കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി - മണിമല - കുളത്തൂർമൂഴി കർഷക സൗഹൃദ ലിങ്ക് റോഡിന്റെ ഭാഗമായുള്ള മണ്ണാറക്കയത്തെ കലുങ്കിന്റെ നിർമാണം തുടരാമെന്ന് ഹൈക്കോടതി. ഇടക്കാല വിധിയിലൂടെയാണ് ഹൈക്കോടതിയുടെ ഉത്തരവ്. പ്രദേശവാസികളായ കുടുംബങ്ങൾ നൽകിയ ഹർജിയിൽ അടുത്ത മാസം ഏഴിന് വീണ്ടും കോടതി വാദം കേൾക്കും.
ഹർജിക്കാരുടെ വസ്തുവകകൾക്ക് ദോഷം ഉണ്ടാകാത്ത വിധം കാഞ്ഞിരപ്പള്ളി - മണിമല - കുളത്തൂർമൂഴി കർഷക സൗഹൃദ ലിങ്ക് റോഡിന്റെ നിർമാണ പ്രവർത്തനങ്ങൾ തുടരാമെന്നാണ് ഹൈകോടതി ഉത്തരവിട്ടിരിക്കുന്നത്. നേരത്തേ ഹർജിക്കാരെ അതത് സ്ഥലത്തുനിന്ന് ഒഴിപ്പിക്കുന്നത് തടഞ്ഞുകൊണ്ട് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. തുടർന്ന് വീണ്ടും കേസ് പരിഗണിച്ചപ്പോഴാണ് ഈ കോടതി ഉത്തരവുമൂലം നിലവിലെ റോഡിന്റെ ഭാഗമായ കലുങ്കിന്റെ നിർമാണം നടത്താൻ സാധിക്കുന്നില്ലെന്ന് കേരള റോഡ് ഫണ്ട് ബോർഡിനുവേണ്ടി ഹാജരായ പ്രതിഭാഗത്തിന്റെ അഭിഭാഷകൻ ചൂണ്ടിക്കാണിച്ചത്.
കലുങ്കുമായി ബന്ധപ്പെട്ട നിർമാണങ്ങൾ നടത്താൻ ഹർജിക്കാരുടെ സ്വത്തുക്കളിൽ പ്രവേശിക്കേണ്ട ആവശ്യമില്ലെന്നും ഇദ്ദേഹം വാദിച്ചു. ഇതനുവദിച്ചുകൊണ്ടാണ് കലുങ്കിന്റെ നിർമാണവുമായി മുന്പോട്ട് പോകാൻ കോടതി അനുമതി നൽകിയത്.
കാഞ്ഞിരപ്പള്ളി - മണിമല - കുളത്തൂർമൂഴി കർഷക സൗഹൃദ ലിങ്ക് റോഡ് നിർമാണത്തിനെതിരേ വഴിയരികിൽ താമസിക്കുന്ന ഏഴോളം വീട്ടുകാരാണ് കോടതിയെ സമീപിച്ചത്. ഇവർ നേരത്തേ റോഡ് നിർമാണത്തിനെതിരേ പ്രതിഷേധവും പരാതിയുമായി രംഗത്തെത്തിയിരിന്നു.
കാഞ്ഞിരപ്പള്ളി - മണിമല റോഡിൽ മണ്ണാർക്കയം ലക്ഷ്മീനാരായണ ക്ഷേത്രത്തിന് സമീപത്തുനിന്നു മണിമല ഭാഗത്തേക്കുള്ള 360 മീറ്റർ ദൂരത്തെ റോഡ് നവീകരണത്തിനെതിരേയാണ് ഈ ഭാഗത്ത് പുറമ്പോക്കിൽ താമസിക്കുന്ന ഏഴ് വീട്ടുകാർ പ്രതിഷേധമുയർത്തുന്നതും പരാതിയുമായി കോടതിയെ സമീപിച്ചതും.
ഈ ഭാഗത്ത് അശാസ്ത്രീയമായ അലൈൻമെന്റാണ് നിശ്ചയിച്ചിരിക്കുന്നതെന്നും ഇതുപ്രകാരം റോഡിനു വീതി കൂട്ടിയാൽ തങ്ങളുടെ വീടുകളുടെ അകത്തുകൂടി റോഡ് വരുമെന്നുമാണ് ഇവരുടെ ആരോപണം.
Tags : High Court