കൊല്ലം : പുറ്റിംഗൽ ദേവീക്ഷേത്രത്തിലെ വെടിക്കെട്ട് ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ പ്രതികളിൽ ചിലർ സമർപ്പിച്ച വിടുതൽ ഹർജികളിൽ വാദം പൂർത്തിയായി.പ്രത്യേക കോടതിയുടെ ചുമതലയുള്ള മൂന്നാം അഡീഷണൽ ജില്ലാ ജഡ്ജി എം.സി. ആന്റണി മുമ്പാകെയാണ് ഇന്നലെയും വാദം നടന്നത്.
57 മുതൽ 59 വരെ പ്രതികൾ സമർപ്പിച്ച വിടുതൽ ഹർജികളിൽ പ്രതിഭാഗവും പ്രോസിക്യൂഷനും അവരുടെ വാദമുഖങ്ങൾ നിരത്തി. തുടർന്ന് കോടതി പ്രതികൾക്ക് എതിരെയുള്ള കുറ്റപത്രം തയാറാക്കുന്ന നടപടികൾക്കായി കേസ് നവംബർ ഒന്നിലേക്ക് മാറ്റി.
വിടുതൽ ഹർജിയിൽ കോടതിയുടെ ഉത്തരവും അന്ന് ഉണ്ടാകും.വിടുതൽ ഹർജിയിൽ വാദം നടക്കുന്നതിനിടയിൽ കേസിലെ 15ാം പ്രതിയും അന്നത്തെ ക്ഷേത്ര ഭരണ സമിതി അംഗവുമായ റെജിത ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് കുഴഞ്ഞുവീണു.
ഇവരെ കോടതി നിർദേശാനുസരണം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയ്ക്കേറ്റ മുറിവ് തുന്നിക്കെട്ടിയ ശേഷം ഇവരെ പിന്നീട് ഡിസ്ചാർജ് ചെയ്ത് പരവൂർ നെടുങ്ങോലം രാമറാവു മെമ്മോറിയൽ ഗവൺമെന്റ് ആശുപത്രിയിലേക്ക് റഫർ ചെയ്തു.
പ്രതിഭാഗത്തിന് വേണ്ടി അഭിഭാഷകരായ ജി. മോഹൻരാജ്, വിപിൻ മോഹനൻ ഉണ്ണിത്താൻ, ലിന്റൺ എന്നിവരും പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.പി. ജബ്ബാർ, അഡ്വ.അമ്പിളി ജബ്ബാർ എന്നിവരും കോടതിയിൽ ഹാജരായി.
Tags : Puttingal tragedy Kollam