ശബരിമലയിലെ സ്വര്‍ണക്കൊള്ളയ്ക്കെതിരെ സെക്രട്ടേറിയറ്റിനു മുന്നിൽ ബിജെപി നടത്തുന്ന രാപകൽ ഉപരോധം. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍ , എം.ടി. രമേശ്, ശോഭാ സുരേന്
തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണക്കൊള്ളയ്ക്കെതിരെ ബിജെപിയുടെ രാപകല്‍ സെക്രട്ടേറിയറ്റ് ഉപരോധം ആരംഭിച്ചു. രാത്രി ഏഴു മണിയോടെ സെക്രട്ടേറിയറ്റിന് മുന്നിലേക്ക് പ്രകടനമായെത്തിയ ബിജെപി പ്രവര്‍ത്തകരും നേതാക്കളും ഉപരോധ സമരം ആരംഭിച്ചു. വിവിധ ജില്ലകളില്‍ നിന്നെത്തിയ പ്രവര്‍ത്തകര്‍ രാത്രി വൈകിയും സെക്രട്ടേറിയറ്റിനു മുന്നില്‍ തുടരുകയാണ്. രാപകല്‍ സെക്രട്ടേറിയറ്റ് ഉപരോധം ഇന്നു രാവിലെ 11ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യും.
പലതരം അഴിമതികളും ഈ രാജ്യവും കേരളവും കണ്ടിട്ടുണ്ടെന്നും എന്നാല്‍ ദൈവത്തിന്റെ സ്വര്‍ണം മോഷ്ടിച്ച ലോകത്തിലെ തന്നെ ആദ്യ സര്‍ക്കാരാണ് പിണറായി വിജയന് സര്‍ക്കാരെന്നും ഉപരോധ സമരത്തെ അഭിസംബോധന ചെയ്തു പ്രസംഗിച്ച പി.കെ. കൃഷ്ണദാസ് പറഞ്ഞു. ദൈവത്തിന്റെ സ്വര്‍ണം മോഷ്ടിച്ച ഈ സര്‍ക്കാര്‍ കേരളത്തിനു മാത്രമല്ല ലോകത്തിന് തന്നെ അപമാനമാണ്. എത്ര കിലോ സ്വര്‍ണമാണ് ശബരിമലയില്‍ നിന്നും മോഷ്ടിച്ചതെന്ന് ഇതുവരെ തിട്ടപ്പെടുത്തിയിട്ടില്ല. ഓരോദിവസവും പുതിയ പുതിയ സംഭവങ്ങള്‍ പുറത്ത് വരികയാണെന്നും പി.കെ. കൃഷ്ണദാസ് പറഞ്ഞു.
സ്വര്‍ണക്കടത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ നിയമത്തിന്റെ മുന്നില്‍ വരണമെന്നു ബിജെപി നേതാവ് കുമ്മനം രാജശേഖരന് പറഞ്ഞു. സെക്രട്ടേറിയറ്റിന്റെ സമരഗേറ്റില്‍ ആരംഭിച്ച രാപകല്‍ സമരത്തില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം.ടി. രമേശ്, ശോഭാ സുരേന്ദ്രന്, അനൂപ് ആന്റണി, അഡ്വ.എസ്. സുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു. കനത്ത മഴ നനഞ്ഞ് സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കളും പ്രവര്‍ത്തകരും രാപകല്‍ സമരത്തിന്റെ ഭാഗമായി.
Tags : Sabarimala BJP