പത്തനംതിട്ട: അച്ചൻകോവിലാറ്റിലെ വ്യാഴികടവിൽ തടയണ നിർമാണം വൈകുന്നത് പ്രമാടം കുടിവെള്ള വികസന പദ്ധതിയെ പ്രതികൂലമായി ബാധിക്കും. പദ്ധതി വിപുലീകരണത്തിന് പണം അനുവദിച്ച് മാസങ്ങൾ പിന്നിട്ടിട്ടും പ്രാഥമികമായി നിർമിക്കേണ്ട തടയണ ഇനിയും തുടങ്ങിയിട്ടില്ല. ഇതേത്തുടർന്ന് 102.8 കോടി രൂപയുടെ പദ്ധതി അനന്തമായി നീളുകയാണ്. വ്യാഴികടവിൽ തടയണയും തുടർന്ന് കിണറും നിർമിച്ചശേഷം പ്രമാടം ഗ്രാമപഞ്ചായത്തിൽ സമ്പൂർണ കുടിവെള്ള പദ്ധതി നടപ്പാക്കുകയായിരുന്നു ലക്ഷ്യം.
ജല അഥോറിറ്റിയുടെയും പഞ്ചായത്തിന്റെയും നേതൃത്വത്തിൽ സ്ഥല പരിശോധന നടത്തി തടയണ നിർമാണത്തിന് അനുയോജ്യമായ സ്ഥലം മാസങ്ങൾക്ക് മുമ്പുതന്നെ കണ്ടെത്തിയിരുന്നു. കിണർ നിർമിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലം നിർണയിച്ച് മരങ്ങൾ മുറിച്ചു മാറ്റുകയും ചെയ്തിരുന്നു.
പമ്പിംഗ് സ്റ്റേഷനു താഴെ തടയണ
വ്യാഴികടവിലെ മൈനർ ഇറിഗേഷൻ വകുപ്പിന്റെ പമ്പിംഗ് സ്റ്റേഷന് താഴെയായാണ് കുടിവെള്ള പദ്ധതിയുടെ തടയണ നിർമിക്കാനുള്ള സ്ഥലം കണ്ടെത്തിയത്. നിലവിൽ മറൂർ പമ്പ് ഹൗസിൽനിന്ന് മാത്രമാണ് പമ്പിംഗ് നടക്കുന്നത്. വ്യാഴിയിൽ തടയണ നിർമിക്കുന്നതോടെ ഇവിടെനിന്നു പമ്പിംഗ് തുടങ്ങാനാകും. വേനൽക്കാലത്ത് കുടിവെള്ളക്ഷാമം അതിരൂക്ഷമാകുന്ന പഞ്ചായത്താണിത്.
മഴക്കാലത്തും ജല അഥോറിറ്റിയുടെ കുടിവെള്ളം മാത്രം ആശ്രയിച്ചു കഴിയുന്ന പട്ടിക ജാതി സങ്കേതങ്ങൾ ഉൾപ്പടെ നിരവധി കുടുംബങ്ങളും ഇവിടെയുണ്ട്. ജില്ലയിലെ ഏറ്റവും വലിയ പഞ്ചായത്തുകളിൽ ഒന്നാണ് പ്രമാടം.
കുടിവെള്ള പദ്ധതിയുടെ വിപുലീകരണം വൈകും
പ്രമാടത്തെ 9669 കുടുംബങ്ങൾക്ക് പ്രയോജനപ്പെടേണ്ട പദ്ധതിയുടെ വിപുലീകരണമാണ് വൈകുന്നത്. 102. 8 കോടി രൂപ പദ്ധതിക്കായി ജലഅഥോറിറ്റി അനുവദിച്ചിട്ടുണ്ട്. പഞ്ചായത്തിലെ ഉയർന്ന പ്രദേശങ്ങളായ കുളപ്പാറ, നെടുംപാറ, പടപ്പുപാറ, കൊച്ചുമല എന്നിവിടങ്ങളിൽ വാട്ടർ ടാങ്കുകൾ നിർമിക്കും.
നിലവിൽ മറൂർ കുളപ്പാറ മലയിലാണ് പ്രമാടം കുടിവെളള പദ്ധതിയുടെ പ്രധാന ടാങ്ക് സ്ഥിതി ചെയ്യുന്നത്. ഇത് വർഷങ്ങൾക്കു മുമ്പ് നിർമിച്ചതിനാൽ ബലക്ഷയം നേരിടുന്നുണ്ട്. ഇതിനു സമീപത്തായാണ് പുതിയ ടാങ്ക് നിർമിക്കുന്നത്.
പമ്പിംഗ് കാര്യക്ഷമമാക്കാൻ അച്ചൻകോവിലാറ്റിലെ വ്യാഴികടവിൽ തടയണയും കിണറും നിർമിക്കും. നിലവിൽ മറൂർ വെട്ടിക്കാലിൽപടി പമ്പ് ഹൗസിൽനിന്നാണ് പമ്പിംഗ് നടത്തുന്നത്. ഇതിനു പുറമേ വ്യാഴികടവിൽനിന്നു പമ്പിംഗ് തുടങ്ങിയാൽ പഞ്ചായത്തിലെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരമാകും.