കോട്ടയം: എൻഎസ്എസിനെ അനുനയിപ്പിക്കാള്ള ശ്രമം കോൺഗ്രസ് തുടരുന്നതിനിടെ പെരുന്നയിലെത്തിയ നേതാക്കളോട് അതൃപ്തി പ്രകടമാക്കി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായര്‍.
സമദൂരത്തിൽ മാറ്റമില്ലെന്ന് സുകുമാരൻ നായര്‍ പറഞ്ഞെങ്കിലും നിലവിലെ സംസ്ഥാന നേതൃത്വത്തോട് അകലമുണ്ടെന്ന് കൂടിക്കാഴ്ച നടത്തിയ നേതാക്കളോട് അദ്ദേഹം സൂചിപ്പിച്ചെന്നാണ് വിവരം. ശബരിമല വിഷയത്തിൽ നേതൃത്വം എൻഎസ്എസുമായി കൂടിയാലോചന നടത്താത്തതിലാണ് അദ്ദേഹം നീരസം പ്രകടിപ്പിച്ചത്.
ആഗോള അയപ്പ സംഗമത്തിൽ തീരുമാനമെടുക്കും മുമ്പ് യുഡിഎഫ് നേതൃത്വം നിലപാട് അറിയിച്ചില്ല. വിശ്വാസ പ്രശ്നങ്ങളിൽ കൂടിയാലോചന നടത്തുന്നില്ല. മുമ്പ് ഇത്തരം വിഷയങ്ങളിൽ കോണ്‍ഗ്രസ് നേതാക്കള്‍ എൻഎസ്എസുമായി ആശയ വിനിമയം നടത്തിയിരുന്നുവെന്നും കൂടിക്കാഴ്ച നടത്തിയ നേതാക്കളോട് സുകുമാരൻ നായര്‍ പറഞ്ഞെന്നാണ് വിവരം.
പി.ജെ കുര്യൻ, കൊടിക്കുന്നിൽ സുരേഷ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ എന്നിവരാണ് ജനറൽ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തിയത്.
ശബരിമല വിഷയത്തില്‍ എന്‍എസ്എസ് എല്‍ഡിഎഫിനൊപ്പമാണെന്ന ജി. സുകുമാരന്‍ നായരുടെ പ്രസ്താവനയാണ് വിവാദങ്ങള്‍ക്കിടയാക്കിയത്. അയ്യപ്പസംഗമം ബഹിഷ്കരിച്ച കോണ്‍ഗ്രസിനെ വിമര്‍ശിച്ച സുകുമാരന്‍ നായര്‍, കോണ്‍ഗ്രസിനു ഹിന്ദുവോട്ട് വേണ്ടെന്നും ശബരിമലയില്‍ ആചാരം സംരക്ഷിക്കാന്‍ കേന്ദ്രം ഒന്നും ചെയ്യുന്നില്ലെന്നും ആരോപിച്ചിരുന്നു.
രാഷ്ട്രീയ പാര്‍ട്ടികളോടുള്ള സമദൂര നിലപാടില്‍നിന്നും എന്‍എസ്എസ് വ്യതിചലിക്കുകയും ഇടതുപക്ഷത്തോട് അടുക്കുകയാണെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഓരോരുത്തരായി ജി. സുകുമാരന്‍ നായരെ സന്ദര്‍ശിക്കുന്നത്.
എന്നാല്‍, സുകുമാരന്‍ നായരെ കണ്ടതില്‍ രാഷ്ട്രീയമില്ലെന്നും പതിവ് സന്ദര്‍ശനം മാത്രമാണെന്നും, ചങ്ങനാശേരി ഉള്‍പ്പെടുന്ന സ്ഥലത്തെ എംപി എന്ന നിലയില്‍ നാട്ടിലെ വികസന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് സുകുമാരന്‍ നായരെ കണ്ടതെന്നും മറ്റ് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട സാഹചര്യമുണ്ടാകുമ്പോള്‍ ചര്‍ച്ച ചെയ്യുമെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞിരുന്നു.
Tags : kottayam congress nss keralapolitics keralagovernment