ഭൂതത്താന്‍കെട്ട് പാലത്തില്‍നിന്ന് പെരിയാറില്‍ ചാടിയ യുവാവിനെ കണ്ടെത്താനായി രണ്ടാം ദിവസമായ ഇന്നലെ അഗ്നിരക്ഷാ സേന തെരച്ചിൽ നടത്തുന്നു.
കോതമംഗലം: ഭൂതത്താന്‍കെട്ട് ഡാമിന് മുന്നിലെ പുതിയ പാലത്തില്‍നിന്ന് പെരിയാറിലേക്ക് ചാടിയ യുവാവിനെ രണ്ടാം ദിവസത്തെ തെരച്ചിലിലും കണ്ടെത്താനായില്ല. വടാട്ടുപാറ റോക്ക് ജംഗ്ഷന് വടുതലായില്‍ പരേതനായ പീതാംബരന്റെ മകന് ദിനേശ് (46) ശനിയാഴ്ച രാവിലെ 10.30 ഓടെയാണ് പുഴയില്‍ ചാടിയത്.
ഓട്ടോറിക്ഷയില്‍ അമ്മയ്ക്കൊപ്പം ആശുപത്രയിലേക്ക് പോകുന്നതിനിടെ ഭൂതത്താന്‍കെട്ട് എത്തിയപ്പോള്‍ ചാടിയിറങ്ങി പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടുകയായിരുന്നു.
അഗ്നിരക്ഷാ സേനയും പോലീസും നാട്ടുകാരും പുഴയില്‍ ഇന്നലെ രാവിലെ മുതല്‍ മണിക്കൂറുകള്‍ തെരച്ചില്‍ നടത്തി.
പാറക്കെട്ടുകളും കയങ്ങളും നിറഞ്ഞ പുഴയില്‍ ഭൂതത്താന്‍കെട്ട് മുതല്‍ വേട്ടാംപാറ വരെ നാലുകിലോമീറ്റര്‍ ദൂരം പരിശോധിച്ചു. അഗ്നിരക്ഷാ സേനാംഗങ്ങള്‍ പുഴയില്‍ താഴെ നിലയുറപ്പിച്ച് ഡാമിന്റെ നാല് ഷട്ടര്‍ തുറന്ന് വെള്ളപ്പാച്ചിലില്‍ കണ്ടെത്താനാവുമെന്ന പ്രതീക്ഷയില്‍ പുഴയുടെ മുഴുവന്‍ ഭാഗങ്ങളിലും ഡിങ്കി ബോട്ടില്‍ സഞ്ചരിച്ച് പരിശോധിക്കുകയും ചെയ്തു.
കയങ്ങളുള്ള ഭാഗത്ത് സ്കൂബാ ഉപകരണങ്ങളുടെ സഹായത്തോടെ വിദഗ്ധ സംഘം ആഴത്തില്‍ മുങ്ങിത്തപ്പിയിട്ടും കണ്ടെത്താനായില്ല.രാത്രി ഏഴോടെ തെരച്ചില്‍ അവസാനിപ്പിച്ചു. ഇന്ന് വീണ്ടും തെരച്ചില്‍ പുനരാരംഭിക്കും.