സ്ഥലം ഉടമക്ക് തിരിച്ച് നൽകാൻ തദ്ദേശവകുപ്പ് മന്ത്രി ഉത്തരവിട്ട അകന്പാടം ബസ് സ്റ്റാൻഡ്
തോമസ്കുട്ടി ചാലിയാർ
നിലമ്പൂർ:ഒന്നര പതിറ്റാണ്ടായിട്ടും മോട്ടോർ വാഹനവകുപ്പിന്റെ അനുമതി ലഭിക്കാതായതോടെ അകന്പാടം ബസ് സ്റ്റാൻഡ് സ്ഥലം ഉടമക്ക് തിരിച്ച് നൽകാൻ മന്ത്രിയുടെ ഉത്തരവ്. ചാലിയാർ ഗ്രാമപഞ്ചായത്ത് അകന്പാടത്ത് നിർമിച്ച ബസ് സ്റ്റാൻഡ് ആണ് ഒന്നര പതിറ്റാണ്ട് കഴിഞ്ഞിട്ടും നിർമാണത്തിലെ അപാകത കാരണവും ചട്ടങ്ങൾ പാലിക്കാതെയും നിർമിച്ചതിനാൽ മോട്ടോർ വാഹന വകുപ്പ് എൻഒസി നൽകാത്തത്. തുടർന്ന് ബസ് സ്റ്റാൻഡിന് സ്ഥലം നൽകിയ വ്യക്തിക്ക് തന്നെ സ്റ്റാൻഡ് നിലനിൽക്കുന്ന സ്ഥലം തിരിച്ചു നൽകാൻ തദ്ദേശവകുപ്പ് മന്ത്രി എം.ബി.രാജേഷ് ഉത്തരവ് നൽകി.
സംസ്ഥാനത്ത് ആദ്യമായാണ് ഒരു ഗ്രാമപഞ്ചായത്തിന്റെ ബസ് സ്റ്റാൻഡ്, സ്ഥലം നൽകിയ വ്യക്തിക്ക് തന്നെ തിരിച്ചു നൽകുന്ന അപൂർവ ഉത്തരവിന് ചാലിയാർ ഗ്രാമപഞ്ചായത്ത് സാക്ഷ്യം വഹിക്കുന്നത്. ചാലിയാർ പഞ്ചായത്തിന്റെ പ്രധാന കേന്ദ്രമായ അകന്പാടത്ത് ബസ് സ്റ്റാൻഡ് എന്ന സ്വപ്നം സാക്ഷാത്ക്കരിക്കാനാണ് എരഞ്ഞിമങ്ങാട് സ്വദേശിയായ നാലകത്ത് മുഹമ്മദ് എന്ന ചെറിയാപ്പു 23 സെന്റ് സ്ഥലം പാട്ടവ്യവസ്ഥയിൽ നൽകിയത്. കൂടാതെ ബസ് സ്റ്റാൻഡിലേക്ക് റോഡ് നിർമിക്കുന്നതിനും ബസ് സ്റ്റാൻഡ് കോംപ്ലക്സിനുമായി 13 സെന്റ് സ്ഥലം സൗജന്യമായും നൽകി.
2005 - 2010 കാലയളവിലെ പഞ്ചായത്ത് ഭരണസമിതി ഇതിന് തുടക്കം കുറിക്കുകയും ചെയ്തു. എന്നാൽ ബസ് സ്റ്റാൻഡ് കോംപ്ലക്സ് നിർമിക്കുകയും സ്റ്റാൻഡിലേക്ക് റോഡ് നിർമിക്കുകയും യാത്രക്കാർക്ക് ഇരിപ്പടങ്ങളും ഒരുക്കി. പക്ഷേ സ്റ്റാൻഡിലേക്ക് ബസ് കയറുന്ന റോഡിലൂടെ തന്നെ തിരിച്ചു പോകേണ്ട അവസ്ഥയായി. ഇതോടെ മോട്ടോർ വാഹന വകുപ്പ് ഈ സ്റ്റാൻഡിന് അനുമതി നിഷേധിച്ചു.
തുടർന്ന് 2010 - 2015 കാലത്തെ ഭരണ സമിതി ഇടപെട്ട് സ്ഥലം ഉടമക്ക് പാട്ടവ്യവസ്ഥ പ്രകാരം മാസം 2500 രൂപ പ്രകാരമുള്ള തുക നൽകി. എന്നാൽ മോട്ടോർ വാഹന വകുപ്പിന്റെ ചട്ടങ്ങൾ പാലിക്കാത്ത സ്റ്റാൻഡിന് സ്റ്റാൻഡ് ഫീ നൽകാൻ കഴിയില്ലെന്നും അതിനാൽ അന്നത്തെ ഭരണ സമിതിയോട് തുക തിരിച്ചു നൽകാൻ ഉത്തരവ് വന്നു. സ്ഥലം ഉടമക്ക് സ്റ്റാൻഡ് ഫീയിനത്തിൽ നൽകിയ തുക അന്നത്തെ ഭരണ സമിതി അംഗങ്ങളിൽ നിന്ന് ഈടാക്കി.
ഇതോടെ സ്ഥലം ഉടമക്കുള്ള ഫീസ് മുടങ്ങി 15 വർഷമായിട്ടും പഞ്ചായത്ത് പാട്ട കരാർ പാലിക്കാത്തതും സ്റ്റാൻഡ് ഫീ ലഭിക്കാത്തതും സ്ഥലം ഉടമ, വകുപ്പ് മന്ത്രി എം.ബി.രാജേഷിന്റെ. ശ്രദ്ധയിൽപ്പടുത്തിയതോടെയാണ് സ്ഥലം ഉടമക്ക് ബസ് സ്റ്റാൻഡ് തിരിച്ച് നൽകാൻ മന്ത്രി നിർദേശിച്ചത്.
ഉടമ ഈ സ്ഥലം ഏറ്റെടുക്കുകയും ചെയ്തിട്ടുണ്ട്. അന്ന് സ്ഥലം ഉടമ സൗജന്യമായി നൽകിയ മൂന്ന് സെന്റിൽ ഗ്രാമപഞ്ചായത്ത് റോഡ് നിർമിച്ചിട്ടുണ്ട്. ഈ റോഡിന്റെ ടാറിംഗ് പ്രവൃത്തിക്ക് ചെലവായ തുക സ്ഥലം ഉടമ പഞ്ചായത്തിൽ അടക്കണം. പകരം മുടങ്ങി കിടക്കുന്ന സ്റ്റാൻഡ് ഫീ സ്ഥലം ഉടമക്ക് കാലതാമസം കൂടാതെ പഞ്ചായത്ത് നൽകുകയും വേണം. അതേസമയം സ്റ്റാൻഡ് മുന്നിൽ കണ്ട് ഗ്രാമപഞ്ചായത്ത് സ്ഥലം ഉടമ സൗജന്യമായി നൽകിയ സ്ഥലത്ത് പണിത കോംപ്ലക്സിലെ മുറികൾ വാടകക്കെടുത്ത വ്യാപാരികൾ പ്രതിസന്ധിയിലാണ്.