ഇരിട്ടി: പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർപട്ടികയിൽ ആറളം പഞ്ചായത്തിൽ അതീവ ഗുരുതരമായ ക്രമക്കേടുകളും നിയമലംഘനങ്ങളും നടന്നതായി യുഡിഎഫ്. വോട്ടർ പട്ടിക അട്ടിമറിച്ചതിൽ പ്രതിഷേധിച്ചും കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ടും ഇന്ന് രാവിലെ 10.30ന് യുഡിഎഫ് ആറളം പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തുമെന്ന് നേതാക്കളായ കെ. വേലായുധൻ, വി.ടി. തോമസ്, മാമുഹാജി, ടി. റസാഖ്, ജോഷി പാലമറ്റം, ജിമ്മി അന്തീനാട്ട്, തോമസ് തയ്യിൽ, ശഹീർ എന്നിവർ അറിയിച്ചു.
ഭരണകക്ഷിക്ക് അനുകൂലമായ രീതിയിൽ പല വാർഡുകളിൽ നിന്നും വോട്ടുകളഅ് അതിർത്തിക്കപ്പുറമുള്ള വാർഡുകളിലേക്ക് കൂട്ടത്തോടെ മാറ്റിയതായും പലയിടത്തും യുഡിഎഫ് അനുഭാവികളെ പട്ടികയിൽ നിന്നൊഴിവാക്കിയതായും നേതൃത്വം ആരോപിച്ചു. ഇടവേലി വാർഡിന്റെ പരിധിയിൽ സ്ഥിരതാമസക്കാരായ 96 യുഡിഎഫ് വോട്ടർമാരെ പട്ടികയിൽനിന്നും ഒഴിവാക്കി.
ഇതേ വാർഡിന്റെ അതിർത്തിക്ക് പുറത്തുള്ള മറ്റ് വാർഡുകളിൽ നിന്നുമായി 43 എൽഡിഎഫ് വോട്ടർമാരെ അനധികൃതമായി കൂട്ടിച്ചേർത്തു. സമാനമായി അമ്പലക്കണ്ടി വാർഡിലെ 52 വോട്ടർമാരെ പട്ടികയിൽ നിന്നും മാറ്റി വെളിയിൽനിന്നുള്ള 10 വോട്ടർമാരെ കൂട്ടിച്ചേർത്തു.
ആകെ 988 വോട്ടർമാരുള്ള വിയറ്റനാം വാർഡിന്റെ പരിധിക്കുള്ളിൽ നിന്നും 159 യുഡിഎഫ് വോട്ടർമാരെ 1780 വോട്ടർമാരുള്ള ചതിരൂർ വാർഡിലേക്ക് മാറ്റി. എടൂർ ഒന്നാം വാർഡിൽ നിന്നും സിഎംസി കോൺവെന്റിലെ 22 സിസ്റ്റേഴ്സിന്റെ വോട്ടുകൾ അന്യായമായി നീക്കം ചെയ്തതായും യുഡിഎഫ് ആരോപിച്ചു.
Tags : UDF march