തൊടുപുഴ-പുളിയൻമല സംസ്ഥാനപാതയിലെ കാഞ്ഞാർ പാലം.
തൊടുപുഴ: കാഞ്ഞാർ പാലത്തിൽ നടപ്പാത നിർമിക്കുന്നതിന് ടെൻഡർ നടപടികൾ പൂർത്തിയായി. നിർമാണത്തിന് 3.62 കോടിയുടെ ഭരണാനുമതി ലഭിച്ചതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.
മുൻപ് നാല് തവണ ടെൻഡർ ചെയ്തിട്ടും ആരും എടുക്കാതിരുന്നതിനെ തുടർന്ന് ഡിസൈൻ പരിഷ്കരിച്ച് റീ ടെൻഡർ ചെയ്തതോടെയാണ് നടപടികൾ പൂർത്തിയാക്കാൻ സാധിച്ചത്.
തൊടുപുഴ - പുളിയൻമല സംസ്ഥാന പാതയിൽ സ്ഥിതിചെയ്യുന്ന കാഞ്ഞാർ പാലം തൊടുപുഴയെയും ജില്ലാ ആസ്ഥാനമായ പൈനാവിനെയും ബന്ധിപ്പിക്കുന്ന പാലമാണ്.
ഇടുക്കി, തേക്കടി തുടങ്ങിയ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രധാന പാതയാണിത്. മലങ്കര റിസർവോയറിന്റെ മുകൾഭാഗത്താണ് പാലം സ്ഥിതിചെയ്യുന്നത്.
നിലവിലുള്ള പാലത്തിന് 72 മീറ്റർ നീളവും എട്ടു മീറ്റർ വീതിയുമുണ്ട്.
എന്നാൽ നടപ്പാത സൗകര്യം ഉണ്ടായിരുന്നില്ല. കാൽനട യാത്രക്കാരായ പ്രദേശവാസികൾക്ക് ഗുരുതരമായ സുരക്ഷാ ആശങ്ക ഉയർത്തുന്ന സാഹചര്യം പരിഗണിച്ചാണ് നിലവിലുള്ള പാലത്തിന്റെ ഇരുവശത്തും നടപ്പാത പണിയാൻ തീരുമാനിച്ചത്. രണ്ട് സ്പാനുകളായാണ് നടപ്പാലം പൂർത്തിയാക്കുക.
പുഴയിലെ വെള്ളത്തിന്റെ ഒഴുക്ക് കൂടുതലായിരുന്നതു മൂലം മുൻപ് നടപ്പാലത്തിനു തയാറാക്കിയ ഡിസൈൻ പ്രകാരം പ്രവൃത്തി ഏറ്റെടുക്കാൻ കരാറുകർ തയാറായിരുന്നില്ല. നിലവിലുള്ള പാലത്തിന്റെ പില്ലറുകൾ കോണ്ക്രീറ്റ് ചെയ്തതല്ലാത്തതിനാൽ അവ ഉപയോഗിക്കാൻ കഴിയുമായിരുന്നില്ല. തുടർന്ന് ആർക്കിടെക്ട് വിഭാഗം മുഖേന പുതിയ ഡിസൈൻ തയാറാക്കി ടെൻഡർ നടപടി സ്വീകരിക്കുകയായിരുന്നെന്ന് മന്ത്രി പറഞ്ഞു.
Tags : nattuvishesham local news Bridge footpath