ഇടുക്കി: ഗവ. മെഡിക്കൽ കോളജിലേക്കുള്ള ഇന്റേണൽ റോഡുകളുടെ നിർമാണത്തിന് റീ ടെൻഡർ നടത്തുന്നതിനും ആശുപത്രിയുടെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ 11 കെവി ലൈൻ സ്ഥാപിക്കുന്നതിനും അടിയന്തരമായി ടെൻഡർ നടപടികൾ സ്വീകരിക്കുന്നതിനും മന്ത്രിമാരുടെ നേതൃത്വത്തിൽ നടന്ന ഉന്നതതല യോഗത്തിൽ തീരുമാനിച്ചു.
മന്ത്രിമാരായ വീണ ജോർജ്, റോഷി അഗസ്റ്റിൻ എന്നിവരുടെ നേതൃത്വത്തിലാണ് ഓണ്‍ലൈനായി യോഗം ചേർന്നത്.
ഇന്റേണൽ റോഡുകളുടെ നിർമാണത്തിന് 18.36 കോടിയും വൈദ്യുതീകരണത്തിനായി 11.40 കോടിയുമാണ് അനുവദിച്ചത്. വൈദ്യുതി എത്തിക്കുന്ന പ്രവൃത്തികൾ വൈകുന്നത് ആശുപത്രിയിലെ വിവിധ യന്ത്രങ്ങൾ പ്രവർത്തിക്കുന്നതിനും ലിഫ്റ്റ് ഉൾപ്പെടെയുള്ള സജ്ജീകരണങ്ങൾ ഏർപ്പെടുത്തുന്നതിനും തടസമായിരുന്നു.
ഏതാനും വർഷങ്ങൾക്ക് മുൻപ് വൈദ്യുതീകരണ ജോലികൾക്കായി ടെൻഡർ നൽകിയിരുന്നെങ്കിലും കരാറുകാരൻ പാതിവഴിയിൽ പ്രവർത്തനം നിർത്തിയത് തുടർപ്രവർത്തനങ്ങളെ ഏറെ ബാധിച്ചിരുന്നു. ഈ സാഹചര്യത്തിൽ നിലവിൽ ചെയ്ത പ്രവൃത്തികൾക്ക് മാത്രം കരാറുകാരന് പണം നൽകുന്നതിനും ശേഷിക്കുന്ന ജോലികൾ പുതിയ കരാറായി നല്കുന്നതിനുമാണ് തീരുമാനം.
എംബിബിഎസ് വിദ്യാർഥികൾക്കായി നിർമിച്ച ഹോസ്റ്റലുകളുടെ പൂർത്തികരണം മന്ത്രിമാർ വിലയിരുത്തി. മൂന്നുമാസത്തിനകം ഹോസ്റ്റൽ നിർമാണം പൂർത്തിയാക്കി കൈമാറണമെന്ന് നിർവഹണ ഏജൻസിയായ കിറ്റ്കോയ്ക്ക് ആരോഗ്യ മന്ത്രി നിർദേശം നൽകി. കാത്ത്ലാബ് തുടങ്ങുന്നതിനാവശ്യമായ തുക ഇടുക്കി പാക്കേജിൽനിന്ന് അനുവദിച്ച് ലഭിക്കുന്നതിന് നടപടികൾ സ്വീകരിക്കും. പുതുതായി ആരംഭിച്ച നഴ്സിംഗ് കോളജ് വിദ്യാർഥികൾക്ക് താമസസൗകര്യം ഏർപ്പെടുത്തുന്നത് യോഗം വിലയിരുത്തി.
ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറും ടെക്നിക്കൽ കമ്മിറ്റി അംഗങ്ങളും അടുത്ത ദിവസംതന്നെ സ്ഥലം സന്ദർശിച്ച് നടപടികൾ പൂർത്തീകരിക്കുന്നതിനായി യോഗം ചുമതലപ്പെടുത്തി.
Tags : Internal road