തിരുവനന്തപുരം: ശബരിമലയിൽ ദുരൂഹത നിറഞ്ഞ കാര്യങ്ങളാണ് പുറത്തുവരുന്നതെന്നും വിജയ് മല്യ നൽകിയ 30 കിലോ സ്വർണത്തിൽ എത്ര ബാക്കിയുണ്ടെന്ന് സർക്കാരും ദേവസ്വവും മറുപടി പറയണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്.
സ്വർണം ഇവിടുന്ന് തന്നെ അടിച്ചു മാറ്റി. പിന്നീട് ചെന്നൈയിൽ എത്തിച്ചു എന്ന് കരുതേണ്ടി വരും. 2019 ല്‍ സ്വര്‍ണം നഷ്ടപ്പെട്ടു എന്ന് തെളിഞ്ഞതാണ്. ദേവസ്വത്തിന്റെ കൈയില്‍ അതിന്റെ രേഖയുണ്ട്.
എന്നാല്‍ പുറത്തുപറയാതെ മൂടിവയ്ക്കുകയാണ് ചെയ്തത്. മൂടിവച്ചതിന്റെ അർഥം ഷെയര്‍ കിട്ടിയിട്ടുണ്ട് എന്നാണ്. ഇടനിലക്കാരനായാണ് ഉണ്ണികൃഷ്ണന് പോറ്റിയെ വച്ചിരിക്കുന്നത് എന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
ആദ്യം കൊണ്ട് പോയ സ്പോൺസർ കള്ളത്തരം കാണിച്ചു എന്ന് ദേവസ്വത്തിന് അറിയാം. വീണ്ടും അയാളെ തന്നെ വിളിച്ചു വരുത്തി. അയാൾ കളവ് നടത്തിയിട്ടുണ്ട് എന്ന് മനസിലായെങ്കില്‍ പിന്നെന്തിന് വീണ്ടും വിളിച്ചു എന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു.
ദേവസ്വം മന്ത്രിയും ബോർഡ് പ്രസിഡന്റും അടിയന്തിരമായി രാജി വയ്ക്കണം. വിഷയം സിബിഐ അന്വേഷിക്കണം. വിഷയത്തില്‍ മുഖ്യമന്ത്രി മിണ്ടുന്നില്ല. അന്വേഷണമില്ലെങ്കില്‍ യുഡിഎഫ് ശക്തമായ പ്രക്ഷോഭത്തിലേക്ക് പോകും എന്നും വി.ഡി. സതീശന് പറഞ്ഞു.
Tags : sabarimala devaswomboard kerala thiruvananthapuram pinarayivijayan swarnapali unikrishnanpotty