉണ്ണികൃഷ്ണൻ പോറ്റി.
വാര്‍ത്തകള്‍ക്ക് യാഥാര്‍ഥ്യവുമായി ബന്ധമില്ല. എല്ലാ ആരോപണങ്ങള്‍ മാത്രമാണ്. വിജിലന്‍സ് വിളിച്ചാല്‍ ചോദ്യം ചെയ്യലിന് ഹാജരാകും, പറയാനുള്ളത് കോടതിയില്‍ പറയുമെന്നും ഉണ്ണികൃഷ്ണന് പോറ്റി തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു.
അറ്റകുറ്റപ്പണികള്‍ക്കായി തനിക്ക് ലഭിച്ചത് ചെമ്പ് പാളികളാണ്. മഹസര്‍ ഉള്‍പ്പെടെയുള്ള രേഖകളില്‍ ഇത് വ്യക്തമാണ്. അതിന് മുന്‍പ് സ്വര്‍ണം പൂശിയതിനെ കുറിച്ച് അറിയില്ല. അതിന് മുന്‍പ് സ്വര്‍ണം പൂശിയത് കാലഹരണപ്പെട്ടത് കൊണ്ടായിരിക്കാം ദേവസ്വം അങ്ങനെയൊരു തീരുമാനം എടുത്തത്.
പാളികളില്‍ സ്വര്‍ണം ഉണ്ടായിരുന്നോ എന്നും അറിയില്ല. ദ്വാരപാലകശില്പങ്ങളുടെ പാളികള്‍ താന്‍ എടുത്തുകൊണ്ട് പോയതല്ല, ദേവസ്വം തന്നതാണെന്നും ഉണ്ണികൃഷ്ണന് പോറ്റി പ്രതികരിച്ചു.
ദ്വാരപാലക ശില്പത്തിന്റെ സ്വര്‍ണപ്പാളി അറ്റകുറ്റപണിക്ക് കൊണ്ടുപോയപ്പോള്‍ കാലതാമസം ഉണ്ടായെന്ന ആരോപണവും ഉണ്ണികൃഷ്ണന് പോറ്റി നിഷേധിച്ചു. ആരോപണങ്ങളില്‍ പറയുന്ന വിധത്തില്‍ 39 ദിവസങ്ങള്‍ ഒന്നും കാലതാമസം ഉണ്ടായിട്ടില്ല. ഒരാഴ്ചയോളം മാത്രമാണ് താമസം ഉണ്ടായത്.
പാളികളില്‍ അറ്റകുറ്റ പണി നിര്‍ദേശിച്ചിരുന്നു. അതാണ് കാലതാമസം വന്നത്. ഇത്തരം സാധനങ്ങള്‍ കൈമാറുമ്പോഴുള്ള നടപടിക്രമളുമായി ബന്ധപ്പെട്ട ബൈലോയെ കുറിച്ച് അറിയില്ല. കവാടങ്ങള്‍ പ്രദര്‍ശന വസ്തുവാക്കിയിട്ടില്ലെന്നും ഉണ്ണികൃഷ്ണന് പോറ്റി പറഞ്ഞു.
Tags : thiruvananthapuram unnikrishnanpotty sabarimala devaswomboard swarnapali