കൊടുമൺ: പത്തനംതിട്ട ജില്ലയുടെ രാഷ്ട്രീയ സിരാകേന്ദ്രമാണ് കൊടുമൺ. ശക്തിഭദ്രന്റെ നാടായ കൊടുമണ്ണിനു തനതായ ഒരു സാംസ്കാരിക ചരിത്രമുള്ളതുപോലെ വികസനരംഗത്തും വേറിട്ട മുന്നേറ്റം പലപ്പോഴും ഈ ഗ്രാമത്തിനുണ്ടായിട്ടുണ്ട്. ഇന്നിപ്പോള്‍ പത്തനംതിട്ട ജില്ലയില്‍ സിന്തറ്റിക് ട്രാക്കുള്ള ഏക സ്റ്റേഡിയം കൊടുമണ്ണിലേതാണ്. ആധുനികമായ സംവിധാനങ്ങളോടെ ഒരു സ്റ്റേഡിയം കൊടുമണ്ണില്‍ വന്നപ്പോള്‍ ജില്ലയുടെ പ്രധാനപ്പെട്ട മേളകളെല്ലാം ഇവിടേക്കെത്തി.
തദ്ദേശസ്ഥാപനങ്ങളുടെ സ്വന്തമെന്നു വിശേഷിപ്പിക്കാവുന്ന കൊടുമണ്‍ റൈസ് മില്ല് പ്രവര്‍ത്തനം തുടങ്ങിയത് ആഘോഷപൂര്‍വമാണ്. കൊടുമണ്‍ റൈസ് എന്ന പേരില്‍ സ്വന്തമായി അരി ഉത്പാദിപ്പിച്ച് വിപണിയിലെത്തിക്കുകയും ചെയ്തു. പ്ലാന്റേഷന് മേഖലയാണ് കൊടുമൺ. ഇന്നിപ്പോള്‍ റബർ തോട്ടങ്ങള്‍ ടാപ്പിംഗ് നിലച്ചു കിടക്കുകയാണ്. ഇതോടെ കാട്ടുപന്നിയുടെ ആധിക്യത്തില്‍ മറ്റു കൃഷികള്‍ നടത്താനാകാത്ത സ്ഥിതിയായി.
ജനകീയാസൂത്രണ പ്രവര്‍ത്തന കാലഘട്ടം മുതല്‍ കൊടുമണ്‍ പഞ്ചായത്ത് ഭരണസമിതി ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളിലൂടെ മുന്നിലെത്തിയിട്ടുണ്ട്. ഇടതു രാഷ്ട്രീയത്തിനാണ് മുന്‍തൂക്കമുള്ളതെങ്കിലും ഇടക്കാലത്ത് യുഡിഎഫ് പഞ്ചായത്തില്‍ അധികാരത്തിലെത്തിയിട്ടുണ്ട്.
ഒറ്റനോട്ടത്തില്‍
കഴിഞ്ഞ അഞ്ചുവര്‍ഷവും ഇടതുഭരണത്തിലായിരുന്നു. സിപിഎം നേതാവ് കെ.കെ. ശ്രീധരനായിരുന്നു പ്രസിഡന്റ്. മുമ്പും പഞ്ചായത്ത് പ്രസിഡന്റും ജനകീയാസൂത്രണ കാലഘട്ടം മുതല്‍ തദ്ദേശ സ്ഥാപന ഭരണ സംവിധാനങ്ങള്‍ക്ക് നേതൃത്വം നല്കിവരുന്നയാളുമാണ് ശ്രീധരൻ. പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിയതിനൊപ്പം തനതു പ്രവര്‍ത്തനങ്ങളിലും പഞ്ചായത്ത് ഭരണസമിതി ശ്രദ്ധേയമായ നേട്ടം കൈവരിച്ചതായി ഭരണപക്ഷം അവകാശപ്പെടുന്നു.
കാര്‍ഷിക മേഖലയിലെ തകര്‍ച്ചയും കൊട്ടിഘോഷിച്ച് ഉദ്ഘാടനം ചെയ്ത കൊടുമണ്‍ റൈസ് മില്ലിന്റെ ശോച്യാവസ്ഥയുമാണ് പ്രതിപക്ഷത്തിന് ചൂണ്ടിക്കാട്ടാനുള്ളത്. അടിസ്ഥാന സൗകര്യ വികസനത്തിലും പദ്ധതികള്‍ ജനങ്ങള്‍ക്കു പ്രയോജനപ്പെടുത്തുന്നതിലും ഭരണസമിതി പരാജയപ്പെട്ടെന്നും ആക്ഷേപം.
കക്ഷിനില
ആകെ വാര്‍ഡുകള്‍ - 18, എല്‍ഡിഎഫ് - 11, യുഡിഎഫ് - 7
നേട്ടങ്ങൾ
ആരോഗ്യ രംഗത്ത് മികച്ച പ്രവര്‍ത്തനം നടത്തി ആര്‍ദ്രം പദ്ധതിയില്‍ മൂന്ന് അവാര്‍ഡുകള്‍ ലഭിച്ചു.
തൊഴിലുറപ്പ് പദ്ധതിയില്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ തൊഴില്‍ദിനങ്ങള്‍ നല്കി. ഇതിന് അഞ്ച് അവാര്‍ഡുകള്‍ ലഭിച്ചു.
മുല്ലോട്ട് ഡാമില്‍ പച്ചത്തുരുത്തിന് സംസ്ഥാന പുരസ്കാരം ലഭിച്ചു.
മികച്ച പ്രവര്‍ത്തനത്തിലൂടെ കുടുംബശ്രീക്കും പുരസ്കാര മികവ്.
എല്ലാ വീടുകളിലും വൈദ്യുതി എത്തിച്ചു. തെരുവുവിളക്കുകളും സ്ഥാപിച്ചു.
ചന്ദനപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിലും അങ്ങാടിക്കല്‍ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയിലും പുതിയ കെട്ടിടങ്ങള്‍ നിര്‍മിച്ചു.
സര്‍ക്കാര്‍ ഹോമിയോ ആശുപത്രിക്ക് കെട്ടിടം പണിയുന്നതിനായി 12 സെന്റ് സ്ഥലം വാങ്ങി.
റോഡുകളുടെ വികസനം നൂറു ശതമാനവും പൂര്‍ത്തീകരിച്ചു.
ഏഴംകുളം - കൈപ്പട്ടൂര്‍ റോഡ് 68 കോടി രൂപ മുടക്കി കിഫ് ബി പദ്ധതിയില്‍ വികസിപ്പിച്ചു.
ആനന്ദ പള്ളി - കൊടുമണ്‍ റോഡ്, ഇടത്തിട്ട -തട്ട റോഡ് എന്നിവ വികസിപ്പിച്ചു.
ആനയടി - കൂടല്‍ റോഡ് കൊടുമണ്‍ - ചിരണിക്കല്‍ - പറക്കോട് റോഡ്, കൊടുമണ്‍ - അങ്ങാടിക്കല്‍ റോഡ് എന്നിവയുടെ വികസനം നടന്നു വരുന്നു.
ഇടത്തിട്ട ഗവ. എല്‍പി സ്കൂൾ, കൊടുമണ്‍ കിഴക്ക് ഗവ.എല്‍പി സ്കൂള്‍ എന്നിവയ്ക്ക് കെട്ടിട പണി പൂര്‍ത്തീകരിക്കുന്നു.
നാല് അങ്കണവാടികള്‍ക്ക് പുതുതായി കെട്ടിടം പണിതു.
കൃഷിഭവന് സ്വന്തമായി കെട്ടിടം പണിയുന്നതിന് അനുമതിയായി.
മൂന്നുവര്‍ഷം കേര ഗ്രാമം പദ്ധതിയില്‍ എല്ലാ വാര്‍ഡുകളിലും തെങ്ങിന്‍തൈകള്‍ വിതരണം ചെയ്തു.
കോട്ടങ്ങൾ
കാര്‍ഷിക മേഖല നിശ്ചലമായി. നെല്‍കൃഷി മുമ്പുണ്ടായിരുന്നതിന്റെ 10 ശതമാനമായി മാറി. ഭൂരിഭാഗം നിലങ്ങളും തരിശായി കാട് കയറി കിടക്കുന്നു.
കര്‍ഷകരെ സഹായിക്കുന്ന പദ്ധതികള്‍ ഒന്നും തന്നെ ഇല്ല. കാട്ടുപന്നിശല്യം അതിരൂക്ഷമാണ് കര്‍ഷകര്‍ ഇതു കാരണം ഒരുകൃഷിയും ചെയ്യുന്നില്ല.
ഫലപ്രദമായ കുടിവെള്ള പദ്ധതി ഇല്ല. ജലസംഭരണി പണിയാതെ പൈപ്പ് ഇട്ടുക മാത്രമാണ് ചെയ്തത്. ഇതുമൂലം പഞ്ചായത്തിലെ ഗ്രാമീണ റോഡുകള്‍ തകര്‍ന്നു.
ഗ്രാമസഭകള്‍ വഴിപാടായി മാറി. ജനോപകാരപ്രദമായയ പദ്ധതികള്‍ ഒന്നും തന്നെ ഇല്ലത്തതിനാല്‍ ഗ്രാമസഭകള്‍ പേപ്പര്‍ സഭകളായി മാറി.
ബ്ലോക്ക്, ജില്ലപഞ്ചായത്തുകളുടെ പദ്ധതികള്‍ ഒന്നും തന്നെ താഴേത്തട്ടിലേക്ക് എത്തിയിട്ടില്ല.
സ്റ്റേഡിയത്തിന് വേണ്ടി കാര്യമായി ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. പരിശിലനത്തിന് കിട്ടിയ പല സ്പോര്‍ട്സ് ഉപകരണങ്ങളും സംരക്ഷണം ഇല്ലാതെ നശിച്ചു തുടങ്ങി. സ്റ്റേഡിയത്തിന് അനുവദിച്ച തുകയുടെ പണി കഴിഞ്ഞ് മിച്ചം വന്ന തുകയില്‍ ഒരു രൂപ പോലും ഉപയോഗിക്കാനായില്ല.
വലിയ പ്രതീക്ഷയില്‍ നടപ്പിലാക്കിയ കൊടുമണ്‍ റൈസ്മില്‍ നാടിനു തന്നെ നാണക്കേടായി മാറി. ഓഡിറ്റുകളില്‍ ലക്ഷങ്ങളുടെ ബാധ്യതയായി ഇത് മാറി.
അശാസ്ത്രീയമായ പാര്‍ക്കിംഗും തെരുവിലെ വ്യാപാരവും കൊടുമണ്ണിലെ ഗതാഗതക്കുരുക്കിനും വ്യാപാര മേഖലയ്ക്കും ദോഷകരമായി.
മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് ഒരു നടപടിയും ഉണ്ടായില്ല.
പൊതു ശ്മശാനം നിര്‍മിക്കല്‍ പ്രസംഗത്തില്‍ മാത്രമായി മാറി.
പഞ്ചായത്തിന് സൗജന്യമായി ലഭിച്ച 24 സെന്റ് സ്ഥലത്ത് ഒരു നിര്‍മാണവും നടത്തിയില്ല.