കോഴിക്കോട്: പിഎം ശ്രീ പദ്ധതിയിൽ കേരള സർക്കാർ ഒപ്പുവച്ചത് സംബന്ധിച്ച വിവാദങ്ങൾ മുന്നണി ചർച്ച ചെയ്ത് പരിഹരിക്കുമെന്ന് എൽഡിഎഫ് കൺവീനർ ടി.പി. രാമകൃഷ്ണൻ. സിപിഐ ഉയർത്തിയ വിഷയങ്ങളും ഒപ്പുവച്ച ധാരണയിലെ വ്യവസ്ഥകളും പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇടതുമുന്നണി യോഗം ചേരുന്ന തീയതി തീരുമാനിച്ചിട്ടില്ലെന്നും രാമകൃഷ്ണൻ പറഞ്ഞു
പിഎം ശ്രീ പദ്ധതി വഴി ദേശീയ വിദ്യാഭ്യാസ നയം കടന്നു വരുന്നുണ്ടോ എന്നും ഇപ്പോൾ ഒപ്പുവച്ച ധാരണയിലെ വ്യവസ്ഥകളും പരിശോധിക്കും. സിപിഐ ഉയർത്തിയ വിഷയങ്ങളും എൽഡിഎഫ് ചർച്ച ചെയ്യും. എല്ലാ പാർട്ടികളുടെയും അഭിപ്രായം ആരായുമെന്നും പ്രശ്നം പരിഹരിക്കാൻ കഴിയുമെന്നും ടി.പി. രാമകൃഷ്ണൻ പറഞ്ഞു.
അതേസമയം പിഎം ശ്രീ പദ്ധതിക്കെതിരെയുള്ള എതിർപ്പ് തുടരുകയാണ് സിപിഐ. ഡൽഹിയിലെ എകെജി ഭവനിൽ സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷവും നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്നും റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടെന്നും സിപിഐ ജനറൽ സെക്രട്ടറി ഡി. രാജ വ്യക്തമാക്കി.
തങ്ങളുടെ നിലപാട് പിഎം ശ്രീ കരാര്‍ റദ്ദാക്കണമെന്ന് തന്നെയാണ്. അതിൽ നിന്ന് പിന്നോട്ടില്ല. വിശദമായി വിഷയം ചര്‍ച്ച ചെയ്തു. സിപിഎം ഇതിൽ പുനരാലോചന നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഡി. രാജ പറഞ്ഞു.
Tags : pm dhri scheme tp ramakrishnan ldf ldf government cpm cpi