വടക്കഞ്ചേരി: പ്രസിദ്ധ മരിയൻ തീർഥകേന്ദ്രമായ വടക്കഞ്ചേരി ലൂർദ് മാതാ ഫൊറോന ദേവാലയത്തിലെ ജപമാല മാസാചരണത്തിനു സമാപനമായി.
ടൗണിൽ നടന്ന ജപമാല പ്രദക്ഷിണത്തോടെയായിരുന്നു സമാപനം.
ഇന്നലെ വൈകുന്നേരം ഫൊറോന അസിസ്റ്റന്റ് വികാരി ഫാ. ടോണി ചേക്കയിലിന്റെ കാർമികത്വത്തിൽ നടന്ന ആഘോഷമായ ദിവ്യബലിക്കു ശേഷമായിരുന്നു നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്ത വർണാഭവും ഭക്തിനിർഭരവുമായ പ്രദക്ഷിണം നടന്നത്. തുടർന്ന് മാതാവിന്റെ ഗ്രോട്ടോയ്ക്കു മുന്നിൽ സമാപന ആശിർവാദമുണ്ടായി. സ്നേഹവിരുന്നും ഒരുക്കിയിരുന്നു.
കുടുംബ യൂണിറ്റുകളിലെ ജപമാലക്കു ശേഷം കുടുംബ യൂണിറ്റുകളും സംഘടനകളും നേതൃത്വം നൽകി ദേവാലയത്തിൽ പത്തുദിവസത്തെ ആഘോഷമായ ജപമാലയും ദിവ്യബലിയുമുണ്ടായിരുന്നു.
ഫൊറോന വികാരി ഫാ.അഡ്വ. റെജി പെരുമ്പിള്ളിൽ, അസിസ്റ്റന്റ് വികാരി ഫാ. ടോണി ചേക്കയിൽ, കൈക്കാരൻമാരായ സണ്ണി നടയത്ത്, ബാബു തെങ്ങുംപള്ളി, ദേവാലയ ശുശ്രൂഷി ജോൺ മണക്കളം, കുടുംബ യൂണിറ്റുകൾ സംഘടനകൾ എന്നിവയുടെ ഭാരവാഹികൾ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു ജപമാല സമാപന തിരുകർമങ്ങൾ.
Tags : Lourdes Forona Church