മട്ടന്നൂരിൽ കുഞ്ഞിപ്പള്ളിയിൽ പുനർനിർമിച്ച കനാൽ റോഡ് തകർന്ന നിലയിൽ.
മട്ടന്നൂർ: മട്ടന്നൂർ മേഖലയിലെ പഴശി കനാൽ റോഡുകൾക്ക് വർഷം തോറും കോടികൾ ചെലവിടുന്പോഴും റോഡുകളും കനാൽ ഭിത്തികളും തകർന്നു കിടക്കുന്നത് തുടരുന്നു. മട്ടന്നൂർ-തലശേരി റോഡിൽ പുതുക്കിപ്പണിത പഴശി കനാലിന്റെ സംരക്ഷണ ഭിത്തിയും കോൺക്രീറ്റ് റോഡും തകർന്നിട്ട് മാസങ്ങളായി. റോഡിന്റെ അവശേഷിക്കുന്ന ഭാഗത്ത് കൂടിയാണ് വാഹനങ്ങൾ കടന്നുപോകുന്നത്.
എതിർഭാഗത്ത് മട്ടന്നൂർ സബ് രജിസ്ട്രാർ ഓഫീസിന് സമീപത്തും കനാലിന്റെ അരികിടിഞ്ഞ് അപകട ഭീഷണിയിലാണ്. മാസങ്ങൾക്ക് മുമ്പ് ലക്ഷങ്ങൾ ചെലവിട്ട് പുതുക്കിപ്പണിത കുഞ്ഞിപ്പള്ളി-വളയാൽ കനാൽ റോഡാണ് തകർന്നു കിടക്കുന്നത്. മൂന്നുമാസം മുമ്പാണ് റോഡിലും സംരക്ഷണഭിത്തിയിലും വിള്ളൽ വീണത്. തുടർന്ന് റോഡ് പൂർണമായി തകരുകയായിരുന്നു. കനാൽക്കരയിൽ നിർമിച്ച സംരക്ഷണഭിത്തിയിലും വലിയ വിള്ളലുകൾ വീണിട്ടുണ്ട്.
കണ്ണൂർ വിമാനത്താവളത്തിലേക്കും കാര, തെളുപ്പ് ഭാഗങ്ങളിലേക്കും എത്താൻ നിരവധി പേർ എത്തുന്ന റോഡാണിത്. റോഡ് തകർന്നതോടെ പ്രദേശവാസികളുടെ യാത്ര വീണ്ടും ദുഷ്കരമായി. മൂന്നു വർഷം മുമ്പ് കനാൽ റോഡ് ഇടിഞ്ഞ് താഴ്ന്നിരുന്നു.
കനാലിന്റെ എതിർവശമുള്ള ഓവുചാലിലൂടെ വെള്ളം ഒഴുകിയെത്തിയതാണ് കനാൽഭിത്തി തകരാൻ ഇടയാക്കിയത്. തുടർന്ന് 92 ലക്ഷം രൂപ ചെലവഴിച്ചാണ് സംരക്ഷണഭിത്തി ഉൾപ്പടെ നിർമിച്ചത്. 60 മീറ്റർ നീളത്തിലാണ് സുരക്ഷാഭിത്തി പണിതത്. പ്രവൃത്തി പൂർത്തിയായി ഏതാനും മാസങ്ങൾക്കുള്ളിലാണ് മഴക്കാലത്ത് വീണ്ടും റോഡ് തകർന്നത്.
റോഡിന്റെ കോൺക്രീറ്റിട്ട ഭാഗം മണ്ണിൽ നിന്ന് അടർന്നുപോകുകയായിരുന്നു. തുടർന്ന് ഇവിടെ ടാറിംഗ് പൊളിച്ചുനീക്കിയിരിക്കുകയാണ്. മഴയ്ക്ക് ശേഷം റോഡ് അറ്റകുറ്റപ്പണി നടത്തുമെന്നാണ് ജലസേചനവകുപ്പ് അധികൃതർ പറയുന്നത്. പ്രവൃത്തിക്കായി ഇനിയും ലക്ഷങ്ങൾ ചെലവിടേണ്ടിവരും.
കനാലിന്റെ അരികിലുള്ള മരം കടപുഴകിയതിനെ തുടർന്നാണ് സബ് രജിസ്ട്രാർ ഓഫീസിന് സമീപം റോഡരിക് തകർന്നിട്ടുള്ളത്. കല്ലൂരിലും മഴക്കാലത്ത് കനാലിന്റെ അരികുവശം ഇടിഞ്ഞുതാഴ്ന്നിരുന്നു.വൻ തുക ചെലവഴിച്ച് അറ്റകുറ്റപ്പണി നടത്തിയിട്ടും പഴശി കനാലിന്റെ പലഭാഗങ്ങളും ഇപ്പോഴും കാടുമൂടിക്കിടക്കുകയാണ്. വെള്ളം തുറന്നുവിടുമ്പോൾ ചോർച്ചയുണ്ടകുന്നതും പതിവാണ്.
Tags : spent on repairs