കൊച്ചി: ലഹരികടത്ത് കേസുകളുടെ അന്വേഷണത്തിനു സ്വന്തമായി സൈബര്‍ സെല്‍ സ്ഥാപിക്കാനുള്ള നടപടികള്‍ പേരില്‍ മാത്രം ഒതുങ്ങിയതോടെ ഡിജിറ്റല്‍ വിവരങ്ങള്‍ക്ക് എക്സൈസ് വകുപ്പിന് പോലീസ് തന്നെയാണ് ഇപ്പോഴും ആശ്രയം. വിദ്യാര്‍ഥികള്‍ക്കിടയിലെ ലഹരി ഉപയോഗത്തിനെതിരായ വിമുക്തി പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിലവിലുള്ള ഐടി സെല്‍ വികസിപ്പിക്കാന്‍ ലക്ഷ്യമിട്ടെങ്കിലും ഇതു നടപ്പാകാതെ വന്നതോടെയാണ് പ്രതിസന്ധിയായത്.
ടെലികോം റെഗുലേറ്ററി അഥോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) നിയമം അനുസരിച്ച് സംസ്ഥാനത്ത് സൈബര്‍ സെല്‍ സ്ഥാപിക്കാന്‍ അനുവാദമുള്ള ഏക നോഡല്‍ ഏജന്‍സി പോലീസാണ്.
ഈ സാഹചര്യത്തില്‍ എക്സൈസ് കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് മാത്രമായി ഒരു പോലീസ് സൈബര്‍ സെല്‍ സ്ഥാപിക്കുക എന്നതാണ് ഏക പ്രായോഗിക മാര്‍ഗം. ഇതിന് അധികൃതര്‍ മുന്‍കൈയെടുക്കാത്തതിനാൽ ഡിജിറ്റല്‍ വിവരങ്ങള്‍ ആവശ്യമായ പല എക്സൈസ് കേസുകളുടെയും അന്വേഷണം മന്ദഗതിയിലാണ്.
എക്സൈസ് സൈബര്‍ സെല്ലിന് ഓരോ ജില്ലയിലും രണ്ട് സാങ്കേതിക വിദഗ്ധരായ ഉദ്യോഗസ്ഥരുണ്ടെങ്കിലും മയക്കുമരുന്ന് കടത്ത് കണ്ടെത്തുന്നതിനായി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ പട്രോളിംഗ് നടത്തുന്നതിനു പുറമേ മൊബൈല്‍ ടവര്‍ ലൊക്കേഷനും കോള്‍ ഡീറ്റെയില്‍സ് റിക്കാര്‍ഡുകളും (സിഡിആര്‍) ലഭിക്കുന്നതിന് പോലീസുമായി അന്വേഷണം ഏകോപിപ്പിക്കുക മാത്രമാണ് ഇവരുടെ പ്രധാന ജോലി. സംഘടിത മയക്കുമരുന്ന് റാക്കറ്റിനെ തകര്‍ക്കാന്‍ ആവശ്യമായ വിവരങ്ങള്‍ ശേഖരിക്കാന്‍ എക്സൈസിന് ശരിയായ സൈബര്‍ സെല്‍ ഇല്ല എന്നതാണ് വാസ്തവം.
ലഹരി കേസുകളില്‍ എക്സൈസ് ആവശ്യപ്പെടുന്ന വിവരങ്ങള്‍ പോലീസ് സൈബര്‍ സെല്‍ നല്‍കുന്നുണ്ടെങ്കിലും പല സന്ദര്‍ഭങ്ങളിലും മറുപടി മന്ദഗതിയിലാകുന്നത് പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ സഹായകമാകുന്നു. ലഹരി കേസുകളില്‍ പ്രതികളാകുന്നവരുടെയും സംശയിക്കപ്പെടുന്നവരുടെയും മൊബൈല്‍ ടവര്‍ കണ്ടെത്തുന്നതിനായി പ്രതിമാസം ശരാശരി 100 അപേക്ഷകളാണ് പോലീസിന് ലഭിക്കുന്നുന്നത്. പലപ്പോഴും പോലീസ് സൈബര്‍ സെല്‍ അവരുടെ കേസുകള്‍ക്കാണ് മുന്‍ഗണന നല്‍കുക.
ഇത് എക്സൈസ് കേസുകളെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുന്നു. ഡാര്‍ക്ക് നെറ്റ് വഴി ലഹരി ഇടപാട് നടത്തിയ മൂന്നു കേസുകളാണ് ഈ വര്‍ഷം മാത്രം എറണാകുളം എക്സൈസ് റേഞ്ച് ഓഫീസില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഈ കേസുകളിലടക്കം പ്രതികളിലേക്കെത്താനുള്ള ഡിജിറ്റല്‍ വിവരങ്ങള്‍ക്ക് പോലീസിനെ ആശ്രയിച്ച് കാത്തിരിക്കുയാണ് എക്സൈസ്.
Tags : excise cases