പേരൂർക്കട: ക്രിമിനൽ കേസ് പ്രതിയുടെ വീട് ആക്രമിച്ച സംഭവത്തിൽ എട്ടാം പ്രതിയെ മണ്ണന്തല പോലീസ് പിടികൂടി. നെയ്യാറ്റിൻകര തൊഴുക്കൽ സ്വദേശി വെട്ടുകത്തി അച്ചു എന്ന് വിളിക്കുന്ന ആദർശ് (30) ആണ് പിടിയിലായത്. നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ട് ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള കുടപ്പനക്കുന്ന് അമ്പഴംകോട് സ്വദേശി രാജേഷിന്റെ വീട് അടിച്ചു തകർക്കുകയും ഇയാളെ ആക്രമിക്കുകയും വാഹനങ്ങൾ അടിച്ചു തകർക്കുകയും ചെയ്ത സംഭവത്തിലാണ് അറസ്റ്റ്.
ആദർശ് ഉൾപ്പെട്ട എട്ടംഗ സംഘമാണ് അമ്പഴംകോട് ആക്രമണം നടത്തിയത്. ഇവരിൽ സൂര്യ (18), സൂര്യനാരായണൻ (19), വിഷ്ണു (20), ശരത് (19), ഉണ്ണിക്കുട്ടൻ (20), 17 വയസ്സ് വീതം പ്രായമുള്ള രണ്ടുപേർ എന്നിവർ നേരത്തെ പിടിയിലായിരുന്നു.
ആദർശിനെതിരേ കാട്ടാക്കട, മലയിൻകീഴ് സ്റ്റേഷനുകളിൽ സമാനമായ ആക്രമണ കേസുകൾ നിലവിലുണ്ട്. അമ്പഴംകോട് ഭാഗത്ത് കൃത്യം നടത്തിയ ശേഷം തമിഴ്നാട്ടിൽ ഒളിവിൽ താമസിച്ചു വരികയായിരുന്ന ആദർശ് തിരികെ കേരളത്തിൽ എത്തുകയും അവണാകുഴി ഭാഗത്ത് സുഹൃത്തിന്റെ വീട്ടിൽ ഒളിവിൽ കഴിഞ്ഞു വരികയുമായിരുന്നു.
പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മണ്ണന്തല സിഐ കണ്ണൻ, എസ്ഐ വിപിൻ എന്നിവരും മറ്റുള്ള പോലീസ് ഉദ്യോഗസ്ഥരും ചേർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Tags : Local News Nattuvisesham Trivandrum