District News
വൈക്കം: നിലത്ത് വീണടിഞ്ഞ ഗോതമ്പുമണിപോലെ ശ്രേഷ്ഠവും സൗമ്യവുമായ ജീവിതമായിരുന്നു ദൈവദാസൻ കാട്ടറാത്ത് വർക്കി അച്ചന്റേതെന്ന് മാർ ജോസഫ് പാംപ്ലാനി. വിൻസെൻഷ്യൻ സഭാ സ്ഥാപകനും തോട്ടകം സെന്റ് ഗ്രിഗോറിയോസ് പള്ളിയുടെ ആരംഭകനുമായ ദൈവദാസൻ കാട്ടറാത്ത് വർക്കി അച്ചന്റെ 94-ാം ചരമവാർഷികാചരണത്തോടനുബന്ധിച്ച് തോട്ടകം സെൻ് ഗ്രിഗോറിയോസ് ദേവാലയത്തിൽ വിശുദ്ധ കുർബാന അർപ്പിച്ച് പ്രസംഗിക്കുകയായിരുന്നു മാർ ജോസഫ് പാംപ്ലാനി.
കാട്ടറാത്ത് വർക്കി അച്ചന്റെ ഓർമ നക്ഷത്രശോഭയുള്ളതാണെന്നും അത് കൂടുതൽ നന്മ ചെയ്യാൻ പ്രചോദനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്നലെ രാവിലെ ഒൻപതിന് ജപമാലയോടെയാണ് അനുസ്മരണച്ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന് ഫാ. റോയി വാരകത്ത് വിസിയുടെ കാർമികത്വത്തിൽ വചനശുശ്രൂഷയും ഫാ. ആന്റണി തച്ചേത്തുകുടി വിസിയുടെ കാർമികത്വത്തിൽ സൗഖ്യാരാധനയും നടന്നു. ഉച്ചയ്ക്ക് 12.45ന് കബറിടത്തിൽ പ്രാർഥന, സ്കോളർഷിപ് വിതരണം എന്നിവയോടെ ചടങ്ങുകൾ സമാപിച്ചു.
ചരമ വാർഷികാചരണ ചടങ്ങുകൾക്ക് വിൻസെൻഷ്യൻ കോൺഗ്രിഗേഷൻ സുപ്പീരിയർ ജനറൽ ഫാ. പോൾ പുതുവ വിസി, തോട്ടകം ആശ്രമം സുപ്പീരിയർ ഫാ. ആന്റണി കോലഞ്ചേരി, തോട്ടകം സെന്റ് ഗ്രിഗോറിയോസ് പള്ളി വികാരി ഫാ. വർഗീസ് മേനാച്ചേരി വിസി എന്നിവർ നേതൃത്വം നൽകി.
District News
കുറുപ്പന്തറ: കുറുപ്പന്തറ കെഎസ്ഇബി ഓഫീസിന്റെ പ്രവര്‍ത്തനം പഞ്ചായത്ത് കമ്യൂണിറ്റി ഹാളിലേക്കു മാറ്റി. ഏറെനാളത്തെ പ്രതിഷേധങ്ങള്‍ക്കും എതിര്പ്പിനുമൊടുവിലാണ് ഓഫീസ് പ്രവര്‍ത്തനം കമ്യൂണിറ്റി ഹാളിലേക്കു മാറ്റിയത്. ശക്തമായ മഴയില്‍ ഓഫീസിനുള്ളിലേക്കു വെള്ളം ഒഴുകിയതിനെത്തുടര്‍ന്ന് കെഎസ്ഇബി ഓഫീസിനു മുകളിലെ ചോര്‍ച്ച പരിഹരിക്കാന്‍ കയറിയ കരാര്‍ തൊഴിലാളിക്ക് ലാഡര്‍ ഗോവണിയില്‍നിന്നു വീണ് ഗുരുതരമായി പരിക്കേറ്റതോടെയാണ് ഓഫീസ് പ്രവര്‍ത്തനം മാറ്റുന്ന കാര്യത്തില്‍ വേഗത്തില്‍ തീരുമാനമായത്.
കെഎസ്ഇബി അസിസ്റ്റന്റ് എന്‍ജിനിയര്‍ ഓഫീസിലെ കരാര്‍ തൊഴിലാളി വെള്ളൂര്‍ കാരക്കുന്നേല്‍ കെ.കെ കുഞ്ഞുമോനാ(44)ണ് പരിക്കേറ്റത്. 30 അടി താഴ്ചയിലേക്കു വീണ് ഗുരുതരമായി പരിക്കേറ്റ കുഞ്ഞുമോന് ചികിത്സയിലാണ്. കെഎസ്ഇബി ഓഫീസ് പ്രവര്‍ത്തിക്കുന്നത് കുറുപ്പന്തറ ബസ്സ്റ്റാന്‍ഡിലെ മാഞ്ഞൂര്‍ പഞ്ചായത്തുവക ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടത്തിലാണ്.
ശോച്യാവസ്ഥയിലുള്ള കെട്ടിടത്തിന്റെ മേല്‍ക്കൂരയിലെ ഷീറ്റ് തകര്‍ന്ന് മഴവെള്ളം കെട്ടിടത്തിനുള്ളിൽ വീഴുന്ന അവസ്ഥയാണ്. കെഎസ്ഇബി ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടം വര്‍ഷങ്ങളോളം പഴക്കമുള്ളതും ജീര്ണാവസ്ഥയിലുള്ളതുമാണ്. മേല്‍ത്തട്ടിലെ കോണ്‍ക്രീറ്റ് പാളികളും മേല്‍ക്കൂരയിലെ ഷീറ്റ് ഉള്‍പ്പെടെയുള്ളവയും തകര്‍ന്നുവീഴുന്ന അവസ്ഥയിലാണ്. അപകടാവസ്ഥയിലായ കെട്ടിടത്തില്‍നിന്നു കെഎസ്ഇബി ഓഫീസിന്റെ പ്രവര്‍ത്തനം മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നതിനായി ആലോചനകള്‍ നടന്നെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ ഇക്കാര്യത്തില്‍ തുടര്‍നടപടികളുണ്ടായില്ല.
നാളുകളായി കെട്ടിടത്തിന്റെ മേല്‍ക്കൂര ചോര്‍ന്നൊലിക്കുന്ന സ്ഥിതിയിലായിരുന്നു. കെട്ടിടം അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനായി മാഞ്ഞൂര്‍ പഞ്ചായത്ത് അഞ്ചു ലക്ഷം രൂപ അനുവദിച്ചു പണികള്‍ ആരംഭിച്ചിട്ടുണ്ട്. പണികള്‍ പൂര്‍ത്തിയാകുന്നതോടെ ഓഫീസ് പ്രവര്‍ത്തനം ഇങ്ങോട്ടേക്കുതന്നെ മാറ്റുമെന്ന് പഞ്ചായത്തധികൃതര്‍ അറിയിച്ചു.
District News
മറ്റക്കര: നല്ലമ്മക്കുഴി-വെട്ടുകാട് റോഡ് പൊട്ടിപ്പൊളിഞ്ഞുകിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ഒന്നര കിലോമീറ്റർ ദൂരമുള്ള റോഡ് അയർക്കുന്നം, അകലക്കുന്നം പഞ്ചായത്തുകളിലൂടെ കടന്നുപോകുന്നു. ദിവസവും 15 സ്കൂൾ ബസുകളും നിരവധി വാഹനങ്ങളും സഞ്ചരിക്കുന്ന ഈ റോഡിലൂടെ കാൽനടയാത്ര പോലും സാധ്യമല്ലെന്ന് നാട്ടുകാർ പറയുന്നു.
ഇരുചക്ര വാഹനയാത്രികർ കുഴികളിലും കല്ലിലും തട്ടി മറിഞ്ഞുവീഴുന്നതു പതിവാണ്. കൂടാതെ ഈ റോഡിൽ തെരുവുനായ ശല്യവും രൂക്ഷമായുണ്ട്.
ടാറിംഗ് ഇളകിക്കിടക്കുന്ന റോഡിലെ കുഴികളിൽ മഴക്കാലത്ത് വെള്ളം കെട്ടിനിൽക്കുന്നത് യാത്രക്കാർക്ക് വീണ്ടും ദുരിതമാണ് സൃഷ്ടിക്കുന്നത്. മറ്റക്കര, പാദുവ, അയർക്കുന്നം, കിടങ്ങൂർ എന്നിവിടങ്ങളിലേക്ക് പോകുന്ന എളുപ്പവഴി കൂടിയാണിത്.
District News
അരുവിത്തുറ: സെന്റ് ജോർജ് കോളജിലെ ബോട്ടണി വിദ്യാർഥികളുടെ റബർതോട്ടങ്ങളുടെ കാർബൺ ആഗിരണശേഷിയുമായി ബന്ധപ്പെട്ട പഠനം അന്താരാഷ്ട്ര ശ്രദ്ധ നേടുന്നു.
അരുവിത്തുറ കോളജിലെ ബോട്ടണി വിഭാഗത്തിലെ അധ്യാപകനായ ഡോ. അബിൻ സെബാസ്റ്റ്യന്റെ നേതൃത്വത്തിൽ ഡോണിയ ഡൊമിനിക്, അതുല്യ ഷാജി, അമൃത കൃഷ്ണ, അനശ്വര അനിൽ എന്നീ വിദ്യാർഥികൾ ചേർന്ന് കോട്ടയം ജില്ലയിലെ വിവിധ റബർ തോട്ടങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പഠനത്തിൽ അന്തരീക്ഷത്തിലെ കാർബൺ ഡയോക്സൈഡ് ഉയർന്ന തോതിൽ ആഗിരണം ചെയ്യാനുള്ള റബർ തോട്ടങ്ങളുടെ ശേഷി തെളിയിക്കപ്പെട്ടിരുന്നു.
ഇത് ഭാവിയിൽ റബർ കർഷകർക്ക് കാർബൺ ട്രേഡിംഗിലൂടെ പണം സമ്പാദിക്കാനുള്ള അവസരങ്ങൾ ഒരുക്കുമെന്ന് പഠനത്തിൽ പറയുന്നു. അധ്യാപകരും വിദ്യാർഥികളും ചേർന്നു നടത്തിയ പഠനഫലങ്ങൾ, നെതർലൻഡിലെ പ്രശസ്ത പ്രസാധകരായ എൽസെവിയർ പ്രസിദ്ധീകരിച്ച "സുസ്ഥിര വികസനത്തിലേക്ക് കാർബൺ നിർമാർജ്ജന പദ്ധതികളുടെയും കാർബൺ ന്യൂട്രൽ മാർഗങ്ങളുടെയും സാധ്യതകൾ' എന്ന പുസ്തകത്തിൽ അധ്യായമായി ചേർത്തു.
അമേരിക്കയിലെ കാൻസാസ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ കെമിക്കൽ എൻജിനിയറിംഗ് വിഭാഗത്തിലെ എമിററ്റസ് പ്രഫ.ഡോ. ലാറി എറിക്സൺ, ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിലെ എമിററ്റസ് പ്രഫ.ഡോ. എം.എൻ.വി. പ്രസാദ് തുടങ്ങിയവർ എഡിറ്റർമാരായി പ്രസിദ്ധികരിച്ച പുസ്തകം ഇതിനോടകം ശാസ്ത്ര ഗവേഷണലോകത്ത് അന്താരാഷ്ട്ര ശ്രദ്ധ നേടിക്കഴിഞ്ഞു.
പുസ്തകത്തിന്റെ ഒരു കോപ്പി കോട്ടയം പുതുപ്പള്ളിയിലുള്ള റബർ ഗവേഷണ കേന്ദ്രത്തിലെ പരിശീലന വിഭാഗം ഡയറക്ടർ ഡോ. എച്ച്. പ്രിയ വർമ ഏറ്റുവാങ്ങി.
ബോട്ടണി ഡിപ്പാർട്ട്മെന്റിലെ അധ്യാപകരുടെയും വിദ്യാർഥികളുടെയും ഈ ഗവേഷണ നേട്ടത്തെ കോളജ് മാനേജർ ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ, പ്രിൻസിപ്പൾ പ്രഫ.ഡോ. സിബി ജോസഫ്, ബർസർ ഫാ. ബിജു കുന്നയ്ക്കാട്ട്, വൈസ് പ്രിൻസിപ്പൾ ഡോ. ജിലു ആനി ജോൺ, ബോട്ടണി വിഭാഗം മേധാവി ജോബി ജോസഫ് തുടങ്ങിയവർ അഭിനന്ദിച്ചു.
District News
ബിജുമോന് ജോസഫ്
പാലാ: സംഘാടകമികവും സാന്നിധ്യവുംകൊണ്ടു ശ്രദ്ധേയമായി പാലാ സെന്റ് തോമസ് കോളജ് പ്ലാറ്റിനം ജൂബിലി സമാപനം. രാജ്യത്തിന്റെ പ്രഥമ പൗരന് ദ്രൗപദി മുര്‍മുവിന്റെ സാന്നിധ്യംകൊണ്ടു ശ്രദ്ധേയമായ ചടങ്ങില്‍ ഒട്ടേറെ പ്രമുഖര്‍ പങ്കുചേര്‍ന്നു. ബിഷപ് വയലില്‍ ഹാളിലെ ആഴ്ചകള്‍ നീണ്ട കുറ്റമറ്റ ക്രമീകരണങ്ങള്‍ക്ക് മാനേജ്മെന്റും അധ്യാപകരും വിദ്യാര്‍ഥികളും പൂര്‍വവിദ്യാര്‍ഥികളും പങ്കാളികളായി.
കോളജ് മൈതാനത്ത് ഇന്നലെ വൈകുന്നേരം 3.50ന് എത്തിയ രാഷ്ട്രപതിയെയും സംസ്ഥാന ഗവര്‍ണറെയും ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു.
ഉന്നത വിദ്യാഭ്യാസത്തിലും കലാകായികമേഖലയിലും മുക്കാല്‍ നൂറ്റാണ്ട് സെന്റ് തോമസ് അര്‍പ്പിച്ച സേവനങ്ങളെ രാഷ്ട്രപതി ഉള്‍പ്പെടെ പ്രശംസിച്ചു. കൊടിതോരണങ്ങളാല്‍ അലംകൃതമായ കാമ്പസിന് അഭിമാനം പകരുന്നതായിരുന്നു ജൂബിലി സമ്മേളനം.
എംഎല്‍എമാരായ മോന്‍സ് ജോസഫ്, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, കോളജ് മാനേജരും പ്രോട്ടോ സിഞ്ചല്ലൂസുമായ റവ.ഡോ. ജോസഫ് തടത്തില്‍, വൈസ് പ്രിന്‍സിപ്പല്‍ ഡോ. സാല്‍വിന്‍ കാപ്പിലിപ്പറമ്പില്‍, ബര്‍സാര്‍ ഫാ. മാത്യു ആലപ്പാട്ടുമേടയില്‍, കുര്യാക്കോസ് മാര്‍ സേവേറിയോസ് വലിയ മെത്രാപ്പോലീത്ത, എംജി യൂണിവേഴ്സിറ്റി വൈസ്ചാന്‍സലര്‍ ഡോ. സി.ടി. അരവിന്ദ്കുമാര്‍, രാഷ്ട്രദീപിക മാനേജിംഗ് ഡയറക്ടര്‍ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, മുന്‍ പ്രിന്‍സിപ്പല്‍മാര്‍, അധ്യാപകര്‍ തുടങ്ങി ഒട്ടേറെ പ്രമുഖര്‍ പങ്കെടുത്തു.
District News
വൈക്കം: വേമ്പനാട്ടു കായലിന്റെ ഓളപ്പരപ്പിനെ കീഴടക്കാൻ ഇരട്ടകുട്ടികൾ. വൈക്കം എസ്ബിഐയിലെ ഉദ്യോഗസ്ഥനായ കുലശേഖരമംഗലം വൈകുണ്ഠത്തിൽ പി.ഹരീഷിന്റെയും അനുവിന്റെയും മക്കളും വെള്ളൂർ ഭവൻസ് ബാലമന്ദിറിലെ യുകെജി വിദ്യാർഥികളുമായ നൈവേദ്യ ഹരീഷും നിഹാരിക ഹരീഷുമാണ് ലോകറിക്കാർഡ് ലക്ഷ്യമാക്കി നാളെ വേമ്പനാട്ടുകായലിന് കുറുകെ നീന്താൻ ഒരുങ്ങുന്നത്.
രാവിലെ 7.30ന് ചേർത്തല കൂമ്പേൽകടവിൽനിന്നു വൈക്കം കായലോര ബീച്ച് വരെയുള്ള ഒൻപത് കിലോമീറ്റർ ദൂരമാണ് നീന്തുന്നത്. കോതമംഗലം ഡോൾഫിൻ അക്വാട്ടിക് ക്ലബ്ബിലെ പരിശീലകൻ ബിജുതങ്കപ്പനാണ് നൈവേദ്യയെയും നിഹാരികയെയും നീന്തൽ പരിശീലിപ്പിച്ചത്.
കഴിഞ്ഞ മധ്യവേനലവധി മുതലാണ് ഈ അഞ്ചുവയസുകാരികൾ നീന്തൽ പഠിച്ചുതുടങ്ങിയത്. നീന്തൽ പരിശീലകനായ റിട്ട.ഫയർ ഓഫീസർ ടി. ഷാജികുമാറാണ് നീന്തലിന്റെ ബാലപാഠങ്ങൾ പഠിപ്പിച്ചത്
District News
വൈക്കം: വിൻസെൻഷ്യൻ സഭാ സ്ഥാപകനും തോട്ടകം സെന്റ് ഗ്രിഗോറിയോസ് പള്ളിയുടെ ആരംഭകനുമായ ദൈവദാസൻ കാട്ടറാത്ത് വർക്കി അച്ചന്റെ 94-ാം ചരമവാർഷികാചരണം തോട്ടകം സെന്റ് ഗ്രിഗോറിയോസ് ദേവാലയത്തിൽ ഇന്ന് നടക്കും.
രാവിലെ ഒൻപതിന് ജപമാല, 9.45ന് വചനശുശ്രൂഷ: ഫാ. റോയി വാരകത്ത് വിസി. 10.30ന് സൗഖ്യാരാധന ഫാ. ആന്റണി തച്ചേത്തുകുടി വിസി, 11.15ന് വിശുദ്ധ കുർബാന. മാർ ജോസഫ് പാംപ്ലാനി മുഖ്യകാർമികത്വം വഹിക്കും. 12.45ന് കബറിടത്തിൽ പ്രാർഥന, സ്കോളർഷിപ് വിതരണം.
ചരമവാർഷികാചരണ ചടങ്ങുകൾക്ക് വിൻസെൻഷ്യൻ കോൺഗ്രിഗേഷൻ സുപ്പീരിയർ ജനറൽ ഫാ. പോൾ പുതുവ വിസി, തോട്ടകം ആശ്രമം സുപ്പീരിയർ ഫാ. ആന്റണി കോലഞ്ചേരി, തോട്ടകം സെന്റ് ഗ്രിഗോറിയോസ് പള്ളി വികാരി ഫാ.വർഗീസ് മേനാച്ചേരി വിസി എന്നിവർ നേതൃത്വം നൽകും.
District News
അയര്‍ക്കുന്നം: കാടുകയറിയും തുരുമ്പെടുത്തും മങ്ങിയും ദിശാ ബോര്‍ഡുകള്‍ നശിക്കുന്നതായി യാത്രക്കാര്‍. ദിശ സൂചിപ്പിച്ചും അപകട സൂചന നല്‍കിയും ക്രമീകരിച്ചിരിക്കുന്ന ഈ ബോര്‍ഡുകള്‍ ബഹുഭൂരിപക്ഷവും അപകടത്തിലാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇതെല്ലാം നിത്യേന കാണുന്ന അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുകയാണെന്നും എത്രയുംവേഗം ബോര്‍ഡുകള്‍ വൃത്തിയാക്കാന്‍ നടപടിസ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
ഒറവയ്ക്കല്‍ ചിറയില്‍ പാലത്തിനു സമീപത്തുള്ള അപകട സൂചനാ ബോര്‍ഡ് കാട്മൂടി. ഇവിടെ പതിവായി അപകട സാധ്യതാമേഖലയാണ്. ഒറവയ്ക്കല്നിന്നുള്ള വളവ് തിരിഞ്ഞ് കയറിവരുന്ന ഭാഗമാണ്. അടുത്തായി ഒരു വെയ്റ്റിംഗ് ഷെഡുമുണ്ട്.
കുറച്ചുകൂടി മുന്നോട്ടുപോകുമ്പോള്‍ അമയന്നൂര്‍ എന്നെഴുതിയ ബോര്‍ഡ് കാട്ടുചെടികൾ വിഴുങ്ങിയ നിലയിലാണ്.
അയര്‍ക്കുന്നം പോലീസ് സ്റ്റേഷന് കഴിഞ്ഞു കുറച്ചു മാറി ശബരിമല-മണര്‍കാട്-എരുമേലി എന്ന ബോര്‍ഡ് പെയിന്റ് മങ്ങി ചെളിപിടിച്ച നിലയിലാണ്. ഒരു വശത്തേക്ക് ചെരിവുമുണ്ട്.
അയര്‍ക്കുന്നം സെന്റ് സെബാസ്റ്റ്യന്‍സ് പള്ളിക്കു മുന്‍പായി സൂചനാ ബോര്‍ഡുകളിലേക്ക് കാടു കയറിയിട്ടുണ്ട്. ഇവയൊക്കെ നന്നാക്കുമെന്ന പ്രതീക്ഷയിലാണ് ഈ റൂട്ടിലെ യാത്രക്കാര്‍.
District News
അയര്‍ക്കുന്നം: ആറുമാനൂര്‍ ചെത്തുകുളം ടൂറിസം പദ്ധതി അവതാളത്തിൽ. ജലനിധി പദ്ധതിയുടെ ഭാഗമായി തീരദേശ റോഡുകൾ കുഴിച്ചതിനാലാണ് പദ്ധതി സ്തംഭനാവസ്ഥയിലായത്. രണ്ടു വര്‍ഷക്കാലമായി റോഡ് ഗതാഗത യോഗ്യമല്ല.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അനുവദിച്ച രണ്ടരക്കോടി രൂപ ചെലവഴിച്ച് നിര്‍മിച്ച ചെട്ടികുളം ടൂറിസം പദ്ധതി പ്രദേശമാണ് ജലവകുപ്പിന്റെ അലംഭാവത്തിൽ ഇല്ലാതായിക്കൊണ്ടിരിക്കുന്നത്.
രണ്ടു വര്‍ഷമായി ജൽജീവന്‍ പദ്ധതിയുടെ ഭാഗമായി പദ്ധതി പ്രദേശത്തെ ടൈല്‍ പാകിയ റോഡുകളും പദ്ധതി പ്രദേശത്തേക്കുള്ള റോഡുകളും കുഴിച്ച ശേഷം ടൈലുകളും കോണ്‍ക്രീറ്റ് പാളികളും മറ്റും സമീപ പുരയിടത്തിൽ കൂട്ടിയിട്ടിരിക്കുകയാണ്. റോഡ് മണ്ണും ചെളിയും കുഴികളും നിറഞ്ഞു പൊതുജനങ്ങള്‍ക്ക് നടക്കാന്‍പോലും കഴിയാത്ത അവസ്ഥയിലാണ്.
ഈ ഭാഗത്തൂടെ കടന്നുപോകേണ്ട ഇരുചക്രവാഹനങ്ങളടക്കമുള്ള വാഹനങ്ങൾ മറ്റു വഴികളിലൂടെ ദീര്‍ഘദൂരം സഞ്ചരിച്ചാണ് പോകുന്നത്. മീനച്ചിലാറിന്റെ തീരപ്രദേശമായ ഈ ഭാഗം കുഴിച്ചശേഷം പുനഃസ്ഥാപിക്കാത്തതിനാല്‍ റോഡ് ഏതുനിമിഷവും ഇടിഞ്ഞു മീനച്ചിലാറിലേക്ക് പതിക്കാനും ഇടയുണ്ട്. നിരവധി നിവേദനങ്ങള്‍ നല്‍കിയിട്ടും പരാതികള്‍ അറിയിച്ചിട്ടും യാതൊരു നടപടിയും സ്വീകരിക്കാന്‍ അധികൃതര്‍ തയാറായിട്ടില്ല. പ്രദേശത്തെ റോഡുകൾ ഉടന്‍ പുനഃസ്ഥാപിക്കാത്ത പക്ഷം വാട്ടര്‍ അഥോറിറ്റി ഓഫീസിനു മുന്നില്‍ സത്യഗ്രഹം ആരംഭിക്കുമെന്നു നാട്ടുകാര്‍ പറയുന്നു.
District News
ഭാര്യയെ കൊന്ന് കുഴിച്ച് മൂടിയ ഇതര സംസ്ഥാന തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം - അയർക്കുന്നം ഇളപ്പാനിയിലുണ്ടായ സംഭവത്തിൽ പശ്ചിമബംഗാൾ സ്വദേശിനി അൽപ്പാനയാണ് കൊല്ലപ്പെട്ടത്.
ഇവരുടെ ഭർത്താവ് സോണിയെ പോലീസ് കസ്റ്റഡിയിലെടുത്തു. നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ അറസ്റ്റിലായത്. ഭാര്യയെ കാണാനില്ലെന്ന് ഇയാൾ പരാതി നൽകിയിരുന്നു.
തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ കുടുങ്ങിയത്. പ്രതിയെ വിശദമായി ചോദ്യം ചെയ്തുവരുകയാണെന്ന് പോലീസ് പറഞ്ഞു.
NRI
ദോഹ: ഖത്തറിലെ കോട്ടയം നിവാസികളുടെ സംഘടനയായ അക്ഷര നഗരി അസോസിയേഷന്റെ ഓണാഘോഷം "അക്ഷരനഗരിയുടെ പൊന്നോണം 2K5' ഒലിവ് ഇന്റർനാഷണൽ സ്കൂൾ തുമാമ ക്യാമ്പസിൽ സംഘടിപ്പിച്ചു.
അക്ഷരനഗരി അസോസിയേഷൻ പ്രസിഡന്റ് വർഗീസ് വന്നല എബ്രഹാം അധ്യക്ഷത വഹിച്ച ചടങ്ങിൽ ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ഡോ. ഈഷ് സിംഗാൾ ഓണാഘോഷം ഉദ്ഘാടനം ചെയ്തു.
ഐസിസി പ്രസിഡന്റ് എ.പി. മണികണ്ഠൻ, ഐസിബിഎഫ് പ്രസിഡന്റ് ഷാനവാസ് ടി. ബാവ, ജനറൽ സെക്രട്ടറി ദീപക് ഷെട്ടി, ഒലിവ് ഇന്റർനാഷണൽ സ്കൂൾ ഡയറക്ടർ ജീസ് ജോസഫ്, ദോഹ സെന്റ് പീറ്റേഴ്സ് ക്നാനായ പള്ളി വികാരി റവ. ഫാ. അജു തുടങ്ങി ഒട്ടേറെ പ്രമുഖർ ആശംസ നേർന്നു.
മനോഹരമായ അവതരണത്തിലൂടെ ആർ.ജെ. ജിബിൻ ആഘോഷത്തിന് വേറിട്ടൊരു ചാരുത നൽകി. 13 വയസുകാരിയായ നഥാനിയ ലെല വിപിന്റെ പ്രസംഗം ശ്രദ്ധേയമായി. കഴിഞ്ഞ അധ്യയന വർഷം പത്താം ക്ലാസ് പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച വിദ്യാർഥികളെ അക്ഷര നഗരി ആദരിച്ചു.
കല കായിക രംഗത്തു വ്യക്തിമുദ്ര പതിപ്പിച്ച അംഗങ്ങളെയും പരിപാടികൾക്ക് സ്പോൺസർഷിപ് നൽകിയവരെയും വിവിധ മേഖലകളിൽ പരിപാടിക്ക് സഹായം നൽകിയവരെയും അക്ഷര നഗരി അസോസിയേഷൻ ആദരിച്ചു.
District News
കോട്ടയം: കെഎസ്ആര്‍ടിസിയ്ക്കു സമീപം നടുറോഡില്‍ ബിയര്‍കുപ്പി എറിഞ്ഞുപൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാക്കളെക്കൊണ്ട് റോഡ് വൃത്തിയാക്കിച്ച് പോലീസ്. സംഭവത്തിൽ പോലീസ് രണ്ട് യുവാക്കൾക്കെതിരെ കേസെടുത്തു.
വെള്ളിയാഴ്ച രാത്രി 10.30 ഓടെയായിരുന്നു സംഭവം. റോഡിലാകെ ചില്ല് ചിതറിക്കിടന്നതിനെത്തുടര്ന്ന് നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
ഇതോടെ സംഘത്തിലെ ഒരാള്‍ ഓടിരക്ഷപെട്ടു. മറ്റൊരാളെ നാട്ടുകാര്‍ ചേര്‍ന്ന് പിടികൂടി. തുടര്‍ന്ന് സമീപത്തെ കടയില്‍ നിന്നും ചൂല് വാങ്ങിയ ശേഷം റോഡ് അടിച്ചു വൃത്തിയാക്കിച്ചു. സ്റ്റേഷനില്‍ എത്തിച്ച് കേസ് രജിസ്റ്റര്‍ ചെയ്തശേഷം വിട്ടയച്ചു.
District News
കോട്ടയം: കാണക്കാരി കപ്പടക്കുന്നേൽ ജെസി(50)യുടെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊല നടത്തിയതിന് ശേഷം കാണക്കാരിയിൽ നിന്ന് കാറിലാണ് ഭർത്താവ് സാം(59) മൃതദേഹം ചെപ്പുകുളത്ത് എത്തിച്ചത്.
ചെപ്പുകുളം ചക്കുരംമാണ്ടിലെ കൊക്കയിൽ കഴിഞ്ഞ ദിവസമാണ ജെസിയുടെ മൃതദേഹം കണ്ടെത്തിയത്. സാമിന്റെ ആദ്യഭാര്യ ഉപേക്ഷിച്ചുപോയശേഷം 1994ലാണ് ജെസിയെ വിവാഹം ചെയ്തത്.
എന്നാൽ വഴക്കിനെ തുടർന്ന് 15 വർഷമായി കാണക്കാരി രത്നഗിരിപ്പള്ളിക്ക് സമീപമുള്ള വീട്ടിൽ രണ്ട് നിലകളിലായാണ് ഇരുവരും താമസിച്ചിരുന്നത്. ഈ വീട്ടിൽ സമാധാനപരമായി താമസിക്കാൻ നൽകിയ കേസിൽ ജെസിക്ക് പോലീസ് സംരക്ഷണം ഏർപ്പെടുത്തി 2018ൽ പാല അഡീഷണൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടിരുന്നു.
സാമിന് ഇതേ വീട്ടിൽതന്നെ താമസിക്കാൻ ജെസി അനുവാദം നൽകി. വീട്ടിൽ കയറാതെ പുറത്തുനിന്ന് സ്റ്റെയർക്കെയ്സ് പണിതാണ് സാമിന് രണ്ടാംനിലയിൽ താമസസൗകര്യമൊരുക്കിയത്.
സാം വിദേശവനിതകൾ ഉൾപ്പെടെയുള്ളവരുമായി പരസ്യബന്ധം പുലർത്തിയിരുന്നത് ജെസി ചോദ്യംചെയ്തിരുന്നു. ഇരുനിലവീട്ടിൽ പരസ്പരബന്ധമില്ലാതെ താമസിച്ചിരുന്ന സമയങ്ങളിൽ ഇയാൾ വിദേശ വനിതകൾ ഉൾപ്പെടെയുള്ളവരുമായി ജെസിയുടെ കൺമുമ്പിലൂടെ വീട്ടിൽ എത്തിയിരുന്നു.
ഇവിടേക്ക് എത്തിയ സ്ത്രീകളോട് താൻ അവിവാഹിതനാണെന്ന് പറഞ്ഞാണ് എത്തിച്ചിരുന്നതും. എന്നാൽ വീട്ടിലെത്തുന്ന സ്ത്രീകളോട് താൻ സാമിന്റെ ഭാര്യയാണെന്നും മൂന്ന് മക്കളുണ്ടെന്നും ജെസി അറിയിച്ചിരുന്നു. ഇതോടെ പലരും വീട്ടിൽനിന്നും അപ്പോൾ തന്നെ മടങ്ങിയിരുന്നു.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ വിയറ്റ്നാം സ്വദേശിനിയായ സ്ത്രീ താൻ ചതിക്കപ്പെട്ടാണ് ഇവിടെ എത്തിയതെന്നും തന്നോട് ക്ഷമിക്കണമെന്നും ജെസിയോട് പറഞ്ഞാണ് മടങ്ങിയത്. ജെസിയുടെ മൊബൈൽ നമ്പറും ഇവർ മേടിച്ചിരുന്നു. വിയറ്റ്നാം സ്വദേശിനിയെ സാം നിരന്തരമായി ഫോണിൽ ബന്ധപ്പെട്ടെങ്കിലും ഇവർ ഒഴിഞ്ഞുമാറി.
തന്റെ ബന്ധം തകർത്ത ജെസിയെയും മകനായ സാന്റോയെയും കൊലപ്പെടുത്തുമെന്ന് ഇയാൾ വിദേശ വനിതയെ അറിയിച്ചു. ഇതിൽ ഭയന്ന ഇവർ വേഗം ഈ വിവരം മെസേജിലൂടെ ജെസിയെ അറിയിച്ചു.
പരിചയമില്ലാത്തവരുമായി അധികം ബന്ധം സ്ഥാപിക്കരുതെന്നും സാം നിങ്ങളെ ഏതുവിധേനയും കൊലപ്പെടുത്താൻ ശ്രമിക്കുമെന്നും അറിയിച്ചു. ഇതേ തുടർന്ന് കുറേ മാസത്തേക്ക് ജെസി വളരെ കരുതലോടെയാണ് വീട്ടിൽ താമസിച്ചതെന്ന് ഇവരുടെ അഭിഭാഷകനായ അഡ്വ. ശശികുമാർ പറഞ്ഞു.
ആറുമാസമായി എംജി യൂണിവേഴ്സിറ്റിയിൽ ടൂറിസം ബിരുദാനന്തര കോഴ്സ് പഠിക്കുകയായിരുന്നു സാം. ഇതിനിടെ സാം, ഭാര്യയെ ഈ വീട്ടിൽനിന്നും മാറ്റി മറ്റൊരിടത്ത് താമസിപ്പിക്കാൻ കോടതിയെ സമീപിച്ചു. എന്നാൽ, ജെസി കോടതിയിൽ ഇതിനെ എതിർത്തു.
തനിക്കെതിരായി കോടതിയിൽനിന്ന് വിധി വന്നേക്കുമെന്ന് കരുതിയ സാം ഇവരെ കൊല്ലുകയായിരുന്നു. 26ന് വൈകിട്ട് ആറിന് വീട്ടിലെത്തിയ സാമും വീട്ടിലുണ്ടായിരുന്ന ജെസിയും തമ്മിൽ സിറ്റൗട്ടിൽ വച്ചുതന്നെ വാക്കുതർക്കം ഉണ്ടായി. കൈയിൽ കരുതിയിരുന്ന മുളക് സ്പ്രേ പ്രയോഗിച്ചതിന് ശേഷം സാം, ജെസിയെ കിടപ്പുമുറിയിലേക്ക് വലിച്ചുകൊണ്ടുപോയി. തുടർന്ന് ശ്വാസം മുട്ടിച്ചുകൊല്ലുകയായിരുന്നു.
അടുത്തദിവസം പുലർച്ചെ കാറിൽ ചെപ്പുകുളം ചക്കുരംമാണ്ട് ഭാഗത്ത് എത്തി. റോഡിൽനിന്ന് മൃതദേഹം കൊക്കയിലേക്ക് തള്ളിയിട്ടു.
29ന് ജെസിയെ സുഹൃത്ത് ഫോണിൽ വിളിച്ചിട്ടും കിട്ടിയില്ല. ഇതോടെ ഇവർ കുറവിലങ്ങാട് പോലീസിൽ പരാതിപ്പെട്ടു. ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ഇയാൾ ബംഗളൂരുവിലുണ്ടെന്ന് മനസലാക്കി.
പോലീസ് ബംഗുളൂരുവിലെത്തിയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ജെസിയുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ മക്കളായ സ്റ്റെഫി സാം, സോനു സാം, സാന്റോ സാം എന്നിവർ വിദേശത്താണ്.
വൈക്കം ഡിവൈഎസ്പി ടി.പി. വിജയന്റെ നേതൃത്വത്തിൽ കുറവിലങ്ങാട് എസ്എച്ച് ഇ.അജീബ്, എസ്ഐ മഹേഷ് കൃഷ്ണൻ, എഎസ്ഐ ടി.എച്ച്. റിയാസ്, സിപിഒ പ്രേംകുമാർ എന്നിവർ ചേർന്നാണ് സാമിനെ അറസ്റ്റ് ചെയ്തത്.
വിവാഹിതരായത് മുതൽ ജെസി നേരിട്ടത് വലിയ പീഡനങ്ങളായിരുന്നു. 2008ൽ സൗദിയിൽ ഒരുമിച്ച് താമസിച്ചിരുന്ന സമയത്ത് മറ്റൊരു വിദേശ വനിതയുമായിട്ടുള്ള ബന്ധം ചോദ്യം ചെയ്തതിന് ക്രൂര പീഡനമാണ് ജെസി നേരിടേണ്ടി വന്നിട്ടുള്ളത്.
വാതിലിന്റെ ലോക്ക് ഊരി പലതവണ തലയിൽ അടിച്ചു. ബോധരഹിതയായ ജെസി രണ്ട് മാസത്തോളം വെന്റിലേറ്ററിലായിരുന്നു. പോലീസിനോട് അന്ന് ബാത്ത്റൂമിൽ തലയടിച്ച് വീണെന്നാണ് സാം പറഞ്ഞിരുന്നത്.
ജെസി സ്വബോധത്തോടെ സംസാരിക്കാൻ തുടങ്ങിയപ്പോൾ, തനിക്ക് തെറ്റ് പറ്റിയെന്നും ഇനി ആവർത്തിക്കില്ലെന്നും പറഞ്ഞതോടെ ജെസി പോലീസിൽ പരാതിപ്പെട്ടില്ല. പിന്നീടും ഇയാൾ പലതവണ ഇവരെ ഉപദ്രവിക്കാൻ ശ്രമിച്ചപ്പോഴും ഇവർ മക്കളെ ഓർത്ത് പലതും സഹിക്കുകയായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.
District News
കോട്ടയം: എൻഎസ്എസിനെ അനുനയിപ്പിക്കാള്ള ശ്രമം കോൺഗ്രസ് തുടരുന്നതിനിടെ പെരുന്നയിലെത്തിയ നേതാക്കളോട് അതൃപ്തി പ്രകടമാക്കി എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായര്‍.
സമദൂരത്തിൽ മാറ്റമില്ലെന്ന് സുകുമാരൻ നായര്‍ പറഞ്ഞെങ്കിലും നിലവിലെ സംസ്ഥാന നേതൃത്വത്തോട് അകലമുണ്ടെന്ന് കൂടിക്കാഴ്ച നടത്തിയ നേതാക്കളോട് അദ്ദേഹം സൂചിപ്പിച്ചെന്നാണ് വിവരം. ശബരിമല വിഷയത്തിൽ നേതൃത്വം എൻഎസ്എസുമായി കൂടിയാലോചന നടത്താത്തതിലാണ് അദ്ദേഹം നീരസം പ്രകടിപ്പിച്ചത്.
ആഗോള അയപ്പ സംഗമത്തിൽ തീരുമാനമെടുക്കും മുമ്പ് യുഡിഎഫ് നേതൃത്വം നിലപാട് അറിയിച്ചില്ല. വിശ്വാസ പ്രശ്നങ്ങളിൽ കൂടിയാലോചന നടത്തുന്നില്ല. മുമ്പ് ഇത്തരം വിഷയങ്ങളിൽ കോണ്‍ഗ്രസ് നേതാക്കള്‍ എൻഎസ്എസുമായി ആശയ വിനിമയം നടത്തിയിരുന്നുവെന്നും കൂടിക്കാഴ്ച നടത്തിയ നേതാക്കളോട് സുകുമാരൻ നായര്‍ പറഞ്ഞെന്നാണ് വിവരം.
പി.ജെ കുര്യൻ, കൊടിക്കുന്നിൽ സുരേഷ്, തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ എന്നിവരാണ് ജനറൽ സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തിയത്.
ശബരിമല വിഷയത്തില്‍ എന്‍എസ്എസ് എല്‍ഡിഎഫിനൊപ്പമാണെന്ന ജി. സുകുമാരന്‍ നായരുടെ പ്രസ്താവനയാണ് വിവാദങ്ങള്‍ക്കിടയാക്കിയത്. അയ്യപ്പസംഗമം ബഹിഷ്കരിച്ച കോണ്‍ഗ്രസിനെ വിമര്‍ശിച്ച സുകുമാരന്‍ നായര്‍, കോണ്‍ഗ്രസിനു ഹിന്ദുവോട്ട് വേണ്ടെന്നും ശബരിമലയില്‍ ആചാരം സംരക്ഷിക്കാന്‍ കേന്ദ്രം ഒന്നും ചെയ്യുന്നില്ലെന്നും ആരോപിച്ചിരുന്നു.
രാഷ്ട്രീയ പാര്‍ട്ടികളോടുള്ള സമദൂര നിലപാടില്‍നിന്നും എന്‍എസ്എസ് വ്യതിചലിക്കുകയും ഇടതുപക്ഷത്തോട് അടുക്കുകയാണെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഓരോരുത്തരായി ജി. സുകുമാരന്‍ നായരെ സന്ദര്‍ശിക്കുന്നത്.
എന്നാല്‍, സുകുമാരന്‍ നായരെ കണ്ടതില്‍ രാഷ്ട്രീയമില്ലെന്നും പതിവ് സന്ദര്‍ശനം മാത്രമാണെന്നും, ചങ്ങനാശേരി ഉള്‍പ്പെടുന്ന സ്ഥലത്തെ എംപി എന്ന നിലയില്‍ നാട്ടിലെ വികസന കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് സുകുമാരന്‍ നായരെ കണ്ടതെന്നും മറ്റ് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട സാഹചര്യമുണ്ടാകുമ്പോള്‍ ചര്‍ച്ച ചെയ്യുമെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി പറഞ്ഞിരുന്നു.
District News
കോട്ടയം: ശബരിമല വിഷയത്തിലെ സുകുമാരൻ നായരുടെ നിലപാട് മാറ്റത്തിൽ പ്ര തിഷേധിച്ച് എൻഎസ്എസ് അംഗത്വം രാജി വച്ച് കുടുംബം. ചങ്ങനാശേരി പുഴവാതി ൽ ഒരു കുടുംബത്തിലെ നാലുപേരാണ് എൻഎസ്എസ് അംഗത്വം രാജിവച്ചത്.
പുഴവാത് സ്വദേശി ഗോപകുമാർ സുന്ദരൻ, ഭാര്യ അമ്പിളി ഗോപകുമാർ, മക്കളായ ആകാശ് ഗോപൻ ഗൗരി ഗോപൻ എന്നിവരാണ് അംഗത്വം രാജിവച്ചത്. സുകുമാരൻ നായരുടെ നിലപാട് മാറ്റത്തിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് ഗോപകുമാർ പറ ഞ്ഞു.
എൻഎസ്എസ് കരയോഗം 253 ലെ അംഗങ്ങളാണ് രാജിവച്ച കുടുംബം. കരയോഗം സെക്രട്ടറിക്കും പ്രസിഡണ്ടിൻ്റിനും രാജിക്കത്ത് കൈമാറി. ജനറൽ സെക്രട്ടറിയുടെ രാഷ്ട്രീയ ചായ്വും പക്ഷപാതപരമായ അഭിപ്രായപ്രകടനങ്ങളും രാജിക്ക് കാരണമെ ന്നും കത്തിൽ പറയുന്നു.
NRI
കോട്ടയം: അയർലൻഡ് മലയാളിയെ കോട്ടയത്ത് ഫ്ലാറ്റിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി. വാകത്താനം പുല്ലുകാട്ടുപടി സ്വദേശി ജിബു പുന്നൂസ്(49) ആണ് മരിച്ചത്.
ജിബുവിനെ ഫ്ലാറ്റിന് പുറത്തേക്ക് കാണാതിരുന്നതിനെ തുടർന്ന് ജീവനക്കാർ കോട്ടയം വെസ്റ്റ് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് നിഗമനം. പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് റിപ്പോർട്ട്. ഡബ്ലിനിലെ തലായിലാണ് ജിബു കുടുംബമായി താമസിച്ചിരുന്നത്.
ഭാര്യ: സന്ധ്യ. മക്കൾ: സാറ, ജുവാൻ. വാകത്താനം നടപ്പുറത്ത് പരേതനായ എൻ. സി. പുന്നൂസ് - ചക്കുപുരയ്ക്കൽ ആനിയമ്മ പുന്നൂസ് (റിട്ട. അധ്യാപിക) ദമ്പതികളുടെ മകനാണ്. സഹോദരി: ജിനു പുന്നൂസ് (ഡപ്യൂട്ടി കളക്ടർ, കോട്ടയം).
സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് വാകത്താനം സെന്റ് ജോൺസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ.
Kerala
തിരുവനന്തപുരം: കോഴിക്കോട്, കോട്ടയം കളക്ട്രേറ്റുകളിൽ ബോംബ് ഭീഷണി. കോഴിക്കോട് കളക്ട്രേറ്റിലെ ബി ബ്ലോക്കിൽ ബോംബ് വെച്ചിട്ടുണ്ടെന്നാണ് ഔദ്യോഗിക ഇ-മെയിൽ ഐഡിയിലേക്ക് എത്തിയ സന്ദേശം. ഇതിനു പിന്നാലെ കളക്ട്രേറ്റിൽ പോലീസും ഡോഗ് സ്ക്വാഡും പരിശോധന നടത്തുകയാണ്.
അതേസമയം കോട്ടയം കളക്ട്രേറ്റിലെ വനിതാ ശിശുക്ഷേമ വകുപ്പ് ഓഫീസിനെതിരെയാണ് ഭീഷണി ഇ-മെയിൽ സന്ദേശം ലഭിച്ചത്. ഇ-സിഗരറ്റിന്റെ രൂപത്തിലുള്ള ബോംബ് ഉച്ചയ്ക്ക് ഒന്നരയ്ക്ക് പൊട്ടുമെന്നും ജീവനക്കാരെ എല്ലാം ഒഴിപ്പിക്കണമെന്നും സന്ദേശത്തിൽ പറയുന്നു.
ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധന നടത്തി വരികയാണ്. മദ്രാസ് ടൈഗേർസ് എന്ന പേരിലാണ് സന്ദേശം വന്നത്.
Kerala
കോട്ടയം: ഇരുമ്പുകമ്പി കയറ്റിയ വന്ന നാഷണല്‍ പെര്‍മിറ്റ് ലോറി ഡിവൈഡറിലേക്ക് ഇടിച്ചുകയറി മറിഞ്ഞു. ഇന്നു പുലര്‍ച്ചെ മൂന്നിന് ചിങ്ങവനം ഗോമതിക്കവലയിലാണ് അപകടമുണ്ടായത്.
ലോഡുമായി ചിങ്ങവനം ഭാഗത്തേക്കു വരികയായിരുന്ന ലോറി നിയന്ത്രണം നഷ്ടമായി ഡിവൈഡറില്‍ ഇടിച്ചു കയറി മറിയുകയായിരുന്നു.
അപകടത്തെത്തുടര്‍ന്ന് ഇരുമ്പുകമ്പി റോഡില്‍ ചിതറിക്കിടന്നു. ഇതോടെ എംസി റോഡില്‍ ഗതാഗത തടസവുമുണ്ടായി. ചിങ്ങവനം പേലീസ് സ്ഥലത്ത് എത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. ക്രെയിന്‍ ഉപയോഗിച്ചാണ് സ്ഥലത്തുനിന്ന് ലോറി ഉയര്‍ത്തി മാറ്റിയത്.
Kerala
കോട്ടയം: കോട്ടയം ജില്ലയുടെ അമ്പതാമത് കളക്ടറായി ചേതൻ കുമാർ മീണ ചുമതലയേറ്റു. ഇന്നു രാവിലെ കളക്ട്രേറ്റിലെത്തിയ അദ്ദേഹത്തിന് സ്ഥാനമൊഴിയുന്ന ജില്ലാ കളക്ടർ ജോണ്‍ വി. സാമുവൽ ചുമതല കൈമാറി.
2018 ബാച്ച് ഉദ്യോഗസ്ഥനായ ചേതൻ കുമാർ മീണ ന്യൂഡൽഹി കേരള ഹൗസ് അഡീഷണൽ റെസിഡന്റ് കമ്മിഷണർ ചുമതല നിർവഹിച്ചുവരികയായിരുന്നു. രാജസ്ഥാനിലെ ദോസ ജില്ലക്കാരനാണ്.
പാലക്കാട് അസിസ്റ്റന്റ് കളക്ടർ ആയിട്ടായിരുന്നു തുടക്കം. നെടുമങ്ങാട് സബ് കളക്ടർ, എറണാകുളം ഡിസ്ട്രിക് ഡവലപ്മെന്റ് കമ്മിഷണർ, സാമൂഹികനീതി വകുപ്പ് ഡയറക്ടർ എന്നീ ചുമതലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
Leader Page
ആർച്ച്ബിഷപ് മാത്യു മൂലക്കാട്ട്
(കോട്ടയം അതിരൂപത മെത്രാപ്പോലീത്താ)
കോട്ടയം അതിരൂപതയ്ക്കും ക്നാനായ ജനതയ്ക്കും അവിസ്മരണീയ സംഭാവനകൾ ചെയ്ത രണ്ടു മഹാരഥന്മാരുടെ സ്മരണ ഒന്നിച്ചാചരിക്കുന്ന സവിശേഷ മുഹൂർത്തമാണിത്. കോട്ടയം വികാരിയാത്തിന്റെ പ്രഥമ മെത്രാനെന്ന നിലയിൽ രൂപതയ്ക്ക് ഒരു വിദഗ്ധ ശില്പിയെപ്പോലെ അസ്തിവാരമിട്ട പുണ്യചരിതനാണ് മാർ മത്തായി മാക്കീൽ. അദ്ദേഹത്തിന്റെ വീരോചിത സുകൃതങ്ങൾ അംഗീകരിച്ച് ധന്യൻ എന്ന നാമധേയത്തിന് അദ്ദേഹം അർഹനാണെന്ന് തിരുസഭ പ്രഖ്യാപിച്ചിരിക്കുകയാണ്. ഇന്നു നാം അനുസ്മരിക്കുന്ന രണ്ടാമത്തെ വ്യക്തി ക്രാന്തദർശിയായ മാർ തോമസ് തറയിലാണ്. രൂപതയുടെ തൃതീയ മേലധ്യക്ഷനായിരുന്ന അദ്ദേഹം കാലംചെയ്തിട്ട് അര നൂറ്റാണ്ടു പൂർത്തിയാകുന്നു. മാക്കീൽ പിതാവും തുടർന്ന് ചൂളപ്പറന്പിൽ പിതാവും കണ്ട മഹാസ്വപ്നങ്ങൾ സാക്ഷാത്കരിക്കാനും അവർ ആരംഭമിട്ട രൂപതാസൗധം പടുത്തുയർത്താനും തറയിൽ പിതാവ് ചെയ്ത കഠിനാധ്വാനം ചരിത്രത്തിന്റെ ഭാഗമാണ്.
ഈ രണ്ടു പിതാക്കന്മാരും നേതൃത്വം കൊടുത്തതും തുടങ്ങിവച്ചതുമായ പ്രസ്ഥാനങ്ങൾ അവരുടെ ആദർശലക്ഷ്യങ്ങൾക്കനുസൃതം വളർത്തി വലുതാക്കുകയെന്നതാണ് നാമേവരുടെയും ദൗത്യം. അവയുടെ ഗുണഫലങ്ങൾ അനുഭവിക്കുന്ന നമുക്ക് അവരോടു കൃതജ്ഞരായിരിക്കേണ്ടതു വെറും കടമ മാത്രമാണ്. രൂപതാ മെത്രാന്മാർ എന്ന നിലയിൽ അവർ ഇരുവരുടെയും പ്രഥമശ്രദ്ധ സ്വന്തം ജനതയുടെ ഉന്നമനമായിരുന്നു എന്നതിൽ തർക്കമില്ല. എന്നാൽ അതൊരിക്കലും സങ്കുചിതമായ ജാതിമത ചിന്തകൾകൊണ്ടു പരിമിതപ്പെടുത്തിയിരുന്നുമില്ല. കേരളവും ഭാരതവും പോലെയുള്ള ഒരു ബഹുസ്വരസമൂഹത്തിൽ അത്തരം വിഭാഗീയ പ്രവണതകൾകൊണ്ടു പൊതുസമൂഹത്തിന്റെ പിന്തുണ ആർജിക്കാൻ സാധ്യമല്ലല്ലോ. ഓരോ ജനവിഭാഗത്തിന്റെയും ഉന്നമനവും പുരോഗതിയും സമൂഹത്തിന്റെ ആകമാനമുള്ള വികസനത്തിന് ആക്കം കൂട്ടുകതന്നെ ചെയ്യും, കാട്ടരുവികളും ചെറുനദികളും വ്യത്യസ്ത നീരൊഴുക്കുകളായി ഉത്ഭവിച്ച് ഒരു വൻനദിയായി ഒന്നിച്ചൊഴുകുംപോലെയാണത്.
മാക്കീൽ പിതാവ് കോട്ടയം രൂപതാധ്യക്ഷനാകുന്നതിനു മുന്‍പ് ഏതാണ്ട് 15 കൊല്ലം അവിഭക്ത ചങ്ങനാശേരി വികാരിയാത്തിന്റെ തലവനായിരുന്നു. അതിനു മുന്‍പുതന്നെ വിവിധ തലങ്ങളിൽ വികാരിയാത്തിനെ അടുത്തറിയാൻ അദ്ദേഹത്തിന് അവസരം കിട്ടി. അജഗണങ്ങളുടെ ആത്മീയജീവിതം പരിപോഷിപ്പിക്കുക, സഭാത്മക ജീവിതം കെട്ടിപ്പടുക്കുക എന്നിവയായിരുന്നു അദ്ദേഹത്തിന്റെ മുഖ്യപ്രവർത്തനപദ്ധതി. പിന്നീട് സീറോ മലബാർ സഭയിലാകമാനം രൂപതാ ഭരണത്തിന് ഉപാദാനമായി വർത്തിച്ച ദെക്രെത്തു പുസ്തകം അദ്ദേഹത്തിന്റെ അതുല്യ സംഭാവനയാണ്.
വിസിറ്റേഷൻ സന്യാസിനീസമൂഹത്തിന്റെ സ്ഥാപനവും തുല്യപ്രാധാന്യമുള്ളതാണ്. സമർപ്പിത ചേതസുകളായ സന്യാസിനിമാരുടെ സഭാശുശ്രൂഷ അജപാലനരംഗത്തു മാത്രമല്ല, സാമൂഹ്യസേവന-ആരോഗ്യശുശ്രൂഷാ-വിദ്യാഭ്യാസ-തൊഴിൽ മേഖലകളിലെല്ലാം വരുത്തിയ വിപ്ലവകരമായ മാറ്റങ്ങൾക്ക് കേരളീയസമൂഹം സാക്ഷിയാണ്. സമൂഹനിർമിതിയിൽ സ്ത്രീജനങ്ങളുടെ പങ്കിനെപ്പറ്റി പറയുന്പോൾ അത് സ്ത്രീ-പുരുഷ സമത്വത്തിന് എതിരാണെന്ന് വ്യാഖ്യാനിക്കുക ശരിയല്ല. സ്ത്രീക്കും പുരുഷനൊപ്പം തുല്യതയും മഹത്വവുമുണ്ട്.
അതുകൊണ്ടുതന്നെ സ്ത്രീകളെ അവഗണിച്ചുകൊണ്ടുള്ള സാമൂഹ്യ പുരോഗതി അചിന്ത്യമാണ്. സ്ത്രീകളെ പൊതുജീവിതത്തിന്റെ വിവിധ ധാരകളുമായി സംയോജിപ്പിക്കുന്നതിനും അവരുടെ ആത്മാഭിമാനം ഉണർത്തി ഉത്തമപൗരരാക്കി പരിവർത്തിപ്പിക്കുന്നതിനും നമ്മുടെ സന്യാസിനീ സമൂഹങ്ങൾ നിസ്തുലമായ സംഭാവനകളാണു നല്‍കിയിട്ടുള്ളത്. സീറോമലബാർ സഭയിലെ മൂന്നാമത്തെ സന്യാസിനീ സമൂഹത്തിന്റെ സ്ഥാപകൻ എന്ന നിലയിൽ മാക്കീൽ പിതാവിന്റെ ദീർഘവീക്ഷണത്തിനും നേതൃവൈഭവത്തിനും നാം ഏറെ കടപ്പെട്ടിരിക്കുന്നു.
മാക്കീൽ പിതാവിനെ ധന്യപദവിയിലേക്കുയർത്തിയതിന് കൃതജ്ഞതയർപ്പിക്കുന്ന ഈ സന്ദർഭത്തിൽ അദ്ദേഹത്തിന്റെ ആത്മീയ നേതൃത്വത്തിന്റെ സവിശേഷതകളും ചർച്ച ചെയ്യപ്പെടേണ്ടതാണ്. രൂപതാംഗങ്ങളുടെ ആത്മീയവളർച്ചയ്ക്കായി അദ്ദേഹം തയാറാക്കിയ ഇടയലേഖനങ്ങൾ ഇന്നും പ്രസക്തമാണ്. മദ്യവിപത്ത് പോലെയുള്ള സാമൂഹ്യതിന്മകൾക്കെതിരേ അക്കാലത്തുതന്നെ അദ്ദേഹം മുന്നറിയിപ്പു നൽകിയിരുന്നു. വിശ്വാസപരിശീലനത്തിന് വേദോപദേശഗ്രന്ഥം പ്രസിദ്ധീകരിച്ചു. അതോടൊപ്പം സ്വയം ആത്മീയസപര്യ ഒരു യഥാർഥ ദൈവോപാസകനെപ്പോലെ ആചരിക്കുകയും ചെയ്തു. ഉപദേശിക്കുന്ന സുകൃതങ്ങൾ സ്വയം അനുഷ്ഠിച്ചു പരിശീലിച്ച അദ്ദേഹം അങ്ങനെയാണ് രൂപതാധ്യക്ഷൻ എന്ന ആത്മീയഗുരുവുമായി പരിണമിച്ചത്. ഭരണാധികാരിയായിരിക്കുന്പോൾതന്നെ തികഞ്ഞ ആത്മീയ മനുഷ്യനുമായിരിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. പ്രാർഥനയായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളുടെ ഊർജം. ആ ഊർജമാണ് അദ്ദേഹത്തിൽ വിളങ്ങിയിരുന്ന സുകൃതങ്ങളുടെയെല്ലാം പ്രഭവസ്ഥാനം. നേരിടേണ്ട സഹനങ്ങളെ അതിജീവിക്കാൻ അദ്ദേഹത്തെ പ്രാപ്തനാക്കിയതും പ്രാർഥനയിൽനിന്നു കൈവന്ന ആത്മീയശക്തിയായിരുന്നു.
കോട്ടയം രൂപതയുടെയും ക്നാനായ ജനതയുടെയും ഭാഗധേയം നിർണയിക്കുന്നതിൽ നിസ്തുലമായ പങ്കുവഹിച്ച പ്രതിഭാധനനാണ് മാർ തോമസ് തറയിൽ പിതാവ്. വ്യക്തിപ്രഭാവവും ബുദ്ധിവൈഭവവും ഒത്തിണങ്ങിയ അപൂർവ വ്യക്തിത്വം. ദൈവശാസ്ത്ര-സെക്കുലർ വിഷയങ്ങളിൽ മികച്ച വിദ്യാഭ്യാസം നേടാൻ വന്ദ്യ ചൂളപ്പറന്പിൽ പിതാവ് അദ്ദേഹത്തിന് അവസരം നല്‍കിയത്, അദ്ദേഹത്തിൽ തന്റെ പിൻഗാമിയെ ദർശിച്ചുകൊണ്ടായിരിക്കണം.
ആ ദീർഘദർശിത്വം ശരിയായിരുന്നുവെന്ന് കാലം തെളിയിച്ചു. തന്റെ നേതൃപാടവവും ഇച്ഛാശക്തിയും വ്യക്തിജീവിതത്തിൽ പുലർത്തിയ അച്ചടക്കവും നിസ്വാർഥതയുമൊക്കെ അദ്ദേഹത്തിന്റെ വ്യക്തിത്വത്തിനു പരഭാഗശോഭപകർന്നു. ക്നാനായ സമുദായം ഉൾപ്പെട്ടിരിക്കുന്ന സീറോമലബാർ സഭയുടെ അനന്യതയും വ്യക്തിത്വവും സാഭിമാനം അദ്ദേഹം ഉയർത്തിപ്പിടിക്കുകയുണ്ടായി. സഭയിലെ ഇതര മെത്രാന്മാരോട് അദ്ദേഹം പുലർത്തിയിരുന്ന സഹോദരനിർവിശേഷമായ ആദരവും സ്നേഹവും എടുത്തുപറയേണ്ടതാണ്.
മെത്രാന്റെ പ്രഥമ കർത്തവ്യം രൂപതയിലെ ദൈവജനത്തിന്റെ ആത്മീയാഭിവൃദ്ധിയാണെന്നുള്ള ഉറച്ച ബോധ്യം തറയിൽ പിതാവിന്റെ എല്ലാ പ്രവർത്തനങ്ങളിലും നിഴലിച്ചിരുന്നു. അവരെ പഠിപ്പിക്കാൻവേണ്ടി അദ്ദേഹം പഠിച്ചു. വായനയും ധ്യാനവും അദ്ദേഹം മുടക്കിയിരുന്നില്ല. പഠനവും പ്രാർഥനയും വഴി കൈവന്ന ജ്ഞാനം, തികഞ്ഞ ഹൃദയപരമാർഥത, ദൈവജനത്തോടും സഭാ പ്രബോധനങ്ങളോടുമുള്ള വിശ്വസ്തത മുതലായവയൊക്കെ അദ്ദേഹത്തിന്റെ വാക്കിലും എഴുത്തിലും വിളങ്ങിനിന്നു. ഭക്തകൃത്യങ്ങളും കൂദാശകളും അനുഷ്ഠിക്കുന്നതിൽ ഒരു വീഴ്ചയും വരുത്താൻ അദ്ദേഹം തന്നെത്തന്നെ അനുവദിച്ചിരുന്നില്ല.
വിദ്യാഭ്യാസപ്രവർത്തനങ്ങളുടെയും ആതുരസേവനത്തിന്റെയും സാമൂഹ്യശുശ്രൂഷയുടെയും പേരിലാണ് തറയിൽ പിതാവ് കൂടുതലായി ആദരിക്കപ്പെടുന്നത്. പതിനേഴു വർഷം ഹൈസ്കൂളിൽ പ്രധാനാധ്യാപകനായിരുന്ന പിതാവ് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം നന്നായി മനസിലാക്കിയിരുന്നു. ഉത്തമവിദ്യാഭ്യാസമാണ് ഉത്തമതലമുറയെ സൃഷ്ടിക്കുന്നതെന്നുള്ള ബോധ്യമാണ് അദ്ദേഹത്തെ പുതിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കാനും ഉള്ളവ പരിപാലിക്കാനും പ്രചോദിപ്പിച്ചത്. ആതുര ശുശ്രൂഷയുടെയും സാമൂഹ്യസേവനത്തിന്റെയും ആത്മീയ ചൈതന്യവും കാലഘട്ടത്തിന്റെ ആവശ്യങ്ങളും തിരിച്ചറിഞ്ഞ പിതാവ് തെള്ളകത്ത് ആശുപത്രിക്ക് തുടക്കംകുറിച്ചു. ഇന്ന് സംസ്ഥാനത്തുതന്നെ അറിയപ്പെടുന്ന ആതുരശുശ്രൂഷാ കേന്ദ്രമായി കാരിത്താസ് ആശുപത്രിയുംഅനുബന്ധ സ്ഥാപനങ്ങളും മാറിയിട്ടുള്ളതിൽ നമുക്ക് അഭിമാനിക്കാം.
കോട്ടയത്തെ ബിഷപ് ചൂളപ്പറന്പിൽ മെമ്മോറിയൽ കോളജും ഉഴവൂരെ സെന്റ് സ്റ്റീഫൻസ് കോളജും പിതാവിന്റെ അനശ്വര സ്മാരകങ്ങളാണ്. ഈ സ്ഥാപനങ്ങളിൽ പഠിച്ചിറങ്ങിയ ആയിരങ്ങളിൽ എല്ലാ മതവിഭാഗങ്ങളിൽപ്പെട്ടവരുമുണ്ട്; അതുപോലെ ജോലിക്കാരിലും. ബിസിഎം കോളജിന്റെ സ്ഥാപനത്തെപ്പറ്റി ആലോചിക്കാൻ ചേർന്ന യോഗത്തിൽ കോട്ടയത്തെ ഇതര മതസ്ഥരായ പൗരപ്രമുഖരെയും അദ്ദേഹം ക്ഷണിച്ചുവരുത്തിയത് ആ ചിന്താചക്രവാളത്തിന്റെ വിശാലതയാണ് കാണിക്കുന്നത്. ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസാവകാശങ്ങൾക്കുവേണ്ടി സധൈര്യം പോരാടാനും പിതാവിനു മടിയുണ്ടായില്ല. 1946ലും 1957ലും 1968ലും 1972ലുമുണ്ടായ വിദ്യാഭ്യാസപ്രശ്നങ്ങളിൽ പിതാവ് കാര്യക്ഷമമായി ഇടപെടുകയുണ്ടായി.
രണ്ടാം വത്തിക്കാൻ കൗൺസിലിൽ പങ്കെടുക്കാൻ ഭാഗ്യം ലഭിച്ച തറയിൽ പിതാവ് പ്രസ്തുത കൗൺസിലിന്റെ ചൈതന്യം ഉൾക്കൊണ്ടാണ് കാരിത്താസ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ട് എന്ന സമർപ്പിത സമൂഹത്തിന്റെ സ്ഥാപനം സാധ്യമാക്കിയത്. യുവജനസംഘടനയായ കെസിവൈഎല്ലിന്റെയും സാമൂഹ്യപ്രവർത്തന വിഭാഗമായ കെഎസ്എസ്എസിന്റെയും സമാരംഭം, മലബാർ കുടിയേറ്റത്തിനും വളർച്ചയ്ക്കും നല്കിയ പ്രോത്സാഹനം, വിവിധ പദ്ധതികളിലൂടെ നടത്തിയ സാധുജനോദ്ധാരണ പ്രവർത്തനങ്ങൾ എന്നിവയൊക്കെ അനുസ്മരണാർഹങ്ങളാണ്. ഭാരത കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ അനന്യമായ സ്ഥാനം നേടിയ ചെറുപുഷ്പ മിഷൻലീഗ് ഉദ്ഘാടനം ചെയ്തത് പിതാവാണ്.
രണ്ടു മഹാപുരുഷന്മാരുടെ അനുഗ്രഹപ്രദമായ ഓർമകൾക്കു മുന്പിൽ ഇന്നു നാം തലകുനിക്കുകയാണ്. ഇന്നത്തെ കോട്ടയം അതിരൂപതയ്ക്ക് അടിസ്ഥാനമിടുകയും അതിനെ കെട്ടിപ്പടുക്കുകയും ചെയ്തവരാണ് അവർ. അവരുടെ നിസ്തന്ദ്രവും നിസ്വാർഥവുമായ സേവനചരിത്രവും ആത്മീയജീവിതവും നമ്മെ പ്രചോദിപ്പിക്കണം. ഈ മഹാത്മാക്കളെപ്പോലെയുള്ള ഉത്തമ മാർഗദർശികളെ പ്രദാനം ചെയ്യാൻ തിരുമനസായ ദൈവത്തിനു നാം കൃതജ്ഞത പറയുകയാണിന്ന്. അവരുടെ ജീവിതം തലമുറകൾക്ക് പ്രചോദനമാകട്ടെ. അതോടൊപ്പം ആ പുണ്യപുരുഷന്മാരുടെ മാധ്യസ്ഥ്യവും നമുക്കു നേടാം.
NRI
കോട്ടയം: നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന സാന്ത്വന ധനസഹായ പദ്ധതിയുടെ അദാലത്ത് ശനിയാഴ്ച കോട്ടയത്ത് നടക്കും.
കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10 മുതല്‍ മൂന്നുവരെ നടക്കുന്ന അദാലത്തില്‍ മുന്‍കൂട്ടി അപേക്ഷിക്കുന്നവര്‍ക്ക് മാത്രമായിരിക്കും പ്രവേശനം.
താത്പര്യമുളളവര്‍ www.norkaroots.org വെബ്സൈറ്റിലൂടെ വ്യാഴാഴ്ചയ്ക്ക് മുന്‍പായി അപേക്ഷ നല്‍കണം. +91-8281004905, 0481-2580033.
Leader Page
വി.എൻ. വാസവൻ സഹകരണ, തുറമുഖം, ദേവസ്വം മന്ത്രി
ആതുരസേവനത്തിൽ കേരളത്തിന് എന്നുംഅഭിമാനകരമായ പ്രവർത്തനംനടത്തിയിട്ടുണ്ട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി. അത് അവിടുത്തെ അത്യാധുനിക സൗകരങ്ങളിലൂടെ മാത്രം നേടാനായതല്ല, ഡോക്ടർമാരുടെയും ജീവനക്കാരുടെയും സമർപ്പിതമായ പ്രവർത്തനത്തിന്റെ ഫലംകൂടിയാണ്.
അതുല്യമായ നേട്ടങ്ങൾ
എൽഡിഎഫ് സർക്കാർ വന്ന് ഒമ്പതു വർഷത്തിനിടെ 1,165 കോടിരൂപയുടെ വികസനപദ്ധതികളാണ് 89 പദ്ധതികളിലൂടെ മെഡിക്കൽ കോളജ് ആശുപത്രിയിൽ നടപ്പാക്കിയത്.
ഹൃദയമാറ്റ ശസ്ത്രക്രിയകൾ പത്തെണ്ണം വിജയകരമായി നടത്തി. കരൾമാറ്റ ശസ്ത്രക്രിയ നടത്തിയ കേരളത്തിലെ ആദ്യ മെഡിക്കൽ കോളജ് അത്തരം ഏഴെണ്ണം വിജയകരമായി നടത്തി. 233 വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയിട്ടുണ്ട്. ഇവിടുത്തെ ഇന്റർവെൻഷനൽ റേഡിയോളജി വിഭാഗം നാലായിരത്തിലധികം ഇന്റവെൻഷണൽ റേഡിയോളജി പ്രൊസീജറും നൂറിലധികം മേജർ ന്യൂറോ ഇന്റർവെൻഷണൽ പ്രൊസീജറുകളും ചെയ്ത് ഇക്കാര്യത്തിൽ ഇന്ത്യയിൽത്തന്നെ മുൻപന്തിയിലെത്തി.
വർഷം രണ്ടായിരത്തിലധികം മേജർ ഓപ്പറേഷൻ ചെയ്യുന്ന ഹൃദയശസ്ത്രക്രിയാ വിഭാഗമാണ് ഇവിടെയുള്ളത് . ഓപ്പൺ ഹാർട്ട് സർജറി, പീഡിയാട്രിക് ഹാർട്ട് സർജറി, വാൽവ് മാറ്റിവയ്ക്കൽ എന്നിവ നടത്തുന്നതിൽ അസാമാന്യമികവ് പുലർത്തുന്നു. വർഷം ആയിരത്തിനുമേൽ മേജർ ഓപ്പറേഷൻ ചെയ്യുന്ന ന്യൂറോസർജറിവിഭാഗം.
വളരെ സങ്കീർണവും ചെലവേറിയതുമായ അയോർട്ടിക് അന്യൂറിസം ആൻഡ് അയോർട്ടിക് റൂട്ട്സർജറിയിൽ അഞ്ഞൂറിലധികം ശസ്ത്രക്രിയകൾ കഴിഞ്ഞ അഞ്ചു വർഷംകൊണ്ട്പൂർത്തിയാക്കിയ ഇന്ത്യയിലെ മൂന്നു പ്രധാന അയോർട്ടിക് സർജറി സെന്ററുകളിലൊന്നാണ് ഇവിടുത്തെ ഹൃദയശസ്ത്രക്രിയാ വിഭാഗം.
കഴിഞ്ഞ 10 വർഷംകൊണ്ട് ആയിരത്തിലധികം മൈട്രൽ വാൽവ് റിപ്പയർ ചെയ്ത് ഇന്ത്യയിലെ ഏറ്റവുമധികം മൈട്രൽ വാൽവ് റിപ്പയർ ചെയ്യുന്ന സെന്ററായി. കേരളത്തിൽ സർക്കാർ മേഖലയിലെ രണ്ടാമത്തെ ടെസ്റ്റ് ട്യൂബ് ശിശു ഇവിടെ പിറന്നു. ഗൈനക്കോളജിയിൽ മറ്റ് ആശുപത്രികളിൽനിന്ന് റഫർ ചെയ്യുന്ന, മരണത്തോട് മുഖാമുഖംനിന്ന 249 അമ്മമാരെ കഴിഞ്ഞ ഏഴു വർഷത്തിനുള്ളിൽ ചികിത്സിച്ചു ഭേദമാക്കി.
വിപുലമായ ചികിത്സാ സൗകര്യങ്ങൾ
പണിപൂർത്തിയായ എട്ടുനിലയുള്ള സർജിക്കൽ ബ്ലോക്ക്, നിർമാണംനടക്കുന്ന സൂപ്പർ സ്പെഷാലിറ്റി ബ്ലോക്ക് എന്നിവ 526 കോടിരൂപയുടെപദ്ധതികളാണ്. സർജിക്കൽ ബ്ലോക്കിൽ 565 കിടക്കയും14 ഓപ്പറേഷൻ തിയറ്ററുമുണ്ട് .
സൂപ്പർ സ്പെഷലിറ്റി ബ്ലോക്കിൽ 365 കിടക്കയും12 ഓപ്പറേഷൻ തിയറ്ററുമുണ്ട്. 36 കോടിരൂപ മുടക്കി കാർഡിയോളജി ബ്ലോക്കിന്റെ രണ്ടാംഘട്ടം പൂർത്തീകരിച്ചു. പത്തരക്കോടി രൂപ മുടക്കുള്ള സാംക്രമികരോഗ ചികിത്സാവിഭാഗം പൂർത്തിയായിക്കൊണ്ടിരിക്കുന്നു.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ് എല്ലാ ആധുനിക സൗകര്യങ്ങളോടുംകൂടി, അഞ്ച് നിലയുള്ള അത്യാഹിതവിഭാഗം കെട്ടിടം നിർമിച്ചത്.
നിരവധി പുനരുദ്ധാരണ പ്രവർത്തനങ്ങളുംആശുപത്രിയിൽ നടത്തി. ആർദ്രം പദ്ധതിയിൽ രണ്ടു ഘട്ടങ്ങളിലായി ഗൈനക്കോളജി വിഭാഗത്തിനായി 8.5 കോടിരൂപ മുടക്കി.
മോഡുലാർ ഓപ്പറേഷൻ തിയറ്ററുകൾക്ക് ഒന്നരക്കോടി, സിടി സിമുലേറ്ററിന് നാല് കോടി, പിജി റെസിഡൻസ് ക്വാർട്ടേഴ്സിന് 12.10 കോടി, വനിതകളുടെ 450 ബെഡ് ഹോസ്റ്റലിന് 12.24 കോടി, 13 ഐസൊലേഷൻ കിടക്കകൾക്ക് 16.5 കോടി, എംആർഐ ഡിഎസ് എ സംവിധാനത്തിന് 11.5 കോടി, ബേൺസ് ഐസിയു 16.9 കോടി, സ്കിൻ ലാബ് 4.8 കോടി, നഴ്സിംഗ് കോളജ് ഓഡിറ്റോറിയത്തിന് അഞ്ച് കോടിഎന്നിങ്ങനെ ചെലവഴിച്ചു.
ഏഴ് കോടിരൂപ മുടക്കി രണ്ടാമത്തെ കാത്ത് ലാബ് സ്ഥാപിച്ചു. പാരാമെഡിക്കൽ ഹോസ്റ്റലിന് ആറ് കോടി, എപ്പിഡമിക് വാർഡിന് ആറ് കോടി, 32 സ്ലൈസ് സിടി സ്കാനിന് 4.28 കോടി, ഫാർമസി കോളജിന് 27.2 കോടി എന്നിങ്ങനെ ചെലവഴിച്ചു. കുട്ടികളുടെആശുപത്രിയിൽ 6.5 കോടിരൂപയുടെപദ്ധതികൾ നടപ്പാക്കി.
മികവിന്റെ മുദ്രചാർത്തിയ അംഗീകാരങ്ങൾ
പ്രധാനമന്ത്രിയുടെ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയിലൂടെ പാവപ്പെട്ട രോഗികൾക്ക്ഏറ്റവും കൂടുതൽ ചികിത്സ നൽകിയ സ്ഥാപനത്തിനുള്ള ആരോഗ്യമന്ഥൻ പുരസ്കാരം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിക്കാണ് ലഭിച്ചത്. 2022ലെ മെഡിസെപ് ബെസ്റ്റ് പെർഫോമറായി.
കോട്ടയം എംസിഎച്ച് തുടങ്ങിയ പദ്ധതികളും അനവധി. ആദ്യമായിട്രാൻസ്ജെൻഡർ ക്ലിനിക്ആരംഭിച്ചു. കേരളത്തിൽ ആദ്യമായി പബ്ലിക് ഹെൽത്ത് ഡെന്റിസ്ട്രി എംഡിഎസ് കോഴ്സ് കോട്ടയം ദന്തൽ കോളജിൽ ആരംഭിച്ചു. സർക്കാർ തലത്തിലെ ആദ്യ കാർഡിയാക് റീഹാബിലിറ്റേഷൻ സെന്റർ ആരംഭിച്ചു.
പ്രൈമറി ആൻജിയോപ്ലാസ്റ്റിയിൽ ഇന്ത്യയിൽ ഒന്നാമതും ആകെ ആൻജിയോപ്ലാസ്റ്റിയിൽ ഇന്ത്യയിൽ മൂന്നാം സ്ഥാനത്തുമെത്തി. കേരളശ്രീ പുരസ് കാരം ലഭിച്ചിട്ടുള്ള ഏറ്റവുംസമർഥനായ ഡോക്ടറാണ് സൂപ്രണ്ട് ടി.കെ. ജയകുമാർ.
മാസ് കാഷ്വാലിറ്റി കൈകാര്യം ചെയ്യുന്നതിൽ വിജയം
ദുരന്തസാഹചര്യങ്ങളിൽ മാസ് കാഷ്വാലിറ്റിയെ മികച്ചരീതിയിൽ കൈകാര്യം ചെയ്യാൻ മെഡിക്കൽ കോളജ് ആശുപത്രിക്കു കഴിഞ്ഞിട്ടുണ്ട്. ഐങ്കൊമ്പ് ബസ് ദുരന്തം, ശബരിമല ദുരന്തം, കുമരകം ബോട്ടപകടം, നൂറിലധികം പേർ മരിച്ച പുല്ലുമേട് ദുരന്തം, തേക്കടി ബോട്ടപകടം തുടങ്ങി കൂട്ടിക്കൽ ഉരുൾപൊട്ടൽ വരെ എത്രയെത്ര സംഭവങ്ങൾ മെഡിക്കൽ കോളജ് മാസ് കാഷ്വാൽറ്റി കൈകാര്യം ചെയ്തു. ഇതിനെല്ലാം സാക്ഷിയായ എളിയ പൊതുപ്രവർത്തകനായിരുന്നു ഞാൻ. പ്രതിവർഷം പത്തേകാൽ ലക്ഷം ഒപിയും 1,10,000 ഐപിയുമാണ് ഇവിടെ കൈകാര്യം ചെയ്യുന്നത്.
മൂർഖന്റെ കടിയേറ്റ് ജീവിതത്തിന്റെയും മരണത്തിന്റെയും നൂൽപ്പാലത്തിലൂടെ സഞ്ചരിച്ച വാവ സുരേഷിനെ ഈ ആതുരാലയം ജീവിതത്തിലേക്കു മടക്കിയെത്തിച്ചത് ആരും മറന്നിട്ടുണ്ടാകില്ല.
അതിവേഗം ടീം രൂപീകരിച്ച് നടത്തിയ പ്രവർത്തനം കേരളം അത്ഭുതത്തോടെ നോക്കിനിന്നിരുന്നു. മറ്റൊരിക്കൽ, മണിപ്പാലിൽനിന്നുവരെ രക്ഷയില്ലെന്നു പറഞ്ഞ് തിരിച്ചയച്ച രോഗിയുടെ 43 കിലോ വരുന്ന ട്യൂമർ ഇവിടെ നീക്കംചെയ്തു.
ജൂലൈ മൂന്നിനുണ്ടായ ദുരന്തത്തിൽ ഡി. ബിന്ദു എന്ന വീട്ടമ്മ മരിച്ച സംഭവം അതിദാരുണവും വേദനാജനകവുമാണ്. അന്ന് യുദ്ധകാലാടിസ്ഥാനത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.
മഹത്തായ ഈ ആരോഗ്യസ്ഥാപനത്തെ ആ അപകടം ഉപയോഗപ്പെടുത്തി തകർക്കാനുള്ള ശ്രമങ്ങൾക്കെതിരേ പൊതുസമൂഹം ജാഗ്രത പാലിക്കണം.
District News
നിയമലംഘനത്തിന് ചൂട്ടുപിടിച്ച്, ദുർബല വകുപ്പുകൾ ചുമത്തി എഫ്ഐആർ
പത്തനംതിട്ട: പാറക്കൂട്ടം അടർന്നു വീണ് രണ്ട് തൊഴിലാളികൾ ദാരുണമായി കൊല്ലപ്പെട്ട കോന്നി പയ്യനാമൺ ചെങ്കുളത്ത് ക്വാറിയിലെ നിയമലംഘനങ്ങൾ കണ്ടില്ലെന്നു നടിക്കുന്ന അധികൃതരുടെ നിലപാടിൽ പ്രദേശവാസികൾക്കിടയിൽ ശക്തമായ പ്രതിഷേധം.
ക്വാറിക്ക് പ്രവർത്തന ലൈസൻസുണ്ടെങ്കിലും താത്കാലികമായ നിരോധനമാണ് ജില്ലാ കളക്ടർ നൽകിയിരിക്കുന്നത്. എന്നാൽ ക്വാറിയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് മുന്‍പ് നാട്ടുകാർ നൽകിയ പരാതികൾ മറച്ചുപിടിച്ചാണ് അധികൃതരുടെ അന്വേഷണമെന്ന് പറയുന്നു. കാർമല, ചേരിക്കൽ നിവാസികൾ മുന്‍പ് പാറമടയ്ക്കെതിരേ പരാതി നൽകിയിരുന്നു. അപകടത്തേ തുടർന്നു സ്ഥലത്തെത്തിയ റവന്യൂ, ജിയോളജി, പോലീസ് ഉദ്യോഗസ്ഥർക്ക് നിയമലംഘനങ്ങൾ വ്യക്തമായിട്ടും തുടർ നടപടികളിൽ മെല്ലപ്പോക്ക് തുടരുകയാണ്.
ബാലിശമായ വകുപ്പുകൾ ചുമത്തിയാണ് അപകടവുമായി ബന്ധപ്പെട്ടു കോന്നി പോലീസ് എഫ്ഐആറിട്ടിരിക്കുന്നത്. അടൂർ ആർഡിഒ കോടതിയിലാണ് ഇതു സമർപ്പിച്ചത്. അസ്വാഭാവിക മരണത്തിനു മാത്രമാണ് കേസ് ചുമത്തിയിരിക്കുന്നത്. ക്വാറി പ്രവർത്തനവുമായി ബന്ധപ്പെട്ടു നൽകിയിട്ടുള്ള നിർദേശങ്ങൾ മറികടന്നായിരുന്നു പ്രവർത്തനമെന്നു ബോധ്യപ്പെട്ട സാഹചര്യത്തിൽ തൊഴിലാളികളുടെ മരണം കൊലപാതകമായി കണ്ട് നടപടിയുണ്ടാകണമെന്നാണ് ആവശ്യം.
തുടർച്ചയായ സ്ഫോടനങ്ങളും അപകടകരമായ സാഹചര്യങ്ങളും ബോധ്യപ്പെട്ടിട്ടും തൊഴിലാളികളെക്കൊണ്ട് പണിയെടുപ്പിച്ചത് ഗുരുതരമായ വീഴ്ചയാണെന്ന് പ്രദേശവാസികൾക്കുവേണ്ടി ചെറുവാഴക്കുന്നിൽ റോഷൻ ഈപ്പൻ ജില്ലാ പോലീസ് മേധാവിക്കു നൽകിയ പരാതിയിൽ പറയുന്നു.
ഇതിനിടെ ക്വാറി പ്രവർത്തനം സംബന്ധിച്ച വകുപ്പുതല യോഗം അടുത്ത ദിവസം ചേരുമെന്നും പരാതി സംബന്ധിച്ച് വിശദമായി അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണൻ അറിയിച്ചു.
District News
ചങ്ങനാശേരി: കേന്ദ്രസര്‍ക്കാരിന്റെ തെറ്റായ തൊഴിലാളി ദ്രോഹനയങ്ങള്‍ക്കെതിരേ സംയുക്ത ട്രേഡ് യൂണിയനുകളും സര്‍ക്കാര്‍ ജീവനക്കാരുടെ ഫെഡറേഷനുകളും നടത്തിയ ദേശീയ പണിമുടക്ക് ചങ്ങനാശേരിയില്‍ പൂര്‍ണം. റവന്യു ടവര്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ ഓഫീസുകളില്‍ ജീവനക്കാരുടെ ഹാജര്‍നില കുറവായിരുന്നു. സ്കൂളുകളും കോളജുകളും പ്രവര്‍ത്തിച്ചില്ല. നഗരത്തിലും ഗ്രാമീണമേഖലകളിലും കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു.
പണിമുടക്കനുകൂലികള്‍ പ്രകടനത്തിനിടെ ഹെഡ് പോസ്റ്റ് ഓഫീസിലേക്കു തള്ളിക്കയറി ഓഫീസ് പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടു. ഇത് പോസ്റ്റ് ഓഫീസ് ജീവനക്കാരുമായി തര്‍ക്കത്തിനിടയാക്കി. സംഭവം മൊബൈലില്‍ ചിത്രീകരിച്ച ബിജെപി അനുകൂല സംഘടനയായ ഭാരതീയ പോസ്റ്റല്‍ എംപ്ലോയീസ് ഫെഡറേഷന് ചങ്ങനാശേരി ഡിവിഷന് സെക്രട്ടറിയും പോസ്റ്റ്മാനുമായ കാവാലം നാരകത്തറ സ്വദേശി വിഷ്ണു ചന്ദ്ര (32)നെ സമരനാനുകൂലികള് മര്‍ദിച്ചതായും പരാതിയുണ്ട്.
പരിക്കേറ്റ ഇയാളെ ചങ്ങനാശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതേത്തുടര്‍ന്ന് പോസ്റ്റ് ഓഫീസ് അടച്ചു. പോസ്റ്റ്മാനെ കൈയേറ്റം ചെയ്തതു സംബന്ധിച്ച് പോസ്റ്റ്മാസ്റ്റര്‍ ചങ്ങനാശേരി പോലീസ് സ്റ്റേഷനില്‍ പരാതി നല്കി.
കെഎസ്ആര്‍ടിസി ഡിപ്പോയിലെ ജീവനക്കാര്‍ പലരും ഹാജരായെങ്കിലും പുലര്‍ച്ചെ 4.40നുള്ള നെടുംകണ്ടം സര്‍വീസ് മാത്രമേ ഓടിയുള്ളൂ. നഗരത്തിലൂടെ കടന്നുപോയ കെഎസ്ആര്‍ടിസി, അന്തര്‍സംസ്ഥാന ടൂറിസ്റ്റ് ബസുകളും സമരാനുകൂലികള്‍ തടഞ്ഞു. സമരാനുകൂലികള്‍ കെഎസ്ആര്‍ടിസി ബസുകള്‍ യാത്രക്കാരെ ഇറക്കിവിട്ടശേഷം ഡിപ്പോയിലേക്കു കയറ്റിയിടീച്ചു. സ്വകാര്യ ബസുകളും ഓട്ടോ ടാക്സികളും ഓടിയില്ല. ഹോട്ടലുകള്‍ അടഞ്ഞുകിടന്നു. ചില ബാറുകള്‍ തുറന്നുപ്രവര്‍ത്തിച്ചു.
സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ നഗരത്തില്‍ പ്രകടനവും ഹെഡ് പോസ്റ്റ് ഓഫീസ് മാര്‍ച്ചും നടത്തി. ടിബി റോഡില്‍നിന്നും ആരംഭിച്ച മാര്‍ച്ച് നഗരം ചുറ്റി പോസ്റ്റ് ഓഫീസ് ജംഗ്ഷനില്‍ സമാപിച്ചു.
തുടര്‍ന്നു നടന്ന സമ്മേളനം സിഐടിയു ജില്ലാ വൈസ് പ്രസിഡന്റ് കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്തു. എഐടിയുസി മണ്ഡലം പ്രസിഡന്റ് കെ.ടി. തോമസ് അധ്യക്ഷത വഹിച്ചു. സമരസമിതി നേതാക്കളായ ടി.എസ്. നിസ്താര്‍, കെ.ഡി. സുഗതന്, പി.എ. നിസാര്‍, ടി.പി. അജികുമാര്‍, അഡ്വ.പി.എ. നിസാര്‍, പി.ആര്. അനില്‍കമാര്‍, അഡ്വ.കെ. മാധവന്‍പിള്ള, ജോജി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
കുറിച്ചി, പായിപ്പാട്, മാടപ്പള്ളി, തൃക്കൊടിത്താനം പോസ്റ്റ് ഓഫീസുകളിലേക്കും സമരസമിതി മാര്‍ച്ച് സംഘടിപ്പിച്ചു.
District News
കോട്ടയം: സംരംഭക സംരക്ഷണ നിയമനിര്‍മാണം നടത്തണമെന്നും സംരംഭങ്ങളുടെ നിലനില്പിനും വളര്‍ച്ചയ്ക്കും അനുയോജ്യമായ സാമ്പത്തിക പങ്കാളികളായി ധനകാര്യ സ്ഥാപനങ്ങള്‍ മാറണമെന്നും ഫ്രാന്‍സിസ് ജോര്‍ജ് എംപി. ബില്‍ഡേഴ്സ് അസോസിയേഷന് ഓഫ് ഇന്ത്യ കോട്ടയം പ്രസ്ക്ലബ്ബില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബില്‍ഡേഴ്സ് അസോസിയേഷന് ഏറ്റുമാനൂര്‍ സെന്റര്‍ ചെയര്മാന് ഷാജി ഇലവത്തില്‍ അധ്യക്ഷത വഹിച്ചു.
ചീഫ് കോ-ഓര്‍ഡിനേറ്റര്‍ എബി. എം. പൊന്നാട്ട്, ബില്‍ഡേഴ്സ് അസോസിയേഷന് ഓഫ് ഇന്ത്യ സ്റ്റേറ്റ് ചെയര്മാന് കെ.എ. ജോണ്സണ്, സുരേഷ് പൊറ്റക്കാട്, കേരള സ്റ്റേറ്റ് സ്മോള്‍ സ്കെയില്‍ ഇന്‍സ്ട്രീസ് അസോസിയേഷന് ജില്ലാ പ്രസിഡന്റ് കെ. ദിലീപ് കുമാര്‍,
കിഫ്ബി കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് സെക്രട്ടറി പോള്‍ ടി. മാത്യു, ഗവൺമെന്റ് കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന് പ്രസിഡന്റ് വര്‍ഗീസ് കണ്ണമ്പള്ളി, എംഎസ്എംഇ ബോറവേഴ്സ് അസോസിയേഷന് പ്രസിഡന്റ് ജോഷ് ലോറന്‍സ് എന്നിവര്‍ പ്രസംഗിച്ചു.
District News
പാമ്പാടി: വളര്‍ത്തുനായ്ക്കളെ വാഹനങ്ങളില്‍ കൊണ്ടുവന്ന് വഴിയില്‍ ഉപേക്ഷിക്കുന്നതു വ്യാപകം. പൂതകുഴി, നെടുങ്ങോട്ടുമല, കന്നുവെട്ടി, ഇല്ലിമറ്റം തുടങ്ങിയ പ്രദേശങ്ങളിലാണ് വളര്‍ത്തുനായ്ക്കളെ ഉപേക്ഷിക്കുന്നത്. രോഗം ബാധിച്ചവയും പ്രായാധിക്യമുള്ളവയും വിദേശത്തു താമസമാക്കാന്‍ ഒരുങ്ങുന്നവരുടെയും നായ്ക്കളാണ് ഉപേക്ഷിക്കപ്പെടുന്നവയില്‍ കൂടുതലും. ഇത്തരം നായ്ക്കളെ ഉപേക്ഷിക്കാന്‍ ഉയര്‍ന്ന വാടകയ്ക്ക് സ്ഥിരമായി ഓടുന്ന വാഹനങ്ങളുമുണ്ട്.
കര്‍ശന പരിശോധന മൂലം വഴിയില്‍ ഭക്ഷ്യമാലിന്യങ്ങള്‍ ഉപേക്ഷിക്കുന്നതു കുറഞ്ഞത് പട്ടികളെ വളര്‍ത്തുകോഴികളെ പിടിച്ചു ഭക്ഷണമാക്കാന്‍ നിര്‍ബന്ധിതരാക്കുന്നു. വലിയ ഫാമുകളിലും വീടുകളില്‍ വളര്‍ത്തുന്ന കോഴികളെയും ഒരുപോലെ ഇവ ആക്രമിക്കുകയാണ്.
കഴിഞ്ഞ മൂന്നുമാസത്തിനുള്ളില്‍ പതിനായിരത്തോളം കോഴികളാണ് നായ്ക്കളുടെ ആക്രമണത്തിനിരയായത്. അതീവ ഗൗരവമേറിയ ഈ വിഷയം പരിഹരിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കര്‍ഷക കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി എബി ഐപ്പ് ആവശ്യപ്പെട്ടു.
District News
കുമരകം: കുമരകം നിവാസികള്‍ക്കു വെള്ളപ്പൊക്കമെന്നത് പണ്ടു വര്‍ഷകാലത്ത് മാത്രമായെത്തുന്ന അതിഥിയായിരുന്നുവെങ്കില് ഇന്നു കുമരകത്തെ നിത്യസന്ദര്‍ശകനായ വില്ലനായി മാറിയിരിക്കുന്നു.
കുമരകത്തെ ഭൂരിഭാഗം പ്രദേശങ്ങളിലെയും ആറുകളും തോടുകളും ചെറുചാലുകളുമെല്ലാം പോളയും പുല്‍ക്കെട്ടുകളും തിങ്ങിനിറഞ്ഞും എക്കലും ചെളിയും അടിഞ്ഞും നീരൊഴുക്ക് നിലച്ചിരിക്കുന്ന അവസ്ഥയിലാണ്. വര്‍ഷങ്ങള്‍ക്കുമുന്‍പ് കുമരകത്ത് വേമ്പനാട്ട് കായലിലേക്ക് വെള്ളം ഒഴുകിപ്പോയിരുന്നതും ജല ഗതാഗതത്തിനും മറ്റും ഉപയോഗിച്ചിരുന്ന പല തോടുകളും ഇപ്പോള്‍ നാമമാത്രമായി മാറി.
പല തോടുകളും ഓടകള്‍ക്കു സമാനമായി എന്നു പറയുന്നതില്‍ ഒട്ടും അതിശയോക്തിയില്ല. ഭരണാധികാരികള്‍ക്ക് ഇതൊന്നും അറിവില്ലാത്ത കാര്യമല്ല. എന്നാൽ, ഈ ദുരിതത്തിന് ശാശ്വതപരിഹാരം കണ്ടെത്താന്‍ ആരും ശ്രമിക്കുന്നില്ല.
മുന്‍കാലങ്ങളില്‍ വെള്ളപ്പൊക്കം ഉണ്ടായാല്‍ നാല്, അഞ്ച് ദിവസങ്ങള്‍കൊണ്ട് വെള്ളം ഇറങ്ങിപ്പോകുമായിരുന്നു. കഴിഞ്ഞ രണ്ട് മൂന്നു വര്‍ഷങ്ങളായി ഈ അവസ്ഥ മാറിയിട്ടുണ്ട്. കിഴക്കന്‍ വെള്ളവും പെയ്ത്തൂ വെള്ളവും കൃത്യമായി കായലിലേക്കും തുടര്‍ന്ന് കടലിലേക്കും ഒഴുകിപ്പോകുന്നതിന് ഉണ്ടായിട്ടുള്ള തടസങ്ങള്‍ ഏറെയാണ്.
കുമരകത്തിന്റെ ഹൃദയഭാഗമായ കുമരകം മത്സ്യമാര്‍ക്കറ്റിന്റെ സമീപത്തുകൂടി ഒഴുകിയിരുന്ന തോട് ഇപ്പോള്‍ ഓടയായി മാറിക്കഴിഞ്ഞു. മുന്‍കാലങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ ഈ തോട്ടിലൂടെ വള്ളത്തിലെത്തി മത്സ്യവ്യാപാരം നടത്തിയിരുന്നുവെന്നത് ഇപ്പോഴത്തെ അവസ്ഥ കണ്ടാല്‍ ആരും വിശ്വസിക്കില്ല.
മാത്രമല്ല, ഇപ്പോള്‍ ഈ തോട് കുപ്പത്തൊട്ടിയായും മാറി. ഇതുപോലെ നിരവധി തോടുകളാണു കുമരകത്തിന്റെ വിവിധ പ്രദേശങ്ങളില്‍ വീതി കുറഞ്ഞും എക്കലും ചെളിയും അടിഞ്ഞും നാമാവശേഷമായിക്കൊണ്ടിരിക്കുന്നത്. കുമരകത്തിന്റെ പ്രവേശനകവാടമായ രണ്ടാം കലുങ്ക് തോട്, ഒന്നാം കലുങ്ക് തോട് തുടങ്ങി ഉദാഹരണങ്ങള്‍ ഏറെയാണ്.
വര്‍ഷകാല ആരംഭത്തില്‍ത്തന്നെ വെള്ളപ്പൊക്കത്തെ നേരിടേണ്ടി വരുന്ന അവസ്ഥ, ലോകത്തിലെതന്നെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നായ കുമരകത്തിന്റെ പ്രശസ്തിക്കും മങ്ങലേൽപ്പിക്കുന്നു.
മികച്ച ടൂറിസം ഗ്രാമം എന്ന പദവിക്കൊപ്പം, ദുരിതം പേറുന്ന ഗ്രാമമെന്ന പദവിയും കുമരകത്തിന് അനുയോജ്യമായി തീര്‍ന്നിരിക്കുകയാണ്. തോടുകള്‍ റോഡുകള്‍ക്കായി ശോഷിച്ചതും പാലങ്ങളുടെ കാലുകളില്‍ പോളയും വലിയ പുല്‍ക്കെട്ടുകളും തങ്ങിനില്ക്കുന്നതും നീരൊഴുക്കിനെ സാരമായി ബാധിക്കുന്നു. കുമരകത്തെ പ്രധാന തോടുകളിലൊന്നായ കോട്ടത്തോട്ടില്‍ ചന്തഭാഗത്തെ പാലങ്ങളില്‍ പുല്ക്കെട്ടുകള് തങ്ങി നില്ക്കുന്നതു സ്ഥിരം കാഴ്ചയാണ്.
യാത്രാ ദുരിതം മാറാന്‍ പുതുക്കിപ്പണിയാന്‍ പൊളിച്ച കോണത്താറ്റു പാലവും ഇപ്പോള്‍ വെള്ളപ്പൊക്കദുരിതത്തിനു കാരണമാകുന്നുണ്ട്. പാലം പണിയാന്‍ നിര്‍മിച്ച താത്കാലിക ബണ്ട് ആശുപത്രി തോട്ടിലൂടെയുള്ള നീരൊഴുക്കിനെ തടസപ്പെടുത്തുന്നു. പാലം നിര്‍മാണത്തിനായി പൈലിംഗ് നടത്തിയപ്പോള്‍ ഉണ്ടായ ചെളിയും എക്കലും കോട്ടത്തോട്ടില്‍ ഒഴുകിയെത്തിയതും നീരൊഴുക്ക് നിലയ്ക്കാന്‍ പ്രധാന കാരണമാണ്.
ശ്രീനാരായണ മത്സര വള്ളംകളി നടക്കാന്‍ ഏതാനും മാസം ബാക്കിനില്‍ക്കേ എക്കലും ചെളിയും നിറഞ്ഞ് ആഴംകുറഞ്ഞ തോടിന്റെ അവസ്ഥ വള്ളംകളിയെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക കുമരകത്തെ ജലോത്സവപ്രേമികള്‍ പങ്കുവയ്ക്കുന്നുണ്ട്. വേമ്പനാട്ടു കായലിലും ചെറുതോടുകളിലും കൈയേറ്റം നടക്കുന്നുവെന്ന കാര്യം പലതവണ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടും കാര്യക്ഷമമായ നടപടികള്‍ ഉണ്ടായിട്ടില്ലെന്നത്കൈയേറ്റങ്ങള് തുടരുവാന്‍ പ്രേരകമാകുന്നുവെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
പഞ്ചായത്തും ജലസേചന വകുപ്പും മുന്‍കൈയെടുത്ത് കുമരകത്തെ തോടുകൾ പുനരുദ്ധരിച്ച് നീരൊഴുക്ക് വർധിപ്പിക്കുന്നതിലൂടെ ഗ്രാമീണ ടൂറിസം മേഖലയ്ക്കു പുത്തനുണര്‍വ് ഉണ്ടാകുന്നതോടൊപ്പം കുമരകം നിവാസികള്‍ക്കു കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാകുകയും ചെയ്യും.
വര്‍ഷകാലം പിന്‍വാങ്ങാന്‍ ഇനിയും ആഴ്ചകള്‍ ബാക്കിനില്‍ക്കവേ, വീണ്ടുമൊരു വെള്ളപ്പൊക്ക ദുരിതമനുഭവിക്കുവാന്‍ അവസര മൊരുക്കരുതേ എന്നാണ് നാട്ടുകാരുടെ അഭ്യര്‍ഥന.
District News
വൈക്കം: വൈക്കം താലൂക്ക് ആയുർവേദ ആശുപത്രിയിലെ കെട്ടിടം ജീർണാവസ്ഥയിലെന്ന് പരാതി. ജില്ലയിലെ ആയുർവേദ ആശുപത്രികളിൽ ഏറ്റവും പഴക്കമേറിയ ആശുപത്രിയാണ് വൈക്കം താലൂക്ക് ആയുർവേദ ആശുപത്രി. സമീപ ജില്ലകളിൽ നിന്നടക്കം രോഗികൾ ഇവിടെ ചികിത്സ തേടുന്നുണ്ട്. സ്ഥല പരിമിതിയുള്ളതിനാൽ ഇവിടെ കെട്ടിടങ്ങൾ അടുത്തടുത്താണ് സ്ഥിതി ചെയ്യുന്നത്.
10 വർഷങ്ങൾക്ക് മുമ്പ് കെ. അജിത് എംഎൽഎ ആയിരുന്നപ്പോൾ മൂന്നു നിലകളിലായി നിർമിച്ച പേയ്മെന്റ് ബ്ലോക്ക് ഇപ്പോൾ അപകടാവസ്ഥയിലാണ്. ഇതിലെ സ്യൂട്ടുകളും സിങ്കിൾ മുറികളും തീർത്തും ഉപയോഗശൂന്യമാണ്. സ്യൂട്ട് ഇതുവരെ ആരും എടുക്കുകയോ ഉപയോഗിക്കുകയോ ചെയ്തിട്ടില്ല.
കെട്ടിടത്തിൽ പതിക്കുന്ന മഴവെള്ളം മുഴുവനും കെട്ടിടത്തിനുള്ളിലേക്ക് വീഴുന്ന സ്ഥിതിയാണ്. ആശുപത്രിയുടെ തുടക്ക കാലത്ത് ഉണ്ടായിരുന്ന പഴയ കെട്ടിടം ഇപ്പോൾ പൊളിച്ചു നീക്കിയിട്ടുണ്ട്. കേന്ദ്ര പദ്ധതിയിൽ ഒരു കോടി രൂപ പുതിയ കെട്ടിടം പണിയാൻ അനുവദിച്ചിട്ടുണ്ട്. ഇപ്പോഴത്തെ ഫാർമസിയും കഞ്ഞിവെപ്പ് മുറിയും മരുന്ന് സ്റ്റോർ മുറിയും അതിനോടു ചേർന്നുള്ള ശുചിമുറികളും ചോർന്നൊലിക്കുകയാണ്.
കഷായപ്പാത്രങ്ങളും മരുന്നു പൊടികളും കുടയുടെ അടിയിൽ ഭദ്രമായി സൂക്ഷിച്ചാണ് ജോലിക്കാർ വിതരണം നടത്തുന്നത്. ഈ കെട്ടിടത്തിന് ഇപ്പോഴും ഉദ്യോഗസ്ഥർ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നുണ്ടെന്ന് നാട്ടുകാർ ആരോപിക്കുന്നു.
District News
കല്ലിശേരി: ക്നാനായ മലങ്കര പുനരൈക്യത്തിന്റെയും കേരള കത്തോലിക്കാ സഭയില്‍ അന്ത്യോക്യന്‍ സുറിയാനി റീത്ത് (മലങ്കര റീത്ത്) അനുവദിച്ചതിന്റെയും 104-ാം വാര്‍ഷികാഘാഷം നടത്തി.
ഉമയാറ്റുകര ഓര്‍ത്തഡോക്സ് ഇടവക കുരിശടിയില്‍നിന്നു പുനരൈക്യ റാലിയോടെ പരിപാടികള്‍ക്കു തുടക്കമായി. കോട്ടയം അതിരൂപത സഹായമെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനം സഹായ മെത്രാന് മാര്‍ ജോസഫ് പണ്ടാരശേരില്‍ ഉദ്ഘാടനം ചെയ്തു.
ഫാ. തോമസ് ആനിമൂട്ടില്‍, ഫാ. റെന്നി കട്ടേല്‍, സാബു പാറാനിക്കല്‍, സല്‍വി തയ്യില്‍, ഏയ്ബു നെടിയുഴത്തില്‍, ജെസി ചെറുമണത്ത് എന്നിവര്‍ പ്രസംഗിച്ചു. വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം തെളിയിച്ച മലങ്കര ഫൊറോന അംഗങ്ങളെ ആദരിച്ചു.
District News
പഴയ ഗതാഗത പരിഷ്കാരം പിന്‍വലിച്ചു
കോട്ടയം: നഗരത്തില്‍ വീണ്ടും ഗതാഗത പരിഷ്കാരവുമായി പോലീസ്. ബേക്കര്‍ ജംഗ്ഷനിലാണ് കുരുക്കൊഴിവാക്കാന്‍ പുതിയ പരിഷ്കാരം ഏര്‍പ്പെടുത്തുന്നത്. കഴിഞ്ഞ മൂന്നാഴ്ച പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ പരിഷ്കാരങ്ങള്‍ കുരുക്കൊഴിവാക്കാന്‍ കാര്യമായി പ്രയോജനപ്പെട്ടില്ലെന്നു മാത്രമല്ല, യാത്രക്കാര്‍ക്കും പൊതുജനങ്ങള്‍ക്കും കൂടുതല്‍ ബുദ്ധിമുട്ടുണ്ടാക്കുകയാണ് ചെയ്തത്. ഇതു പരിഗണിച്ചാണ് ജില്ലാ പോലീസ് ചീഫിന്റെ നിര്‍ദേശ പ്രകാരം ഇന്നു മുതല്‍ പുതിയ പരിഷ്കാരം നടപ്പാക്കുന്നത്.
ഇതിന്‍പ്രകാരം കുമരകം, അയ്മനം, കുടമാളൂര്‍ ഭാഗത്തുനിന്നു വരുന്ന സ്വകാര്യ ബസുകളും കെഎസ്ആര്‍ടിസി ബസുകളും എംസി റോഡില്‍ ഇറക്കി നിര്‍ത്താതെ സൂഡിയോ കടയുടെ മുന്‍വശത്തു നിര്‍ത്തി യാത്രക്കാരെ ഇറക്കി സീസേഴ്സ് ജംഗ്ഷന് വഴി നാഗമ്പടം സ്റ്റാന്‍ഡിലേക്ക് പോകണം. ഈ ഭാഗത്തുനിന്നു വരുന്ന ബസുകള്‍ ബേക്കര്‍ ജംഗ്ഷനിലെത്തി ശാസ്ത്രീ റോഡ് ബസ്റ്റോപ്പില്‍ ആളെ ഇറക്കി കുര്യന് ഉതുപ്പ് റോഡുവഴി നാഗമ്പടത്തേക്ക് പോകുന്ന രീതിയായിരുന്നു മൂന്നാഴ്ച നടപ്പാക്കിയിരുന്നത്. ഇതു യാത്രക്കാരെ വലച്ചിരുന്നു.
എംസി റോഡു വഴി ഏറ്റുമാനൂര്‍, മെഡിക്കല്‍ കോളജ് ഭാഗങ്ങളിലേക്ക് പോകുന്ന സ്വകാര്യ ബസുകളും കെഎസ്ആര്‍ടിസി ബസുകളും ശക്തി ഹോട്ടലിനു സമീപമുള്ള വെയിറ്റിംഗ് ഷെഡിനു മുന്‍വശം നിര്‍ത്തി യാത്രക്കാരെ കയറ്റി ഉടന്‍ തന്നെ പേകണം. ഇതാണ് പുതിയ പരിഷ്കാരം.
പരിഷ്കാരത്തിന്റെ ഭാഗമായി ബേക്കര്‍ ജംഗ്ഷനില്‍ ഇപ്പോള്‍ ബസ് നിര്‍ത്തുന്ന എവിജി പമ്പിനു സമീപം ട്രാഫിക് കോണ്‍ ഉപയോഗിച്ച് കയര്‍ കെട്ടി ബ്ലോക്ക് ചെയ്തിട്ടുണ്ട്.
യാത്രക്കാര്‍ മുന്നോട്ടു മാറി വെയിറ്റിംഗ് ഷെഡിൽ നില്‍ക്കണമെന്ന ബോര്‍ഡുമുണ്ട്. പുതിയ ഗതാഗത പരിഷ്കാരങ്ങള്‍ നടപ്പാക്കാനും നിയന്ത്രിക്കാനും ഇന്നു മുതല്‍ പോലീസന്റെ നിരീക്ഷണവുമുണ്ടാകും.
പരിഷ്കാരങ്ങള്‍ ഏര്‍പ്പെടുത്തിയാലും പലപ്പോഴും പാലിക്കപ്പെടാതെ പോകുന്നതയാണ് കാണാന്‍ കഴിയുന്നത്. ബേക്കര്‍ ജംഗ്ഷനിലെ ബസ്റ്റോപ്പ് മാറ്റം എത്രത്തോളം പ്രായോഗികമാകുമെന്ന് കണ്ടറിയേണ്ടതാണ്.
ഇവിടെ പോലീസിന്റെ നിയന്ത്രണം ഉണ്ടെങ്കിലേ പരിഷ്കാരം വിജയിക്കുകയുള്ളൂ. അല്ലെങ്കില്‍ ബസുകള്‍ തോന്നും പടി നിര്‍ത്തും. ബേക്കര്‍ ജംഗ്ഷനില്‍ ശക്തി ഹോട്ടലിനു മുന്‍വശത്തു വാഹനങ്ങള്‍ യുടേണ്‍ എടുക്കുന്നതും ഗതാഗതക്കുരുക്കിനു കാരണമാകുന്നുണ്ട്. ഇത് നിയന്ത്രിക്കാന്‍ പോലീസ് തയാറാകുന്നില്ല. അതേപോലെ, കുമരകം റോഡിലും ട്രാഫിക് കോണുകള്‍ തീരുന്ന ഭാഗത്ത് വാഹനങ്ങള്‍ യുടേണ്‍ എടുക്കുന്നു.
ഇതു നിയന്ത്രിക്കണം. സൂഡിയോയ്ക്കു മുമ്പിലുടെയുള്ള റോഡില്‍ ഓട്ടോറിക്ഷ സ്റ്റാന്‍ഡുമുണ്ട്. ഇവിടെ പലപ്പോഴും രണ്ടു വരിയായിട്ടാണ് ഓട്ടോറിക്ഷകള്‍ പാര്‍ക്കു ചെയ്യുന്നത്. കഷ്ടിച്ച് ഒരു വാഹനത്തിനു മാത്രം കടന്നു പോകാനേ സാധിക്കുന്നുള്ളൂ. അതേപോലെ വണ്‍വേയായ റോഡില്‍ കൂടി വാഹനങ്ങള്‍ കയറി വരുന്നതും കുരുക്കുണ്ടാക്കുന്നുണ്ട്. ഇവിടെ വണ്വേയാണെന്നുള്ള ബോര്‍ഡ് പോലുമില്ല.
District News
പുതുപ്പള്ളി: സർക്കാരിനെതിരേ ജനരോഷം രൂക്ഷമാണെന്ന് ആര്യാടൻ ഷൗക്കത്ത് എംഎൽഎ. നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ഫലം ഇതിന്റെ ആഴം വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. വാകത്താനം ഞാലിയാകുഴിയിൽ ഉമ്മൻ ചാണ്ടി കുടുംബസംഗമത്തിൽ പങ്കെടുത്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രചാരണരംഗത്ത് ചാണ്ടി ഉമ്മനെ വോട്ടർമാർ താരപരിവേഷത്തോടെയാണ് വരവേറ്റതെന്നും അദ്ദേഹം പറഞ്ഞു.
മുതിർന്ന നേതാവ് കെ.സി. ജോസഫ് സംഗമം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.പി. പുന്നൂസ് അധ്യക്ഷത വഹിച്ചു. കെപിസിസി നിർവാഹക സമിതി അംഗം ജോഷി ഫിലിപ്പ്, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് ഫൈസൽ ബാഫഖി തങ്ങൾ, ജില്ലാ പഞ്ചായത്ത് മെമ്പർ സുധാ കുര്യൻ, ഷേർലി തര്യൻ, കുഞ്ഞ് പുതുശേരി, പി.സി. സണ്ണി, കെ.ബി. ഗിരീഷൻ തുടങ്ങിയവർ പ്രസംഗിച്ചു.
District News
ചങ്ങനാശേരി: ബ്രത്ത്ലൈസര് പരിശോധിക്കുന്നത് സംബന്ധിച്ച് തര്‍ക്കത്തെത്തുടര്‍ന്ന് സിപിഎം നേതാവും എസ്ഐയും തമ്മില്‍ തര്‍ക്കം ഉന്തിലും തള്ളിലുമെത്തിയ സംഭവത്തിൽ സിപിഎം നേതാവിനെതിരേ ചങ്ങനാശേരി പോലീസ് കേസെടുത്തു.
സിപിഎം ഏരിയ കമ്മിറ്റി അംഗവും ചങ്ങനാശേരി നഗരസഭ 29-ാംവാര്‍ഡ് കൗണ്‍സിലറുമായ പി.എ. നിസാറിനെതിരേയാണ് പോലീസ് കേസെടുത്തത്. പോലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തുക, കൈയേറ്റം ചെയ്യുക തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തത്. എസ്എച്ച്ഒ ബി. വിനോദ്കുമാറാണ് കേസ് അന്വേഷിക്കുന്നത്. ചങ്ങനാശേരി സ്റ്റേഷനിലെ ജൂണിയര്‍ എസ്ഐ ടിനുവിനു നേരേയാണ് ഭീഷണിയും കൈയേറ്റവും അരങ്ങേറിയത്.
വെള്ളിയാഴ്ച രാത്രി 8.30ന് ചങ്ങനാശേരി സെന്‍ട്രല്‍ ജംഗ്ഷന് സമീപം മുനിസിപ്പല്‍ ആര്‍ക്കേഡ് ഭാഗത്താണ് മദ്യപിച്ചു വാഹനമോടിക്കുന്നവരെ പിടികൂടാന്‍ ജൂണിയര്‍ എസ്ഐ ടിനുവിന്റെ നേതൃത്വത്തില്‍ വാഹന പരിശോധന നടത്തിയത്.
അതുവഴി ബൈക്കിലെത്തിയ പി.എ. നിസാറിനെ തടഞ്ഞുനിര്‍ത്തിയ ജൂണിയര്‍ എസ്ഐ ബ്രത്തലൈസറില്‍ ഊതണമെന്ന് ആവശ്യപ്പെട്ടെങ്കിലും നിസാര്‍ നിരസിക്കുകയും യന്ത്രം തട്ടിമാറ്റുകയും ചെയ്തു. പരിശോധിക്കണമെന്ന് എസ്ഐ നിലപാടെടുത്തതോടെ വാക്കേറ്റവും പിടിവലിയും തുടര്‍ന്ന് കൈയേറ്റത്തിലെത്തുകയുമായിരുന്നു.
തുടര്‍ന്ന് സിപിഎം, സിഐടിയു പ്രവര്‍ത്തകരും മറ്റാളുകളും സംഘടിച്ചെത്തി. സംഭവത്തിനിടയില്‍ ഒരുസംഘം ആളുകള്‍ എസ്ഐയെ ഉന്തിത്തള്ളി പോലീസ് ജീപ്പില്‍ കയറ്റുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. സംഘര്‍ഷത്തിനിടയില്‍ എസ്ഐയെ അക്രമിക്കാന്‍ ശ്രമിച്ചവരെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പോലീസ് നടപടി സ്വീകരിക്കും.
സംഭവത്തില്‍ പി.എ. നിസാര്‍ പരാതി നല്‍കിയെങ്കിലും പോലീസ് കേസെടുത്തിട്ടില്ല. എസ്ഐ ടിനു രാത്രിയില്‍ ചികിത്സ തേടിയ ചങ്ങനാശേരി ജനറല്‍ ആശുപത്രിയിലേക്ക് സിപിഎം, എസ്എഫ്ഐ പ്രവര്‍ത്തകര്‍ എത്തിയതോടെ എസ്ഐ സ്വകാര്യ ആശുപത്രിയിലേക്കു മാറുകയായിരുന്നു.
Leader Page
വരുംകാല ലോകത്തെ നയിക്കാൻ നിയോഗിതരാകുന്ന മികച്ച മസ്തിഷ്കങ്ങളെ നാട്ടിൽ സൃഷ്ടിച്ചെടുക്കുന്ന വൈജ്ഞാനിക ഔന്നത്യമുള്ള ബൃഹത്തായ സ്ഥാപനങ്ങളുള്ള നാടായി കോട്ടയം പാർലമെന്റ് മണ്ഡലം മാറണമെന്ന കാഴ്ചപ്പാടാണ് സയൻസ് സിറ്റിയും ട്രിപ്പിൾ ഐടിയുമടക്കമുള്ള സ്ഥാപനങ്ങൾ നേടിയെടുക്കുന്നതിനുള്ള പരിശ്രമങ്ങളിലേക്കു നയിച്ചത്.
നാലോ അഞ്ചോ ഏക്കർ സ്ഥലം ഉണ്ടെങ്കിൽ രാജ്യാന്തര നിലവാരമുള്ള സയൻ സിറ്റി എന്ന ശാസ്ത്ര സാങ്കേതിക പഠനകേന്ദ്രത്തെ കോട്ടയം മണ്ഡലത്തിലേക്കു കൊണ്ടുവരാമെന്നായിരുന്നു പ്രാരംഭ കണക്കുകൂട്ടൽ. സയൻ സിറ്റിയെക്കുറിച്ചു പഠിക്കാൻ ഇന്ത്യയിലെ ഏറ്റവും വലിയ സയൻസ് സിറ്റിയായ കോൽക്കത്തയിലെത്തി ഡയറക്ടർ ജനറലുമായി വിശദമായ ആശയവിനിമയം നടത്തി. അവിടത്തെ വിദഗ്ധരും അധ്യാപകരും വിദ്യാർഥികളുമായും കൂടിക്കാഴ്ചകൾ നടത്തി.
സയൻ സിറ്റി പ്രവർത്തിക്കുന്നത് കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ കീഴിലാണ്. ഈ മന്ത്രാലയത്തിലെ പലതലത്തിലുള്ള ഉദ്യോഗസ്ഥരുമായി നിരവധി തവണ ആശയവിനിമയം നടത്തിയപ്പോഴാണ് നാലോ അഞ്ചോ ഏക്കർ മതിയാകില്ല; വിശാലമായ കാമ്പസ് ഒരുക്കുന്നതിന് പര്യാപ്തമായ സ്ഥലമാണ് സയൻ സിറ്റി സ്ഥാപിക്കുന്നതിന് ആവശ്യമായി വരിക എന്ന അറിവ് ലഭിച്ചത്. 150ഓളം ഏക്കറിലാണ് കോൽക്കത്ത സയൻസ് സിറ്റി സ്ഥിതി ചെയ്യുന്നത്. സ്ഥലത്തിനുവേണ്ടിയുള്ള നിരവധി അന്വേഷണങ്ങൾക്കൊടുവിൽ കടുത്തുരുത്തിയിലെ കുറവിലങ്ങാട് കോഴായിൽ 30 ഏക്കർ സയൻ സിറ്റിക്കായി അനുവദിപ്പിച്ചെടുത്തു.
അന്നത്തെ കേന്ദ്രമന്ത്രിയായിരുന്ന കുമാരി ഷെൽജയെ സയൻ സിറ്റി സംബന്ധമായി കാര്യങ്ങൾ ബോധ്യപ്പെടുത്തുന്നതിന് അവരുമായി നിരവധി കൂടിക്കാഴ്ചകൾ നടത്തി. വിശദമായ പഠനത്തോടുകൂടി സമഗ്രമായ പ്രോജക്ട് റിപ്പോർട്ടാണ് സയൻ സിറ്റിക്കു വേണ്ടി കേന്ദ്രസർക്കാരിനു മുന്നിൽ സമർപ്പിച്ചത്.
സ്ഥലം സംബന്ധിച്ച തീരുമാനത്തിൽ എത്തിയ ഉടൻ സയൻ സിറ്റി അനുവദിച്ചുകൊണ്ടുള്ള കേന്ദ്രസർക്കാർ തീരുമാനവും ഉണ്ടായി. ആദ്യം ഒരു സയൻസ് പാർക്ക് ആയി പ്രവർത്തനം ആരംഭിക്കുകയും പിന്നീട് പൂർണസജ്ജമായ സയൻ സിറ്റിയിലേക്ക് എത്തുകയും ചെയ്യുക എന്ന നിർദേശമാണ് കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിൽനിന്നു ലഭിച്ചത്.
വിദ്യാര്‍ഥികള്‍ക്ക് പഠനോപകാരപ്രദമായ സയന്‍സ് ഗാലറികള്‍, സയന്‍സ് പാര്‍ക്ക്, ആക്ടിവിറ്റി സെന്റര്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന സയന്‍സ് സെന്റര്‍, ഫുഡ് കോര്‍ട്ട്, വാനനിരീക്ഷണകേന്ദ്രം, ഇലക്ട്രിക്കല്‍ സബ്സ്റ്റേഷന്, കോബൗണ്ട് വാള്, ഗേറ്റുകള്‍, റോഡിന്റെയും ഓടയുടെയും നിര്‍മാണം, വാട്ടര്‍ ടാങ്ക്, തുടങ്ങിയവയാണ് ആദ്യഘട്ടത്തില്‍ പൂര്‍ത്തിയായിരിക്കുന്നത്.
സയന്‍സ് സിറ്റിയുടെ രണ്ടാം ഘട്ടത്തിലാണു വളരയേറെ സാങ്കേതിക മികവോടെയുള്ള സ്പേസ് തിയേറ്റര്‍, മോഷന്‍ സ്റ്റിമുലേറ്റര്‍ തുടങ്ങിയ സംവിധാനങ്ങള്‍ ഒരുങ്ങുന്നത്. എന്‍ട്രി പ്ലാസ, ആംഫി തിയറ്റര്‍, റിംഗ് റോഡ്, പാര്‍ക്കിംഗ് തുടങ്ങിയവയും അടുത്തഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ പ്രവൃത്തികള്‍ക്ക് 25 കോടി രൂപ സംസ്ഥാന ബജറ്റില്‍ വകയിരുത്തിട്ടുണ്ട്.
കോട്ടയത്തിന്റെ സാമൂഹിക പുരോഗതിയില്‍ നാഴികക്കല്ലായിത്തീരുന്ന സയന്‍സ് സിറ്റി കേരളത്തിന് അനന്തമായ തൊഴില്‍ സാധ്യതകള്‍ കൂടിയാണ് തുറന്നുനല്‍കുന്നത്. വര്‍ഷം തോറും ഇന്ത്യക്കകത്തും പുറത്തുനിന്നുമായി ആയിരക്കണക്കിന് ആളുകള്‍ ശാസ്ത്ര-വിജ്ഞാന നഗരി സന്ദര്‍ശിക്കാന്‍ എത്തുന്നതോടെ കോട്ടയത്തിന്റെ വൈജ്ഞാനികരംഗത്തു വന്‍ വളര്‍ച്ചയാണു സാധ്യമാകാൻ പോകുന്നത്.
10 കിലോമീറ്റർ ചുറ്റളവിൽ രണ്ട് അതിബൃഹത്തായ പദ്ധതികളാണ് എത്തിച്ചത്. സയൻസ് സിറ്റിയുമായി വളരെയേറെ ബന്ധമുള്ള ട്രിപ്പിൾ ഐടി 10 കിലോമീറ്റർ പരിധിയിൽ കൊണ്ടുവരുവാൻ കഴിഞ്ഞു. ഇനിയുള്ള ഇന്ത്യയുടെ ഭാവി ആർട്ടിഫിഷൽ ഇന്റലിജൻസ് പോലെയുള്ള അതിനൂതനമായ മേഖലകളിലായിരിക്കും എന്ന കാഴ്ചപ്പാടോടു കൂടിയാണ് ട്രിപ്പിൾ ഐടി യാഥാർഥ്യമാക്കിയെടുക്കാനായി പരിശ്രമിച്ചത്.
ഇന്ന് പൂർണ സജ്ജമായി പ്രവർത്തിക്കുന്ന പാലാ വലവൂരിലെ ട്രിപ്പിൾ ഐടിയുടെ തുടക്കവും പ്രാരംഭ പ്രവർത്തനങ്ങളും ഒട്ടേറെ പ്രതിസന്ധികളെ അതിജീവിച്ചാണ് മുന്നോട്ടുപോയത്. ഇന്ന് 2000 വിദ്യാർഥികൾ പഠിക്കുന്ന രാജ്യത്തിന്റെ അഭിമാന സ്ഥാപനമായി ട്രിപ്പിൾ ഐടിഐ മാറിയിരിക്കുന്നു.
തൊഴിലും പഠനവും ഒരു സ്ഥാപനത്തിനുള്ളിൽ എന്ന കാഴ്ചപ്പാടോടെ ട്രിപ്പിൾ ഐടിയോട് അനുബന്ധിച്ച് ഇൻഫോസിറ്റി എന്ന ആവശ്യമാണ് കേന്ദ്രസർക്കാരിനു മുന്നിൽ ഉയർത്തിയിരിക്കുന്നത്. അത് യാഥാർഥ്യമാക്കിയെടുക്കാൻ കഴിയുമെന്ന് ആത്മവിശ്വാസവുമുണ്ട്. സയൻ സിറ്റിയെയും ട്രിപ്പിൾ ഐടിയെയും പരസ്പരം ബന്ധിപ്പിച്ചുകൊണ്ടുള്ള പ്രവർത്തനം സാധ്യമാക്കണമെന്ന നിർദേശവും മുന്നോട്ടുവച്ചിട്ടുണ്ട്.
നിലവില്‍ ഡല്‍ഹി, കോല്‍ക്കത്ത, ജലന്തര്‍, അഹമ്മദാബാദ് തുടങ്ങിയ നഗരങ്ങളിലാണ് ഇപ്പോള്‍ സയന്‍സ് സിറ്റികളുള്ളത്. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ ഈ ശാസ്ത്ര നഗരങ്ങളുടെ പട്ടികയിലേക്ക് കുറവിലങ്ങാടും കടുത്തുരുത്തിയും ഉയർത്തപ്പെടും. വികസിത രാജ്യങ്ങളില്‍മാത്രം നിലവിലുള്ള ശാസ്ത്ര, സാങ്കേതിക, ഗവേഷണ, വിനോദസൗകര്യങ്ങള്‍ കടുത്തുരുത്തിയുടെ ഗ്രാമീണ മേഖലകളിൽ ലഭ്യമാകും.
നമ്മുടെ വിദ്യാഭ്യാസ മേഖലയില്‍ സുപ്രധാന നാഴികക്കല്ലായി മാറുന്ന സയന്‍സ് സിറ്റി കേരളത്തിലെ മാത്രമല്ല, ദക്ഷിണേന്ത്യന്‍ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും ഗവേഷകരുടെയും പ്രധാന സന്ദര്‍ശന കേന്ദ്രമായി മാറുന്നതോടെ കടുത്തുരുത്തിയുടെ മണ്ണിൽ ഉണ്ടാകാൻ പോകുന്നത് സമാനതകളില്ലാത്ത വികസന കുതിപ്പാണ്.
District News
ചങ്ങനാശേരി: തുരുത്തി-മുളയ്ക്കാംതുരുത്തി-വാലടി റോഡില്‍ ബസ് സര്‍വീസ് നിലച്ചിട്ട് അഞ്ചുദിനം; പ്രതിഷേധ പരിപാടികളുമായി ജനങ്ങള്‍ രംഗത്ത്. റോഡ് തകര്‍ന്നു യാത്ര അപകട ഭീഷണിയിലായതിനെത്തുടര്ന്നാണ് കെഎസ്ആര്‍ടിസി ബസ് സര്‍വീസ് നിര്‍ത്തിവച്ചത്. ബസ് നിര്‍ത്തിയതോടെ വിദ്യാര്‍ഥികളടക്കം യാത്രക്കാരുടെ യാത്രാദുരിതം വര്‍ധിച്ചു.
തകര്‍ന്നു ചെളിക്കുളമായ റോഡിലൂടെ കിലോമീറ്ററുകളോളം സഞ്ചരിച്ച് തുരുത്തി, പുന്നമൂട് ജംഗ്ഷനിലെത്തിയാണ് ആളുകള്‍ ചങ്ങനാശേരി, കോട്ടയം ഭാഗങ്ങളിലേക്കു പോകുന്നത്. തകര്‍ന്ന റോഡിലൂടെ അത്യാഹിത രോഗികള്‍, ഗര്‍ഭിണികള്‍ തുടങ്ങിയവരെ യഥാസമയം ആശുപത്രികളിലെത്തിക്കാനും കഴിയുന്നില്ല. അടിയന്തരമായി റോഡിലെ കുഴികളടച്ച് ബസ് സര്‍വീസുകള്‍ പുനരാരംഭിച്ച് ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കണമെന്നാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നത്.
ചങ്ങനാശേരിയില്‍നിന്നുള്ള കെഎസ്ആര്‍ടിസി ബസുകള്‍ പറാല്‍-കുമരങ്കരി-വാലടി വഴി കാവാലത്തേക്ക് സര്‍വീസ് നടത്തുന്നുണ്ട്. നാരകത്ര, കൃഷ്ണപുരം ഉള്‍പ്പെടെ വിവിധ ഭാഗങ്ങളില്‍ പാടശേഖരങ്ങളിലെ വെള്ളക്കെട്ട് റോഡിലേക്ക് കയറിയ നിലയിലാണ്.
തുരുത്തി-പുന്നമൂട് ജംഗ്ഷനില്‍ ഇന്ന് പ്രതിഷേധ സദസ്
തുരുത്തി-മുളയ്ക്കാംതുരുത്തി-വാലടി-കാവാലം റോഡ് നിര്‍മാണം അനിശ്ചിതമായി നീണ്ടുപോകുന്നതില്‍ പ്രതിഷേധിച്ച് യുഡിഎഫ് തുരുത്തി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്നു കരിദിനം ആചരിക്കും. വൈകുന്നേരം നാലിന് തുരുത്തി പുന്നമൂട് ജംഗ്ഷനില്‍ പ്രതിഷേധ സായാഹ്ന സദസ് സംഘടിപ്പിക്കും. കൊടിക്കുന്നില്‍ സുരേഷ് എംപി ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് പന്തംകൊളുത്തി പ്രകടനം നടത്തും.
സമരപരിപാടികള്‍ക്ക് രൂപം നല്‍കുന്നതിനായി ചേര്‍ന്ന യോഗത്തില്‍ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് റോജി ആന്റണി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെംബർമാരായ മാത്തുക്കുട്ടി പ്ലാത്താനം, വര്‍ഗീസ് ആന്റണി, പാപ്പച്ചന് നേര്യംപറമ്പില്‍, സുരേഷ് തോട്ടയില്‍, തങ്കച്ചന് പാലത്ര, ബെറ്റ്സി തോമസ്, ബാബുക്കുട്ടന് മുയ്യപ്പള്ളി, വി.കെ. വിജയന്, ടോം ജേക്കബ്, പ്രദീപ് പുളിന്താനം, ബാബുരാജ് ശങ്കരമംഗലം, മെജി വര്‍ഗീസ്, സുനില്‍ കവിതാഴെ എന്നിവര്‍ പ്രസംഗിച്ചു.
റോഡ് നിര്‍മാണം: ജനാഭിപ്രായം അറിയാൻ യോഗം ഇന്ന്
തുരുത്തി-വാലടി-വീയപുരം റോഡിന്റെ പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ അഭിപ്രായം അറിയുന്നതിനായി തുരുത്തി ഡെവലപ്പ്മെന്റ് ആൻഡ് കള്‍ച്ചറല്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ജോബ് മൈക്കിള്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ഇന്നു മൂന്നിന് മുളയ്ക്കാംതുരുത്തി സെന്റ് ജോര്‍ജ് ക്നാനായ പള്ളി ഹാളില്‍ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്.
റോഡിലെ വെള്ളക്കെട്ടില്‍ വള്ളമിറക്കി യൂദാപുരം ഇടവകയുടെ വേറിട്ട പ്രതിഷേധം
തുരുത്തി: തുരുത്തി-മുളയ്ക്കാംതുരുത്തി-വാലടി റോഡ് പുനര്‍നിര്‍മാണം വൈകുന്നതിനെതിരേ യൂദാപുരം സെന്റ് ജൂഡ് ഇടവകയുടെ നേതൃത്വത്തില്‍ റോഡിലെ വെള്ളക്കെട്ടില്‍ വള്ളം ഇറക്കി പ്രതിഷേധിച്ചു. റോഡിന്റെ പുനര്‍നിര്‍മാണം ഉടനെ ആരംഭിക്കണമെന്നും അല്ലെങ്കില്‍ ശക്തമായ സമരപരിപാടികള്‍ ആരംഭിക്കുമെന്നും ഇടവകാംഗങ്ങള്‍ പറഞ്ഞു.
സെന്റ് ജൂഡ് പള്ളിയില്‍ നിന്നാരംഭിച്ച മാര്‍ച്ച് ആലുംമൂട് ഭാഗത്ത് സമാപിച്ചു. തുടര്‍ന്നാണ് വള്ളം ഇറക്കി പ്രതിഷേധിച്ചത്.
സെന്റ് ജൂഡ് പള്ളി വികാരി ഫാ. ഫിലിപ്പ് കാഞ്ചിക്കല്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ശശികുമാര്‍ തത്തനപ്പള്ളി, അരവിന്ദാക്ഷന് നായര്‍, അഡ്വ. ആന്റണി വര്‍ഗീസ്, ജോസി ആലഞ്ചേരി എന്നിവര്‍ പ്രസംഗിച്ചു.
District News
കോട്ടയം: ക്ഷീര വികസന വകുപ്പിന്റെ 2025-26 സാമ്പത്തിക വര്‍ഷത്തിലെ വിവിധ പദ്ധതികള്‍ നടപ്പിലാക്കാന്‍ താത്പര്യമുള്ളവരില്‍നിന്ന് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. 20 വരെ ക്ഷീര വികസന വകുപ്പിന്റെ www. ksheerasree.kerala.gov.in എന്ന പോര്‍ട്ടല്‍ മുഖേന രജിസ്റ്റര്‍ ചെയ്ത് അപേക്ഷിക്കാം. പുല്‍കൃഷി വികസനം, മില്‍ക്ക് ഷെഡ് വികസനം, ഡയറി ഫാം ശുചിത്വം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതി തുടങ്ങിയവയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം.
20 സെന്റിന് മുകളിലേക്കുള്ള പുല്‍കൃഷി, തരിശുഭൂമിയിലുള്ള പുല്‍കൃഷി, ചോളകൃഷി പദ്ധതികളും, പുല്‍കൃഷിക്ക് വേണ്ടിയുള്ള യന്ത്രവത്കരണ ധനസഹായം, ജലസേചന ധനസഹായം എന്നിവയും ഉള്‍പ്പെടുന്നതാണ് പുല്‍കൃഷി വികസന പദ്ധതി. ഡയറി ഫാമുകളുടെ ആധുനികവത്കരണവും യന്ത്രവത്കരണവും കയര്‍-മത്സ്യബന്ധന മേഖലകള്‍ക്കായുള്ള പ്രത്യേക പുനരധിവാസ പദ്ധതി, പശു യൂണിറ്റ് പദ്ധതികള്‍, യുവജനങ്ങള്‍ക്കായി 10 പശു അടങ്ങുന്ന സ്മാര്‍ട്ട് ഡയറി ഫാം പദ്ധതി,
കറവയന്ത്രം വാങ്ങിക്കുന്നതിനുള്ള ധനസഹായം, തൊഴുത്ത് നിര്‍മാണ ധനസഹായം എന്നിവ ഉള്‍പ്പെടുന്ന മില്‍ക്ക് ഷെഡ് വികസന പദ്ധതികള്‍ക്കും ഡയറി ഫാമിന്റെ ശുചിത്വം മെച്ചപ്പെടുത്തുന്നതിനായുള്ള പദ്ധതികള്‍ക്കും ksheerasree.kerala.gov. in എന്ന പോര്‍ട്ടലിലൂടെ അപേക്ഷിക്കാം. കൂടുതല്‍വിവരങ്ങള്‍ക്ക് ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരവികസന യൂണിറ്റുമായി ബന്ധപ്പെടണമെന്ന് ക്ഷീരവികസന വകുപ്പ് ഡയറക്ടര്‍ അറിയിച്ചു.
District News
ചങ്ങനാശേരി: സഭയ്ക്കും സമൂഹത്തിനും വെളിച്ചം പകര്‍ന്നു കടന്നുപോയ കര്‍മയോഗിയായിരുന്നു ഫാ. ഗ്രിഗറി പരുവപ്പറമ്പിലെന്ന് അതിരൂപത വികാരിജനറാൾ മോണ്‍. മാത്യു ചങ്ങങ്കേരി. ചെത്തിപ്പുഴ സെന്റ് തോമസ് നഴ്സിംഗ് കോളജ് സ്ഥാപക ഡയറക്ടറും അതിരൂപത പ്രൊക്യുറേറ്ററുമായിരുന്ന ഫാ. പരുവപ്പറമ്പില്‍ അനുസ്മരണ സമ്മേളനവും സംസ്ഥാനതല ക്വിസ് മത്സരവും ഉദ്ഘാടനം ചെയ്യുകയായിരുന്നു വികാരി ജനറാള്‍. കേരളത്തിലെ നഴ്സിംഗ് വിദ്യാഭ്യാസരംഗത്തും അതിരൂപതയ്ക്കും അദ്ദേഹത്തിന്റെ സേവനങ്ങള്‍ അവിസ്മരണീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോളജ് എക്സിക്യുട്ടീവ് ഡയറക്ടര്‍ ഫാ. ജയിംസ് പി. കുന്നത്ത് അധ്യക്ഷനായിരുന്നു. അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ജേക്കബ് അത്തിക്കളം, പ്രിന്‍സിപ്പല്‍ പ്രഫ.ഡോ. ഷൈല ഐപ്പ് വര്‍ഗീസ്, ഫൗണ്ടേഷന് സെക്രട്ടറി ജസ്റ്റിന് ബ്രൂസ്, ഫിലിപ്പ് പരുവപ്പറമ്പില്‍, ജറില്‍ ചെറിയാന്, വൈസ് പ്രിന്‍സിപ്പല്‍ ഷേര്‍ളി സെബാസ്റ്റ്യന്‍, ജോമോള്‍ സ്ക്കറിയ എന്നിവര്‍ പ്രസംഗിച്ചു
ഫാ. പരുവപ്പറമ്പില്‍ മെമ്മോറിയല്‍ ക്വിസ് മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ ഗവൺമെന്റ് കോളജ് ഓഫ് നഴ്സിംഗ് തിരുവനന്തപുരം, ഹോളിഫാമിലി കോളജ് ഓഫ് നഴ്സിംഗ് മുതലക്കോടം, ലൂര്‍ദ് കോളജ് ഓഫ് നഴ്സിംഗ് എറണാകുളം. എന്നിവരാണ് നേടിയത്.
District News
ചങ്ങനാശേരി: ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയില്‍ അന്തര്‍ദേശീയ നിലവാരമുള്ള മധ്യകേരളത്തിലെ ആദ്യ മള്‍ട്ടി ഡിസിപ്ലിനറി ഐസിയു തുറന്നു. മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം ചെയ്തു.
ഓര്‍ഗന്‍ ഫേയ്ലിയര്, സെപ്സിസ്ട്രാമ, സ്ട്രോക് എന്നീ ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്ക് സമഗ്രചികിത്സ വേഗത്തില്‍ ലഭ്യമാക്കുന്ന അത്യാധുനിക സംവിധാനമാണ് മള്‍ട്ടി ഡിസിപ്ലിനറി ഐസിയുവില്‍ ക്രമീകരിച്ചിരിക്കുന്നത്. പ്രത്യേക പരിശീലനം നേടിയ ക്രിട്ടിക്കല്‍ കെയര്‍ ഡോക്ടേഴ്സിന്റെ സേവനം ഇരുപത്തിനാല് മണിക്കൂറും ലഭ്യമാണ്.
പക്ഷാഘാതം, പരിക്ക്, ശസ്ത്രക്രിയ എന്നിവക്കുശേഷം ദൈനംദിന ജീവിതത്തില്‍ ശാരീരിക ശേഷി വീണ്ടെടുക്കാന്‍ സഹായിക്കുന്ന ഫിസിക്കല്‍ മെഡിസിന് റീഹാബിറ്റേഷന് യൂണിറ്റ്, ഉറക്കത്തെ ബാധിക്കുന്ന പ്രശ്നങ്ങളെ കണ്ടെത്തുകയും ചികിത്സ ലഭ്യമാക്കുകയും ചെയ്യുന്ന സ്ലിപ് ലാബ് എന്നിവയും ഉദ്ഘാടനം ആരംഭിച്ചു.
ആശുപത്രി ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സമ്മേളനത്തില്‍ ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിച്ചു. ഹോസ്പിറ്റല്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജയിംസ് പി കുന്നത്ത്, അസോസിയേറ്റ് ഡയറക്ടറുമാരായ ഫാ. ജോഷി മുപ്പതില്‍ച്ചിറ, ഫാ. ജേക്കബ് അത്തിക്കളം, ഫാ. ജോസ് പുത്തന്‍ച്ചിറ, മെഡിക്കല്‍ സൂപ്രണ്ട് ഡോ. തോമസ് സഖറിയ, വയലാര്‍ ശരത് ചന്ദ്ര വര്‍മ എന്നിവര്‍ പ്രസംഗിച്ചു.
District News
തലയോലപ്പറമ്പ്: വൈക്കം മുഹമ്മദ് ബഷീറിന്റെ 31-ാം ചരമദിനമായ നാളെ തലയോലപ്പറമ്പിൽ ബഷീർ അനുസ്മരണം വിവിധ പരിപാടികളോടെ ആചരിക്കും. രാവിലെ 9.30ന് തലയോലപ്പറമ്പ് ഫെഡറൽ നിലയത്തിനുള്ളിൽ ബഷീർ ഉപയോഗിച്ചിരുന്ന ചാരുകസേരയിൽ ബഷീർ ഛായാചിത്രമൊരുക്കി പുഷ്പാർച്ചനയും ബഷീർ കൃതികളുടെ വായനയും നടക്കും.
വൈകുന്നേരം നാലിനു ബഷീർ അനുസ്മരണ സമ്മേളനം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും.
District News
വൈക്കം: ചെമ്പ് സെന്റ് തോമസ് യാക്കോബായ സുറിയാനിപള്ളിയിൽ ശ്രേഷ്ഠ കാതോലിക്ക മാർ ബസേലിയോസ് ജോസഫ് ബാവയ്ക്ക് സ്വീകരണം നൽകി. കണ്ടനാട് ഭദ്രാസനാധിപൻ ഡോ. മാത്യൂസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ അധ്യക്ഷതയിൽ നടന്ന അനുമോദന സമ്മേളനം സി.കെ. ആശ എംഎൽഎ ഉദ്ഘാടനം ചെയ്തു.
മോൻസ് ജോസഫ് എംഎൽഎ, ഫാ.ഹോർമീസ് തോട്ടക്കാട്ട്ക്കര, പഞ്ചായത്ത് പ്രസിഡന്റ് സുകന്യ സുകുമാരൻ തുടങ്ങിയ വർ പ്രസംഗിച്ചു.
District News
കടുത്തുരുത്തി: തുടര്‍ച്ചയായ മഴയും വെള്ളക്കെട്ടും കല്ലറയില്‍ ഈ വര്‍ഷത്തെ വിരിപ്പ് (വര്‍ഷ) കൃഷി ആരംഭിക്കാന്‍ വൈകും. പാടശേഖരത്തെ വെള്ളം വറ്റാത്തതിനാല്‍ വിത്ത് വിതയ്ക്കാൻ നിലം ഒരുക്കുന്നതുള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിനുള്ള തടസമാണ് കൃഷി വൈകാന്‍ കാരണമാകുന്നത്.
ജൂണ്‍ പകുതിയോടെ വിത തുടങ്ങണമെന്നായിരുന്നു കര്‍ഷകരുടെയും കൃഷിവകുപ്പ് ഉദ്യോഗസ്ഥരുടെയും തീരുമാനം. കാലാവസ്ഥയില്‍ വന്ന മാറ്റം കര്‍ഷകരുടെ കണക്കുകൂട്ടലാകെ താളം തെറ്റിച്ച അവസ്ഥയാണ്. ഇരുപ തിലധികം പാടങ്ങളിലായി 685 ഹെക്ടറിലാണ് ഈ വര്‍ഷം വിരിപ്പുകൃഷി ചെയ്യാൻ തീരുമാനിച്ചിരുന്നത്.
വിരിപ്പുകൃഷി ചെയ്യുന്ന പാടശേഖരങ്ങളിലധികവും മുണ്ടാര്‍ മേഖലയിലാണ്. ചില പാടശേഖരങ്ങളില്‍ വിരിപ്പുകൃഷിക്കുള്ള ഒരുക്കങ്ങളെല്ലാം നടന്നിരുന്നതാണ്. ഇതിനിടെയാണ് കഴിഞ്ഞ മേയ് 26ന് മഴ തുടങ്ങിയത്. ഇതോടെ കരിയാറും കെവി കനാലും ഉള്‍പ്പെടെയുള്ള പുഴകളും തോടുകളും കരകവിഞ്ഞു. പല പാടശേഖരങ്ങളിലും ബണ്ട് കവിഞ്ഞ് വെള്ളം കയറി.
മുണ്ടാര്‍ ഒന്നാം ബ്ലോക്ക്, പുലയ കോളനി, കങ്ങള-രണ്ട് എന്നീ പാടശേഖരങ്ങളില്‍ പെട്ടിയും പറയും തള്ളിപ്പോയതോടെ പാടങ്ങള്‍ വെള്ളത്തില്‍ മുങ്ങി. കോലത്തുകരി-വലിയകരി, ആനച്ചാംകുഴി, തട്ടാപറമ്പ് തെക്ക്, കങ്ങഴ-എട്ട് എന്നിങ്ങനെ നിരവധി പാടശേഖരങ്ങളില്‍ മടവീഴ്ചയുണ്ടായി. വെള്ളം കുറഞ്ഞാല്‍ മാത്രമേ പാടശേഖരത്തെ മോട്ടോറുകള്‍ പ്രവര്‍ത്തിപ്പിക്കാനാകൂവെന്നാണ് കര്‍ഷകര്‍ പറയുന്നത്. ഉയരമുള്ള ശക്തമായ പുറംബണ്ടുകള്‍ ഇല്ലാത്തതാണ് കര്‍ഷകര്‍ നേരിടുന്ന മറ്റൊരു പ്രതിസന്ധി.
പരിഹാരം കാണണം
തോടുകളെല്ലാം പോളയും പായലും വളര്‍ന്ന് അടഞ്ഞുകിടക്കുകയാണ്. ഇത് തെളിക്കാത്തതുമൂലം വെള്ളം കായലിലേക്ക് ഒഴുകിപ്പോകാന്‍ മാര്‍ഗമില്ല. കാര്‍ഷിക മേഖലയെ ആശ്രയിച്ചു ജീവിക്കുന്നവരാണിവിടുത്തെ ജനങ്ങള്‍. കൃഷി മുടങ്ങിയാല്‍ കര്‍ഷകരുടെ ഉപജീവനമാര്‍ഗമാണ് ഇല്ലാതാവുന്നത്.
സര്‍ക്കാരും കൃഷി വകുപ്പും അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ വിരിപ്പുകൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയാണുള്ളതെന്ന് മുണ്ടാര്‍ പറമ്പന്‍കരി പാടശേഖരത്തിലെ കര്‍ഷകനായ സലി കാക്കത്തുരുത്തേല്‍ പറഞ്ഞു.
District News
പള്ളിക്കത്തോട്: റോഡിലെ ടാറിംഗിന്റെ കട്ടിംഗ് കാൽനടയാത്രക്കാർക്കും ഇരുചക്ര വാഹനയാത്രികർക്കും ഭീഷണിയാകുന്നു. പള്ളിക്കത്തോട് ടൗണിൽ കോട്ടയം റോഡിലാണ് ടാറിംഗ് അരികിലെ കട്ടിംഗ് ഭീഷണിയായി മാറിയിരിക്കുന്നത്.
റീ ടാറിംഗ് കഴിഞ്ഞപ്പോൾ ഒരടിയോളം റോഡ് ഉയർന്നതാണ് പ്രശ്നമായത്. കുഴി കോൺക്രീറ്റ് ചെയ്യാതെ മണ്ണിട്ടു നികത്തിയത് മഴ ആരംഭിച്ചതോടെ വെള്ളമൊഴുകി മണ്ണൊലിച്ചു പോയി. ഇപ്പോൾ മിറ്റിലിളികി കുഴിഞ്ഞു കിടക്കുന്ന ഇവിടെ സ്ത്രീകളും പ്രായമായവരും കുട്ടികളും ഉൾപ്പെടെയുള്ളവർ വീണു പരിക്കേൽക്കുന്നത് പതിവായിരിക്കുകയാണ്. ഇരുചക്ര വാഹനയാത്രികരും അപകടത്തിൽപ്പെടുന്നു.
പിഡബ്ല്യുഡി അധികൃതരും പഞ്ചായത്തും പ്രശ്നപരിഹാരത്തിനായി ഇടപെടണമെന്നും അപകടാവസ്ഥ ഒഴിവാക്കണമെന്നും കേരള കോൺഗ്രസ് മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. അടിയന്തര പരിഹാരം ഉണ്ടാകുന്നില്ലെങ്കിൽ ശക്തമായ പ്രതിഷേധ സമരം സംഘടിപ്പിക്കുമെന്ന് മണ്ഡലം പ്രസിഡന്റ് സജി ആക്കിമാട്ടേൽ പറഞ്ഞു. റോയപ്പൻ കരിപ്പാപറമ്പിൽ, ജോസ് തയ്യിൽ, മനോജ് തുടങ്ങിയവർ പ്രസംഗിച്ചു.
District News
നെടുംകുന്നം: നെടുംകുന്നം എസ്ജെബി എച്ച്എസ്എസിലെ സ്കൗട്ട് ആന്‍ഡ് ഗൈഡ്സ് വിദ്യാര്‍ഥികളുടെ ഒരുവര്‍ഷം നീളുന്ന ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍-വിമോക്ഷ 2025 നു തുടക്കം കുറിച്ചു.
നെടുംകുന്നം പള്ളിപ്പടി ജംഗ്ഷനില്‍ നടന്ന സമ്മേളനം വാര്‍ഡംഗം ബീന വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. സ്കൂള്‍ പ്രിന്‍സിപ്പൽ ഡോ. ഡൊമിനിക് ജോസഫ് സന്ദേശം നല്കി. ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍, വ്യാപാരികള്‍, അഭ്യുദയകാംക്ഷികള്‍ എന്നിവരുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന സാമൂഹികാവബോധ പ്രവര്‍ത്തനം,
‘’വിമോക്ഷ-ഉണരാം നാടിനായ് അണിചേരാം ലഹരിക്കെതിരായി’’ സ്റ്റിക്കര്‍ പ്രകാശനവും നടന്നു. ബെനഡിക്ട് സാബു, ആദിത്യ എസ്. നായര്‍, ആന്മരിയ സെബാസ്റ്റ്യന്‍, റിനു ജോസഫ്, ഷിജു അലക്സ്, അനുമോള്‍ കെ. ജോണ്‍, നീതു സൂസന് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
District News
ചങ്ങനാശേരി: വിടവാങ്ങിയ തദ്ദേശസ്വയംഭരണ വകുപ്പ് റിട്ട. സൂപ്രണ്ടിംഗ് എന്‍ജിനിയര്‍ പെരുന്ന മാവേലില്‍ രഞ്ജി (61)പൊതുജനസേവനരംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച ഉദ്യോഗസ്ഥനാണ്. കൊല്ലം കോര്പറേഷന്, ചങ്ങനാശേരി, തിരുവല്ല നഗരസഭകള്‍, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് എന്നിവിടങ്ങളിലും പൊതുമരാമത്ത്, ജലസേചന വകുപ്പുകളിലും എന്‍ജിനിയറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ജനകീയ കര്‍മപദ്ധതികള്‍ നടപ്പാക്കുന്നതില്‍ അദ്ദേഹം തത്പരനായിരുന്നു.
അസോസിയേഷന് ഓഫ് എന്‍ജിനിയേഴ്സ് കേരള സംസ്ഥാന പ്രസിഡന്റ്, ലിവര്‍ ഫൗണ്ടേഷന് ഓഫ് കേരള കോട്ടയം ജില്ലാ ട്രഷറര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ച അദ്ദേഹം കാലിക്കറ്റ് യൂണിവേഴ്സിറ്റി ബാസ്ക്കറ്റ്ബോള്‍ ടീമംഗമായിരുന്നു.
1981ല്‍ നാഗാലാന്‍ഡില്‍ വീരമൃത്യു വരിച്ച ജനറല്‍ റിസര്‍വ് എന്‍ജിനിയറിംഗ് ഫോഴ്സ് എന്‍ജിനിയര്‍ കെ.ആര്. ജയപ്രകാശിന്റെയും (ശൗര്യചക്ര) കെ. ഓമനക്കുട്ടിയമ്മയുടെയും മകനാണ്. പ്രവര്‍ത്തിച്ച മേഖലകളിലെല്ലാം നിരവധി സുഹൃത്തുക്കളെ സമ്പാദിച്ച വ്യക്തികൂടിയാണദ്ദേഹം.
ഭാര്യ സുധ ബി. നായര്‍ (റിട്ട. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍). മകള്‍: കീര്‍ത്തി (പാലക്കാട് എന്‍എസ്എസ് എന്‍ജിനിയറിംഗ് കോളജ് അസി. പ്രഫ), മരുമകന്: ഡോ. നിഖില്‍ കൃഷ്ണന് (പാലക്കാട് ഐഐടി അസി. പ്രഫസര്‍). കഴിഞ്ഞ ദിവസം അന്തരിച്ച അദ്ദേഹത്തിന്റെ സംസ്കാരം ഇന്നലെ വൈകുന്നേരം വീട്ടുവളപ്പില്‍ നടത്തി.
District News
നിരണം: വിശുദ്ധ തോമാസ്ലീഹായുടെ പേരിലുള്ള നിരണം തീര്‍ഥാടനകേന്ദ്രത്തില്‍ ദുക്റാന തിരുനാള്‍ ആചരണം ഇന്ന് നടക്കും. രാവിലെ ഏഴിന് ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ വിശുദ്ധകുര്‍ബാന അര്‍പ്പിക്കും.
ഉച്ചക്ക് 12.45ന് എടത്വ ഫൊറോനയില്‍നിന്നുള്ള തീര്‍ഥാടകര്‍ എത്തിച്ചേരും. ഫൊറോന വികാരി ഫാ. ഫിലിപ്പ് വൈക്കത്തുകാരന്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. അതിരൂപത സന്ദേശനിലയം ഡയറക്ടര്‍ ഫാ. വര്‍ഗീസ് പുത്തന്‍പുരയ്ക്കല്‍ സന്ദേശം നല്‍കും.
District News
ചങ്ങനാശേരി: തുരുത്തി-മുളയ് ക്കാംതുരുത്തി-വാലടി-കാവാലം റോഡിലെ കുഴികളടച്ച് ബസ് സര്‍വീസ് പുനരാരംഭിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ഉയരുന്നു. റോഡ് അപകടാവസ്ഥയിലായതിനെത്തുടര്‍ന്ന് തിങ്കളാഴ്ചമുതല്‍ ഈ റൂട്ടില്‍ ചങ്ങനാശേരിയില്‍നിന്നുള്ള കെഎസ്ആര്‍ടിസി ബസുകള്‍ നിര്‍ത്തലാക്കിയിരിക്കുകയാണ്. ഇത് ഈ മേഖലയിലുള്ള വിദ്യാര്‍ഥികളടക്കം യാത്രക്കാരെ വലച്ചിരിക്കുകയാണ്.
ചങ്ങനാശേരിയില്‍നിന്നുള്ള കെഎസ്ആര്‍ടിസി ബസുകള്‍ പറാല്‍, കുമരങ്കരി, വാലടി വഴി കാവാലത്തേക്ക് സര്‍വീസ് ആരംഭിച്ചിട്ടുണ്ട്. നാരകത്ര, കൃഷ്ണപുരം ഉള്‍പ്പെടെ വിവിധ ഭാഗങ്ങളില്‍ പാടശേഖരങ്ങളിലെ വെള്ളക്കെട്ട് റോഡിലേക്ക് കയറിയ നിലയിലാണ്. പാടശേഖരങ്ങളിലെ വെള്ളം പമ്പ് ചെയ്ത് ജലനിരപ്പ് ക്രമീകരിച്ചാല്‍ റോഡിലെ വെള്ളക്കെട്ടിനു പരിഹാരമാകുമെന്നാണ് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നത്.
അതേസമയം തുരുത്തി, വാലടി, വീയപുരം റോഡിന്റെ പുനര്‍നിര്‍മാണവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ അഭിപ്രായം അറിയുന്നതിനായി തുരുത്തി ഡെവലപ്മെന്റ് ആൻഡ് കള്‍ച്ചറല്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ജോബ് മൈക്കിള്‍ എംഎല്‍എ യുടെ അധ്യക്ഷതയില്‍ നാളെ വൈകിട്ട് 5.30 ന് മുളയ്ക്കാംതുരുത്തി സെന്റ് ജോര്‍ജ് ക്നാനായ പള്ളി ഹാളില്‍ യോഗം വിളിച്ചുചേര്‍ത്തിട്ടുണ്ട്.
District News
തലയാഴം: തലയാഴം പഞ്ചായത്തിലെ 10ാം വാർഡിൽ മാടപ്പള്ളി- തൃപ്പക്കുടം റോഡിനെ ആലത്തൂർ റോഡുമായി ബന്ധിപ്പിക്കുന്ന റോഡ് ചെളിക്കുണ്ടായത് യാത്ര ദുരിതമാക്കുന്നു.
25 വർഷം പഴക്കമുള്ള റോഡ് ഗതാഗതയോഗ്യമാക്കണമെന്ന പ്രദേശവാസികളുടെ ആവശ്യത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്.
സ്കൂൾ വിദ്യാർഥികൾ അടക്കമുള്ളവർ ഉപയോഗിക്കുന്ന റോഡ് സഞ്ചാരയോഗ്യമാക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
District News
വൈക്കം: കുചേലന്റെ ദൈന്യവും സുഹൃത്തിനായി തനിക്കുള്ളതെല്ലാം വിട്ടുനൽകാൻ മനസുകാട്ടുന്ന ശ്രീകൃഷ്ണന്റെ ഹൃദയവിശാലതയും മിഴിവോടെ അഭിനയിച്ചുകാട്ടുമ്പോൾ പൊതുപവർത്തകനായ എസ്. ഹരിദാസൻനായർ തികഞ്ഞ നടനാണ്. കഴിഞ്ഞ 20 വർഷമായി വൈക്കം നഗരസഭാ കൗൺസിലറായ എസ്. ഹരിദാസൻനായർ 35 വർഷമായി ശ്രീമദ് ഭാഗവത സപ്താഹ വേദികളിൽ ശ്രീകൃഷ്ണനായും കുചേലനായും പകർന്നാട്ടം നടത്തിയിട്ടുണ്ട്. ഇതിൽ 20 തവണ കൃഷ്ണനായും 15 വട്ടം കുചേലനായും അദ്ദേഹം ഭക്തമനസുകളെ ഭാവഗരിമയാൽ വിസ്മയിപ്പിച്ചു.
വൈക്കം നഗരസഭ 10 ാം വാർഡിലെ കൗൺസിലറായ എസ്. ഹരിദാസൻ നായർ നഗരസഭയിലെ പ്രതിപക്ഷ നേതാവുമാണ്. എസ്. ഹരിദാസൻ നായർ 1985ലാണ് ശ്രീമദ് ഭാഗവത സപ്താഹയ ജ്ഞത്തോടനുബന്ധിച്ച് ആദ്യമായി കുചേല വേഷം കെട്ടിയത്. കുചേലനും കൃഷ്ണനുമായുള്ള ഹരിദാസൻനായരുടെ നടനമികവ് വൈക്കത്തിനു പുറമേ ചേർത്തലയിലും നിരവധി ഇടങ്ങളിൽ അരങ്ങേറിയിട്ടുണ്ട്.
1980 മുതൽ അമച്വർ നാടകരംഗത്ത് ഹരിദാസൻ നായർ സജീവമാണ്. ഇദ്ദേഹം രചനയും സംവിധാനവും നിർവഹിച്ച ശ്രീനാരായണഗുരു അവതാരമെന്ന നാടകത്തി ൽ കേന്ദ്രകഥാപാത്രമായ ശ്രീനാരായണ ഗുരുവിന്റെ വേഷം അവതരിപ്പിച്ചതും ഹരിദാസൻ നായരാണ്.
ഇതിനകം നിരവധി ടെലി ഫിലിമിലും ഷോർട്ട് ഫിലിമിലും ഹരിദാസൻ നായർ അഭിനയിച്ചു കഴിഞ്ഞു. പിതാവ് സദാശിവൻ നായർ നർത്തകനും വല്യച്ഛൻ പ്രമുഖ കഥകളി നടനായിരുന്ന കലാമണ്ഡലം വൈക്കം കരുണാകരൻ നായരുമായിരുന്നു. ഏതാനും വർഷങ്ങളായി ചാലപ്പറമ്പ് കാർത്ത്യാകുളങ്ങര ശ്രീധർമശാസ്താ ക്ഷേത്രത്തിലെ സപ്താഹത്തിനായി ഹരിദാസൻ നായരെ കുചേലനായി ഒരുക്കിയത് ചമയകലയിൽ സംസ്ഥാന അവാർഡ് നേടിയ കലാനിലയം ജയപ്ര കാശാണ്.
ഹരിദാസൻനായരെ പലതവണ കൃഷണനായി രൂപപ്പെടുത്തിയ കലാനിലയം ജയപ്രകാശ് ഇവിടെ ശ്രീകൃഷ്ണനായിവേഷമിട്ട് ഹരിദാസൻനായരുടെ കുചേലനുമായി മത്സരിച്ച് അഭിനയിച്ചതും ഭക്തർക്ക് ആത്മഹർഷമായി. രുക്മിണിയായി വേഷമിട്ട കുറവിലങ്ങാട് ദേവമാതാ കോളജിലെ ബിരുദാനന്തര ബിരുദ വിദ്യാർഥി ദേവികയും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.
അഞ്ചു തെരഞ്ഞെടുപ്പിൽ മത്സരിച്ച ഹരിദാസൻ നായർ നാലു തവണയും മികച്ച ഭൂരിപക്ഷത്തിലാണ് തെരഞ്ഞെടുക്കപ്പെട്ടത്. ജനങ്ങളുടെ പ്രിയങ്കരനായ ജനപ്രതിനിധിയായി തിരക്കിട്ട് ഓടിനടക്കുന്ന ഹരിദാസൻ നായരുടെ കലാപ്രവർത്തനങ്ങൾക്ക് ഭാര്യ സുധാകുമാരിയും മകൾ ഐശ്വര്യയും മരുമകൻ വിഷ്ണുവും നിർലോഭമായ പിന്തുണയാണ് നൽകുന്നത്.
District News
കടുത്തുരുത്തി: വൈക്കം ഗവണ്മെന്റ് ആശൂപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന, സ്ട്രോക്ക് വന്നു തളര്‍ന്ന വയോധികയെ നിത്യസഹായകന് ട്രസ്റ്റിന്റെ അമ്മവീട് ഏറ്റെടുത്തു. മറവന്തുരുത്ത് പഞ്ചായത്തിലെ 12-ാം വാര്‍ഡില്‍ താമസിച്ചിരുന്ന തങ്കമ്മ (78) യെയാണ് പഞ്ചായത്തംഗം പോള്‍ തോമസ് മണിയലയുടെ അഭ്യര്‍ഥനപ്രകാരം നിത്യസഹായകന് ഏറ്റെടുത്തത്.
ശരീരം തളര്‍ന്ന് സംസാരശേഷിയും നഷ്ടപ്പെട്ട നിര്‍ധനയായ തങ്കമ്മയെ നോക്കാനും സംരക്ഷിക്കാനും ആളില്ലാത്ത അവസ്ഥയില്‍ ബന്ധുവായ വിനീഷും മെമ്പറും കൂടിയാണ് നിത്യസഹായകന്റെ അമ്മവീട്ടിലെത്തിക്കാന് മുന്‍കൈയെടുത്തത്.
തങ്കമ്മയ്ക്കു മക്കളില്ല. ഭര്‍ത്താവ് ചന്ദ്രന് പരസഹായം കൂടാതെ ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണ്. നിത്യസഹായകന് ട്രസ്റ്റിനെ ഇക്കാര്യങ്ങള്‍ അറിയിച്ചതിനെത്തുടര്‍ന്ന് വൈക്കം ഗവ. ആശുപത്രിയിലെത്തി ട്രസ്റ്റ് പ്രസിഡന്റ് അനില്‍ ജോസഫും അമ്മവീട് സെക്രട്ടറി വി.കെ. സിന്ധുവും സാഹചര്യങ്ങള്‍ മനസിലാക്കി.
തുടര്‍ന്ന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി തങ്കമ്മയെ ഏറ്റെടുത്തു. വൈസ് പ്രസിഡന്റ് കെ.കെ. സുരേന്ദ്രന്, തോമസ് അഞ്ചമ്പില്‍, ജയശ്രീ, എല്‍സി ജിജോ, ജയ്സണ്‍ പാലയില്‍, ആല്‍ഫില്‍, ക്ലാരമ്മ ബാബു, റൂബി കുര്യന്തടം, സുര പെരുമാലി, നഴ്സുമാരായ റീത്ത ജയ്സണ്‍, സൗമ്യ എന്നിവര്‍ നേതൃത്വം നല്കി.
District News
കടുത്തുരുത്തി: റെയില്‍വേയ്ക്കും സര്‍ക്കാരിനും കുറുപ്പന്തറ റെയില്‍വേ മേല്‍പ്പാലം നിര്‍മാണത്തിനുള്ള നടപടികളുമായി മുന്നോട്ടുപോകാമെന്ന് ഹൈക്കോടതി. കുറുപ്പന്തറ റെയില്‍വേ മേല്‍പ്പാലം നിര്‍മാണവുമായി ബന്ധപ്പെട്ട് തടസവാദം ഉന്നയിച്ച് നാട്ടുകാരായ രണ്ടുപേര്‍ നല്‍കിയിരുന്ന ഹര്‍ജി ഹൈക്കോടതി ഡിവിഷന് ബെഞ്ച് തള്ളിയതോടെയാണ് മേല്‍പ്പാലത്തിനുള്ള വഴിതുറന്നത്. പരാതിക്കാര്‍ ഉന്നയിച്ച വാദങ്ങള്‍ നിലനില്ക്കുന്നതല്ലെന്നു കണ്ടാണ് ജസ്റ്റീസുമാരായ എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, പി.എം. മനോജ് എന്നിവുള്‍പ്പെട്ട ഡിവിഷന് ബെഞ്ച് വാദം കേട്ട് കേസ് തള്ളിയത്.
മുമ്പ് സിംഗിള്‍ ബെഞ്ചും ഹര്‍ജി തള്ളിയിരുന്നു. തുടര്‍ന്നാണ് ഹര്‍ജിക്കാര്‍ ഡിവിഷന് ബെഞ്ചിനെ സമീപിച്ചത്. പൊതുജനത്തെ ബാധിക്കുന്ന പ്രശ്നമാണ് റെയില്‍വേ മേല്‍പ്പാലമെന്നും ഏതാനും വ്യക്തികള്‍ക്കുവേണ്ടി മേല്‍പ്പാലം നിര്‍മാണം ഉപേക്ഷിക്കാനാവില്ലെന്നും കോടതി നിരീഷിച്ചു. തുടര്‍ന്നാണ് പരാതിക്കാരായ കെ.ജെ. ജയിംസ്, അലക്സ് തയ്യില്‍ എന്നിവര്‍ ഡിവിഷന് ബെഞ്ചിനെ സമീപിച്ചത്.
റെയില്‍വേയുടെ നയം അനുസരിച്ച് എല്ലാ ലെവല്‍ ക്രോസുകളും ഒഴിവാക്കി മേല്‍പ്പാലമോ, അടിപ്പാതയോ നിര്‍മിക്കാനാണ് ലക്ഷ്യമിടുന്നത്. ആലപ്പുഴ-മധുര മിനി ഹൈവേയില്‍ വരുന്ന റോഡിലാണ് കുറുപ്പന്തറ റെയില്‍വേ ഗേറ്റുള്ളത്. ഇവിടത്തെ വാഹനത്തിരക്ക് നിയന്ത്രിക്കുന്നതിനും ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിനും റെയില്‍വേ ഗേറ്റില്‍ മേല്‍പ്പാലം നിര്‍മിക്കുക മാത്രമാണ് ഏകപരിഹാരമെന്നു കണ്ടെത്തിയിരുന്നു.
ആലപ്പുഴ-മധുര മിനി ഹൈവേയില്‍ കുറുപ്പന്തറയിലുള്ള റെയിവേയുടെ ലവല്‍ക്രോസില്‍ 2012-13ൽ ജോസ് കെ. മാണി എംപിയായിരിക്കെയാണ് മേല്‍പ്പാലം നിര്‍മാണം ബജറ്റില്‍ ഉള്‍പ്പെടുത്തുന്നത്.
2018ല്‍ കിഫ്ബിയില്‍നിന്നു സ്ഥലം ഏറ്റെടുക്കുന്നതിനും നിര്മാണത്തിനുവേണ്ടി മോന്‍സ് ജോസഫ് എംഎല്‍എ ഇടപെട്ട് 30.56 കോടി രൂപ അനുവദിച്ചു. തുടര്‍ന്ന് റെയില്‍വേ ആവശ്യപ്പെട്ട പ്രകാരം ജിഎഡി സമര്‍പ്പിക്കുകയും (ജനറല്‍ അറേഞ്ച്മെന്റ് ഡ്രോയിംഗ് ഇന്‍ കണ്‍സ്ട്രക്ഷന്‍ ഏരിയ) റെയില്‍വേ പദ്ധതി അംഗീകരിക്കുകയും ചെയ്തു.
പൊന്നുംവില നടപടി അനുസരിച്ചു നോട്ടിഫിക്കേഷന്‍ പുറപ്പെടുവിച്ചു സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കി സ്ഥലവില, കെട്ടിടവില നിര്‍ണയവും നടത്തി. തുടര്‍ന്നാണ് രണ്ടു പേര് കോടതിയില്‍ കേസുമായെത്തുന്നത്. ഇതോടെ ഇനി ഒരു ഉത്തരവ് ഉണ്ടാകുന്നത് വരെ റെയില്‍വേയോട് തുടര്‍നടപടികള്‍ സ്വീകരിക്കരുതെന്ന് കോടതി നിര്‍ദേശിച്ചു. ഇതോടെ മേല്‍പ്പാലം നിര്‍മാണത്തിന്റെ നടപടികള്‍ തടസപ്പെടുകയായിരുന്നു.
സര്‍ക്കാരിനും റെയില്വേയ്ക്കുമൊപ്പം മാഞ്ഞൂര്‍ വികസനസമിതിയും മേല്‍പ്പാലം നിര്‍മാണം വേണമെന്ന ആവശ്യവുമായി കേസില്‍ കക്ഷിചേരുകയായിരുന്നുവെന്ന് സമിതി സെക്രട്ടറി വിന്‍സന്റ് ചിറയിലും വൈസ് ചെയര്മാന് ജോമോന് കുരുപ്പത്തടവും പറഞ്ഞു. 2024 ഫെബ്രൂവരി 26ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം നിര്‍വഹിച്ച മേല്‍പ്പാലങ്ങളുടെ കൂട്ടത്തില്‍ കുറുപ്പന്തറ റെയില്‍വേ മേല്‍പ്പാലവും ഉള്‍പ്പെട്ടിരുന്നു.
District News
നീണ്ടൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ ‘ഒരു പഞ്ചായത്ത് ഒരു കളിക്കളം’ പദ്ധതിയുടെ ഭാഗമായി നീണ്ടൂരില്‍ കളിക്കളം ഒരുങ്ങുന്നു. നീണ്ടൂര്‍ പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലെ തൃക്കേല്‍ ഇന്‍ഡോര്‍ സ്റ്റേഡിയം നവീകരിച്ചാണ് കളിക്കളം നിര്‍മിക്കുന്നത്. മന്ത്രി വി.എന്‍. വാസവന്റെ ആസ്തി വികസന ഫണ്ടില്‍നിന്നുള്ള 50 ലക്ഷം രൂപയും സംസ്ഥാന കായിക വകുപ്പിന്റെ 50 ലക്ഷം രൂപയും ചെലവിട്ടാണ് നിര്‍മാണം.
ഒരേക്കറോളം വരുന്ന ഗ്രൗണ്ടില്‍ ഫെന്‍സിംഗ്, സ്ട്രീറ്റ് ലൈറ്റ്, ഡ്രെയ്നേജ് സംവിധാനം, ഓപ്പണ്‍ ജിം എന്നിവയും ഇന്‍ഡോറില്‍ സ്പോര്‍ട്സ് ഫ്ലോറിംഗ്, വൈദ്യുതി സംവിധാനം തുടങ്ങിയവയും സജ്ജീകരിക്കും. ഫുട്ബോള്‍, ക്രിക്കറ്റ് എന്നിവ കളിക്കുന്നതിനായി 90 മീറ്റര്‍ നീളത്തിലും 35 മീറ്റര്‍ വീതിയിലുമാണ് ഗ്രൗണ്ട് നിര്‍മിക്കുന്നത്.
സംസ്ഥാനത്തെ മുഴുവന്‍ പഞ്ചായത്തുകളിലും നിലവാരമുള്ള കളിക്കളം ഒരുക്കാന്‍ ലക്ഷ്യമിട്ട് സംസ്ഥാന കായിക യുവജനകാര്യ വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണ് ‘’ഒരു പഞ്ചായത്ത് ഒരു കളിക്കളം’’.
സ്കൂള്‍ ഗ്രൗണ്ട്, പഞ്ചായത്ത് മൈതാനം, പൊതുഉടമസ്ഥതയിലുള്ള സ്ഥലങ്ങള്‍ എന്നിവിടങ്ങളിലാണ് പ്രധാനമായും പദ്ധതി നടപ്പാക്കുന്നത്. കായിക സൗകര്യങ്ങള്‍ ലഭ്യമാക്കുക വഴി കുട്ടികളെ കളിക്കളങ്ങളിലേക്കെത്തിച്ച് കായിക മേഖലയിലെ വളര്‍ച്ചയാണ് ലക്ഷ്യംവയ്ക്കുന്നതെന്ന് നീണ്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രദീപ് പറഞ്ഞു.
District News
കോട്ടയം: എംസി റോഡില്‍ ഏറ്റുമാനൂരിനും കോട്ടയത്തിനുമിടയിലെ ഗതാഗതക്കൂരുക്ക് യാത്രക്കാരെ വലയ്ക്കുന്നു. തെള്ളകം, സംക്രാന്തി, ചവിട്ടുവരി, എസ്എച്ച് മൗണ്ട് എന്നിവിടങ്ങളിലാണ് ഗതാഗതക്കുരുക്ക് രൂക്ഷമായിരിക്കുന്നത്. സംക്രാന്തിയില്‍ പഴയ എംസി റോഡില്‍നിന്നു വണ്‍വേയായി വാഹനങ്ങള്‍ തിരിഞ്ഞുവരുന്നതും ജംഗ്ഷനില്‍ തന്നെയുള്ള ബസ് സ്റ്റോപ്പുകളില്‍ ബസുകള്‍ നിര്‍ത്തുന്നതുമാണ് കുരുക്കിനു കാരണം.
ബസ്റ്റോപ്പിനോടു ചേര്‍ന്നു തന്നെയാണ് ഇവിടെ ഓട്ടോറിക്ഷ-ടാക്സി സ്റ്റാന്‍ഡും. ബസ്സ്റ്റോപ്പുകള്‍ ജംഗ്ഷനില്‍നിന്ന് അല്പം മാറ്റിയാലും ടാക്സി സ്റ്റാന്‍ഡിനു പുനഃക്രമീകരണം നടത്തിയാലും ഇവിടത്തെ കുരുക്ക് ഒഴിവാക്കാനാകുന്നതാണ്.
ചവിട്ടുവരിയിലും ഇതേ സ്ഥിതിയാണ്. ഇവിടത്തെ മുക്കവലയിലാണ് ഇരുവശങ്ങളിലേക്കുമുള്ള സ്വകാര്യ, കെഎസ്ആര്‍ടിസി ബസുകള്‍ നിര്‍ത്തി ആളെ കയറ്റുന്നതും ഇറക്കുന്നതും. ബസുകള്‍ സ്റ്റോപ്പുകളില്‍ നിര്‍ത്തുമ്പോള്‍ കുരുക്കാകും. ഇതിനിടയിലേക്കാണ് പാറമ്പുഴ റോഡില്‍നിന്നു വരുന്ന വാഹനങ്ങള്‍ എത്തുന്നതും. ഈ സമയം ഒരു വശത്തേക്കും വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ പറ്റാത്ത അവസ്ഥയാണ്.
ഇവിടെയും രണ്ടു വശങ്ങളിലേക്കും ബസ് സ്റ്റോപ്പുകള്‍ മാറ്റി ക്രമീകരിച്ചാല്‍ കുരുക്കിനു പരിഹാരമുണ്ടാകും. രണ്ടിടങ്ങളിലും നേരത്തേ ട്രാഫിക് പോലീസിന്റെ സേവനമുണ്ടായിരുന്നു സ്കൂള്‍ തുറന്ന് തിരക്ക് വര്‍ധിച്ച ഈ സമയത്ത് ട്രാഫിക് പോലീസിന്റെ സേവനം പലപ്പോഴും ലഭ്യമല്ലാത്ത സ്ഥിതിയുമാണ്.
തെള്ളകം കാരിത്താസ് ജംഗ്ഷനിലും എസ്എച്ച് മൗണ്ടിലും സമാനമായ കുരുക്കാണ്. ജംഗ്ഷനുകളിലെ അനധികൃത പാര്‍ക്കിംഗും കൈയേറ്റവും ഒഴിപ്പിച്ച് ജംഗ്ഷന് വീതികൂട്ടിയാലും കുരുക്ക് ഒഴിവാക്കാം.
District News
ചങ്ങനാശേരി: അമേരിക്കയിലെ ഫിലാഡല്‍ഫിയയില്‍ കാര്‍ അപകടത്തില്‍ മരിച്ച ചങ്ങനാശേരി പറാല്‍ ചിക്കു മന്ദിറില്‍ ചിക്കു എം. രഞ്ജിത്തിന്റെ (39) മൃതദേഹം നാട്ടിലെത്തിക്കാൻ നടപടികൾ ആരംഭിച്ചു. ജൂണ്‍ ഒന്നിനാണ് അപകടമുണ്ടായത്. ചിക്കുവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
ഇന്‍ഫോസിസ് ഉദ്യോഗസ്ഥയായ ഭാര്യ രമ്യയ്ക്കും രണ്ടു മക്കള്‍ക്കും അപകടത്തില്‍ പരിക്കേറ്റിരുന്നു. രമ്യ അപകടനില തരണം ചെയ്തു. മക്കളുടെ പരിക്ക് ഗുരുതരമല്ല.
ഇവര്‍ സഞ്ചരിച്ച കാറിലേക്ക് അമിതവേഗത്തിലെത്തിയ മറ്റൊരു കാര്‍ ഇടിക്കുകയായിരുന്നു. ചിക്കുവിന്റെ പിതാവ് എം.ആര്. രഞ്ജിത്ത്, അമ്മ: ധനികമ്മ. സഹോദരന്: ചിന്റു എം.രഞ്ജിത്.
District News
ചങ്ങനാശേരി: പായിപ്പാട് കൊച്ചുപള്ളി കണ്ണങ്കോട്ടാല് വീട്ടില്‍ ക്രിസ്റ്റിന് ആന്റണിയുടെ(37) ആകസ്മിക നിര്യാണം താങ്ങാനാകാതെ കുടുംബം. കഠിനാധ്വാനത്തിലൂടെ ജീവിതം കരുപ്പിടിപ്പിക്കുന്നതിനിടെയാണ് ക്രിസ്റ്റിനെ വിധി കവര്‍ന്നെടുത്തത്. പായിപ്പാട് കേന്ദ്രമാക്കി സെന്റ് ജോര്‍ജ് ഗ്രൂപ്പ് എന്ന പേരില്‍ കാറ്ററിംഗ്, ടെമ്പോ ട്രാവലര്‍ സര്‍വീസ് തുടങ്ങിയ സ്ഥാപനങ്ങൾ നടത്തിവരികയായിരുന്നു. ഇടക്കാലത്ത് ഏതാനുംവര്‍ഷം വിദേശത്ത് ജോലി ചെയ്ത ക്രിസ്റ്റിന് തിരികെയെത്തിയശേഷമാണ് ബിസിനസ് സംരംഭം വിപുലമാക്കിയത്.
ചങ്ങനാശേരി മാര്‍ക്കറ്റില്‍ ബോട്ട് ജെട്ടിക്കു സമീപം നിര്‍ത്തിയിട്ടിരുന്ന കാറിനുള്ളില്‍ കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഏഴിനാണ് കാറ്ററിംഗ് സര്‍വീസ് ഉടമയായ ക്രിസ്റ്റിന് ആന്റണിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാറ്ററിംഗ് ആവശ്യത്തിനുള്ള സാധനങ്ങള്‍ വാങ്ങാനെത്തിയതായിരുന്നു ക്രിസ്റ്റിന്.
ഹൃദയാഘാതമാണു മരണകാരണമെന്നു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഓള് കേരള കാറ്ററിംഗ് അസോസിയേഷന് ചങ്ങനാശേരി താലൂക്ക് ട്രഷററായ ക്രിസ്റ്റിന് കഴിഞ്ഞ ദിവസം ഏറ്റുമാനൂരില്‍ നടന്ന കാറ്ററിംഗ് അസോസിയേഷന്റെ ജില്ലാ സമ്മേളനത്തിന്റെ നേതൃനിരയില്‍ പ്രവര്‍ത്തിച്ചിരുന്നു.
ഭാര്യ രശ്മി സക്കറിയ കൈനകരി സെന്റ് മേരീസ് യുപി സ്കൂള്‍ അധ്യാപികയാണ്. ക്രിസ്ബന്‍ (പായിപ്പാട് എസ്എച്ച് സ്കൂളിലെ എല്‍കെജി വിദ്യാര്‍ഥി), ഡെല്‍സണ്‍(രണ്ടുമാസം) എന്നിവരാണ് മക്കള്‍. കണ്ണങ്കോട്ടാല് പരേതനായ ആന്റണിയാണ് പിതാവ്.
അമ്മ ജസി ആന്റണി പായിപ്പാട് ഗ്രാമപഞ്ചായത്ത് മുന്‍ അംഗവും ഇപ്പോള്‍ പായിപ്പാട് സെന്‍ട്രല്‍ സഹകരണബാങ്ക് ഭരണസമിതിയംഗവുമാണ്. യുകെയില്‍ നഴ്സായ സഹോദരി ക്രിസ്റ്റി സഹോദരന്റെ മരണവിവരം അറിഞ്ഞ് നാട്ടിലെത്തി. ക്രിസ്റ്റിന്റെ സംസ്കാരം ഇന്ന് മൂന്നിന് പായിപ്പാട് ലൂര്‍ദ്മാതാ പള്ളിയില്‍ നടക്കും.
District News
ചങ്ങനാശേരി: നിര്‍മാണ നടപടികള്‍ നീളുന്ന തുരുത്തി-മുളയ്ക്കാംതുരുത്തി-വീയപുരം റോഡിലെ കാല്‍നടയാത്രയും വാഹനസഞ്ചാരവും അപകടഭീഷണിയില്‍. വലിയ കുഴികളിൽ കെഎസ്ആര്‍ടിസി ബസുകള്‍ ചാഞ്ഞും ചരിഞ്ഞും സഞ്ചരിക്കുന്നത് വാഹന, കാൽനട യാത്രക്കാരെ ഭീതിയിലാഴ്ത്തുകയാണ്. യാത്രക്കാരുടെ സുരക്ഷ മാനിച്ച് നിര്‍മാണ നടപടികള്‍ വേഗത്തിലാക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം.
2018ലെ പ്രളയദിനങ്ങളില്പോലും വെള്ളക്കെട്ടുണ്ടായിട്ടില്ലാത്ത റോഡിന്റെ ഇരുവശങ്ങളിലും ഉയര്‍ത്തി ഓട നിര്‍മിച്ചതോടെ റോഡിന്റെ വീതി കുറഞ്ഞു നിലവിലുണ്ടായിരുന്ന സൗകര്യങ്ങള്‍ നഷ്ടപ്പെടുകയായിരുന്നു. വാലടി പോലുള്ള പ്രദേശങ്ങളില്‍ കുട്ടനാടന്‍ ഭൂപ്രകൃതിക്ക് ഒട്ടും അനുയോജ്യമല്ലാത്ത രീതിയിൽ റോഡ് നിര്‍മാണം നടന്നപ്പോള്‍ പലരും പരാതികളുന്നയിച്ചെങ്കിലും അധികൃതർ അതൊന്നും ഗൗനിച്ചതേയില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
മഴക്കാലത്ത് പാടശേഖരങ്ങളിലെ വെള്ളക്കെട്ടില്‍ മുങ്ങാറുള്ള റോഡുകള്ക്കെന്തിനാണ് ഓട എന്നുള്ള ചോദ്യത്തിന് ഉത്തരമുണ്ടായില്ലെന്നും നാട്ടുകാര്‍ വിമര്‍ശനം ഉന്നയിക്കുന്നു. അശാസ്ത്രീയ രൂപകല്പനയ്ക്കു പിന്നില്‍ അഴിമതിയാണെന്ന ആക്ഷേപം പദ്ധതി ആരംഭിച്ച കാലം മുതല്‍ നാട്ടുകാരും മാധ്യമങ്ങളും ഉന്നയിച്ചിരുന്നെങ്കിലും വിഷയം ഏറ്റെടുക്കാന്‍ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളൊന്നും തയാറായില്ലെന്നതും ചര്‍ച്ചാവിഷയമാണ്.
പ്രതീക്ഷയോടെ നാട്ടുകാര്‍
പഴയ കരാറുകാരനെ ടെര്‍മിനേറ്റു ചെയ്തതിനുശേഷം പുതിയ കരാറുകാരനു കഴിഞ്ഞദിവസം സെലക്ഷന് നോട്ടീസ് നല്‍കിയതോടെ മുടങ്ങിക്കിടക്കുന്ന റോഡു നവീകരണ പ്രവര്‍ത്തനങ്ങള്‍ വൈകാതെ പുനരാരംഭിക്കുമെന്ന പ്രതീക്ഷ നാട്ടുകാര്‍ക്കുണ്ട്. ലെവല്‍സ് എടുത്ത് നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ചശേഷമാണ് സാധാരണഗതിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാറുള്ളത്. ഇതിനായി മഴക്കാലം കഴിഞ്ഞു വെള്ളമിറങ്ങുന്നതുവരെ കാത്തിരുന്നാല്‍ ഇപ്പോള്‍തന്നെ കുഴിയില്‍ച്ചാടി നടുവൊടിഞ്ഞുകൊണ്ടിരിക്കുന്ന യാത്രക്കാരുടെ ദുരിതങ്ങള്‍ ഇനിയും ഏറെക്കാലം നീണ്ടുനിന്നേക്കും.
കെഎസ്ആര്‍ടിസി സര്‍വീസുകള്‍ പ്രതിസന്ധിയില്‍
റോഡിലെ ഗതാഗതം താറുമാറായതോടെ കെഎസ്ആര്‍ടിസി ജീവനക്കാര്‍ ഈ റൂട്ടില്‍ സര്‍വീസ് നടത്തുന്നതിനോടു വിമുഖത പ്രകടിപ്പിക്കുന്നതായി സൂചനകളുണ്ട്. തകര്‍ന്ന റോഡിലൂടെ യഥാസമയം ബസുകള്‍ക്ക് ഓടിയെത്താനാകുന്നില്ലെന്നും കെഎസ്ആര്‍ടിസി ജീവനക്കാര്‍ പറയുന്നു. ബസ് സര്‍വീസ് മുടങ്ങിയാല്‍ ഈ റൂട്ടിലെ യാത്രക്കാരുടെ കാര്യം കഷ്ടത്തിലാകും.
കെഎസ്ടിപി പദ്ധതിയുടെ പരിധിയിലുള്ളതല്ലെങ്കിലും തുരുത്തിയില്‍നിന്നും കാവാലത്തേക്കുള്ള റോഡില്‍ നാരകത്തറ മുതല്‍ കൃഷ്ണപുരം വരെയുള്ള ഭാഗം കോഴിച്ചാല്‍ പാടശേഖരത്തിലെ വെള്ളക്കെട്ടില്‍ മുങ്ങിക്കിടക്കുന്നതിനാല്‍ നാരകത്തറയിലെത്തി ബസുകള്‍ മടങ്ങുകയാണ്. കൃഷ്ണപുരം ഭാഗത്തു റോഡുയര്ത്തുന്നതിനുള്ള അനുമതിയായെങ്കിലും ജോലികള്‍ തുടങ്ങിയിട്ടില്ല.
ഏതാനും പാടശേഖരങ്ങളിലെ ജലനിരപ്പ് ആവശ്യാനുസരണം ക്രമീകരിക്കുന്നതിനുള്ള നടപടികളെടുത്താല്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനും അത്യാവശ്യം കുഴികളെങ്കിലുമടച്ച് ബസ് സര്‍വീസുകള്‍ തുടരാനും സാധിക്കുമെന്നാണ് നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നത്. ജനപ്രതിനിധികളും അധികൃതരും ഇതിനുള്ള ഇടപെടലുകള്‍ നടത്തണമെന്നാണവര് ആവശ്യപ്പെടുന്നത്.
District News
കോട്ടയം: അതിദാരിദ്ര്യ രഹിത ജില്ലാ പ്രഖ്യാപനം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രമാണെന്ന് ബിജെപി കോട്ടയം വെസ്റ്റ് ജില്ലാ പ്രസിഡന്റ് ജി. ലിജിന്‍ ലാല്‍. രാജ്യത്താകമാനം മോദി സര്‍ക്കാരിന്റെ സമയബന്ധിത പരിപാടികളിലൂടെ ദാരിദ്ര്യം നിര്‍മാര്‍ജനം ചെയ്തുവരികയാണ്.
നരേന്ദ്രമോദി സര്‍ക്കാരിന്റെ ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികളുടെ ഗുണഫലമാണ് കോട്ടയത്തും പ്രതിഫലിക്കുന്നതെന്ന് പറഞ്ഞ അദ്ദേഹം ക്രെഡിറ്റ് സ്വന്തമാക്കുന്നതിനായി നടത്തുന്ന കണ്കെട്ടു വിദ്യയാണ് ഇപ്പോള്‍ അരങ്ങേറുന്നതെന്നും ആരോപിച്ചു.
കോട്ടയം: ദാരിദ്ര്യനിർമാർജനം എന്നത് ഇടതു ഗവൺമെന്റിന്റെ കൺകെട്ടു വിദ്യയെന്ന് ബിജെപി കോട്ടയം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് റോയി ചാക്കോ. ജില്ലയെ ആദ്യത്തെ അതിദാരിദ്ര്യരഹിത ജില്ലയായി പ്രഖ്യാപിച്ച മാനദണ്ഡം സർക്കാർ പുറത്തുവിടണമെന്നും അദേഹം ആവശ്യപ്പെട്ടു.
District News
കോട്ടയം: ട്രെയിനില്‍നിന്നു മൊബൈല്‍ ഫോണ്‍ മോഷ്ടിച്ച കേസില്‍ അസം സ്വദേശിയായ 20 വയസുകാരനെ കോട്ടയം റെയില്‍വേ പോലീസ് പിടികൂടി. അസം സ്വദേശിയായ അമിനുള്‍ ഇസ്ലാമിനെയാണു ചെങ്ങന്നൂര്‍ ആര്‍പിഎഫിന്റെ സഹായത്തോടെ കോട്ടയം റെയില്‍വേ പോലീസ് എസ്എച്ച്ഒ റെജി പി. ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
ഇന്നലെ രാവിലെ ചെന്നൈ-തിരുവനന്തപുരം എക്സ്പ്രസ് ട്രെയിനിലെ യാത്രക്കാരുടെ മൊബൈല്‍ ഫോണാണ് ഇയാള്‍ മോഷ്ടിച്ചത്. ചെങ്ങന്നൂര്‍ സ്റ്റേഷനില്‍ എത്തിയപ്പോള്‍ ഒന്നാം നമ്പര്‍ പ്ലാറ്റ്ഫോമില്‍നിന്നു മൂന്നാം നമ്പര്‍ പ്ലാറ്റ്ഫോമിലുള്ള പരശുറാം എക്സ്പ്രസിലേക്ക് ഇയാള്‍ ഓടിക്കയറുകയായിരുന്നു.
ഈ സമയം പ്ലാറ്റ്ഫോമില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ആര്‍പിഎഫ് എസ്ഐ കെ.ഐ. ജോസ്, ആര്‍പിഎഫ് എഎസ്ഐ ഗിരികുമാര്‍, ആര്‍പിഎഫ് എച്ച്സി ദിലീപ് കുമാര്‍, ആര്‍പിഎഫ് കോട്ടയം ഷാനു എന്നിവരുടെ നേതൃത്വത്തില്‍ പ്രതിയെ പിടികൂടുകയായിരുന്നു.
കോട്ടയത്ത് എത്തിച്ച പ്രതിയെ റെയില്‍വേ പോലീസ് എസ്എച്ച്ഒ റെജി പി. ജോസഫ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ട്രെയിനുകള്‍ കേന്ദ്രീകരിച്ച് മുമ്പും സമാനമായ രീതിയില്‍ ഇയാള്‍ മോഷണം നടത്തിയിരുന്നതായി പോലീസ് പറഞ്ഞു.
District News
കോട്ടയം: നാഗമ്പടം എസ്എച്ച് മെഡിക്കല്‍ സെന്ററിന്റെ 56-ാമത് ഹോസ്പിറ്റല്‍ ദിനം ആഘോഷിച്ചു. സമ്മേളനവും പുതുതായി ആരംഭിച്ച എംആര്‍ഐ സ്കാനറും മന്ത്രി റോഷി അഗസ്റ്റിന് ഉദ്ഘാടനം ചെയ്തു. ഹോസ്പിറ്റലിന്റെ 56 വര്‍ഷത്തെ ചരിത്രം ഉള്‍ക്കൊള്ളുന്ന ഡോക്യുമെനന്ററിയുടെ പ്രകാശനം ഫ്രാന്‍സിസ് ജോര്‍ജ് എംപിയും നവീകരിച്ച ലേബര്‍ റൂമിന്റെ ഉദ്ഘാടനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എയും നിര്‍വഹിച്ചു.
സെന്റ് മാത്യൂസ് പ്രോവിന്‍സ് പ്രൊവിന്‍ഷ്യല്‍ സിസ്റ്റര്‍ കാതറിന് നെടുന്പുറം അധ്യക്ഷത വഹിച്ചു. മദര്‍ ജനറല്‍ സിസ്റ്റര്‍ ഉഷ മരിയ എസ്എച്ച് അനുഗ്രഹപ്രഭാഷണം നടത്തി. എസ്എച്ച് ഹോസ്പിറ്റല്‍ ഡയറക്ടര്‍ സിസ്റ്റര്‍ ജീന റോസ് എസ്എച്ച്, റവ.ഡോ. മാണി പുതിയിടം, ലൂര്‍ദ് ഫൊറോന വികാരി ഫാ. ജേക്കബ് വട്ടക്കാട്ട്, സിസ്റ്റര്‍ ലിറ്റില്‍ ഫ്ളവര്‍ എസ്എച്ച്, നഗരസഭാ വൈസ്ചെയര്‍മാന്‍ ബി. ഗോപകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
District News
ഏറ്റുമാനൂർ: ബസ്സ്റ്റാൻഡുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡിൽ വെളിച്ചമില്ലാത്തത് യാത്രക്കാരെ വലയ്ക്കുന്നു. കെഎസ്ആർടിസി ബസ് സ്റ്റാൻഡിനെയും പ്രൈവറ്റ് ബസ്സ്റ്റാൻഡിനെയും ബന്ധിപ്പിക്കുന്ന റോഡിലാണ് വെളിച്ചമില്ലാത്തത്.
ഒരു ബസ്സ്റ്റാൻഡിൽ ഇറങ്ങി അടുത്ത ബസ് സ്റ്റാൻഡിൽ എത്തി യാത്ര തുടരുന്ന ഒട്ടേറെ യാത്രക്കാരുണ്ട്. അവർ ഉപയോഗിക്കുന്ന റോഡാണിത്. വെളിച്ചമില്ലാത്ത ഈ റോഡിലൂടെ സ്ത്രീ യാത്രക്കാർ ഭയന്നാണ് സഞ്ചരിക്കുന്നത്. മദ്യപാനികൾ ഉൾപ്പെടെ സാമൂഹികവിരുദ്ധരുടെ സാന്നിധ്യവും ഇവിടെയുണ്ട്.
മുമ്പ് റോഡിൽ സോളാർ ലൈറ്റുകൾ ഉണ്ടായിരുന്നു. നാളുകളായി അവ കേടായ നിലയിലാണ്. റോഡിൽ വൈദ്യുതി വിളക്കുകൾ പ്രകാശിപ്പിക്കാൻ നഗരസഭ അടിയന്തരമായി നടപടി സ്വീകരിക്കണം.
District News
വിതുര: തൊളിക്കോട് ജംഗ്ഷനിൽ ടോറസ് ലോറി അപകടത്തി ൽപ്പെട്ടു. അപകടത്തിൽ ഡ്രൈവർ രാഹുലിന് പരിക്കേറ്റു. അപകടത്തെ തുടർന്നു റോഡിലേക്ക് ഓയിൽ ഒഴുകിയതുമൂലം ഗതാഗതം തടസപ്പെട്ടു. ഉടൻ തന്നെ വിതുര ഫയർഫോഴ്സും പോലീസും സ്ഥലത്തെത്തി ഓയിൽ നീക്കം ചെയ്യാൻ ആരംഭിച്ചു.
ജനപ്രതിനിധികളായ തോട്ടുമുക്ക് അൻസർ,പ ്രതാപൻ, ഷെമി ഷംനാദ്,സന്ധ്യ പൊതുപ്രവർത്തകരായ തൊളിക്കോട് ഷംനാദ്, നൈ സാം, ഷാനവാസ്, ഷാനി തുടങ്ങിയവർ റോഡ് ശുചീകരണ പ്രവർത്തനത്തിൽ പങ്കുചേർന്നു.
District News
ചങ്ങനാശേരി: കോളജ് കാമ്പസിലെ ഓര്‍മകള്‍ പങ്കുവച്ച് അസംപ്ഷന്‍ കോളജ് അസോസിയേഷന് ഓഫ് അസംപ്ഷന്‍ അലുമ്നി (ആശ) വാര്‍ഷിക സമ്മേളനം. പൂര്‍വവിദ്യാര്‍ഥിനിയും കേരള സ്റ്റേറ്റ് പ്ലാനിംഗ് ബോര്‍ഡ് അഡ്വൈസറുമായ ഡോ. എം.ടി. സിന്ധു സമ്മേളനം ഉദ്ഘാടനം ചെയ്തു.
മിലിട്ടറി നഴ്സിംഗ് എഡിജിപിയായി ഉയര്‍ത്തപ്പെട്ട മേജര്‍ ജനറല്‍ പി.വി. ലിസമ്മയ്ക്ക് മികച്ച പൂര്വവിദ്യാര്ഥിനിക്കുള്ള ഈ വര്‍ഷത്തെ അവാര്‍ഡ് നല്കി ആദരിച്ചു. ആശ പ്രസിഡന്റ് അഡ്വ. ഡെയ്സമ്മ ജയിംസ് അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ ഡോ. റാണി മരിയ തോമസ്, സംഘടന സെക്രട്ടറി സ്മിത മാത്യൂസ് എന്നിവര്‍ പ്രസംഗിച്ചു.