കണ്ണൂര്: ഭർത്താവിനെ തലക്കടിച്ച് കൊന്ന ഭാര്യക്ക് ജീവപര്യന്തം. കണ്ണൂർ പെരിങ്ങോം ചാക്കോ വധക്കേസിൽ ഭാര്യ റോസമ്മയ്ക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. തളിപ്പറമ്പ് അഡി. സെഷൻസ് കോടതിയുടെതാണ് വിധി. റോസമ്മ കുറ്റക്കാരി ആണെന്ന് വ്യാഴാഴ്ച കോടതി കണ്ടെത്തിയിരുന്നു.
2013 ജൂലൈ ആറിനാണ് കേസിനാസ്പദമായ സംഭവം. ഭർത്താവ് പെരിങ്ങോം വയക്കര മൂളിപ്രയിലെ ചാക്കോച്ചൻ എന്ന കുഞ്ഞിമോനെ (60)യാണ് ഇരുമ്പുപൈപ്പ് കൊണ്ട് തലക്കടിച്ചുകൊന്നത്. പയ്യന്നൂരിലെ മെഡിക്കൽ സ്റ്റോറിൽ സെയിൽസ്മാൻ ആയിരുന്നു ചാക്കോച്ചൻ. പുലർച്ചെ റോഡിലാണ് ചാക്കോച്ചന്റെ മൃതദേഹം കണ്ടത്.
വീട്ടിൽ കൊലനടത്തി മൃതദേഹം 30 മീറ്ററോളം അകലെ റോഡിൽ കൊണ്ടിട്ടതായാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
ചാക്കോച്ചന്റെ പേരിലുള്ള സ്ഥലവും വീടും പ്രതിയുടെ പേരിൽ എഴുതിനൽകാത്തതിനെത്തുടർന്ന് കുടുംബവഴക്കുണ്ടാകാറുണ്ട്. ഇതാണ് കൊലയ്ക്ക് കാരണമെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു. കേസിലെ 24 സാക്ഷികളിൽ 16 പേരെ വിസ്തരിച്ചു. 29 രേഖകളും ഹാജരാക്കി.
Tags : Chackochen Murder Case Rosamma Verdict