പരുമല തിരുമേനിയുടെ 123-ാമത് ഓര്‍മപ്പെരുന്നാളിനോടനുബന്ധിച്ചുള്ള തീര്‍ഥാടന വാരാഘോഷ പൊതുസമ്മേളനം പരുമലയില്‍ പരിശുദ്ധ കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയുന്നു.
മാന്നാര്‍: പരിശുദ്ധ പരുമല തിരുമേനി എല്ലാ മനുഷ്യരിലും ദൈവ ചൈതന്യം കണ്ടെത്തിയ വിശ്വപൗരനാണെന്ന് മലങ്കര ഓര്‍ത്തഡോക്സ് സുറിയാനി സഭാധ്യക്ഷന് ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവ. പരുമല തിരുമേനിയുടെ 123-ാം ഓര്‍മപ്പെരുന്നാളിനോടനുബന്ധിച്ചുള്ള തീര്‍ഥാടന വാരാഘോഷം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
തന്റെ സഭയ്ക്കും ക്രൈസ്തവ സമൂഹത്തിനും വേണ്ടി മാത്രമല്ല, തന്റെ ചുറ്റുപാടുമുള്ള ഏവര്‍ക്കും വേണ്ടി ജീവിച്ച വിശുദ്ധനായിരുന്നു പരുമല തിരുമേനി.
മലയാളക്കരയ്ക്ക് വെളിച്ചം വിതറിയ പ്രകാശ ഗോപുരമായാണ് കാലം പരുമല തിരുമേനിയെ അടയാളപ്പെടുത്തുന്നതെന്നും പരിശുദ്ധ കാതോലിക്കാ ബാവാ കൂട്ടിച്ചേര്‍ത്തു.
ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ മഹാത്മാഗാന്ധി സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രഫ. സി.ടി. അരവിന്ദ് കുമാര്‍ മുഖ്യസന്ദേശം നല്കി. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായുടെ പൗരോഹിത്യ കനക ജൂബിലിയുടെ ഭാഗമായി സഹോദരന് പദ്ധതിയിലൂടെ നിര്‍മിച്ചു നല്കുന്ന സ്വപ്നഭവനങ്ങളുടെ പ്രഖ്യാപനം സമ്മേളനത്തില്‍ നടന്നു. പത്തു ലക്ഷം രൂപ ചെലവ് വരുന്ന 100 വീടുകളാണ് വിഭാവനം ചെയ്യുന്നത്.
പദ്ധതിയുടെ ലോഗോ ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് സഭയുടെ അല്മായ ട്രസ്റ്റി റോണി വര്‍ഗീസ് ഏബ്രഹാമിന് നല്കി പ്രകാശനം ചെയ്തു. 100 വീടുകള്‍ക്കുള്ള ആദ്യ സംഭാവന റോണി വര്‍ഗീസ് ഏബ്രഹാമില്‍നിന്ന് പരിശുദ്ധ കാതോലിക്കാ ബാവാ സ്വീകരിച്ചു. ആന്റോ ആന്റണി എംപി, മാത്യു ടി. തോമസ് എംഎല്‍എ, അല്മായ ട്രസ്റ്റി റോണി വര്‍ഗീസ് ഏബ്രഹാം, അസോസിയേഷന് സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍, പരുമല സെമിനാരി മാനേജര്‍ ഫാ. എല്‍ദോസ് ഏലിയാസ്, ഫാ. എം.സി. പൗലോസ്, കടപ്ര പഞ്ചായത്ത് പ്രസിഡന്റ് നിഷ അശോകന്, മാന്നാര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.വി. രത്നകുമാരി, വാര്‍ഡ് മെംബര്‍ വിമല ബെന്നി, പരുമല സെമിനാരി കൗണ്‍സില്‍ അംഗങ്ങളായ മത്തായി ടി. വര്‍ഗീസ്, മാത്യു ഉമ്മന്‍ അരികുപുറം, ജോസ് പുത്തന്‍പുരയില്‍, മനോജ് പി. ജോര്‍ജ് പന്നായി കടവില്‍ എന്നിവര്‍ പ്രസംഗിച്ചു.
Tags : Parumala Thirumeni