കൊച്ചി: രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ എറണാകുളം സെന്റ് തെരേസാസ് കോളജിന്റെ ശതാബ്ദി സമ്മേളന പരിപാടിയിൽ ക്ഷണിതാക്കളുടെ പട്ടികയിൽ തന്റെ പേരില്ലാത്തതിൽ അതൃപ്തി അറിയിച്ച് മേയർ എം. അനിൽകുമാർ. അതേസമയം ഇവിടെനിന്ന് നല്കിയ പട്ടികയിൽ മേയറുടെ പേര് ഉണ്ടായിരുന്നെന്നും രാഷ്ട്രപതിഭവന് പ്രോട്ടോകോള്‍ പ്രകാരം നല്കിയ പട്ടികയില്‍ മേയറെ ഒഴിവാക്കുകയായിരുന്നുവെന്നുമാണ് കോളജ് അധികൃതരുടെ വിശദീകരണം.
പേര് ഒഴിവാക്കിയെങ്കില്‍ സാമാന്യ മര്യാദയെന്ന നിലയില്‍ അറിയിക്കണമായിരുന്നുവെന്ന് അനില്‍കുമാര്‍ പ്രതികരിച്ചു. പത്ര ത്തിൽ കണ്ടാണ് തന്നെ ഒഴിവാക്കിയതായി അറിഞ്ഞത്. തുടര്‍ന്ന് കോളജിനെ ബന്ധപ്പെടുകയായിരുന്നു. കോളജ് അധികൃതരും ഇക്കാര്യം അറിഞ്ഞിരുന്നില്ലെന്നും മേയര്‍ പറഞ്ഞു.
സെന്റ് തെരേസാസിലെ പരിപാടിയില്‍ നിന്ന് ഒഴിവാക്കിയതിനെ തുടര്‍ന്നുള്ള പ്രതിഷേധ സൂചകമായി നാവികസേനാ ആസ്ഥാനത്ത് രാഷ്ട്രപതിക്ക് നല്കിയ സ്വീകരണത്തില്‍നിന്ന് മേയര്‍ വിട്ടുനിന്നു.
കൊച്ചി നഗരത്തോടുള്ള അനാദരവ്: മേയര്‍
രാഷ്ട്രപതിയുടെ പരിപാടിയില്‍ തന്നെ ക്ഷണിക്കാത്തത് സാമാന്യ മര്യാദകളുടെ ലംഘനമാണെന്ന് മേയര്‍. ഇത് കൊച്ചി നഗരത്തോടുള്ള അനാദരവാണ്. ഇത് ആദ്യത്തെ സംഭവമല്ല. മുമ്പും ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്‍കം ടാക്സ് ഓഫീസ് ഉദ്ഘാടന വേളയിലും ക്ഷണം ഉണ്ടായിരുന്നില്ല.
കേന്ദ്ര സര്‍ക്കാരിന്റെ തദ്ദേശസ്ഥാപനങ്ങളോടുള്ള അവഗണനയാണ് ഇതില്‍ കാണുന്നതെന്നും മേയര്‍ പറഞ്ഞു. മേയറെ പങ്കെടുപ്പിക്കാതിരുന്നത് ജനാധിപത്യ മര്യാദകളുടെ ലംഘനമാണെന്ന് കോര്പറേഷന് എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടിയും വ്യക്തമാക്കി.
Tags : Droupadi Murmu Kochi